ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. സര്‍ക്കാരിന്റെ കരസ്പര്‍ശമേല്ക്കാത്ത ഒരു വിഭാഗവും സംസ്ഥാനത്തില്ല എന്ന് പൊതുവായി പറയാമെങ്കിലും ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ദുര്‍ബ്ബല ജനവിഭാഗങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്കിപ്പോരുന്നത്. അതിനായി ഏറ്റവും പ്രാധാന്യത്തോടെയും ബദ്ധശ്രദ്ധയോടെയും നടപ്പിലാക്കുന്ന പദ്ധതികളിലൊന്നാണ് ഭവനരഹിതര്‍ക്ക് വീട് നല്കുന്നതിനുള്ള ലൈഫ് മിഷന്‍.
സര്‍ക്കാരിന്റെ കരസ്പര്‍ശമേല്ക്കാത്ത ഒരു വിഭാഗവും സംസ്ഥാനത്തില്ല എന്ന് പൊതുവായി പറയാമെങ്കിലും ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ദുര്‍ബ്ബല ജനവിഭാഗങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്കിപ്പോരുന്നത്
അസാധാരണവും അത്ഭുതകരവുമായ മുന്നേറ്റമാണ് ഈ പദ്ധതിക്കു കീഴില്‍ സര്‍ക്കാര്‍ കൈവരിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ലൈഫിന്റെ ഇതുവരെയുള്ള ഘട്ടങ്ങളിലായി 3,42,156 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 2022–23 സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാന്‍ ലക്ഷ്യമിട്ടതിൽ 2023 മാർച്ച് 31 വരെ 54,648 വീടുകള്‍ പൂർത്തീകരിച്ചു. 67,000 ലധികം വീടുകൾ നിർമ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഭവനരഹിതര്‍ക്ക് വീടു നല്കുന്നതിനുള്ള പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ല് തീര്‍ത്തിരിക്കുന്നത് എല്‍ഡിഎഫ് തുടര്‍സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്കരിച്ച നൂറു ദിന കര്‍മ്മ പരിപാടിയിലൂടെയാണ്. 20,073 വീടുകൾ പൂര്‍ത്തീകരിച്ചാണ് ലൈഫ് മിഷന്‍ നാഴികക്കല്ല് തീര്‍ത്തത്. ഇക്കാലയളവിനിടയില്‍ 41,439 ഗുണഭോക്താക്കളുമായി കരാറിലെത്തുകയും ചെയ്തു. 20,000 ഗുണഭോക്താക്കളുമായി കരാർ വയ്ക്കാന്‍ തീരുമാനിച്ചിടത്താണ് ഇരട്ടിയിലധികം കരാർ വയ്ക്കാൻ കഴിഞ്ഞത്.
ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഭൂമിയുടെ ലഭ്യതക്കുറവ്. സ്വന്തമായി ഭൂമിയുള്ള ഗുണഭോക്താക്കള്‍ക്ക് വീടുവയ്ക്കുന്നതിനുള്ള ധനസഹായം നല്കിയാല്‍ മതിയെങ്കില്‍ ഭൂമി സ്വന്തമായില്ലാത്തവരുടെ ഭവന പദ്ധതിക്ക് കടമ്പകള്‍ ഏറെയാണ്. നേരത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഭവനരഹിതരെ സഹായിക്കുന്നതിന് ആവിഷ്കരിച്ച ലക്ഷം വീട് പദ്ധതികള്‍ പോലുള്ളവയ്ക്ക് പരിമിതമായെങ്കിലും സര്‍ക്കാര്‍ പുറമ്പോക്കുകളും മിച്ചഭൂമികളും ലഭ്യമായിരുന്നു. ഇപ്പോള്‍ വ്യാപകമായി അത്തരത്തില്‍ ഭൂമി ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ലഭ്യമാകുന്ന ഭൂമിയില്‍ ഭവന സമുച്ചയമെന്ന പദ്ധതി പ്രായോഗികമാക്കുന്നതിന് തീരുമാനിച്ചത്. ഇപ്പോള്‍ നഗരങ്ങളില്‍ സമ്പന്നവിഭാഗങ്ങള്‍ പോലും ആശ്രയിക്കുന്നതാണ് ഭവന സമുച്ചയങ്ങള്‍. അതേ രീതിയില്‍ ഭവനരഹിതര്‍ക്കായും സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് സ്ഥല പരിമിതി മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ഭവന സമുച്ചയങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. 25 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയുമാണ്. കൂടാതെ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രണ്ടിടത്തായി സ്ഥലം കണ്ടെത്തി ഭവന സമുച്ചയ നിര്‍മ്മാണത്തിനുള്ള പദ്ധതിക്കും രൂപം നല്കിയിട്ടുണ്ട്. ഇത്തരം ഭവന സമുച്ചയങ്ങളില്‍ ഭൂരഹിതരായ 350ഓളം ഗുണഭോക്താക്കള്‍ക്ക് കിടപ്പാടമേകുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ കൂടെത്തന്നെ തീരമേഖലയില്‍ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹമെന്ന പദ്ധതിയിലൂടെയും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. ഭൂലഭ്യതയുടെ പ്രശ്നമുള്ളതിനാല്‍ ഭവന സമുച്ചയമെന്ന സങ്കല്പമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാക്കുന്നത്.
644 ഭവനങ്ങളുള്ള സമുച്ചയങ്ങളാണ് പണി പൂര്‍ത്തിയായി വരുന്നത്. തിരുവനന്തപുരം മുട്ടത്തറയിൽ 400, ആലപ്പുഴ മണ്ണുംപുറത്ത് 228, മലപ്പുറം നിറമരുതൂരില്‍ 16 വീതം വീടുകളുള്ള സമുച്ചയങ്ങളാണുയരുന്നത്. ഇതിന് പുറമേ 540 ഭവനങ്ങളുള്ള സമുച്ചയങ്ങള്‍ കൂടി നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനായി ഭരണപരമായി മാത്രമല്ല ഭാവനാ സമ്പന്നമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഫലമായാണ് ഭവന നിര്‍മ്മാണത്തിന് നേരിടുന്ന ഭൂലഭ്യതയുടെ പ്രശ്നം പരിഹരിക്കുന്നതിന് ആവിഷ്കരിച്ച മനസോടിത്തിരി മണ്ണ് എന്ന പദ്ധതി രൂപപ്പെട്ടത്. കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് ഇഷ്ടപ്രകാരം ഭൂമി ദാനം നല്കുന്നതിനുള്ള പദ്ധതിയാണിത്. ഇതിനകം 23.5 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ മഹാമനസ്കരായവരുടെ ദാനമായി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമേ സന്നദ്ധ സംഘടനകളും വ്യക്തികളും വീട് വച്ച് നല്കുന്ന സര്‍ക്കാര്‍ പദ്ധതിയെ സഹായിക്കുന്നതിന് രംഗത്തെത്തുകയും ചെയ്യുന്നു. അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. അതിദരിദ്ര നിര്‍ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ 64,006 കുടുംബങ്ങളെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള സൂക്ഷ്മ പദ്ധതികള്‍ ആവിഷ്കരിച്ച് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്. ചികിത്സാ സഹായം ഏര്‍പ്പെടുത്തല്‍, ഉപജീവന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയാണ് നടപ്പിലാക്കുന്നത്. ഈ വിധത്തില്‍ സംസ്ഥാനത്തെ ദരിദ്ര — ദുര്‍ബല ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നപരിഹാരത്തിനുള്ള സമഗ്ര പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. അതില്‍ വലിയ ചുവടു വയ്പാവുകയാണ് ലൈഫ് മിഷന്‍ പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.