മണിപ്പൂര്‍ ബിജെപിയുടെ തുറുപ്പുചീട്ടായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ അധീനതയിലാക്കാന്‍, 2017ല്‍ ആദ്യമായി അധികാരത്തിലേറിയതു മുതല്‍ മണിപ്പൂരിനെ തുറുപ്പുഗുലാനാക്കി ബിജെപി കളിച്ചു. അവിടെ അവര്‍ അധികാരം നേടിയത് കുറുക്കുവഴികളിലൂടെയായിരുന്നുവെന്നതും ഓര്‍ക്കണം. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 28 അംഗങ്ങളുണ്ടായിരുന്നപ്പോള്‍ 21 എംഎല്‍എമാര്‍ മാത്രമായിരുന്നു ബിജെപിക്ക്. സംഘ്പരിവാര്‍ നേതൃത്വം എംഎല്‍എമാരെ തലയെണ്ണി വിലപറഞ്ഞു വാങ്ങി. നുണകളുടെ വിഷവിത്തുകള്‍ വിതച്ചു. എല്ലാ കുതന്ത്രങ്ങള്‍ക്കും ഗവര്‍ണറുടെ ഓഫിസ് ഒപ്പം ചേര്‍ന്നു. ഇവ ബിജെപിയെ തുണച്ചു. വിദ്വേഷ രാഷ്ട്രീയക്കൃഷി ഒന്നിന് പുറകെ ഒന്നായി അടുത്തുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മതന്യൂനപക്ഷങ്ങളും ഗോത്രവര്‍ഗക്കാരും ഭൂരിപക്ഷവും തങ്ങളുടെ അനുഭാവികളായി മാറി എന്നൊരു കഥ വ്യാപകമായി പ്രചരിപ്പിച്ചു. സംഘ്പരിവാറിന്റെ നുണഫാക്ടറികള്‍ ഇല്ലാക്കഥകളും നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. ഇക്കഥകളെല്ലാം ഇപ്പോള്‍ പൊളിഞ്ഞുവീഴുകയാണ്. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ എല്ലാവരുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ പൊയ്‌മുഖം വെളിവാകുന്നു. സംസ്ഥാനം കലാപഭൂമിയാകുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കലാപാഗ്നിയില്‍ ഉരുകുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി കര്‍ണാടകയില്‍ വോട്ട് തേടിയുള്ള ഘോഷയാത്രയിലായിരുന്നു. മണിപ്പൂരില്‍ കലാപത്തിന് വഴിയൊരുക്കിയത് മെയ്തികളെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശമാണ്. ഇതില്‍ ഗോത്രവര്‍ഗക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ഏറ്റുമുട്ടലുകളും തീവയ്പും കയ്യാങ്കളിയുമായി സംസ്ഥാനമാകെ പടര്‍ന്നു. ഹൈക്കോടതി നിര്‍ദേശമാണ് അക്രമത്തിന് കാരണമായതെങ്കിലും ജനങ്ങളെ പല ലേബലുകള്‍ക്ക് കീഴില്‍ ഭിന്നിപ്പിച്ച് ഒന്നിനെ മറ്റൊന്നിനെതിരെ നിര്‍ത്തുന്ന ബിജെപിയുടെ നയമാണ് ഇതിന് ഊര്‍ജം പകര്‍ന്നത്. 60ലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ ഭവനരഹിതരായി. ബിജെപി നയിക്കുന്ന ഭരണകൂടം അന്ധതയില്‍ തുടര്‍ന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടങ്ങള്‍ നല്കിയെന്നത് ഉണ്മയാണ്. എന്നാല്‍ സമൂഹത്തിലെ ഭിന്നിപ്പിന്റെ ഫലം വിനാശകരവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമാണ്. ഏതുവിധേനെയും അധികാരത്തിലേറാനുള്ള ബിജെപി ഭ്രാന്ത് മണിപ്പൂരിനെ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒന്നാകെ കലാപഭൂമിയാക്കി. മണിപ്പൂരിലെജനത ദുരിതം പേറുമ്പോള്‍ ബിജെപി നേതൃത്വം ഒന്നുമറിയുന്നില്ലെന്ന നാട്യത്തില്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങളുടെ വ്യഗ്രതയിലാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ത്യാഗത്തിന്റെ ഫലമാണ് സ്വതന്ത്രഭാരതം. ഇതില്‍ ഒരു പങ്കുമില്ലാത്തവരാണ് ആര്‍എസ്എസും സംഘവും. ഭാരതമണ്ണില്‍ ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിത്ത് മാരകമാണ്. മണിപ്പൂരില്‍ സാധാരണ നിലയും ശാശ്വത സമാധാനവും പുനഃസ്ഥാപിക്കുക എന്നത് രാജ്യത്തിനും സര്‍ക്കാരിനും മുന്നിലുള്ള പ്രധാനപ്പെട്ട കടമയാണ്. പക്ഷെ ബിജെപിയുടെ സങ്കുചിതമായ നിലപാട് ഇത് കേവലം ക്രമസമാധാന പ്രശ്നം മാത്രം എന്നാണ്. വന്‍തോതിലുള്ള സായുധസേനാ വിന്യാസം അക്രമത്തിന്റെ കാതലായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യില്ല. സര്‍ക്കാരിനോടുള്ള അമര്‍ഷവും അക്രമത്തിലെത്തുകയാണ്. രാഷ്ട്രീയമായും സാമൂഹികമായും ഇത്തരം വസ്തുതകളെ അഭിസംബോധന ചെയ്യണം. ബന്ധപ്പെട്ട എല്ലാവരുമായും അവരുടെ പ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച് ജനങ്ങള്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കണമെന്ന് സിപിഐ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മെയ്തികള്‍ക്ക് ഗോത്രവിഭാഗ പദവി ശുപാര്‍ശ ചെയ്ത ഹൈക്കോടതി ഉത്തരവ് ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മതിച്ചെങ്കിലും, പരിഹാര സാധ്യതകള്‍ ഇഴയുകയാണ്. കൂടിയാലോചകള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കുകയും സാമൂഹിക അസ്ഥിരതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം. മണിപ്പൂരില്‍ വിദ്വേഷത്തിന്റെ തുടക്കം എങ്ങനെ, എന്തുകൊണ്ട് എന്ന് അന്വേഷിക്കുകയും ഉത്തരവാദികളായവരെ തുറന്നുകാട്ടുകയും വേണം. കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്കണം. അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കണം.
ബിജെപി-ആര്‍സ്എസ് സംഘം തങ്ങളുടെ പ്രത്യയശാസ്ത്രപരമായ സ്വഭാവം കൊണ്ടുതന്നെ രാജ്യം ഭരിക്കാന്‍ യോഗ്യരല്ലെന്ന് അനുദിനം കൂടുതല്‍ക്കൂടുതല്‍ ബോധ്യമാക്കുകയാണ്. ഇന്ത്യയെന്ന വൈവിധ്യമാര്‍ന്ന ഭൂമിയില്‍, പ്രത്യേകിച്ച് കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ നിരന്തരമായ ചര്‍ച്ചകള്‍ അനിവാര്യമാണ്. സംഘ്പരിവാറാകട്ടെ കേന്ദ്രീകൃതവും ഏകീകൃതവുമായ അധികാരത്തിന്റെ വക്താക്കളാണ്. ഇവരുടെ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കുന്നതും. ബിജെപി ഭരണത്തില്‍ അതൃപ്തി പടരുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനോ അതേക്കുറിച്ച് ചിന്തിക്കാനോ സമയമില്ല. എന്നും തെരഞ്ഞെടുപ്പ് എന്ന രീതിയിലാണ് അവര്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ നയത്തിന്റെ ദയനീയ പരാജയത്തിന് ശേഷവും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അത് ആവര്‍ത്തിക്കുകയാണ്. സ്ഥിതിഗതികള്‍ കൈവിടുംമുമ്പ്, സമാധാനം കെട്ടിപ്പടുക്കുന്നതിന് മുന്‍ഗണന നല്കുകയും ഐക്യശ്രമങ്ങളിലൂടെ ജനങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുകയും വേണം. ഭരണഘടനയുടെ മതേതര ധാര്‍മ്മികതയെക്കുറിച്ച്, സ്വാതന്ത്ര്യ പ്രസ്ഥാനം ഉള്‍ക്കൊണ്ട മഹത്തായ പൈതൃകത്തെക്കുറിച്ച് ബോധമുണ്ടാകണം. ഇക്കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഭരണം. വിദ്വേഷം പരാജയപ്പെടണം പകരം സ്‌നേഹവും വിശ്വാസവും വീണ്ടെടുക്കാനാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.