6 January 2025, Monday
KSFE Galaxy Chits Banner 2

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധി

Janayugom Webdesk
November 27, 2024 5:00 am

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രയാണഘട്ടങ്ങളെ നിർണയിച്ചതായിരുന്നു നമ്മുടെ ഭരണഘടന. ജനങ്ങളുടെയും രാജ്യത്തിന്റെയാകെയും പുരോഗതിയുടെ അടിസ്ഥാനപ്രമാണമായി അതിനെ നാം നെഞ്ചേറ്റി. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന അടിസ്ഥാന മൂല്യങ്ങളുടെ അടിത്തറയിലാണ് രാജ്യം മുന്നോട്ടുസഞ്ചരിച്ചത്. രാജ്യത്തിന്റെ സഞ്ചാരം പിറകോട്ട് നയിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഇന്നലെ, 1949 നവംബർ 26ന് ഭരണഘടന നിലവിൽ വന്നതിന്റെ 75 വർഷം പൂർത്തിയാക്കിയത്. ആ ദിവസം തന്നെയാണ് ഭരണഘടനയിൽ സോഷ്യലിസവും മതേതരത്വവും നിലനിൽക്കണമെന്ന പരമോന്നത കോടതിയുടെ വിധി രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളുടെയും ഒന്നാം പേജിലെ പ്രധാന തലക്കെട്ട് വാർത്തയായി വന്നത് എന്നതും യാദൃച്ഛികമാണ്. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ നീക്കണമെന്ന ഹർജി തള്ളിയ സുപ്രീം കോടതി തിങ്കളാഴ്ച നടത്തിയ വിധിപ്രസ്താവമായിരുന്നു വാർത്തയിലെ ഉള്ളടക്കം. തങ്ങളുടെ ആശയങ്ങൾക്ക് നിയമപരിരക്ഷ ലഭ്യമാക്കുന്നതിനുവേണ്ടി സംഘ്പരിവാർ പോറ്റിവളർത്തുന്ന നിയമവ്യവഹാരികൾതന്നെയായിരുന്നു ഈ ഹർജിക്ക് പിന്നിലും. ഭരണഘടന അംഗീകരിച്ച കാലം മുതൽ അതിനെതിരെ നിലപാടെടുത്തവരും ഉള്ളടക്കങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുന്നവരുമായിരുന്നു സംഘ്പരിവാർ സംഘടനകൾ. ഭരണഘടനയ്ക്കെതിരെ ആർഎസ്
എസ് മുഖപത്രം മുഖപ്രസംഗം പോലും പ്രസിദ്ധീകരിച്ചു. പിന്നീടുള്ള ഓരോ ഘട്ടങ്ങളിലും ഭരണഘടനയ്ക്കെതിരെ ശക്തമായ പ്രചരണങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിവിധ ഘട്ടങ്ങളിൽ അധികാരത്തിലെത്തിയതുമുതൽ ഭരണഘടന പൊളിച്ചെഴുതുന്നതിനുള്ള നീക്കങ്ങൾ സംഘ്പരിവാർ ഒത്താശയോടെ ബിജെപി നടത്തുന്നുണ്ട്. 

2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതുമുതൽ തങ്ങളുടെ ഏകാധിപത്യ പ്രവണതയ്ക്ക് വിഘാതമാണെന്നതിനാൽ ജനാധിപത്യത്തിന് ചരമഗീതം പാടുന്നതിനുള്ള കഠിനാധ്വാനം ചെയ്യുന്നുണ്ട് അവർ. ജനാധിപത്യസംവിധാനത്തിന്റെ അടിത്തറതന്നെ മാന്തിത്തു‍ടങ്ങി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നോക്കുകുത്തികളാക്കി, സംസ്ഥാനങ്ങളിൽ തങ്ങളുടെ ഇംഗിതം നടത്തുന്നതിനുള്ള പാവകളായി ഗവർണർ പദവിയെ മാറ്റി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പേരിൽ സ്വേച്ഛാധിപത്യം അടിച്ചേല്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണവർ. ജനാധിപത്യത്തിന് പുറമേ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ മതേതരത്വം, സോഷ്യലിസം തുടങ്ങിയ കാഴ്ചപ്പാടുകളും അവരെ ഏറ്റവുമധികം ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് ഈ സംജ്ഞകൾക്കെതിരെ അവരുടെ കുന്തമുന തിരിയുന്നത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരെ, വർഗീയ പ്രീണനം നടത്തുന്നതിനും വെറുപ്പും വിദ്വേഷവും പടർത്തുന്നതിനും വിഘാതമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് ത ന്നെയാണ്. എല്ലാ മതങ്ങളെയും ജാതി, ഉപജാതി വിഭാഗങ്ങളെയും ഉൾക്കൊണ്ട്, സൗഹാർദവും പരസ്പര സ്നേഹവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ തങ്ങളുടെ വെറുപ്പും വിദ്വേഷവും വമിക്കുന്ന ആശയങ്ങൾ ചെലവഴിക്കുന്നതിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് (പരമോന്നത കോടതിയുടെ വ്യാഖ്യാനമനുസരിച്ച് ക്ഷേമ രാഷ്ട്ര സങ്കല്പം) നിലനിൽക്കുന്ന ഒരു രാജ്യത്തിനകത്ത് കോർപറേറ്റ് ചങ്ങാത്തത്തിനും അതിസമ്പന്നർക്ക് അതിരുവിട്ട സൗജന്യങ്ങൾ അനുവദിക്കുന്നതിനും പരിമിതികളുണ്ടെന്ന് അവർക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് മതേതരത്വം, സോഷ്യലിസം എന്നീ സംജ്ഞകൾ പോലും അവർക്ക് അലർജിയാകുന്നത്. ഭരണഘടന ഉയർത്തി പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ബിജെപി സ്പോൺസേഡ് ഗവർണർമാർ പോലും ഭരണഘടനയെ പുച്ഛിക്കുന്നു. മതേതരത്വം ഇന്ത്യക്ക് ആവശ്യമില്ലെന്നും യൂറോപ്യൻ കാഴ്ചപ്പാടാണെന്നും പ്രസ്താവിച്ച ഗവർണർമാരുമുണ്ടായി. പലവിധത്തിലുള്ള ഭരണ നടപടികൾക്കൊപ്പം നീതിപീഠങ്ങളെ അലോസരപ്പെടുത്തി ലക്ഷ്യം നേടാനുള്ള ശ്രമങ്ങളും നടത്തുന്നു. അതാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹർജിയിലൂടെ വ്യക്തമായത്. എന്നാൽ ഭരണഘടനയുടെ മൂല്യം ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് പരമോന്നത കോടതിയിൽനിന്നുണ്ടായത്. 

ഇന്ത്യയിലെ സോഷ്യലിസം എന്നത് പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണതെന്നും കൂട്ടിച്ചേർത്തു. ഇവിടെ സോഷ്യലിസം സ്വകാര്യമേഖലയെ ഒരിക്കലും തടയുന്നില്ല. നമുക്കെല്ലാവർക്കും സോഷ്യലിസത്തിന്റെ പ്രയോജനം ലഭിച്ചെന്നും കോടതി പറഞ്ഞുവയ്ക്കുന്നു. സമത്വവും സമ്പത്തിന്റെ തുല്യവിതരണവുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനഘടനയാണ് മതേതരത്വമെന്ന് സംശയരഹിതമായി കോടതി നിരീക്ഷിക്കുന്നു. 1976ലെ ഭേദഗതിയിലൂടെ നടത്തിയ ഉൾച്ചേർക്കലുകൾ ഇപ്പോൾ ചോദ്യം ചെയ്യുന്നതിലെ സാംഗത്യമില്ലായ്മയും കോടതി എടുത്തുപറയുന്നു. വാക്കുകളെ പോലും ഭയക്കുന്ന സംഘ്പരിവാറിന്റെ ശ്രമങ്ങൾക്ക് നിയമപരിരക്ഷ നൽകുന്നതിനുള്ള ഗൂഢപദ്ധതിയാണ് കോടതി നിലപാടിലൂടെ തള്ളിപ്പോയിരിക്കുന്നത്. ഭരണഘടനയെ തകർക്കാൻ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കുമേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. എങ്കിലും മറ്റ് മാർഗങ്ങളിലൂടെ ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന ആശങ്ക അവശേഷിക്കുന്നു. അതുകൊണ്ട് ഭരണഘടന സംരക്ഷിക്കുന്നതിനുള്ള നിതാന്തജാഗ്രത എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുമുണ്ടാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.