
രാജ്യത്തെ തൊഴിലാളികളുടെയും ട്രേഡ്‌യൂണിയനുകളുടെയും പ്രതിപക്ഷപാർട്ടികളുടെയും ശക്തമായ പ്രതിഷേധവും എതിർപ്പും അവഗണിച്ച് നരേന്ദ്ര മോഡി സർക്കാർ ഏകപക്ഷീയമായി പാസാക്കിയ നാല് ലേബർ കോഡുകൾക്ക് പിന്നാലെ യൂണിയൻ തൊഴിൽ മന്ത്രാലയം ഒക്ടോബർ എട്ടിന് പുറത്തിറക്കിയ കരട് ‘ശ്രം ശക്തി നീതി 2025’ അഥവാ തൊഴിൽ‑നിയമന നയം തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ട ഇതര വിഭാഗങ്ങളുടെയും വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നു. തൊട്ടടുത്തദിവസം, ഒക്ടോബർ ഒമ്പതിന് യൂണിയൻ വിദ്യുച്ഛക്തി മന്ത്രാലയം പുറത്തുവിട്ട കരട് വിദ്യുച്ഛക്തി (ഭേദഗതി) ബിൽ 2025 ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തെ കർഷരെയാണ്. തൊഴിലാളികളും കർഷകരും ഉൾപ്പടെ അടിസ്ഥാന ജനവിഭാഗങ്ങൾ സംഘടിത വിലപേശലിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്ത പ്രാഥമിക അവകാശങ്ങൾപോലും നിഷേധിക്കാനും തൊഴിലിനും കൃഷിക്കുമുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കുകയെന്ന തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം കയ്യൊഴിയുന്നതുമാണ് മോഡി സർക്കാരിന്റെ മേൽവിവരിച്ച നടപടികൾ. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയും (സിടിയു), കർഷകസംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) കേന്ദ്രസർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ ആശങ്ക പ്രകടിപ്പിക്കുകയും അവയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒക്ടോബർ 18ന് ചേർന്ന കർഷകരുടെയും തൊഴിലാളികളുടെയും സംയുക്തയോഗം രാജ്യവ്യാപകമായി വിഷയത്തിൽ പ്രചാരവേല സംഘടിപ്പിക്കാനും കരട് ശ്രം ശക്തി നീതിക്കും വിദ്യുച്ഛക്തി ഭേദഗതിനിയമത്തിനും എതിരെ ജില്ലാ കളക്ടർമാർക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനും മെമ്മോറാണ്ടം സമർപ്പിക്കുവാനും തീരുമാനിച്ചു. ‘രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കുവാനും മോഡി സർക്കാർ പിന്തുടരുന്ന പ്രതിലോമകരവും അടിച്ചമർത്തൽ സ്വഭാവത്തോടുകൂടിയതുമായ കോർപറേറ്റ് അനുകൂല, തൊഴിലാളി കർഷകവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ ചെറുക്കാൻ ബഹുജനങ്ങളെ അണിനിരത്താൻ’ യോഗം രാജ്യത്തെ കർഷകരോടും തൊഴിലാളികളോടും ആഹ്വാനം ചെയ്തു.
രാജ്യത്തെ കോടാനുകോടിവരുന്ന എല്ലാവിഭാഗം തൊഴിലാളികളെയും തികച്ചും പ്രതികൂലമായി ബാധിക്കുന്ന ശ്രം ശക്തി നീതി തൊഴിലാളികളോടോ അവരുടെ ട്രേഡ് യൂണിയനുകളോടോ യാതൊരു ആലോചന കൂടാതെയും അഭിപ്രായം ആരായാതെയുമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രസ്തുതനയം പ്രതികൂലമായി ബാധിക്കുന്ന തൊഴിലാളികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ പ്രതികരണങ്ങൾ, നിർദേശങ്ങൾ എന്നിവ അറിയിക്കാൻ ഒക്ടോബർ 27 വരെ 20 ദിവസങ്ങളാണ് തൊഴിൽ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. 2019, 2020 കാലയളവിൽ ഏകപക്ഷീയമായി പാസാക്കിയ നാല് ലേബർ കോഡുകൾക്ക് സമാനമായ രീതിയിൽ തൊഴിൽസംബന്ധമായ ഉന്നത ത്രികക്ഷി സമിതിയായ ഇന്ത്യൻ ലേബർ കോൺഫറൻസിനെ (ഐഎൽസി) പോലും വിശ്വാസത്തിലെടുക്കാതെയാണ് പ്രസ്തുത കരട് നയം പ്രഖ്യാപിച്ചിട്ടുള്ളത്. 2013ൽ ഐഎൽസി ഒരു ദേശീയ തൊഴിൽനയം ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു. എന്നാൽ 11 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് മോഡി സർക്കാർ ഇപ്പോഴത്തെ വിവാദ കരടുനയം പുറത്തിറക്കിയിരിക്കുന്നത്. 2015ന് ശേഷം ഐഎൽസി യോഗം വിളിച്ചുകൂട്ടാൻപോലും തയ്യാറാവാത്ത കേന്ദ്രസർക്കാർ ജനാധിപത്യപരമായ കൂടിയാലോചനകൾ യാതൊന്നും കൂടാതെയാണ് തങ്ങളുടെ പ്രതിലോമകരമായ തൊഴിൽനയം രാജ്യത്തിനുമേൽ അടിച്ചേല്പിക്കാൻ മുതിർന്നിരിക്കുന്നത്. എഐടിയുസി, എഐബിഇഎ, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐഎഫ്എഫ്) തുടങ്ങിയ സംഘടനകളും സിടിയുവും കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൊഴിലിനെ പൗരന്മാരുടെ ജീവിതായോധനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമായി അംഗീകരിക്കുന്നതിനുപകരം അത് തൊഴിലാളികളുടെ മതപരവും ധാർമികവുമായ ഉത്തരവാദിത്തമായി വ്യാഖ്യാനിക്കാനാണ് ശ്രം ശക്തി നീതി ശ്രമിക്കുന്നത്. മനുസ്മൃതി മുതൽ അർത്ഥശാസ്ത്രം വരെയുള്ള പുരാതന മതലിഖിതങ്ങൾ വ്യാപകമായി ഉദ്ധരിച്ചുകൊണ്ടാണ് അതിന് അവർ ശ്രമിക്കുന്നത്. തൊഴിൽ ചൂഷണത്തിനെതിരെ ഇടപെടേണ്ട സർക്കാർ ആ ഉത്തരവാദിത്തം കയ്യൊഴിഞ്ഞ് അതിന് അവസരമൊരുക്കുന്ന ശക്തിയായി പുതിയനയത്തിൽ രൂപംമാറുന്നു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ തൊഴിലവസരം സൃഷ്ടിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്തം സർക്കാർ പുതിയ നയത്തിലൂടെ കയ്യൊഴിയുന്നു.
പുതിയ നയം രാജ്യത്തെ എല്ലാ തൊഴിലാളികളെയും അവർ ഔപചാരിക, അനൗപചാരിക, കുടിയേറ്റ, ഗിഗ് തൊഴിലാളികളാണെന്ന വ്യത്യാസം കൂടാതെ ഒരു ഏകീകൃത ഡിജിറ്റൽ വ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യംവയ്ക്കുന്നത്. തൊഴിൽ, ആനുകൂല്യങ്ങൾ, തൊഴിലിട സുരക്ഷിതത്വം, എംപ്ലോയിസ് പ്രൊവിഡന്റ്ഫണ്ട്, അസംഘടിത തൊഴിലാളികൾക്കായുള്ള ഇ‑ശ്രം പോർട്ടൽ, നാഷണൽ കരിയർ സർവീസ്, തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് സേവനം, സാർവത്രിക സാമൂഹിക സുരക്ഷാ അക്കൗണ്ട് തുടങ്ങി തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ സേവനങ്ങളും നയം നടപ്പാകുന്നതോടെ ഈ ഏകീകൃത ഡിജിറ്റൽ വ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നതോടെ കോടാനുകോടി ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിലവകാശം നഷ്ടപ്പെട്ടതിന് സമാനമായ സ്ഥിതിവിശേഷമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് ഐഎഫ്എഫ് മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ മൊബൈൽഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളും ഇന്റർനെറ്റ് സാക്ഷരത കൈവരിച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് തൊഴിലുറപ്പുപദ്ധതി സാക്ഷ്യപ്പെടുത്തുന്നു. വസ്തുത ഇതായിരിക്കെ മോഡി സർക്കാരിന്റെ ശ്രം ശക്തി നീതിയിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാൻ ജനങ്ങളെ ഒന്നാകെ അണിനിരത്തുന്നതിൽ തൊഴിലാളികൾക്കും കര്‍ഷകർക്കും അവരുടെ സംഘടിതശക്തിക്കും പ്രത്യേക ഉത്തരവാദിത്തമാണുള്ളത്. ഇടതുപക്ഷപാർട്ടികളും വർഗബഹുജന സംഘടനകളും ഉൾപ്പെടെ പ്രതിപക്ഷം ഒന്നാകെ മോഡി സർക്കാരിന്റെ ഈ പ്രതിലോമനയങ്ങളെ ചെറുത്ത് പരാജയപ്പെടുത്താൻ മുന്നോട്ടുവരേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.