
ജനാധിപത്യ ദിനാചരണം സെപ്റ്റംബര്‍ 15ന് മഹിമയോടെ ലോകം ആചരിച്ചു. സ്വാതന്ത്ര്യം സാധ്യമാക്കുന്നതിനും സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ദിനാചരണം ലക്ഷ്യമിടുന്നു. ജനാധിപത്യത്തില്‍ കാതലായ തീരുമാനമെടുക്കുന്നതിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനപങ്കാളിത്തത്തെ തടയുന്ന നീക്കങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലും ജനാധിപത്യ ദിനാചരണം ഉദ്ദേശിക്കുന്നു. ഇന്ത്യയിൽ പ്രത്യേകിച്ചും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി രാഷ്ട്രനിർമ്മാണത്തിൽ ജനപങ്കാളിത്തത്തിന്റെ അനിവാര്യതയ്ക്ക് നിർണായക സ്ഥാനം കൈമോശം വന്നിരിക്കുന്നു. വെല്ലുവിളികളും അതിന്റെ അനന്തരഫലങ്ങളും ഈ അവസ്ഥയെ പിന്തുടരുന്നു. ജനാധിപത്യം നിര്‍വചിക്കപ്പെടുന്ന ലക്ഷ്യം കൈവരിക്കപ്പെട്ടിട്ടില്ല. ഇതിനായുള്ള പോരാട്ടം തുടരേണ്ടതുണ്ട് എന്ന് ചുരുക്കം. ഫ്രീഡം ഹൗസ് 2021ൽ, ഇന്ത്യയുടെ റേറ്റിങ്, സ്വാതന്ത്ര്യം എന്നതില്‍ നിന്ന് ഭാഗികമായി സ്വാതന്ത്ര്യമാര്‍ജിച്ചത് എന്നായി താഴ്ത്തി (അവശേഷിക്കുന്ന ഘട്ടം സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്). അതേ വർഷം, ജനാധിപത്യങ്ങളുടെ വൈവിധ്യം വിശദീകരിക്കുന്ന (വി-ഡെം) പദ്ധതിയില്‍ ഇന്ത്യയെ അതിന്റെ പൂര്‍ണമായ സ്വേച്ഛാധിപത്യം, ഇലക്ടറൽ സ്വേച്ഛാധിപത്യം, ഇലക്ടറൽ ജനാധിപത്യം അല്ലെങ്കിൽ ലിബറൽ ജനാധിപത്യം എന്നീ ഗണങ്ങളില്‍ “ഇലക്ടറൽ ഓട്ടോക്രസി” എന്ന പദവിയിലേക്ക് തരം താഴ്ത്തി. പൂർണ ജനാധിപത്യം, പിഴവുള്ള ജനാധിപത്യം, സങ്കര ഭരണകൂടം, സ്വേച്ഛാധിപത്യ ഭരണം എന്നീ ഗണങ്ങളില്‍ ഇന്ത്യയെ “പിഴവുള്ള ജനാധിപത്യം” എന്ന വിഭാഗത്തിലേക്ക് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് മാറ്റി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം എത്രമാത്രം നീതിയുക്തമാണ് എന്ന ചോദ്യത്തില്‍ അധിഷ്ഠിതമാണ് ഈ അസ്വാസ്ഥ്യം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനം. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും പതിറ്റാണ്ടുകളുടെ നിയമവ്യവസ്ഥയിലൂടെ ശക്തിപ്പെടുത്തിയതുമായ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കേവലം നടപടിക്രമമോ ഔപചാരികതയോ അല്ല. മറിച്ച് ജനാധിപത്യ സ്വയംഭരണത്തിന്റെ അടിത്തറയാണ്. അതല്ലെങ്കില്‍ റിപ്പബ്ലിക്കിനെ നിലനിർത്തുന്ന ഭരണഘടനാ സംവിധാനങ്ങളെല്ലാം പൊള്ളയെന്ന് പറയേണ്ടി വരും. സമീപ മാസങ്ങളിൽ, നീതിയുക്തമായ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള മുറവിളിയും ക്രമക്കേടുകളെക്കുറിച്ചുള്ള ആക്ഷേപവും തെരഞ്ഞെടുപ്പ് വ്യവസ്ഥയെ കനത്ത സമ്മർദത്തിന് വിധേയമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വ്യവസ്ഥാപിത ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള (ഇസിഐ) പൊതുജനവിശ്വാസം തകർത്തിരിക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം തെരഞ്ഞെടുപ്പുകളുടെ “മേൽനോട്ടം, കാര്യനിര്‍വഹണം, നിയന്ത്രണം” എന്നിവ ഏല്പിച്ചിരിക്കുന്ന സ്ഥാപനമാണിത്. തെരഞ്ഞെടുപ്പുകളുടെ ഫലം മാത്രമല്ല, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും അതുവഴി ജനാധിപത്യത്തിന്റെയും വിശ്വാസ്യതയാണ് അപകടത്തിലായിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ ഗൗരവമേറിയതും പരിഗണിക്കപ്പെടേണ്ടതുമാണ്. ഒന്നിലധികം മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാജ വോട്ടർമാരുടെ അവകാശവാദങ്ങൾ, നിലവിലില്ലാത്തതും കൃത്രിമവുമായ വിലാസങ്ങളും വിശദാംശങ്ങളും, ഒറ്റ വീടുകളിലോ വാണിജ്യ സ്ഥാപനങ്ങളിലോ താമസിക്കുന്നതായി കാണിക്കുന്ന ഡസൻ കണക്കിന് വ്യക്തികൾ, തിരിച്ചറിയാനാവത്തതും അസാധുവായതോ ആയ ഫോട്ടോഗ്രാഫുകൾ, കന്നി വോട്ടർമാരെ ഉദ്ദേശിച്ചിട്ടുള്ള ഫോം ആറിന്റെ ദുരുപയോഗം എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
നിയമാനുസൃത വോട്ടർമാരെ — പ്രത്യേകിച്ച് മുസ്ലിങ്ങൾ, ദളിതർ, ഒബിസിഎസ് എന്നിവരെ വൻതോതിൽ ഇല്ലാതാക്കിയതും വോട്ടവകാശ ലംഘനത്തിന് തുല്യമായതുമായ ആരോപണങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്നു. പ്രധാന മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷങ്ങള്‍ വിജയം നിര്‍ണയിക്കുമ്പോള്‍ ഇത്തരം ക്രമക്കേടുകൾ ആഴത്തിലുള്ള പ്രാധാന്യം നേടുന്നു. നിലയ്ക്കാത്ത ഇത്തരം ആരോപണങ്ങള്‍ക്ക് പുറമേ, ഇസിഐ തന്നെ മനഃപൂർവമായ പലതും മൂടിവയ്ക്കുന്നതായും തെളിവുകൾ അടിച്ചമർത്തുന്നതായും ആരോപണങ്ങളുണ്ട്. മെഷീനുകളിലെ വോട്ടർ പട്ടിക പരിശോധിക്കുന്നതിന് അവസരം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു; പകരം, ഡിജിറ്റൽ സൂക്ഷ്മപരിശോധന തടയുന്ന സ്കാൻ ചെയ്ത, ഇമേജ് അധിഷ്ഠിത പിഡിഎഫുകളിലേക്ക് കമ്മീഷൻ സ്വയം പരിമിതപ്പെടുത്തിയിരിക്കുന്നു. പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾക്കായുള്ള അഭ്യർത്ഥനകളും നിരസിക്കപ്പെട്ടു. 2024 ഡിസംബറിൽ, അത്തരം രേഖകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നിയമങ്ങൾ അസാധാരണമായ തിടുക്കത്തിൽ ഭേദഗതി ചെയ്തു, സുതാര്യത കുറയ്ക്കുന്നതിന്. നിർണായകമായ സിസിടിവി തെളിവുകള്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ അവസാന നിമിഷം ഭേദഗതികൾ വരുത്തി. പ്രതിപക്ഷ എംപിമാരുടെ പാർലമെന്ററി പ്രതിനിധികളെ കാണാൻ പോലും കമ്മിഷൻ വിസമ്മതിച്ചു. ഇതെല്ലാം വീഴ്ചകൾ ആകസ്മികമല്ല, വ്യവസ്ഥാപിതമാണെന്ന സംശയത്തിന് ആക്കമേറി. വിയോജിക്കാനുള്ള നിയമപരമായ അവകാശം ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന സവിശേഷതകളിൽ ഒന്നാണ്. ഇന്ന് ഈ അവകാശം ചരിത്രമായി മാറിയിരിക്കുന്നു. 2010നും 2021നും ഇടയിൽ സർക്കാരിനെ വിമർശിച്ചതിന് പൗരന്മാർക്കെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസുകളിൽ 96 ശതമാനവും 2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഒരു ജനാധിപത്യത്തിലെ ധാര്‍മ്മിക പരീക്ഷയാണ്. 2014 മുതൽ ഇന്ത്യയിൽ, ജനസംഖ്യയുടെ 14% വരുന്ന മുസ്ലിം സമൂഹത്തിന് പൗരസ്വാതന്ത്ര്യത്തിൽ പ്രത്യേകിച്ച് പ്രകടമായ ഇടിവ് അനുഭവിച്ചിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള മുസ്ലിം വിരുദ്ധ അക്രമ പ്രവർത്തനങ്ങൾ കുത്തനെ വർധിച്ചു.
ഹ്യൂമൻ റൈറ്റ്സ് വാച്ച്, യുഎസ് കമ്മീഷൻ ഓൺ റിലീജിയസ് ഫ്രീഡം എന്നിവയുൾപ്പെടെയുള്ള സംഘടനകൾ, ഇത്തരം അക്രമങ്ങള്‍ ന്യൂനപക്ഷ സമൂഹത്തിന് “വ്യാപകമായ ഭയത്തിന്റെ അന്തരീക്ഷം” സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. 2019ലെ പൗരത്വ ഭേദഗതി നിയമവും മുസ്ലിം അഭയാർത്ഥികളെ പൗരത്വത്തില്‍ നിന്ന് നിയമപരമായി ഒഴിവാക്കുന്നു. പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത മുസ്ലിം വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ ഈ നിയമം, നിർദിഷ്ട ദേശീയ പൗരന്മാരുടെ രജിസ്റ്ററുമായി സംയോജിപ്പിച്ച് ഉപയോഗിക്കപ്പെടുമോ എന്ന വ്യാപകമായ ആശങ്കയും നിലനില്‍ക്കുന്നു. ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിലെ പൗരസ്വാതന്ത്ര്യങ്ങൾ പൂർണമായും നിർത്തലാക്കുന്നതിനൊപ്പം ഈ സാഹചര്യവും വളർന്നുവരുന്ന ആശങ്കയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ മാധ്യമങ്ങൾ, കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നേരിട്ടുള്ള ഭീഷണിയും ഘടനാപരമായ മാറ്റങ്ങളും കാരണം സർക്കാരിനെതിരായ വിമർശനത്തെ സമൂലമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2014 മുതൽ, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ ക്രമാനുഗതമായി താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ബെലാറസ്, ഹോങ്കോംഗ്, ലിബിയ, പാകിസ്ഥാൻ, തുർക്കി എന്നിവയേക്കാൾ വളരെ താഴെയാണ് ഇപ്പോൾ ഇന്ത്യ. മുൻകാലങ്ങളിലും ഇന്ത്യൻ മാധ്യമങ്ങൾ സെൻസർഷിപ്പ് അനുഭവിച്ചു. എന്നാൽ ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവർത്തകരെ വ്യാപകമായി ഉപദ്രവിക്കുന്നതും മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശ ഘടനകൾ കേന്ദ്രീകരിച്ചുള്ള വേട്ടയും പതിവായിരിക്കുന്നു. മാധ്യമപ്രവർത്തകരെയും മാധ്യമ പ്ലാറ്റ്‌ഫോമുകളെയും ഉയർന്ന തോതിൽ സ്വയം സെൻസർഷിപ്പ് പ്രയോഗിക്കാൻ നിര്‍ബന്ധിക്കുന്നു, മോഡി സർക്കാരിനെ വിമർശിക്കാൻ അവർക്ക് സ്വാതന്ത്ര്യമില്ല. 2014ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാധ്യമങ്ങളുടെ പ്രധാന ഉത്തരവാദിത്തമായ എക്സിക്യൂട്ടീവ് അധികാരത്തിന്മേലുള്ള നിയന്ത്രണങ്ങൾ അതിവേഗം നഷ്ടപ്പെട്ടു. നിയമപരമായ കേസുകളിൽ മാധ്യമപ്രവർത്തകർ പീഡിപ്പിക്കപ്പെടുകയും വധഭീഷണി നേരിടുകയും ചെയ്യുന്നു. ഭരണകക്ഷിയുമായും സർക്കാരുമായും ബന്ധപ്പെട്ട ട്രോൾ ഫാമുകൾ നടത്തുന്ന സോഷ്യൽ മീഡിയ വിദ്വേഷ പ്രചാരണങ്ങളുടെ പതിവ് ഇടങ്ങളായി മാറിയിരിക്കുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.