2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 30, 2024
October 29, 2024
October 28, 2024
October 27, 2024
October 23, 2024
October 21, 2024
October 19, 2024
October 18, 2024
October 14, 2024

നുണകൾ നൃത്തമാടുന്ന സിനിമാ കാലം

Janayugom Webdesk
May 7, 2023 3:38 am

ർഎസ്എസ് നേതൃത്വം ഫാസിസ്റ്റ് ആശയപ്രചാരണ വിദഗ്ധരാണ്. മുസോളിനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കാലത്തിനും സ്ഥലത്തിനും അനുയോജ്യമായി നവീകരിച്ച് പ്രയോഗിക്കുന്നു. പലപ്പോഴും തങ്ങളുടെ യജമാനന്മാരായ മുസോളിനിയേയും ഹിറ്റ്ലറെയും മറികടക്കുന്നു, ഇക്കാര്യങ്ങളിലും സംഘ്പരിവാർ ചെയ്തികൾ.
1937ൽ ഒരു സിനിമാ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യവെ ബെനിറ്റോ മുസോളിനി പറഞ്ഞു: ‘സിനിമയാണ് ഏറ്റവും ശക്തമായ ആയുധം.’ പിന്നീട് അഡോൾഫ് ഹിറ്റ്ലറും അദ്ദേഹത്തിന്റെ പ്രചാരണ മന്ത്രി ജോസഫ് ഗീബൽസും നിർമ്മാതാക്കളെ തങ്ങളുടെ അഭിരുചിക്കും ഇച്ഛയ്ക്കും അനുസരിച്ച് സിനിമകൾ നിർമ്മിക്കാൻ പ്രേരിപ്പിച്ചു. ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണകൂടം അതിന്റെ ആദ്യനാളുകൾ മുതൽ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കലയുടെയും സാഹിത്യത്തിന്റെയും സാധ്യതകൾ പരതിത്തുടങ്ങി. കൃത്യമായ അജണ്ട തീർത്ത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവർ കാട്ടിയ പേക്കൂത്തുകളും നിയമനങ്ങളും ഓർമ്മിക്കാം.


ഇത് കൂടി വായിക്കൂ വായ മൂടിക്കെട്ടിയ ഇന്ത്യ | JANAYUGOM EDITORIAL


കലയെയും സംസ്കാരത്തെയും മലിനമാക്കാനുള്ള വർഗീയ പ്രേരിതമായ പ്രവർത്തന പരമ്പരകളുടെ തുടർച്ചയായി നാഥുറാം ഗോഡ്സെയെ വിശുദ്ധീകരിച്ചുള്ള നാടകം വന്നു. പിന്നിലെ ലക്ഷ്യം ഒരിക്കലും കലയുടെയോ സൗന്ദര്യശാസ്ത്രത്തിന്റെയോ പ്രോത്സാഹനമായിരുന്നില്ല. കലഹത്തിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകി മുളപ്പിക്കുക എന്നു തന്നെയായിരുന്നു. സിനിമ എന്ന മാധ്യമത്തിലൂടെ ജനമനസ് കീഴടക്കാനുള്ള തന്ത്രങ്ങളുടെ തുടർച്ചയായിരുന്നു കശ്മീർ ഫയൽസിലെ വിഷലിപ്തമായ ആഖ്യാനം. ഇത്തരം തുടർ പരമ്പരയിലെ കൊടുംവിഷമാണ് കേരള സ്റ്റോറി. അവർ പറയുന്ന കഥ കേരളത്തിന്റേതല്ല. വിവിധ വിശ്വാസങ്ങളിൽപ്പെട്ടവർ തലമുറകളായി സ്നേഹത്തോടും പരസ്പര ബഹുമാനത്തോടും കൂടി നെയ്തെടുത്തതാണ് കേരളത്തിന്റെ ഉണ്മ. സകല മാനവ വികസന സൂചികകളിലും ഉയർന്ന സ്ഥാനത്താണ് കേരളം. ജനങ്ങൾ മത‑ജാതി ഭേദമന്യേ ഇഴയടുപ്പമുള്ളവരും. ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആകട്ടെ, മതതീവ്രവാദ ശക്തികളെ ദൈനംദിന ജീവിതത്തിൽ നിന്ന് എക്കാലവും അകറ്റി നിർത്തിയവരാണ് കേരള ജനത. തങ്ങൾക്ക് ഇടം നിഷേധിക്കുന്നതിലുള്ള പ്രതികാരമായാണ് വികൃതമായൊരു കേരളകഥ ആർഎസ്എസ്-ബിജെപി ഒരുക്കിയത്.
വർത്തമാന കേരളത്തിന്റെ പ്രതിഛായ മലിനമാക്കാനും മതഭ്രാന്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ട് തികച്ചും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും വ്യാജ വാർത്തകളും ഇസ്ലാമോഫോബിക് പ്രചരണങ്ങളും കുഴച്ചാണ് കേരള സ്റ്റോറി സിനിമയുടെ നിർമ്മിതി. നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തി പിന്നീട് ഐഎസിന്റെ തീവ്രവാദ കെണിയിൽ ഇല്ലാതായ 32,000 സ്ത്രീകളുടെ കഥയെന്ന് ഘോഷിച്ചായിരുന്നു സിനിമയുടെ നിർമ്മാതാക്കൾ ആദ്യം കൊണ്ടിറങ്ങിയത്. അതിശയോക്തിയുടെ സംഖ്യയെ ചോദ്യം ചെയ്തപ്പോൾ, 32,000 ൽ നിന്ന് മൂന്നിലേക്ക് ഇരുന്നു. കേരള സ്റ്റോറി എന്ന ആർഎസ്എസ് തന്ത്രത്തിന്റെ പൊയ്‌മുഖങ്ങളിങ്ങനെ ഏറെ കാണാം.
രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ പ്രസ്താവനകൾ ബോധപൂർവം തെറ്റായി ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. വി എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവന തെറ്റായി പരിഭാഷപ്പെടുത്തി മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചു. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് പറയാത്ത വാക്കുകൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വായിലും തിരുകി.


ഇത് കൂടി വായിക്കൂ വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം | JANAYUGOM EDITORIAL


ആർഎസ്എസ് ശമ്പളപ്പട്ടികയിലുള്ള നിരവധി മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും കേരളത്തിനെതിരെ സമാനമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായി സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള ഈ ശ്രമത്തെ കേരളത്തിലെ ജനങ്ങൾ പൊതുവെ ഒറ്റക്കെട്ടായി എതിർത്തിട്ടുണ്ട്. സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഒരു മാർഗമാണ് ‘ലൗ ജിഹാദ്’ എന്ന് സിനിമ പറയുന്നു. അടിസ്ഥാനരഹിതമായ ഇത്തരം ഇസ്ലാമോഫോബിക് ഗൂഢാലോചന സിദ്ധാന്തമായി തുടരുമ്പോഴും യാതൊരു തെളിവും ചേർത്തുവയ്ക്കാനുമില്ല. അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഫെബ്രുവരി 5 ന് ‘ലൗ ജിഹാദ്’ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞു. സഹമന്ത്രി കിഷൻ റെഡ്ഡിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
വാസ്തവം ബിജെപി സർക്കാർ പറയുമ്പോഴും നുണകൊണ്ടു തീർത്ത ഇത്തരം അപകീർത്തികരമായ സിദ്ധാന്തത്തിൽ ആളുകളെ ചേർക്കാൻ ആർഎസ്എസ് കഠിനാധ്വാനം ചെയ്യുന്നു. ഐഎസ് തീർക്കുന്ന കെണിയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ എണ്ണം 200 ൽ കൂടില്ലെന്ന് സർക്കാർ പലവട്ടം പറഞ്ഞു. ‘ദി കേരള സ്റ്റോറി’, വളച്ചൊടിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതും വിദ്വേഷം വളർത്താനുള്ള ലക്ഷ്യത്തിൽ കേന്ദ്രീകൃതവുമാണ്. രാജ്യത്തിന്റെ പൊതുവായ സാമുദായിക സൗഹാർദത്തിന് ഇത് അപകടമാണ്. ചില ചോദ്യങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽപ്പുണ്ട്. കെട്ടുകഥകൾ വസ്തുതയായി അവതരിപ്പിക്കുമ്പോൾ ആരാണ് ഉത്തരവാദി? തെറ്റിദ്ധാരണയും അസത്യവും മറയാക്കി കലാപത്തിനിറങ്ങുമ്പോൾ ആർക്കാണ് ഉത്തരവാദിത്തം. ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിന് ഭരണഘടനയോടും അതിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും യാതൊരു പരിഗണനയും ഇല്ല. അവർക്ക് സത്യത്തിലധിഷ്ഠിതമായ ധാർമ്മിക ആശങ്കകളുമില്ല.
ഭരണകൂടത്തിന്റെ വിശ്വസ്തത രാജ്യത്തിന്റെ ഭരണഘടനയോടല്ല, ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനൊപ്പമാണെന്ന് വ്യക്തമാണ്. കർണാടക തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ധ്രുവീകരിക്കാനുള്ള ഒരു തന്ത്രമാണ് ദി കേരള സ്റ്റോറി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഡി പ്രധാന വിഷയമാക്കിയത് കേരള സ്റ്റോറിയും അതുവഴി കേരളത്തെ ഇകഴ്ത്തലുമായിരുന്നു.


ഇത് കൂടി വായിക്കൂ നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ | JANAYUGOM EDITORIAL


വസ്തുതകളിലൂടെയും ശാസ്ത്രീയ അന്വേഷണത്തിന്റെ ചൈതന്യത്തിലൂടെയും ഈ വിഷയങ്ങളിൽ ആളുകളെ ബോധവൽക്കരിക്കണം. സിനിമ നിരോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ശബ്ദമുയർത്താനും മറ്റൊരു കഥ ചമയ്ക്കാനും പരിവാർ ശക്തികൾ അതിനെ ഉപയോഗപ്പെടുത്തിയേക്കാം. രാഷ്ട്രീയ പ്രചാരണവും സത്യവും തമ്മിൽ വേർതിരിച്ചറിയാൻ ജനങ്ങളെ ബോധവൽക്കരിക്കുകയും വസ്തുതകൾ ബോധ്യപ്പെടുത്തുകയും വേണം. ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കണം. വ്യാജപ്രചരണങ്ങൾക്കും ദുഷിച്ച കെട്ടുകഥകൾക്കും അവർക്കിടയിൽ ഒരു വിള്ളൽ സൃഷ്ടിക്കാൻ കഴിയില്ല എന്നുറപ്പാക്കണം. ഉയർന്ന വിദ്യാഭ്യാസവും ഐക്യവുമാണ് ആർഎസ്എസിന്റെ നുണ നിർമ്മിതികൾക്കെതിരായ ഏറ്റവും ഫലപ്രദമായ ആയുധം. സത്യം വിജയിക്കണമെങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി ഉയരുകയും ഒന്നിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.