27 December 2024, Friday
KSFE Galaxy Chits Banner 2

കര്‍ണാടക ബിജെപിയുടെ തോല്‍വി മോഡിയുടെ പരാജയം

Janayugom Webdesk
May 14, 2023 5:12 am

കർണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും സംഘ്പരിവാറും കെട്ടിപ്പൊക്കിയ അപ്രതിരോധ്യതയെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കിയിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ വിഷലിപ്തമാക്കിമാറ്റിയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിന്റെ കോർപറേറ്റുവല്‍ക്കരണത്തിനും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയ പ്രവർത്തനശൈലിക്കും ഹുങ്കിനും ജനങ്ങൾ മുഖമടച്ചു നൽകിയ തിരിച്ചടിയാണ് ബിജെപിയുടെ പരാജയം. വിദ്വേഷരാഷ്ട്രീയവും ന്യൂനപക്ഷവിരുദ്ധതയും താൽക്കാലികനേട്ടങ്ങൾക്കു മാത്രമേ ഉപകരിക്കൂവെന്നും എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമനസ്കതയാണ് ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ കരുത്തും സവിശേഷതയുമെന്നും തെരഞ്ഞെടുപ്പുഫലങ്ങൾ രാജ്യത്തെ ബോധ്യപ്പെടുത്തുന്നു. കർണാടകത്തിലും രാജ്യത്തും ബിജെപി സ്ഥാപനവല്‍‌ക്കരിച്ച അഴിമതിവാഴ്ചയുടെ ശക്തമായ തിരസ്കരണമാണ് ഈ ജനവിധി. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും മേഖലകളുടെയും സംസ്ഥാനങ്ങളുടെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും ജനതയുടെ ഐക്യത്തെ ശിഥിലീകരിക്കാനും ബിജെപി ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകരാഷ്ട്രീയത്തെയാണ് കർണാടകജനത തള്ളിക്കളഞ്ഞത്. വികസനത്തിന്റെ പേരിൽ യമണ്ടൻ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ എക്കാലത്തും കബളിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ കപട രാഷ്ട്രീയതന്ത്രത്തെയാണ് ജനങ്ങൾ തിരുത്തിക്കുറിച്ചത്. അക്രമങ്ങളും കൊലപാതകങ്ങളും കയ്യൂക്കും പണക്കൊഴുപ്പുംകൊണ്ട് ജനങ്ങളെ നിശബ്ദരാക്കാമെന്നും തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കി മാറ്റാമെന്നുമുള്ള മിഥ്യാധാരണയാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ജനപ്രതിനിധികളെ വിലയ്ക്കെടുത്തും കാലുമാറ്റവും കുതിരക്കച്ചവടവും പ്രോത്സാഹിപ്പിച്ചും അധികാരം കയ്യാളി അഴിമതിവാഴ്ച എക്കാലത്തേക്കും തുടരാമെന്നുമുള്ള ബിജെപിയുടെ വ്യാമോഹമാണ് നിലംപൊത്തിയത്.

 


ഇതുകൂടി വായിക്കു; കര്‍ണാടക; കോണ്‍ഗ്രസ് 136, ബിജെപി 65


കർണാടകയിലെ ബിജെപിയുടെ പരാജയം, തെറ്റായ വഴിയിൽ അധികാരം കയ്യാളി കൊടിയ അഴിമതിവാഴ്ച നടത്തി, വർഗീയവിഷം വമിപ്പിച്ച് സംസ്ഥാനത്തെ ജനജീവിതത്തെ അസ്ഥിരീകരിച്ച ഒരു രാഷ്ട്രീയപാർട്ടിയുടെ പരാജയം മാത്രമല്ല. അത്തരമൊരു വെറുക്കപ്പെട്ട സംവിധാനത്തിനു മേലൊപ്പുവച്ച് അതിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് വേഷം കെട്ടിയാടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ പരാജയമാണ്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും കഴിവിലും പ്രവർത്തനശേഷിയിലുമുള്ള അവിശ്വാസവും തന്റെ കഴിവിലും പ്രതിച്ഛായയിലുമുള്ള അതിരുകടന്ന ആത്മവിശ്വാസവുമാണ് മോഡി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉടനീളം കാഴ്ചവച്ചത്. അതാണ് കർണാടകത്തിലെ ജനങ്ങൾ നിഷ്കരുണം തകർത്തത്. അതിന്റെ അനുരണനം കർണാടകത്തിൽ മാത്രമായി ഒതുങ്ങിനിൽക്കില്ല. കർണാടകയിലെ ബിജെപിയുടെയും മോഡിയുടെയും പരാജയം ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലെയും അടുത്തവർഷം പൊതുതെരഞ്ഞെടുപ്പ് നേരിടുന്ന രാജ്യത്തെ ജനങ്ങളുടെയും കണ്ണു തുറപ്പിക്കുമെന്നു വേണം കരുതാൻ.

ആ ദൗത്യം ജനങ്ങൾ സ്വമേധയാ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് തികഞ്ഞ മൗഢ്യമായിരിക്കും. കർണാടക തെരഞ്ഞെടുപ്പുഫലം നല്കുന്ന അനുകൂല രാഷ്ട്രീയാന്തരീക്ഷത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്ക് കഴിയണം. വിശാല പ്രതിപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ അടുത്തകാലത്തായി സജീവത കൈവരിച്ചിട്ടുണ്ട്. കർണാടകത്തിലെ തെരഞ്ഞെടുപ്പുഫലങ്ങൾ അതിന് ഊർജവും വേഗതയും പകർന്നുനല്കും. എന്നാൽ ഫലപ്രദമായ പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യത്തിനു നിക്ഷിപ്ത പാർട്ടി താല്പര്യങ്ങൾക്കുപരി രാജ്യത്തിന്റെയും ജനങ്ങളുടെയും മൗലിക താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവരും സന്നദ്ധമായാൽ മാത്രമേ കെട്ടുറപ്പുള്ള ഒരു ദേശീയബദൽ എന്ന ആശയം സാക്ഷാത്ക്കരിക്കാനാവൂ. കർണാടകയിലെ പരാജയം ബിജെപിയെ കൂടുതൽ തീവ്രതയോടെ വരുംതെരഞ്ഞെടുപ്പുകളെ നേരിടാൻ നിർബന്ധിതമാക്കും. അളവറ്റ പണക്കൊഴുപ്പും സംഘ്പരിവാർ സംഘടനകളുടെ എന്തിനും മടിക്കാത്ത സംഘബലവും അവരുടെ ആവനാഴിയിലുണ്ട്. അതിനെ മറികടക്കാൻ സമ്പൂർണ ഐക്യവും വിപുലമായ ജനപിന്തുണയും കൂടിയേ മതിയാവൂ. അതിനു കഴിയുന്നില്ലെങ്കിൽ സമീപകാലത്തൊന്നും തിരിച്ചുപിടിക്കാനാവാത്ത വിധം ഭരണഘടനാധിഷ്ഠിത മതേതര ജനാധിപത്യവും നിയമവാഴ്ചയും തകർന്ന് ശിഥിലമാകുന്ന ഇന്ത്യയായിരിക്കും നമ്മെ കാത്തിരിക്കുന്നത്.


ഇതുകൂടി വായിക്കു;  കര്‍ണാടകയില്‍ തോറ്റത് 11 ബിജെപി മന്ത്രിമാര്‍


 

രാജ്യത്തെ മുഖ്യ പ്രതിപക്ഷപാർട്ടി എന്ന നിലയിൽ വിപുലമായ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിന് സുപ്രധാന ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളത്. സ്വന്തം പാർട്ടിയിൽ ഐക്യം ഉറപ്പിച്ചുകൊണ്ടേ ഇതര പാർട്ടികളുടെ വിശ്വാസം ആർജിക്കാൻ അവർക്കുകഴിയൂ. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും ചേരിപ്പോരുമാണ് പല സംസ്ഥാനങ്ങളിലും അവരെ പരാജയത്തിലേക്കും ഭരണനഷ്ടങ്ങളിലേക്കും നയിച്ചത്. അതുതന്നെയാണ് അധികാരം കയ്യിലുള്ള രാജസ്ഥാനടക്കം സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. കർണാടകത്തിൽത്തന്നെ സ്വന്തം എംഎൽഎമാരെ ബിജെപി റാഞ്ചാതിരിക്കാനും ലഭിച്ച വിജയത്തിന് വിഭാഗീയത മങ്ങലേല്പിക്കാതെ ജനങ്ങളുടെ വിശ്വാസം നിലനിർത്താനും കോൺഗ്രസ് നേതൃത്വം കരുതലോടെ നീങ്ങേണ്ടതുണ്ട്. കർണാടകത്തിലെ കോൺഗ്രസിന്റെ വിജയം ബിജെപി ഭരണത്തോടും അവരുടെ രാഷ്ട്രീയത്തോടുമുള്ള വിശാല ജനവിഭാഗങ്ങളുടെ നിരാസമാണെന്ന് അവർ തിരിച്ചറിയണം. കോൺഗ്രസ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി അവർ പിന്തുടർന്നുവന്ന സാമ്പത്തിക നയങ്ങളാണ്. അഴിമതിയെയും കോർപറേറ്റുവല്‍ക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്ന ആ നയത്തില്‍നിന്നും പിന്മാറി ജനപക്ഷ സാമ്പത്തികനയങ്ങൾ അവലംബിക്കാനായാൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് മുന്നോട്ടുപോകാൻ അവർക്കു കഴിഞ്ഞേക്കും. അതായിരിക്കണം ബിജെപിക്കെതിരായ രാഷ്ട്രീയത്തിന്റെ മൂലക്കല്ല്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.