
മതേതരരാജ്യമായ ഇന്ത്യയിൽ വിവിധ മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുന്നത് ജനാധിപത്യമൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും അന്തഃസത്തയെ അംഗീകരിക്കലാണ്. എന്നാൽ മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും രാഷ്ട്രീയതാല്പര്യങ്ങൾ ഊട്ടിയുറപ്പിക്കാനും അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണാനുമാണ് ആർഎസ്എസും സംഘ്പരിവാർ സംഘടനകളും കാലങ്ങളായി ശ്രമിക്കുന്നത്. അതിന്റെയെല്ലാം ഗുണഭോക്താവ് ബിജെപിയുമാണ്. ഐതിഹ്യങ്ങളെ, മിത്തുകളെ, പുരാണകഥകളെ, കാലഹരണപ്പെട്ട ആചാരാനുഷ്ഠാനങ്ങളെയെല്ലാം വർഗീതയതയ്ക്ക് അലങ്കാരമാക്കി ആഘോഷിക്കാനും ഇക്കൂട്ടർ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നു.
രാജ്യത്ത് പലയിടങ്ങളിലും ആൾദൈവങ്ങളെ സൃഷ്ടിച്ച്, എല്ലാ നിയമസംവിധാനങ്ങൾക്കും മീതെ അവരെ പ്രതിഷ്ഠിക്കാനും ബോധപൂർവമായ ശ്രമങ്ങൾ കാലങ്ങളായി അരങ്ങേറുന്നുമുണ്ട്. വടക്കേ ഇന്ത്യയിലും മധ്യേന്ത്യയിലും മാത്രം നടന്നുവരുന്ന കുംഭമേളയെ കേരളത്തിലേക്ക് കുടിയിരുത്തുന്നതിനുള്ള ഒരുക്കങ്ങൾ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അത് പ്രാവർത്തികമാക്കാനുള്ള നടപടി ഇപ്പോൾ ഏറെക്കുറെ പൂർത്തിയായി. നമ്മുടെ വിശ്വാസാചാരങ്ങളിലും ഉത്സവാഘോഷങ്ങളിലും തിരുന്നാവായിൽ നടക്കാൻ പോകുന്ന കുംഭമേളയ്ക്ക് യാതൊരു സ്ഥാനവുമില്ല. അത് കേരളീയാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കടയ്ക്കൽ കത്തിവയ്ക്കാൻ സംഘ്പരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണെന്നതിലും തർക്കമില്ല. വിശ്വാസങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടും അത്രമാത്രം ഭക്തിയും ബഹുമാനവും പുലർത്തുന്നവരായിരുന്നെങ്കിൽ തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമം നടത്തുമായിരുന്നോയെന്ന് വിശ്വാസികൾ ഉൾപ്പെടെയുള്ളവർ ഗൗരവത്തോടെ തന്നെ ആലോചന നടത്തേണ്ടതാണ്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ അതിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയവർ പിന്നീട് കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ കേരളം മറന്നിട്ടില്ല. ഇതൊക്കെ വ്യക്തമാക്കുന്നത് ഇവർ ഇന്നാട്ടിലെ ജനങ്ങളുടെയോ ഭക്തരുടെയോ ഒപ്പമല്ലെന്നും മറിച്ച് രാഷ്ട്രീയ താല്പര്യങ്ങൾ എന്തുചെയ്തിട്ടായാലും നേടിയെടുക്കുക മാത്രമാണെണ് ലക്ഷ്യമെന്നുമാണ്.
സാമൂതിരിവാഴ്ചയുടെ കാലത്ത് തിരുന്നാവായയിൽ മാമാങ്കം അരങ്ങേറിയിരുന്നു. രാജവാഴ്ച അവസാനിച്ച് ജനാധിപത്യം സാധ്യമായതോടെ മാമാങ്കം പോലെയുള്ള ഫ്യൂഡൽ ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് മാമാങ്കത്തെ സാംസ്കാരികോത്സവമായി തിരുന്നാവായയിൽ വീണ്ടും അവതരിപ്പിച്ചു. ഇപ്പോഴിതാ നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നിരുന്നുവെന്ന് പറയപ്പെടുന്ന മഹാമാഘ മഹോത്സവം കേരള കുംഭമേളയായി പരിവർത്തനപ്പെടുത്തി ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ സംഘടിപ്പിക്കുകയാണ്. ഈ പരിപാടി നടക്കുന്ന ദിവസങ്ങളിൽ കുറഞ്ഞത് അമ്പതിനായിരത്തോളം ആളുകൾ ഭാരതപ്പുഴയിലെ മണൽത്തിട്ടയിൽ ഒരുക്കിയിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. കേരള കുംഭമേളയെന്ന് പേരിട്ടിരിക്കുന്ന ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത് അമൃതാനന്ദമയി മഠവും ജൂന അഖാഡയുടെയുമാണെന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്. ഭാരതപ്പുഴയിൽ പുൽക്കാട് വെട്ടി തയ്യാറാക്കിയ ഏക്കർ കണക്കിന് സ്ഥലത്താണ് യജ്ഞശാലയുടെ നിർമ്മാണം നടക്കുന്നത്. ഇത് കൂടാതെ ഒന്നരയേക്കർ സ്ഥലത്ത് പന്തലും തയ്യാറാക്കിയിട്ടുണ്ട്.
പതിനായിരത്തോളം പേർക്കിരിക്കാവുന്ന ഭക്ഷണപ്പന്തലുമുണ്ട്. ഇത്തരത്തിലുള്ള വൻ താൽക്കാലിക നിർമ്മിതികൾ തികച്ചും നിയമവിരുദ്ധമെന്ന് കണ്ട് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലം നിർമ്മിക്കുന്നത് സുരക്ഷാ പ്രശ്നം മാത്രമല്ല, പുഴ കയ്യേറി പാലമുണ്ടാക്കുന്നത് നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അത് പരിപാടി തടസപ്പെടുത്താനെന്ന നിലയ്ക്കാണ് ചിത്രീകരിക്കപ്പെട്ടത്. തുടർന്ന് സംഘാടകരും മലപ്പുറം ജില്ലാ കളക്ടറും നടത്തിയ ചർച്ചയെത്തുടർന്ന് നിലവിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കരുതെന്ന നിർദേശത്തിൽ താൽക്കാലികമായ നിർമ്മിതികളുടെ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. താൽക്കാലിക പാലം എത്രമാത്രം സുരക്ഷിതമാണെന്നതിനുള്ള പരിശോധനകൾ നടത്തുന്നതിൽ പോലും എതിർപ്പ് ഉയർന്ന ഘട്ടത്തിലാണ് നിർമ്മാണങ്ങൾ നിർത്താൻ നിർദേശം നൽകിയത്. നിലവിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുകയും ജനങ്ങളുടെ സുരക്ഷയെ അത് ബാധിക്കുകയും ചെയ്താൽ ജനങ്ങളുടെയും നീതിന്യായസംവിധാനങ്ങളുടെയും മുന്നിൽ ഉത്തരം പറയാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്.
വൻപ്രചാരണങ്ങൾ നൽകി നടക്കുന്ന ഈ പരിപാടിയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുമെന്ന് ഉറപ്പാണ്.
ഇവർക്കെല്ലാം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ താൽക്കാലിക നിർമ്മിതികളെല്ലാം നടത്തുന്നത് പുഴയിലെ മണൽത്തിട്ടകളിലാണ്. ഇത് ഭാരതപ്പുഴയുടെ സ്വാഭാവികമായ അവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിലവിൽ മഴ പെയ്ത് പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സുരക്ഷാപ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം നേരെ കണ്ണടച്ചുകൊണ്ടാണ് സംഘാടകർ മുന്നോട്ടുപോകുന്നത്. മാത്രമല്ല, സർക്കാരും ഉത്തരവാദപ്പെട്ട വകുപ്പുകളും ചൂണ്ടിക്കാട്ടുന്ന ന്യൂനതകളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വേണ്ട രീതിയിൽ മുന്നൊരുക്കങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഒരുക്കാതെയാണ് കുംഭമേള നടത്താൻ ശ്രമിക്കുന്നതെന്ന പൊലീസ് റിപ്പോർട്ടും ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വടക്കേ ഇന്ത്യയിൽ നിന്നടക്കം നിരവധി സന്യാസിമാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന കുംഭമേളയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ ജില്ലാ ഭരണകൂടം മുന്നോട്ടുവച്ചിരിക്കുന്നത്. നിയമം ലംഘിച്ചുള്ള വര്‍ഗീയ ധ്രുവീകരണ ശ്രമത്തെ മതേതര കേരളം ജാഗ്രതയോടെ കാണണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.