
മൂന്നരക്കോടി മലയാളികളെ ആഹ്ലാദഭരിതമാക്കുന്ന സുപ്രധാനമായ രണ്ട് തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നു. കേരളത്തിന്റെ ഭരണനിർവഹണവും നിയമനിർമ്മാണവും പൂർണമായും മാതൃഭാഷയായ മലയാളത്തിലേക്ക് മാറ്റുന്നതിനുള്ള ചരിത്രപരമായ ‘2025ലെ മലയാളഭാഷാ നിയമം’ പ്രാബല്യത്തിൽ വന്നു എന്നതാണ് അതിലൊന്ന്. ദീർഘകാലമായി ആവശ്യപ്പെടുന്ന സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. കേരളത്തിന്റെ ഭരണനിർവഹണവും നിയമനിർമ്മാണവും പൂർണമായും മലയാളത്തിലേക്ക് മാറ്റുന്നതിനുള്ളതാണ് മലയാളഭാഷാ നിയമം. ഭരണനിർവഹണം ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കുന്നതിന് ഈ നിയമം സുപ്രധാന പങ്ക് വഹിക്കുന്നതായിരിക്കും. നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ, പാസാക്കുന്ന നിയമങ്ങൾ, ഓർഡിനൻസുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം ഇനി മലയാളത്തിലാകും. ഇവയോടൊപ്പം ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കും. ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ കോടതികൾ വരെയുള്ള നടപടികളും വിധിന്യായങ്ങളും ഘട്ടംഘട്ടമായി മലയാളത്തിലാക്കും. സർക്കാരിന് കീഴിലുള്ള എല്ലാ അർധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെയും ഉത്തരവുകൾ മലയാളത്തിലാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ — എയ്ഡഡ് വിദ്യാലയങ്ങളിലും പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷയായി മലയാളം മാറും. വിവര സാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനായി സ്വതന്ത്രസോഫ്റ്റ്വേറുകളും അനുബന്ധസംവിധാനങ്ങളും വികസിപ്പിക്കേണ്ടതും നിർണയിക്കപ്പെടാവുന്ന രീതിയിൽ അതിനുവേണ്ടിയുള്ള നടപടികൾ സ്വികരിക്കേണ്ടതുമാണ് എന്നുള്ളതാണ് നിയമത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകളിലെ വിവരങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കേണ്ടതും ഡിഫോൾട്ടുപേജ് മലയാളമാക്കേണ്ടതും ഭാഷ തെരഞ്ഞെടുത്ത് ഉപയോഗിക്കത്തക്കവിധം വെബ്സൈറ്റ് സജ്ജമാക്കേണ്ടതുമാണെന്ന് നിയമത്തിൽ നിഷ്കർഷയുണ്ട്.
മലയാള ഭാഷ സംസാരിക്കുന്നവർക്കൊരു സംസ്ഥാനം എന്നത് സ്വാതന്ത്ര്യ സമരകാലം മുതലുള്ള ആവശ്യമായിരുന്നു. ഒരുഭാഗം മദ്രാസ് സംസ്ഥാനത്തിന്റെയും മറ്റിടങ്ങൾ നാടുവാഴിത്തത്തിന്റെയും രാജവാഴ്ചയുടെയും ഭാഗമായി നിലവിലുണ്ടായിരുന്നപ്പോൾ മലയാളം സംസാരിക്കുന്നവരുടെ ഐക്യം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരാവശ്യം ഉന്നയിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾക്കൊപ്പം പ്രസ്തുത ആവശ്യവും ഉന്നയിക്കപ്പെട്ടിരുന്നു. 1930കൾക്ക് മുമ്പുതന്നെ കേരളം സംസ്ഥാനമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മേളനങ്ങൾ നടന്നിരുന്നുവെങ്കിലും ആവശ്യം തങ്ങളുടെ പ്രധാന ലക്ഷ്യമായും ശക്തമായും ഉന്നയിച്ചത് 1930കളുടെ ആദ്യം രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായിരുന്നു. രാജവാഴ്ച അവസാനിപ്പിച്ച് തിരുവിതാംകൂർ, കൊച്ചി, മദ്രാസ് എന്നിവിടങ്ങളിലെയും ഫ്രഞ്ച് അധീനതയിലുള്ള മയ്യഴിയിലെയും മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് സംസ്ഥാന രൂപീകരണമെന്നായിരുന്നു ആവശ്യം. ഐക്യകേരള രൂപീകരണമെന്നത് 1945–46ൽ തെരഞ്ഞെടുപ്പ് വിഷയമായും സിപിഐ ഉന്നയിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരവും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണമെന്ന ആവശ്യം കമ്മ്യൂണിസ്റ്റ് പാർട്ടി ആവർത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഫലമായാണ് 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് കേന്ദ്രം തീരുമാനിക്കുന്നതും മലയാള ഭാഷ സംസാരിക്കുന്നവർക്കായി കേരളം രൂപീകരിക്കപ്പെടുന്നതും.
പക്ഷേ ഭരണഘടനയിൽ ആംഗലേയ ചുവയുള്ള കേരള എന്ന പേരാണ് ഉൾപ്പെടുത്തിയതെന്നത് പോരായ്മയായിരുന്നു. ഇത് മാറ്റണമെന്ന ആവശ്യം പല പ്രാവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴത്തെ എൽഡി എഫ് സർക്കാർ ഇക്കാര്യത്തിൽ നിരന്തര ശ്രമങ്ങൾ നടത്തി. 2023 ഓഗസ്റ്റ് ഒമ്പതിന് ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികകളിൽ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് മാറ്റുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാനത്തിന്റെ നാമധേയം ഭേദഗതി വരുത്തുന്നതിന് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമേയം 2024 ജൂണിൽ നിയമസഭ വീണ്ടും അംഗീകരിക്കുകയും കേന്ദ്രത്തിന് അയക്കുകയും ചെയ്തു. ഇതേ ആവശ്യം സിപിഐ നേതാവ് പി സന്തോഷ് കുമാർ 2024 ജൂലൈ 22ന് രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെയും ഉന്നയിക്കുകയുണ്ടായി. കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ അവതരിപ്പിച്ചതിലൂടെ ഈ ആവശ്യം രാജ്യശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സാധ്യമായി. ഇതിന്റെയെല്ലാം തുടർച്ചയായാണ് കഴിഞ്ഞ മാസം അവസാനം കേരളം എന്ന് പേരുമാറ്റാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. മൂന്നരക്കോടിയിലധികം മലയാളികളെ സംബന്ധിച്ച് അഭിമാനകരമായ രണ്ട് ചുവടുവയ്പുകളാണിവ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.