മണിപ്പൂരിൽ വംശീയകലാപം പൊട്ടിപുറപ്പെട്ട് 79 ദിവസങ്ങൾ പിന്നിട്ടപ്പോൾ ആദ്യമായി അവിടെ നടന്ന അത്യന്തം ഹീനമായ ഒരു സംഭവത്തെ പരോക്ഷമായെങ്കിലും പരാമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി നിർബന്ധിതനായി. മേയ് നാലിന് മണിപ്പൂരിലെ തൗബാൽ ജില്ലയിലെ നൊങ്പോക് സെക്‌മയിൽ കുക്കി ഗോത്രത്തിൽപെട്ട മൂന്ന് സ്ത്രീകളെ മദ്യപിച്ചു മദോന്മത്തരായ ഒരുകൂട്ടം മെയ്തി പുരുഷന്മാർ വിവസ്ത്രരാക്കി നിരത്തില്‍ പ്രദർശിപ്പിച്ചതിന്റെ വീഡിയോ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവരിൽ ഒരു സ്ത്രീയെങ്കിലും കൂട്ട ബലാത്സംഗത്തിന് ഇരയായതായും റിപ്പോർട്ടുണ്ട്. ഇന്നലെ ആരംഭിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തെ നടുക്കുകയും നാണംകെടുത്തുകയും ചെയ്ത സംഭവത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായത്. അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ ‘എല്ലാ സംസ്ഥാനങ്ങളും’ ആവശ്യമായത് ചെയ്യണമെന്നും, സംഭവം തന്നെ ദുഃഖിതനും രോഷാകുലനുമാക്കിയതായും മോഡി പറഞ്ഞു. താൻ കേന്ദ്രത്തിലും തന്റെ വിശ്വസ്ത അനുയായി ബിരേൻസിങ് മണിപ്പൂരിലും നേതൃത്വം നൽകുന്ന ഇരട്ട എൻജിൻ സർക്കാരിനു കീഴിൽ രണ്ടരമാസമായി തുടർന്നുവരുന്ന വംശീയകലാപത്തെപ്പറ്റി ഒരക്ഷരംപോലും പരാമർശിക്കാതെ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ (പ്രതിപക്ഷ-കോൺഗ്രസ് ഭരിക്കുന്ന) സംസ്ഥാനങ്ങളെ മണിപ്പൂരിനൊപ്പം കൂട്ടിക്കെട്ടി പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്. രാജസ്ഥാനിലോ ഛത്തീസ്ഗഡിലോ അടുത്തകാലത്തായി ഇത്തരം ഹീനവും അപമാനകരവുമായ സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നിരിക്കെ പ്രധാനമന്ത്രിയുടെ ഗൂഢലക്ഷ്യം വ്യക്തമാണ്. ഇത്തരം ഹീനകൃത്യങ്ങൾ ദിനംപ്രതിയെന്നോണം അരങ്ങേറുന്ന, ബലാത്സംഗത്തിന്റെയും സ്ത്രീകളോടുള്ള കൊടുംക്രൂരതകളുടെയും നിയമവാഴ്ചത്തകർച്ചയുടെയും ലോകതലസ്ഥാനമായ, ലോക്‌സഭയിൽ താൻ പ്രതിനിധാനം ചെയ്യുന്ന ഉത്തർപ്രദേശോ, ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളോ മോഡിയുടെ പ്രതികരണത്തിൽ പരാമർശവിധേയം ആയില്ലെന്നത് ഒട്ടും യാദൃച്ഛികമല്ല. മണിപ്പൂരിൽനിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് നരേന്ദ്രമോഡിക്കും ബിജെപി-ആർഎസ്എസ്-സംഘ്പരിവാർ പ്രഭൃതികൾക്കുമൊഴിച്ച് ലോകത്തിനുമുഴുവൻ അറിവുള്ള വസ്തുതയാണ്.
സംഭവത്തിൽ അക്രമത്തിന് ഇരകളും അപമാനിതരുമായ സ്ത്രീകൾ മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ തങ്ങളുടെ ഗ്രാമത്തിനുനേരെ ഉണ്ടായ ജനക്കൂട്ടഅക്രമത്തിൽനിന്നും രക്ഷപ്പെടാൻ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യവെയാണ് നരാധമന്മാരുടെ കൈകളിൽപ്പെട്ടത്. അത്തരം സംഭവങ്ങളാവട്ടെ മേയ് മൂന്ന് മുതൽ സംസ്ഥാനത്ത് നടന്നുവരുന്ന വംശീയ കലാപത്തിന്റെ ഭാഗമായി നിരന്തരം അരങ്ങേറി വരികയുമാണ്. ഇന്റർനെറ്റ് നിരോധനം, സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമായ സാഹചര്യം, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സ്വതന്ത്ര നിരീക്ഷകർ, വസ്തുതാന്വേഷകർ തുടങ്ങിയവർക്കെതിരായ നിരോധനവും നിയന്ത്രണവും തുടങ്ങിയവ കാരണം യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നില്ല. വംശീയ കലാപം എവിടെ നടന്നാലും അതിന്റെ ആദ്യത്തെ ഇരകൾ നിസഹായരും നിരപരാധികളുമായ സ്ത്രീകളായിരിക്കുമെന്നും അത്തരം സംഭവങ്ങളിലൊന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടാറില്ലെന്നും അനുഭവം സാക്ഷ്യപ്പെടുത്തുന്നു. മോഡിയും ബിരേൻസിങ്ങും നിയമത്തിന്റെ കാർക്കശ്യത്തെപ്പറ്റി എന്തുതന്നെ പ്രഖ്യാപനങ്ങൾ നടത്തിയാലും, കുറ്റവാളികൾക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നതായാണ് നാം വ്യാപകമായി കണ്ടുവരുന്നത്. ബിൽക്കീസ് ബാനു കേസിലും ഹത്രാസിലും വനിതാ ഗുസ്തിതാരങ്ങളുടെ കേസിലും ഉള്‍പ്പെടെ നിരവധി പരാതികളില്‍ കുറ്റവാളികൾക്ക് ഭരണാധികാരത്തിന്റെ അത്യുന്നതങ്ങളിൽ നിന്നാണ് സംരക്ഷണം ലഭിക്കുന്നതെന്നത് പകൽപോലെ തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. അതിൽ പ്രധാനമന്ത്രിക്ക് നേരിട്ട് അറിവും പങ്കും ഉണ്ടെന്നാണ് വലിയൊരുവിഭാഗം ജനങ്ങളും ആത്മാർത്ഥമായി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മണിപ്പൂരിലെ സംഭവങ്ങൾ 140കോടി ഇന്ത്യക്കാരെ ലോകത്തിനുമുമ്പിൽ അപമാനിതരാക്കിയെന്ന മോഡിയുടെ പ്രസ്താവം സത്യസന്ധമാകണമെങ്കിൽ അതിന്റെ മുഖ്യഉത്തരവാദിത്തം തന്റേതാണെന്ന് അംഗീകരിക്കാൻകൂടി അദ്ദേഹം തയ്യാറാവണം.
മണിപ്പൂർ വംശീയ കലാപത്തിന് അറുതിവരുത്താതെ ആ സംസ്ഥാനത്തെ ജനതയ്ക്കും, വിശിഷ്യ, നിരപരാധികളായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സമാധാനപൂർവം അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടില്ല. വംശീയവിദ്വേഷവും കലാപങ്ങളും സ്ത്രീശരീരത്തോട് എത്രത്തോളം ക്രൂരതയാണ് കാട്ടുന്നതെന്നത് മോഡിയുടെ കാർമ്മികത്വത്തിൽ ഗുജറാത്തിൽ നാം കണ്ടതാണ്. അധികാരഭ്രാന്തിൽ ആ ഗുജറാത്ത് മാതൃക രാജ്യത്താകെ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രാഷ്ട്രതലസ്ഥാനത്ത് 2020ലും ഇപ്പോൾ മണിപ്പൂരിലും കാണുന്നത്. അതിന് അറുതിവരുത്തണമെങ്കിൽ ബിരേൻസിങ് മണിപ്പൂരിലും നരേന്ദ്രമോഡി കേന്ദ്രത്തിലും ഭരണത്തിൽനിന്ന് പുറത്താക്കപ്പെടണം. ബിജെപിയെ എല്ലാതലത്തിലുമുള്ള രാഷ്ട്രീയ അധികാരത്തിൽനിന്നും പുറത്താക്കണം. രാജ്യത്ത് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം എല്ലാവിഭാഗം ജനങ്ങൾക്കും സുരക്ഷിതമായി, നിർഭയരായി, സമാധാനത്തോടെ ജീവിക്കാൻ നമുക്ക് മുമ്പിൽ അതുമാത്രമാണ് അവശേഷിക്കുന്ന മാർഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.