6 December 2025, Saturday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

തൊഴിലാളി നയവും മനുസ്മൃതിയിലേക്ക്

Janayugom Webdesk
October 30, 2025 4:24 am

ദേശീയ വിദ്യാഭ്യാസ നയം-2020, അതിന്റെ അനുബന്ധമായ പിഎം ശ്രി എന്നിവ ഇപ്പോൾ കേരളത്തിൽ വലിയ ചർച്ചയാണല്ലോ. പിഎം ശ്രി ഒപ്പുവയ്ക്കുന്ന സ്കൂളുകളിലെ സിലബസ് തന്നെയാണ് ചർച്ചയുടെ കാതൽ. പ്രാചീന അറിവുകളെല്ലാം യഥാർത്ഥശാസ്ത്രമാണെന്ന് വരുത്തിത്തീർക്കുകയും അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, അത്തരം വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്ന ദേശീയനയം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും വ്യക്തമാണ്. ഇതിന്റെ തുടർച്ചയായി രാജ്യം നേടിയ പുരോഗതിയെ മനുസ്മൃതിയുടെ കാലത്തേക്ക് തള്ളിവിടുന്ന മറ്റൊരു കരട് നയം കൂടി കേന്ദ്ര സർക്കാരിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറാക്കിയ കരട് ദേശീയ തൊഴിൽ നയം സാമൂഹിക, സാമ്പത്തിക, ലിംഗ അസമത്വങ്ങളെ ശക്തിപ്പെടുത്തുന്ന ഹിന്ദു ഗ്രന്ഥമായ മനുസ്മൃതിയുടെ ചുവടുപിടിച്ചാണ്. തൊഴിൽ എന്നത് പവിത്രവും തൊഴിലാളികളുടെ ധാർമ്മിക കടമയുമാണെന്നാണ് കരട് നയം പറയുന്നത്. ‘ഭാരതീയ ലോകവീക്ഷണത്തിൽ, ജോലി കേവലം ഉപജീവനമാർഗമല്ല, മറിച്ച് ധർമ്മത്തിന്റെ വിശാലമായ ക്രമത്തിലേക്കുള്ള സംഭാവനയാണ്. മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്മൃതി, ശുക്ര നീതി, അർത്ഥശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങൾ രാജധർമ്മ സങ്കല്പത്തിലൂടെ ഈ ധാർമ്മികത വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശീയമായ ഈ ചട്ടക്കൂടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആധുനിക ഭരണകൂടത്തിന്റെ ഭരണഘടനാപരവും അന്തർദേശീയവുമായ പശ്ചാത്തലത്തിൽ അവയെ ഇതിൽ ഉൾപ്പെടുത്തുന്നു‘വെന്ന് കരട് നയം പറയുന്നു. ”ഈർഷ്യയോ വൈരമോ കൂടാതെ അന്യസമുദായക്കാരെ സേവിക്കുക എന്നത് ശൂദ്രന്റെ (തൊഴിലാളിയുടെ) കടമയാണ്. ഈ സേവനത്തിന് അവന് കൂലി കിട്ടിയാലായി” എന്ന് മനുസ്മൃതി ഒന്നാം അധ്യായത്തിലെ 91-ാം ശ്ലോകം പറയുന്നുണ്ട്. തൊഴിൽ ധാർമ്മികമായ കടമയാണെന്ന നയരേഖ ഇതുതന്നെയാണ് അടിവരയിടുന്നത്.

വേതനം, തൊഴിലാളികളുടെ അവകാശങ്ങൾ, ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ വ്യവസായവൽക്കരണത്തിനും മുതലാളിത്തത്തിന്റെ ആവിർഭാവത്തിനും ശേഷം ഉയർന്നുവന്ന ആധുനിക ആശയങ്ങളാണ്. അത് നേടിയെടുത്തത് ശക്തമായ സമര പോരാട്ടങ്ങളിലൂടെയുമാണ്. പൗരാണിക കാലത്ത് തൊഴിലാളികൾക്ക് അവകാശങ്ങളില്ലായിരുന്നു, കൂലി ഇല്ലായിരുന്നു. ജോലിക്ക് പകരം ഉപജീവനമാർഗമായി എന്തെങ്കിലും നൽകും. അത് മിക്കവാറും സാധനങ്ങളുടെ രൂപത്തിലുമായിരുന്നു. കൂലി നിശ്ചയിക്കുന്നതിൽ തൊഴിലാളികൾക്ക് ഒരു പങ്കുമില്ലായിരുന്നു. ഹിന്ദുശാസ്ത്ര ഗ്രന്ഥങ്ങളിൽ, രാജാവ് അധികാരത്തിന്റെ മൂർത്തിയായിരുന്നെങ്കിലും, ബ്രാഹ്മണന്റെ പദവിക്ക് കീഴിലായിരുന്നു. ശൂദ്രനോട് ബ്രാഹ്മണനെ സേവിക്കണമെന്ന് ആജ്ഞാപിക്കൽ രാജാവിന്റെ കടമയാണന്ന് മനുസ്മൃതി 10-ാം അധ്യായം പറയുന്നുണ്ട്. തൊഴിൽ സമയം പ്രതിദിനം 14 മണിക്കൂറാക്കണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ ആഹ്വാനവും മോഡി സർക്കാരിന്റെ തൊഴിൽ നയവും തമ്മിലെ സാരൂപ്യം കാണാതിരുന്നുകൂടാ.

ഹിന്ദുമത ഗ്രന്ഥങ്ങളിലെ തൊഴിൽ ആശയത്തെ മഹത്വവൽക്കരിക്കുന്നത്, ബ്രാഹ്മണ്യം നിശ്ചയിച്ച ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിക്കുകയന്നെ ആർഎസ്എസ് ലക്ഷ്യത്തിന്റെ മറ്റൊരു തെളിവ് മാത്രമാണ് തൊഴിലവകാശങ്ങളുടെ പശ്ചാത്തലത്തിൽ സ്മൃതികൾ തിരികെക്കൊണ്ടുവരുന്നത്. കരട് നയത്തിൽ അധ്വാനത്തെ രാജധർമ്മമെന്നാണ് വിളിക്കുന്നത്. അധ്വാനത്തെ ധർമ്മവുമായോ രാജധർമ്മവുമായോ താരതമ്യം ചെയ്യുന്നത് വികലമായ ആശയമാണ്. അത് തൊഴിലാളികളുടെ അവകാശങ്ങൾ, ന്യായമായ വേതനം, സുരക്ഷ എന്നിവ അവഗണിക്കും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റ് പ്രകാരം തൊഴിൽ മേഖലയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരങ്ങളുണ്ട്. പുതിയ നയത്തിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരത്തിലും അതിക്രമിച്ചു കയറുകയാണ്. പരിഷ്കരണങ്ങൾ നടപ്പാക്കിയാൽ ഗ്രാന്റുകൾ നൽകുമെന്നാണ് പകരം വാഗ്ദാനം. പിഎം ശ്രിയിലൂടെ എൻഇപി നടപ്പാക്കാനുള്ള അതേ കുടിലതന്ത്രമാണ് തൊഴിൽ മേഖലയിലും അനുവർത്തിക്കുന്നത്.

പാർലമെന്റിൽ ചർച്ച ചെയ്യാതെ രാജ്യത്തിനാകെ ബാധകമാവുന്ന ദേശീയ വിദ്യാഭ്യാസ നയം ഒരു മന്ത്രിസഭാ തീരുമാനത്തിലൂടെ നടപ്പിലാക്കിയ ജനാധിപത്യ നിഷേധം തൊഴിൽ നയത്തിന്റെ കാര്യത്തിലുമുണ്ട്. ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് കരട് നയം തയ്യാറാക്കിയതെന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ആരോപിക്കുന്നു.

അത് പിൻവലിക്കണമെന്നും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചർച്ച ആരംഭിക്കണമെന്നും തൊഴിൽ മന്ത്രാലയത്തോട് സംഘടന ആവശ്യപ്പെട്ടു. തൊഴിൽ സുരക്ഷ, തൊഴിൽ സൃഷ്ടി, നിർബന്ധിത മിനിമം വേതനം തുടങ്ങിയ ഏറ്റവും പ്രധാനമായ വിഷയങ്ങൾ നയത്തിൽ പരാമർശിക്കുന്നില്ലെന്നും എഐടിയുസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ ശാസ്ത്രയുഗത്തിൽ നിന്നും മിത്തുകളുടെ ഇരുണ്ടവഴികളിലൂടെ പിറകോട്ട് നടത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കുക തന്നെ വേണം.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.