23 December 2024, Monday
KSFE Galaxy Chits Banner 2

കാബ്കോ യാഥാര്‍ത്ഥ്യമാകുമ്പോള്‍

Janayugom Webdesk
August 19, 2023 5:00 am

കര്‍ഷക ദിനമായി ആഘോഷിക്കുന്ന ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരളം സുപ്രധാനമായൊരു ചുവടുവച്ചിരിക്കുകയാണ്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും മൂല്യ വര്‍ധിത വസ്തുക്കള്‍ക്കും ഫലപ്രദമായ വിപണന സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലായാലും ഇതര സംസ്ഥാനങ്ങളിലായാലും വര്‍ത്തമാന കാലത്ത് കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഉല്പന്നങ്ങളുടെ വിപണനം. ഇടനിലക്കാരുടെ ചൂഷണവും വിപണി സ്ഥിരതയില്ലായ്മയും കര്‍ഷകര്‍ നേരിടുന്നു. ഇതിന് പരിഹാരമായി പരിമിതമായെങ്കിലും പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ആറ് മൊത്ത വിപണികളും അഞ്ച് ജില്ലാ സംഭരണ വിപണന കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിതമായവയാണ്. തിരുവനന്തപുരം ആനയറ, നെടുമങ്ങാട്, എറണാകുളം മരട്, മൂവാറ്റുപുഴ, കോഴിക്കോട് വേങ്ങേരി, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് മൊത്ത വിപണികളുള്ളത്. കൊല്ലം, ആലപ്പുഴ കോടന്‍തുരുത്ത്, കോട്ടയം കുറുപ്പന്തറ, ഇടുക്കി തൊടുപുഴ, തൃശൂര്‍ പാവറട്ടി എന്നിവിടങ്ങളില്‍ ജില്ലാ സംഭരണ വിപണന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഇതിന് പുറമേ ഗ്രാമീണതലങ്ങളില്‍ വിവിധ ഉത്സവവേളകളിലും ആഘോഷങ്ങളുടെ സമയത്തും വിപണികള്‍ സംഘടിപ്പിക്കാറുണ്ട്. എങ്കിലും സ്ഥിരവിപണന സംവിധാനമില്ല എന്നത് പൊതുവായി കര്‍ഷകര്‍ നേരിടുന്ന പ്രശ്നമാണ്. ചില നാണ്യവിള കൃഷികള്‍ ഒഴിച്ച് ചെറുകൃഷിയിടങ്ങളാണ് കൂടുതല്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ സ്ഥിരതയുള്ള വിപണിയും കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനവും ഉറപ്പാക്കുന്നതിന് കാര്യക്ഷമതയും ലാഭസാധ്യതയും പരമാവധി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് 14ാം പഞ്ചവത്സര പദ്ധതി സമീപന രേഖ വ്യക്തമാക്കുന്നുണ്ട്. ഉല്പാദനസ്ഥലത്ത് (അഥവാ ഉല്പാദകരില്‍ നിന്ന് നേരിട്ട്) സമാഹരിക്കുന്നതിനുള്ള സംവിധാനത്തിന്റെ അഭാവമാണ് കേരളത്തിലെ കാര്‍ഷിക വിപണനത്തിന്റെ മറ്റൊരു പ്രശ്നമെന്ന് കേരള ആസൂത്രണ ബോര്‍ഡിന്റെ സമീപന രേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അധിക ഉല്പാദനം നടക്കുമ്പോള്‍ മതിയായ സംഭരണ സംവിധാനമില്ലാത്തതും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്നു.

 


ഇതുകൂടി വായിക്കൂ; കേരളത്തിന്റെ വികസനവും സി അച്യുതമേനോനും


ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ കാര്‍ഷിക വിപണന പ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കാബ്കോയ്ക്ക് രൂപം നല്കിയിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മൊത്ത, ജില്ലാ വിപണികളെ ഏകോപിപ്പിക്കുകയും കാർഷികോല്പന്നങ്ങളുടെ മൂല്യവർധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് കമ്പനി രൂപീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൃഷി വകുപ്പിന് കീഴില്‍ കാർഷിക ഉല്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായും കമ്പനി പ്രവര്‍ത്തിക്കും. പരമ്പരാഗത രീതിയിലുള്ള കാർഷിക വിളകളുടെ ഉല്പാദനം എന്നതിൽ നിന്നും മാറി മൂല്യ വർധനവും വിപണനവും തുല്യപ്രാധാന്യത്തോടെ പരിഗണിച്ചുള്ള പദ്ധതികൾക്കാണ് കൃഷി വകുപ്പ് മുൻതൂക്കം നൽകുന്നത്. കൃഷി ലാഭകരമായി മാറണമെങ്കില്‍ കാർഷിക ഉല്പന്നങ്ങളുടെ വൈവിധ്യവൽക്കരണം കൂടി ആവശ്യമാണ്. കൂടുതൽ മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും.


ഇതുകൂടി വായിക്കൂ; വിലക്കയറ്റം: കേരളം പൊരുതിനില്‍ക്കുന്നു


 

കർഷകർക്ക് കൂടി പങ്കാളിത്തമുള്ള സ്ഥാപനമായിരിക്കും കാബ്കോയെന്നാണ് മന്ത്രി പി പ്രസാദ് വിശദീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ 33 ശതമാനവും കർഷകരുടെ 24 ശതമാനവും എഫ്‌പിഒ, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25 ശതമാനവും ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാർഷിക സഹകരണ സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും ഉള്‍പ്പെടുത്തി, പൊതു — സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനം. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവള പ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കുന്ന സിയാലിന്റെ മാതൃകയിലായിരിക്കും കാബ്കോയുടെ പ്രവർത്തനം. വിവിധ ഭാഗങ്ങളിലെ വിതരണ ശൃംഖലാ കേന്ദ്രങ്ങള്‍വഴി കൃഷിക്കാരില്‍ നിന്ന് ഉല്പന്നങ്ങൾ ശേഖരിച്ച് നിർദിഷ്ട അഗ്രോപാർക്കുകളിലേക്ക് അയയ്ക്കുന്നു. സാധ്യതയുള്ള വിപണികൾക്കും ഉല്പന്നങ്ങൾക്കുമായി കമ്പോള ഗവേഷണം, ഉപഭോക്താക്കൾക്ക് ഉതകുന്ന രീതിയിൽ ബ്രാന്റ് സൃഷ്ടിക്കൽ എന്നിവയും നടത്തും. കമ്പോള ഗവേഷണം അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത വില നിർണയ തന്ത്രം നടപ്പിലാക്കുകയും ചെയ്യും. അങ്ങനെ കൃഷിയെ തൊഴിലും വ്യവസായവുമായി ഒരുപോലെ പരിവര്‍ത്തനം ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്ന ബൃഹത്തായ ആശയങ്ങളുമായാണ് കാബ്കോ കര്‍ഷക ദിനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക ഭാവി സമ്പന്നമാക്കുന്നതിന് ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.