10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 8, 2025
December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025

പ്രതിഭയുടെ മഹാസാനു

Janayugom Webdesk
August 3, 2025 5:00 am

കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ ചാന്ദ്രപ്രകാശമായിരുന്ന പ്രൊഫ. എം കെ സാനു വിടപറഞ്ഞിരിക്കുന്നു. സാധാരണ ഒരെഴുത്തുകാരന്റെ ഏകശിലാത്മക വഴിയിലൂടെയായിരുന്നില്ല സാനുമാഷിന്റെ സഞ്ചാരം. നിരൂപകന്‍, നോവലിസ്റ്റ്, ജീവചരിത്രകാരന്‍, പ്രഭാഷകന്‍ എന്നതിലെല്ലാമുപരി മികച്ച അധ്യാപകനായിരുന്നു അദ്ദേഹം. അതാകട്ടെ കേവലം ക്ലാസ്മുറികളിലെ അധ്യാപനമല്ല, കേരളസമൂഹത്തെയാകെ അറിവിലേക്കും ചിന്തയിലേക്കും നയിച്ച അസാമാന്യ പ്രതിഭാസവുമായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രൊഫ. എം കെ സാനു മലയാളത്തിന്റെ സ്വന്തം സാനുമാഷ് ആയത്. എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന സാഹിത്യപ്രവര്‍ത്തനം കഷ്ടിച്ച് രണ്ടുമാസം മുമ്പ് 98-ാം വയസില്‍ പൂര്‍ത്തിയാക്കിയ നോവലിലാണ് അവസാനിച്ചത്. ആത്മാർപ്പണത്തിന്റെയും ആതുരസേവനത്തിന്റെയും പര്യായമായിരുന്ന ‘തപസ്വിനിയമ്മ’യുടെ ജീവിതം പറയുന്ന നോവല്‍ ഇക്കഴിഞ്ഞ ജൂൺ 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തത്. ഏതെങ്കിലും ഒരു മേഖലയിൽ ഒതുങ്ങി നിൽക്കുന്നതല്ല സാനുമാഷിന്റെ കൃതികൾ. ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, പഠനങ്ങൾ, നോവലുകൾ, ചെറുകഥകൾ എന്നീ മേഖലകളിലെല്ലാം തന്റെ സർഗാത്മകത പതിപ്പിച്ച മാഷിന്റെ കൃതികളിൽ ഏറ്റവും വിശിഷ്ടമായത് ജീവചരിത്ര രചനകളാണ്. കേരളത്തിലെ പ്രധാന നവോത്ഥാന നായകന്മാരെല്ലാം ആ തൂലികയില്‍ പുനർജനിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം നിരവധിയാളുകൾ രചിച്ചിട്ടുണ്ടെങ്കിലും ഗുരുവിനെ ആഴത്തിൽ പഠിച്ച് ഒരു സമ്പൂർണ ജീവചരിത്രം രചിച്ചത് എം കെ സാനുവാണ്. മാഷെ നിര്‍ണയിച്ച ദര്‍ശനവും ഗുരുവിന്റേതായിരുന്നല്ലോ.

മലയാളത്തില്‍ മറ്റൊരു നിരൂപകനുമില്ലാത്ത ചില സവിശേഷതകള്‍ എം കെ സാനു എന്ന നിരൂപകനുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സ്വപ്നവും യാഥാര്‍ത്ഥ്യവും സമരസപ്പെടുത്തിയ നിരൂപകനായിരുന്നുവെന്നാണ് വിമര്‍ശകര്‍ പോലും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഒപ്പം സമൂഹമനസിന് ഏറ്റവും പ്രാധാന്യം കൊടുത്തയാളും. നിരൂപണത്തിലെന്നതുപോലെ ജീവചരിത്രകാരന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും ഈ സാമഞ്ജസ്യം കാണാം. ചങ്ങമ്പുഴ, ബഷീര്‍, ആശാന്‍ എന്നീ സാഹിത്യവ്യക്തിത്വങ്ങളെയും ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍ എന്നീ സാമൂഹ്യവ്യക്തിത്വങ്ങളെയും അവതരിപ്പിക്കുമ്പോള്‍ സ്വകീയമായ രീതിശാസ്ത്രം തന്നെയാണദ്ദേഹം അവലംബിച്ചത്. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതി ഒരു നോവലിനെക്കാള്‍ വായിക്കപ്പെട്ടതിനുപിന്നില്‍ ഈ സമീപനമാണ്. ഏതുതരം രചനയിലും തന്റെ കാല്പനിക സ്വപ്നങ്ങളെയും സാമൂഹികജീവിതത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുപ്പോകാന്‍ മാഷിന് കഴിഞ്ഞിരുന്നു. 

സഹോദരന്‍ അയ്യപ്പന്‍ എന്ന ജീവചരിത്രത്തിന് അവതാരികയെഴുതിയ എം ഗോവിന്ദന്‍, ”പുരുഷനെ ചിത്രീകരിക്കുമ്പോള്‍ പ്രൊഫ. സാനു പ്രകൃതിയെ മറക്കാറില്ല. ഒന്നില്ലാതെ മറ്റൊന്ന് പൂര്‍ണമാവില്ലല്ലോ. ജീവചരിത്രത്തിന്റെ മുഖ്യധാര കാലികമാണ്. സ്ഥലത്തിന്റെ മാനങ്ങള്‍ കൂടി മികച്ചുവരുമ്പോഴേ അതിനു നിറവുവരികയുള്ളൂ. ഇവിടെ പ്രകൃതിയാകട്ടെ, വെറും സ്ഥലമല്ല. ചരിത്രപുരുഷന്റെ തന്നെ ചേരുവയിലെ പ്രകടമായ അംശമാണ്, അരുവിക്കരയായാലും ചെറായിയായാലും” എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് എഴുത്തുകാരന്‍ ഏകപക്ഷീയമായി ഒരു രചന നടത്തുന്ന രീതിയിലല്ല സാനുവിന്റെ പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്, മറിച്ച് അതൊരു ഭാവുകത്വത്തിന്റെ പ്രകാശനമാണ്. ഒരു പ്രത്യേക കാലത്തെ, ചരിത്രത്തെ എക്കാലത്തെയും വായനക്കാര്‍ക്കുവേണ്ടി അനാവരണം ചെയ്യുകയാണവ. പ്രമേയത്തിലെ ഗഹനതയെ എഴുത്തിലെ ലാളിത്യംകൊണ്ട് സുന്ദരമാക്കുന്നതായിരുന്നു ആ രചനാരിതി. രചനകളിലും പ്രഭാഷണങ്ങളിലും പ്രവർത്തനങ്ങളിലും അന്തർലീനമായി കിടക്കുന്നത് ഒരേ മൂല്യബോധവുമാണ്. ശ്രീനാരായണ പ്രസ്ഥാനങ്ങളിലൂടെയും പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിലൂടെയും പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെയും മുന്നേറിയ നവോത്ഥാന പാട്ടുകാരന്റെ ദര്‍ശനമായിരുന്നു അത്. ആ മൂല്യബോധത്തിന്റെ പേരായിരുന്നു പ്രൊഫ. എം കെ സാനു. ഒരു മനുഷ്യായുസിനിടയില്‍ നൂറോളം പുസ്തകങ്ങളും ലേഖനങ്ങളുമടക്കം അഞ്ഞൂറോളം വൈവിധ്യമാർന്ന രചനകള്‍ എന്നത് ‘പ്രതിഭയുടെ മഹാസാനു‘വില്‍ നിന്നേ ഉണ്ടാകൂ. മഹാപ്രതിഭയ്ക്ക് പ്രണാമം…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.