22 December 2024, Sunday
KSFE Galaxy Chits Banner 2

മോഡിയും ഗോഡ്സെയും

Janayugom Webdesk
February 4, 2024 5:00 am

കടന്നുപോകുന്ന ഓരോ രക്തസാക്ഷി ദിനവും (ജനുവരി 30) ഒട്ടേറെ സത്യങ്ങൾ ഓർമ്മിപ്പിക്കുന്നു, വരുംകാല ആശങ്കകളും. അഹിംസയും സത്യവും കൊടിയ ത്യാഗവും ചേർത്ത് വീണ്ടെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. എന്നാൽ സ്വാതന്ത്ര്യ ശില്പി കൊല്ലപ്പെടുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി പോരാടിയതിനാലാണ് അദ്ദേഹത്തെ വെടിവച്ചുകൊന്നത്. വിഭജനം എതിർത്തതിനാലാണ് അദ്ദേഹത്തിന്റെ ചോര വീഴ്ത്തിയത്. ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ വ്യഗ്രതപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല. അവർ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വിധേയരായിരുന്നു. വെള്ളക്കാരോടുള്ള അവരുടെ വിശ്വസ്തത സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ബാപ്പു തിരിച്ചറിഞ്ഞു, തുറന്നുകാട്ടി. ലോക സമ്പദ്‌വ്യവസ്ഥയിലേക്ക് പടർന്ന ഇരുട്ട് അദ്ദേഹം തിരിച്ചറിഞ്ഞു. സമ്പദ്‌വ്യവസ്ഥയിൽ ഇരുളുപടർന്നു. അത് സ്തംഭനാവസ്ഥയ്ക്ക് വഴിയായി. കൊളോണിയലിസത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. സാഹചര്യങ്ങളെ ബാപ്പു ക്രമീകരിച്ചു. രാജ്യത്തിന്റെ സ്വതന്ത്ര്യം എന്ന ലക്ഷ്യത്തിനായി ഉപയോഗിച്ചു. രാജ്യം സ്വതന്ത്രമായി. സ്വജനത്തോടുള്ള വലിയ സ്നേഹത്തിന്റെ തികവിൽ തന്നെ തന്റെ ഹൃദയം പിളർന്ന വെറുപ്പിന്റെയും അസഹിഷ്ണുതയുടെ വെടിയുണ്ടയും അദ്ദേഹം സ്വീകരിച്ചു. എന്നാൽ ആ ഹൃദയരക്തം അവസാനമായിരുന്നില്ല. വെറുപ്പിന്റെ കരങ്ങൾ ഇരകളെ തേടിക്കൊണ്ടേയിരുന്നു. “രാജ്യത്തിന്റെ ശരീരം 1947ൽ മോചിപ്പിക്കപ്പെട്ടു, ആത്മാവ് ഇപ്പോൾ വിശുദ്ധീകരിക്കപ്പെട്ടു”. അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞ നാൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പ്രമേയമാണിത്. യുക്തിപരമല്ലാത്ത ചിന്തകൾ നിറയുന്ന ഇത്തരമൊരു പ്രമേയം മഹാത്മാഗാന്ധിജിയെ ശാശ്വതമായി ഉന്മൂലനം ചെയ്യാനുള്ള പരിശ്രമങ്ങളുടെ തുടക്കമായി കരുതാം. 1925ൽ സ്ഥാപിതമായ ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല. ആർഎസ്എസിന്റെ ആദ്യ മേധാവി ഡോ. കെ ബി ഹെഡ്ഗേവാർ സാമ്രാജ്യത്വ ഭരണവും ചങ്ങലകളും ദൈവേച്ഛയായി പുകഴ്ത്തി. 1935 ഒക്ടോബർ 10നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാർത്ത ശ്രദ്ധിക്കുക “രാഷ്ട്രീയ സ്വയം സേവകസംഘം പത്താം വാർഷിക ആഘോഷങ്ങൾ ഇന്ന് സമാപിച്ചു. വോളണ്ടിയർമാരുടെ മാർച്ച് സൈനിക വേഷത്തിലും ക്രമത്തിലും ടൗൺ ഹാൾ മുതൽ ഇന്ത്യൻ ജിംഖാന ഗ്രൗണ്ട് വരെ നടന്നു. ഡോ. മൂൻജെയും ഡോ. പരഞ്ജ്പെയും സൈനിക വേഷത്തിലായിരുന്നു. നാഗ്പൂരിൽ നടന്ന യോഗത്തിൽ, ഡോ. ഹെഡ്ഗെവാർ ബ്രിട്ടീഷ് രാജ് ഈശ്വരേച്ഛയായി പ്രകീർത്തിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും പഠിച്ച പാഠങ്ങളും പ്രകീർത്തിച്ചു. എന്തായിരുന്നു പാഠം? വിഭജനം നിലനിർത്തുക. ജനങ്ങളെ വിഭജിച്ച് ഭരിക്കുക. ഒരിക്കലും ഒന്നിക്കാൻ അനുവദിക്കരുത്. സ്വാതന്ത്ര്യ സമര സേനാനികളുമായുള്ള ആർഎസ്എസ് സംഘർഷം ഇതിന്റെ ഭാഗമായിരുന്നു. 1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വധിക്കുന്നതിന് ആർഎസ്എസ് പ്രതിനിധി നാഥുറാം ഗോഡ്സെ മുന്നിട്ടിറങ്ങി.

 


ഇതുകൂടി വായിക്കൂ; അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും


ആർഎസ്എസുകാർ രാജ്യം ഭരിക്കുകയും സമൂഹത്തെയും സംസ്കാരത്തെയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, എല്ലാ മതങ്ങൾക്കും തുല്യാവകാശമുള്ള മതേതര ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിയൻ വീക്ഷണം വീണ്ടും ആക്രമിക്കപ്പെടുന്നു. മുസ്ലിങ്ങളെ ‘മറ്റുള്ളവരായി’ കണക്കാക്കാനുതകുന്ന ദേശീയ വ്യവഹാരത്തെ നയിക്കാനുള്ള വൻശ്രമങ്ങൾക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങൾ, മുസ്ലിങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള അസ്വസ്ഥജനകമായ പ്രവണതകൾ, പശു സംരക്ഷണത്തിന്റെയും ‘ലൗ ജിഹാദിന്റെയും’ പേരിൽ അവർക്കെതിരായ ആക്രമണങ്ങൾ എല്ലാം പതിവായിരിക്കുന്നു. മുസ്ലിങ്ങളോട് നേരിട്ട് വിവേചനം കാണിക്കുന്ന പൗരത്വ നിയമം ഉൾപ്പെടെ ഹിന്ദു മേൽക്കോയ്മാ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളും ഇന്ത്യയിലെ മതേതര ജനാധിപത്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ നശിപ്പിക്കാനും കീഴ്പ്പെടുത്താനും തുടങ്ങിയിരിക്കുന്നു. 2014 മുതൽ ഗോഡ്സെ പരസ്യമായി പുകഴ്ത്തപ്പെടുന്നു. ദേശീയ സ്മരണയിൽ പ്രതിഷ്ഠിക്കപ്പെടുന്നു. തീവ്ര ഹിന്ദുത്വവാദികൾ മോഡിയെ ഹിന്ദുരാഷ്ട്രത്തിന്റെ വിമോചകനായും ഗോഡ്സെയെ തങ്ങളുടെ മുൻഗാമിയായും നോക്കിക്കാണുന്നു. ഗാന്ധിയെ വധിച്ച ഗോഡ്സെയുടെ പ്രവൃത്തി കുറ്റമല്ലെന്നും ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെന്നും സംഘ്പരിവാർ ആക്രോശിക്കുന്നു. അതിനാൽ, ഈ കൊലപാതകത്തെ ‘ഹത്യ’ എന്നോ കൊലപാതകമെന്നോ വിളിക്കുന്നില്ല, ‘വധം’ എന്നു വിശേഷിപ്പിക്കുന്നു. തിന്മയുടെ ശക്തികളെ കൊല്ലുന്നതിനെ വിവരിക്കാൻ ഹിന്ദുത്വതീവ്രത ഉപയോഗിക്കുന്ന പദം. ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നതിലൂടെ ബിജെപി, ഗാന്ധിജിയുടെ ആശയങ്ങൾ തങ്ങൾക്ക് വെറുപ്പാണ് എന്ന വ്യക്തമായ സന്ദേശം നൽകുന്നു. മറ്റ് മതങ്ങളുടെ അനുയായികളേക്കാൾ ഹിന്ദുക്കൾക്ക് പ്രഥമസ്ഥാനം നൽകാൻ വിസമ്മതിച്ച ഗാന്ധിജിയോടുള്ള തുറന്ന നീരസവുമായി ഈ പ്രക്രിയ ഘനപ്പെട്ടിരിക്കുന്നു. മീററ്റിൽ, ഹിന്ദു മഹാസഭയുടെ ഒരു നേതാവ് 2019 ജനുവരി 30 ന് ഗോഡ്സെയുടെ ചിത്രത്തിൽ ഹാരമണിയിച്ചതിന് ശേഷം ഗാന്ധിജിയുടെ പ്രതിമ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് തകർത്തത് ഓർമ്മിക്കുക. എന്നാൽ നീരസം എല്ലായ്പ്പോഴും പ്രതീകാത്മകമല്ല.

 


ഇതുകൂടി വായിക്കൂ;  ആ വെടിയുണ്ടകൾ മരിച്ചിട്ടില്ല


 

2019 ഒക്ടോബറിൽ 150-ാം ജന്മവാർഷികത്തിൽ, മധ്യപ്രദേശിലെ രേവയിലെ ഗാന്ധിയൻ സ്മാരക കേന്ദ്രം സംഘ്പരിവാർ കൂട്ടങ്ങൾ നശിപ്പിച്ചു. മഹാത്മാവിന്റെ ചിത്രത്തിൽ ‘രാജ്യദ്രോഹി’ എന്നെഴുതാനും മടിച്ചില്ല. 2022 ഫെബ്രുവരിയിൽ, ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പാർക്കിൽ ഗാന്ധിയുടെ ഒരു വലിയ പ്രതിമ തകർത്ത് ഏതാനും മീറ്റർ അകലെ എറിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതര ജനാധിപത്യത്തെ തുരങ്കം വയ്ക്കാൻ ബിജെപി ഭരണം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാർമ്മികത്വത്തിൽ നടന്ന രാമക്ഷേത്ര ഉദ്ഘാടനം വ്യക്തമാക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനത്തിന് പിന്നാലെ അംഗീകരിച്ച പ്രമേയം സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യത്തെ തമസ്കരിക്കാനുള്ള വരുംകാല പദ്ധതികളുടെ ചുരുളഴിക്കുന്നു. നികൃഷ്ടവും സ്വാതന്ത്ര്യ വിരുദ്ധവുമായ ഭൂതകാലത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലുകളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളുടെ തുടക്കം. സ്വാതന്ത്ര്യ സമരത്തിന്റെ പരമോന്നത പ്രഭാവമായ മഹാത്മാഗാന്ധിയെ ചരിത്രത്തിൽ നിന്നും മറയ്ക്കുമെന്നും അവർ ശപഥം ചെയ്യുന്നു. ആവാം. എന്നാൽ ഒരേയൊരു ചോദ്യം മാത്രമേ ഉന്നയിക്കുന്നുള്ളു: സ്വാതന്ത്ര്യത്തിനെതിരു നിന്നവരും വിഭജനത്തിന്റെ വക്താക്കളും ആഗ്രഹിക്കുന്നു എന്നതുകൊണ്ട് രാജ്യത്തിന് തങ്ങളുടെ വീര നായികാ നായകന്മാരെയും അവരുടെ മഹത്തായ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും മറക്കാനും മായ്ക്കാനുമാകുമോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.