19 December 2024, Thursday
KSFE Galaxy Chits Banner 2

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്

Janayugom Webdesk
May 10, 2023 3:47 am

നിർണായകമായ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇന്ന് കർണാടകം വിധിയെഴുതുകയാണ്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുഫലം കേന്ദ്രസർക്കാരിന് നേതൃത്വം നല്കുന്ന ബിജെപിക്ക് അതീവ നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും അധികാരത്തുടർച്ചതന്നെ വലിയൊരളവ് ഈ തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കുന്നു. അത് മറ്റാരെക്കാളും നന്നായി ബോധ്യമുള്ളത് നരേന്ദ്രമോഡിക്ക് തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ നേതൃത്വവും അതിലെ പങ്കാളിത്തവും സാക്ഷ്യപ്പെടുത്തുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അടൽബിഹാരി വാജ്പേയ്‌ അടക്കം പ്രധാനമന്ത്രിമാരാരും ഒരു അസംബ്ലി തെരഞ്ഞെടുപ്പിലും ഇത്രയും വ്യാപകമായ ഇടപെടൽ നടത്തിയിട്ടില്ല. ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ കൂട്ടക്കൊലകളും തീവയ്പും ജനങ്ങളുടെ കൂട്ടപ്പലായനവും നടക്കുമ്പോഴും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കർണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നുവെന്നത് അവർ അതിനുകല്പിച്ച പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നത്. ബിജെപി ഭരണത്തിൽ രൂക്ഷമായ സമൂഹത്തിലെ ഭിന്നിപ്പ് തീവ്രമാക്കി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിഭജിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും പ്രചാരണത്തിലുടനീളം ശ്രമിച്ചത്. പരിചയസമ്പന്നരായ മുതിർന്നനേതാക്കളെ തഴഞ്ഞു വിധേയരെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള മോഡിയുടെയും കൂട്ടരുടെയും ശ്രമം ബിജെപി പാളയത്തിൽത്തന്നെ പടയ്ക്കും വോട്ടുബാങ്കിൽ വിള്ളലിനും കാരണമായി. മോഡിയുടെ പ്രചാരണം സർക്കാരിന്റെ വികസന പരിപാടികളുമായി കൂട്ടിക്കെട്ടി പൊതുഖജനാവിൽനിന്ന് അനേകകോടികൾ ദുർവ്യയംചെയ്താണ് സംഘടിപ്പിച്ചതെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.


ഇത് കൂടി വായിക്കൂ: വായ മൂടിക്കെട്ടിയ ഇന്ത്യ | JANAYUGOM EDITORIAL


കർണാടകത്തിൽ വർഗീയ രാഷ്ട്രീയം ഏറെ പുതുമയുള്ള ഒന്നല്ല. എന്നാൽ 2018ൽ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ വന്ന ബിജെപി വർഗീയതയെ രാഷ്ട്രീയ പടയൊരുക്കത്തിനും അക്രമരാഷ്ട്രീയത്തിനും വേണ്ടി ബോധപൂർവം ഉപയോഗപ്പെടുത്തുകയായിരുന്നു. മൈസൂരുവില്‍ സയ്യിദ് ഇസാഖ് സ്ഥാപിച്ച ബൈബിളും ഖുര്‍ആനും ഭഗവദ്ഗീതയുമടക്കം 11,000 ല്‍പ്പരം ഗ്രന്ഥങ്ങളുള്ള വായനശാല തീവച്ചുനശിപ്പിച്ചതും ഹിജാബ്, ഹ ലാൽ മാംസാഹാരം, ക്ഷേത്ര പ രിസരങ്ങളിലും ഉത്സവങ്ങളിലും മുസ്ലിം വ്യാപാരികളെ ആട്ടിയോടിക്കല്‍, ബംഗളൂരുവിലെ ഈദ്‌ഗഹ് മൈതാ ന്‍ വിവാദം തു ടങ്ങി വിദ്വേഷരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ് ബിജെപി ഭരണത്തിൽ കർണാടക മാറി. തെരഞ്ഞെടുപ്പിൽ വികസനരാഷ്ട്രീയമായിരിക്കും ചർച്ചാവിഷയമെന്ന് തുടക്കത്തിൽ ബിജെപി നേതാക്കൾ പറഞ്ഞിരുന്നെങ്കിലും തൊഴിലില്ലായ്മയും അഴിമതിയും പ്രാദേശിക അസന്തുലിതാവസ്ഥയും തെരഞ്ഞെടുപ്പുവിഷയമായി ജനങ്ങൾ ഏറ്റെടുത്തതോടെ മോഡിയടക്കം ബിജെപി നേതാക്കൾ വർഗീയത പ്രചാരണതന്ത്രവും ആയുധവുമാക്കി മാറ്റുകയായിരുന്നു. മോഡി, ഷാ, ആദിത്യനാഥ്, നഡ്ഡ തുടങ്ങിയ താരപ്രചാരകർ ‘ജയ് ബജ്‌രംഗബലി’, ‘ജയ് ശ്രീറാം’, ‘ഹര്‍ഹര്‍ മഹാദേവ്’ തുടങ്ങി പ്രകടമായ മതസ്ത്രോത്രങ്ങൾ ഉദ്ഘോഷിച്ചുകൊണ്ടും മുസ്ലിങ്ങൾക്ക് നല്കിവന്നിരുന്ന നാല് ശതമാനം സംവരണം ലിംഗായത്തുകൾക്കും വൊക്കലിംഗകൾക്കും ഇടയിൽ വിഭജിച്ചുനല്കുമെന്ന വാഗ്ദാനവുമടക്കം പരസ്യമായ വർഗീയപ്രീണനവും വിദ്വേഷപ്രചാരണവുമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തെ മാറ്റി. എന്നാൽ സമാധാനപൂർണമായ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയും വികസനവും അഴിമതിരഹിത പൊതുജീവിതവും കാംക്ഷിക്കുന്ന മതേതര ജനാധിപത്യ വിശ്വാസികളായ ഭൂരിപക്ഷം ബിജെപിയുടെ പ്രതിലോമ രാഷ്ട്രീയത്തെ നിരാകരിക്കുമെന്നുതന്നെയാണ് കർണാടത്തിൽനിന്നുള്ള വാർത്തകൾ ഏറെയും സൂചിപ്പിക്കുന്നത്.


ഇത് കൂടി വായിക്കൂ: വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം | JANAYUGOM EDITORIAL


കർണാടകത്തിൽ ബിജെപിയെ പരാജയപ്പെടുത്താനും അവിടെ ഒരു മതനിരപേക്ഷ സർക്കാരിന് രൂപംകൊടുക്കാനും പ്രതിപക്ഷത്തിനായാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ ദിശാസൂചകമായി അത് വിലയിരുത്തപ്പെടും. അളവറ്റ പണക്കൊഴുപ്പും ആർഎസ്എസ് സംഘ്പരിവാർ സംഘടനകളുടെ പേശീബലവും കേന്ദ്രസർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും അധികാരമുഷ്കും ഉപയോഗിച്ച് ദക്ഷിണേന്ത്യ കീഴടക്കാമെന്ന വ്യാമോഹത്തിന് അത് ശക്തമായ പ്രതിരോധമാവും. രാജ്യത്തെ മതേതര, ജനാധിപത്യ പ്രതിപക്ഷങ്ങൾക്കിടയിൽ വളർന്നുവരുന്ന യോജിപ്പിന്റെ ശ്രമങ്ങൾക്ക് അത് കരുത്തുപകരും. ബ്രാഹ്മണ മേധാവിത്തത്തിനും മനുവാദത്തിനും എതിരായ ചെറുത്തുനില്പിന്റെയും സാമൂഹികപരിഷ്കരണത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള കന്നഡ ജനത ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ മൗലികവാദത്തിനു കനത്ത തിരിച്ചടി നല്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.