തൊഴിൽത്തട്ടിപ്പും അതിനോടനുബന്ധിച്ചുള്ള മനുഷ്യക്കടത്തും ലോകത്ത് സർവസാധാരണമായിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള തട്ടിപ്പുകൾ താരതമ്യേന കുറവാണ്. എന്നാൽ അടുത്തകാലത്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മലയാളികൾ എത്തിയിട്ടുണ്ടെന്നുള്ള വാർത്തകൾ ഞെട്ടലുണ്ടാക്കുന്നത് തന്നെയാണ്. ഇതിനകം രണ്ട് മലയാളികളാണ് ഉക്രെയ്ൻ‑റഷ്യ യുദ്ധമുഖത്ത് കൊല്ലപ്പെട്ടെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അതിന് തൊട്ടുമുമ്പാണ് തട്ടിപ്പിനിരയായി കംബോഡിയയിൽ അകപ്പെട്ടുപോയവരുടെ ദുരവസ്ഥ പുറത്തുവന്നതും വിദേശകാര്യമന്ത്രാലയം ഇടപെട്ട് അവരിൽ കുറച്ചുപേരെ തിരിച്ചെത്തിക്കുകയും ചെയ്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് ഇറാനിലേക്കും അവയവമാഫിയ, ആളുകളെ ജോലിക്കെന്ന വ്യാജേന കയറ്റിവിടുകയും വൃക്ക അടക്കമുള്ള അവയവങ്ങൾ എടുത്തശേഷം ഇവരെ തിരിച്ചുവിടുകയും ചെയ്തതിന്റെ വിശദാംശങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്ത് നടത്തിയ ഇടനിലക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തിരുന്നു. എൻഐഎ ഈ കേസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ കടത്തിവെട്ടുന്ന തട്ടിപ്പിലൂടെയാണ് ആളുകളെ ജോലിക്കെന്ന വ്യാജേന റഷ്യൻ യുദ്ധമുഖത്തേക്ക് കയറ്റിവിട്ടത്. വിവിധ ജോലികൾക്കെന്ന പേരിലാണ് വൻതുക വാങ്ങി ചെറുപ്പക്കാരെ റഷ്യൻ കൂലിപ്പട്ടാളത്തിനുവേണ്ടി കടത്തിയത്. തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു എന്ന യുവാവ് കഴിഞ്ഞ ദിവസം ഉക്രെയ്ൻ‑റഷ്യ യുദ്ധമുഖത്ത് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രൻ ഓഗസ്റ്റ് അവസാനം കൊല്ലപ്പെട്ടിരുന്നു. ബിനിൽ ബാബുവിനൊപ്പം റഷ്യയിലെത്തിയ അടുത്ത ബന്ധുകൂടിയായ ജയിൻ കുര്യൻ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജയിൻ തന്നെയാണ് ബിനിൽ കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ അറിയിച്ചത്. യുദ്ധം നടക്കുന്നിടത്ത് ബിനിലിന്റെ മൃതദേഹം കണ്ടിരുന്നെന്നും തനിക്കും ആക്രമണത്തിൽ പരിക്കേറ്റെന്നും ജെയിൻ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും നോർക്ക അധികൃതരും കേന്ദ്രസർക്കാരുമായും വിദേശകാര്യമന്ത്രാലയവുമായും ബന്ധപ്പെട്ട് ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദീപ് ചന്ദ്രൻ മരിച്ച വാർത്തയോടെയാണ് തൊഴിൽത്തട്ടിപ്പിനിരയായി കേരളത്തിൽ നിന്ന് ഒട്ടേറെ ചെറുപ്പക്കാർ റഷ്യയിൽ എത്തിയതായി വാര്‍ത്ത പുറത്തുവന്നത്. ഇവരെ ഉക്രെയ്ൻ യുദ്ധത്തിനായി റഷ്യ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറിലേറെപ്പേർ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നതായും വ്യക്തമായി. മലയാളികൾ യുദ്ധമുഖത്ത് കൊല്ലപ്പെട്ട വിവരം പുറത്തുവന്നതോടെ അവിടെ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിച്ചതായി വിദേശകാര്യവക്താവ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയിലെ ഇന്ത്യൻ എംബസി അധികൃതർ ബിനിലിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും റഷ്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചത്. ഒരു വർഷത്തെ കരാറിലാണ് കഴിഞ്ഞ ഏപ്രിൽ നാലിന് ബിനിലും പിതൃസഹോദരപുത്രനായ ജെയിനും റഷ്യയിലേക്ക് ജോലിക്കായി പോയത്. കാറ്ററിങ് സർവീസ് കമ്പനിയിലാണ് ജോലി എന്നുപറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണ് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിച്ചിരിക്കുന്ന കൂലിപ്പട്ടാളത്തിലേക്കാണ് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന വിവരം അറിയുന്നത്. രണ്ടുമാസം ആയുധങ്ങൾ ഉപയോഗിക്കാനടക്കം സൈനിക പരിശീലനം നൽകിയെന്ന് ഇവർ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. ആദ്യം യുദ്ധമുന്നണിയിലുള്ള സൈനികർക്ക് ആഹാരവും ആയുധങ്ങളുമെത്തിക്കാനാണ് നിയോഗിച്ചത്. യുദ്ധം രൂക്ഷമായതോടെ യുദ്ധമുന്നണിയിലേക്കും ഇവരെ നിയോഗിക്കുകയായിരുന്നു. ബിനിൽ റഷ്യയിലേക്ക് പോകുമ്പോൾ ഭാര്യ ജോയ്സി ഗർഭിണിയായിരുന്നു. അഞ്ചുമാസം പ്രായമായ മകനെ ഒരുനോക്കു കാണാൻ പോലും കഴിയാതെയാണ് ബിനിൽ യുദ്ധമുഖത്ത് കൊല്ലപ്പെടുന്നത്.
ഇത്തരത്തിൽ സാധാരണക്കാരായ ചെറുപ്പക്കാരെ ചതിയിൽപ്പെടുത്തി വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്ന ഏജൻസികളെ കടുത്ത നടപടികൾ സ്വീകരിച്ച് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കംബോഡിയയുടെ വിവിധ പ്രദേശങ്ങളിലും ലാവോസിലും നൂറിലധികം മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ അടക്കമാണ് ഇവിടേക്ക് ആളുകളെ ജോലിക്കായി എത്തിച്ചിരിക്കുന്നത്. റഷ്യയിൽ എത്ര മലയാളികൾ യുദ്ധമുഖത്ത് കുടുങ്ങിയിട്ടുണ്ടെന്നതിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. തൃശൂരിൽ നിന്ന് മാത്രം അഞ്ചുപേർ പോയതായി വ്യക്തമായ വിവരമുണ്ട്. ഇവരിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാന സർക്കാരും പൊലീസും നോർക്ക അടക്കമുള്ള ഏജൻസികളും കർശനമായ നിരീക്ഷണങ്ങളും നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തണം. മനുഷ്യക്കടത്ത് മാഫിയയ്ക്കെതിരെ ശക്തമായ നടപടി കേന്ദ്ര‑സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടാകണം. സ്വകാര്യ ഏജൻസികളുമായി ബന്ധപ്പെട്ട് വിദേശജോലിക്കായി പോകുന്നവർ വസ്തുതകൾ കൃത്യമായി അറിയാൻ വിവിധ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ജാഗ്രത കാട്ടേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.