
സ്വാഭാവിക ജീവിതത്തെക്കാൾ പ്രയാസകരമാണ് ദുരന്തങ്ങളെയും യുദ്ധങ്ങളെയും പലായനങ്ങളെയും നേരിടുന്ന ജനതയുടെ അതിജീവനം. ലോകമാകെ ഈ പ്രശ്നം നേരിടുന്നുണ്ട്. അത്തരമൊരു പശ്ചാത്തലമുള്ളപ്പോൾ മഹാദുരന്തം നേരിട്ടൊരു ജനതയുടെ അതിവേഗത്തിലുള്ള അതിജീവനം സാധ്യമാക്കി കേരളം എന്ന കൊച്ചു സംസ്ഥാനം വീണ്ടും അതിശയം തീർക്കുകയാണ്. വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ദുരന്തത്തെ കണ്ണീർ തൂവാതെ ഓർത്തെടുക്കാനാകില്ല. അവിടെക്കണ്ട ദുരന്തത്തിന്റെ കാഴ്ചകൾ മാത്രമല്ല, ദുരിതബാധിതരെ സഹായിക്കാനെത്തിയ മനുഷ്യരും പ്രവഹിച്ച സഹായങ്ങളും രചിക്കപ്പെട്ട സ്നേഹഗാഥകളുമെല്ലാം ഓർക്കുമ്പോള്‍ പോലും കണ്ണീരണിയിക്കുന്നതാണ്.
മാതാവ് നഷ്ടപ്പെട്ട പിഞ്ചോമനകൾക്ക് മാതൃവാത്സല്യം സ്വന്തം മുലപ്പാലിന്റെ മധുരത്തിലൂടെ പകർന്നുനൽകാമെന്ന് വാക്കു നൽകി ചുരം കയറിയെത്തിയ സ്ത്രീകൾ മുതൽ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് കളിക്കോപ്പുകൾ വാങ്ങി അയച്ചുനൽകിയ കുട്ടികൾവരെ. ദുർഘടമായ ഇടങ്ങളിലും ദുർഗന്ധം വമിക്കുന്ന വഴികളിലും ആരുടേത് എന്നറിയാതിരുന്നിട്ടും ഉറ്റവരുടേതെന്നതുപോലെ മൃതശരീരങ്ങൾ തെരഞ്ഞുപോയവർ. അങ്ങനെയങ്ങനെ ദുരിത മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന്റെ മഹാഗാഥ രചിച്ചു കേരളം. പിന്നീടുള്ള ദൗത്യം അവശേഷിച്ചവരുടെ അതിജീവനമായിരുന്നു. അതിനുള്ള കടമ്പകൾ പലതായിരുന്നു.
സഹായഹസ്തങ്ങൾ പല കോണുകളിൽ നിന്ന് നീണ്ടെത്തിയെങ്കിലും ദുരന്ത മുഖത്തും രാഷ്ട്രീയവൈരം മനസിലുറപ്പിക്കുന്ന പ്രതിലോമ ഭരണാധികാരികൾ മടിച്ചുനിന്നു. നിയമപരവും മനുഷ്യത്വപരവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ, മാറിനിൽക്കുക മാത്രമല്ല ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ ചെയ്തത്. വിദേശ രാജ്യങ്ങളിൽ നിന്ന് കിട്ടിയേക്കുമായിരുന്ന സഹായങ്ങൾ തടയുന്നതിനും ശ്രമിച്ചു. എന്നിട്ടും ഇച്ഛാശക്തിയോടെ അതിനെയെല്ലാം കേരളം മറികടന്നിരിക്കുകയാണിപ്പോൾ.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിയുന്ന മാതൃകാ ടൗൺഷിപ്പിലെ ആദ്യഘട്ട ഭവനങ്ങൾ 25ന് ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുകയാണ്. ഒന്നാംഘട്ടത്തിൽ നൽകുന്ന 178 വീടുകളുടെ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് ഇന്നലെ നടന്നു. പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകള്‍ നൽകുന്നത്. വീട് മാത്രമല്ല അത് സ്ഥിതി ചെയ്യുന്ന ഏഴ് സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശവും നൽകുന്നു. ആദ്യഘട്ടത്തിൽ ആകെയുള്ള 410 എണ്ണത്തിൽ അവശേഷിക്കുന്നവ അടുത്ത കാലവർഷത്തിന് മുമ്പ് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തം നടന്നയുടൻ തന്നെ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. എൽസ്റ്റൺ എസ്റ്റേറ്റിലെ 6.45 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ നടപടിക്രമങ്ങളിൽ കാലതാമസവും നിയമപ്രശ്നങ്ങളും ഉണ്ടായി. അവയെല്ലാം യുദ്ധവേഗതയിൽ പരിഹരിച്ചതിനെത്തുടർന്ന് 2025 മാർച്ച് 27നാണ് വീടുകളുൾപ്പെടുന്ന ടൗൺഷിപ്പ് നിർമ്മാണമാരംഭിച്ചത്. ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് ആദ്യഘട്ട ഗുണഭോക്താക്കൾക്ക് കൈമാറുന്നവിധത്തിൽ സജ്ജമാക്കുന്നതിന് സാധ്യമായി. സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, ബഹുജന പ്രസ്ഥാനങ്ങൾ എന്നിങ്ങനെ വലിയൊരു വിഭാഗത്തിന്റെയും ആർജവത്തോടെയും പ്രതിബദ്ധതയോടെയും നയിക്കാൻ തയ്യാറായൊരു സർക്കാരിന്റെയും കൂട്ടായ്മയാണ് ഇവിടെ വിജയം കാണുന്നത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കും വിധം ഏഴ് സെന്റ് ഭൂമിയിൽ 1,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമ്മിക്കാനുള്ള അടിത്തറയോടെ തയ്യാറാക്കിയതാണ്. കൊച്ചുകുടുംബത്തിന് ആവശ്യമായ പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് പണിതിരിക്കുന്നത്.
ദുരന്തഭൂമിയിൽ അവശേഷിച്ചവരെ മുഴുവൻ മറ്റൊരിടത്താണ് താമസിപ്പിക്കുന്നതെങ്കിലും അങ്ങനെയൊരു ഒറ്റപ്പെടൽ അവസ്ഥയില്ലാതാക്കുന്നതിന് വിപുലമായ ടൗൺഷിപ്പും അനുബന്ധമായി ഒരുങ്ങുന്നു. എല്ലാ വീടുകൾക്ക് മുന്നിലും എത്തിച്ചേരാവുന്ന വിധം റോഡുകൾ, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും വേഗത്തിൽ സജ്ജീകരിക്കും. ആരോഗ്യകേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന‑വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളെല്ലാമുണ്ടാകും. കമ്മ്യൂണിറ്റി സെന്ററിൽ പ്രായവ്യത്യാസമില്ലാതെ വിനോദത്തിനും വിശ്രമത്തിനുമുളള കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവയുമുണ്ടാകും.
നഷ്ടപ്പെട്ടതെല്ലാം ദുരന്തത്തിലെ ഇരകൾക്ക് നൽകാനാകില്ലെങ്കിലും പരമാവധി അതിജീവനമൊരുക്കുന്നതിന് സാധിച്ചുവെന്നത് വലിയൊരു നേട്ടമാണ്. കെട്ടുകഥകളിലൂടെയും വ്യാജ ചലച്ചിത്രങ്ങളിലൂടെയും കേരളത്തിന്റെ കീർത്തി ഇല്ലാതാക്കുന്നതിനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ്, സഹജീവി സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സേവനസന്നദ്ധതയുടെയും ഇച്ഛാശക്തിയുടെയും അടയാളങ്ങളായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നത്. ദുരന്തമുഖത്ത് പകച്ചും ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പതറിയും നിൽക്കാതെ എൽഡിഎഫ് സർക്കാർ നടത്തിയ, ഒറ്റക്കെട്ടായി നിന്ന് ഈ നാടിനെ വീണ്ടെടുക്കുമെന്ന പ്രഖ്യാപനമാണ് പൂർത്തിയാകുന്നത്. പുനരധിവാസ ചരിത്രത്തിലെ വിസ്മയമാകുകയാണ് ഇതിലൂടെ കേരളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.