
തമിഴ്നാട്ടിലെ ഐതിഹാസിക കമ്മ്യൂണിസ്റ്റ് നേതാവും കർഷക, തൊഴിലാളി പ്രസ്ഥാനങ്ങളുടെ പടത്തലവനുമായിരുന്ന ആർ നല്ലകണ്ണിന്റെ ജീവിതം ഭാരതീയ വിപ്ലവ ചരിത്രത്തിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ നേർച്ചിത്രമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്ത വ്യവസ്ഥയ്ക്കുമെതിരെ ഒരുപോലെ പൊരുതിയ അദ്ദേഹം, സിപിഐ തമിഴ്നാട് ഘടകത്തിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ചു.
23-ാം വയസിൽ നല്ലകണ്ണിനെ ഐതിഹാസിക കർഷക നേതാവ് പി ശ്രീനിവാസ റാവു ഇങ്ങനെ വിലയിരുത്തി- “കരുത്തനും ഗ്രാമീണ സാഹചര്യങ്ങളിൽ വളർന്നവനുമായ നല്ലകണ്ണ് അസാമാന്യനായ ഒരു പാർട്ടി പ്രവർത്തകനായിത്തീരും.” ആ വാക്കുകൾ കാലത്തിന്റെ എല്ലാ മാറ്റങ്ങളെയും അതിജീവിച്ചു. നൂറിലധികം വർഷം നീണ്ടുനിന്ന തന്റെ ജീവിതത്തിൽ സഖാവ് നല്ലകണ്ണ് ഒരിക്കൽപ്പോലും മൂല്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്തില്ല. പതിനെട്ടാം വയസിൽ അദ്ദേഹം തെരഞ്ഞെടുത്ത ജീവിതം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എങ്കിലും ഒരിക്കൽപ്പോലും പതറിയില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമാണ് അദ്ദേഹം ജനിച്ചത്. പാർട്ടിക്കൊപ്പമായിരുന്നു ആ ജീവിതം. ജീവനായിരുന്ന പാർട്ടി ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ വേളയിലാണ് ജീവിതത്തിൽ നിന്നും യാത്രയായതും.
1925 ഡിസംബർ 26ന് തൂത്തുക്കുടിക്കടുത്തുള്ള ശ്രീവൈകുണ്ഠത്തിലെ ഒരു കർഷക കുടുംബത്തിൽ രാമസാമിയുടെയും കറുപ്പായി അമ്മാളിന്റെയും മകനായി ജനിച്ച നല്ലകണ്ണ് സമീപമുള്ള പരുത്തിമില്ലിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസിക പണിമുടക്കിന് അഞ്ചാം വയസിൽ സാക്ഷിയായി. അവിടെ നിന്നുമാണ് വിപ്ലവത്തിന്റെ ആദ്യപാഠങ്ങൾ ചങ്കിലേറിയത്. പട്ടിണിയിലും മുഷിഞ്ഞ വേഷങ്ങളിലും തൊഴിലാളികളുടെ കണ്ണുകളിൽ ജ്വലിച്ചുനിന്ന സമരവീര്യം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ കവിതകളും സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങളും വി ഒ ചിദംബരം പിള്ളയുടെ പോരാട്ടവീര്യവും പകർന്നുനൽകിയ ആവേശവുമായി പതിനെട്ടാം വയസിൽ അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ടുമാത്രം സമൂഹത്തിൽ നിന്ന് അസമത്വം നീക്കംചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.
ജാതിവ്യവസ്ഥ അത്രമേൽ ആഴ്ന്നിറങ്ങിയതായിരുന്നു. അസമത്വങ്ങൾ അവസാനിക്കില്ലെന്നും ജാതിവ്യവസ്ഥയെ വേരോടെ പിഴുതെറിയണമെന്നും ഉറച്ചുവിശ്വസിച്ച അദ്ദേഹം മാർക്സിസം തന്റെ ജീവിതചര്യയായി സ്വീകരിച്ചു. അനീതിക്കെതിരെ നിരന്തരം പോരാടി. 80 വർഷത്തിലേറെ നീണ്ട പാർട്ടി ജീവിതത്തിൽ അദ്ദേഹം ഊന്നൽ നൽകിയത് ബ്രിട്ടീഷ് സാമ്രാജ്യത്വം അടിമപ്പെടുത്തിയ ഒരു രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനുള്ള ഇച്ഛാശക്തിയെ ബലപ്പെടുത്തുന്നതിനായിരുന്നു. ശാസ്ത്രീയ സോഷ്യലിസമായിരുന്നു ദർശനങ്ങളിലെ അന്തിമ ലക്ഷ്യം.
നാടുവാഴിത്ത – സാമ്രാജ്യത്വ അതിക്രമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലൂടെയും വലതുപക്ഷ ശക്തികൾക്കെതിരായ പോരാട്ടങ്ങളിലൂടെയും കടന്നുപോയപ്പോൾ ആ പാത ഒട്ടും സുഗമമായിരുന്നില്ല. കർഷകത്തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ടവര്, കർഷകർ തുടങ്ങിയ വർഗശക്തികളെ സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വി കല്യാണസുന്ദരം നയിച്ചിരുന്ന ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടമായിരുന്നു അത്. തൂത്തുക്കുടിയിലെ ഹാർവി മിൽസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായി.
തെക്കൻ ജില്ലകളിലെ തൊഴിലാളികൾക്കിടയിലും അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. ഭൂമി പുനർവിതരണം, കുറഞ്ഞ വേതനം പരിഷ്കരിക്കല്‍, നാടുവാഴിത്ത ചൂഷണങ്ങളുടെ അവസാനം എന്നിവയായിരുന്നു ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. സ്വാമി സഹജാനന്ദ സരസ്വതി സ്ഥാപിച്ച കിസാൻ സഭയുടെ പാത പിന്തുടർന്ന് ‘ഉഴുന്നവന് ഭൂമി’ എന്ന മുദ്രാവാക്യം അദ്ദേഹം ഉയർത്തി. ഓരോ ഘട്ടത്തിലും വർഗബോധത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. കമ്മ്യൂണിസ്റ്റ് സ്വാധീനം ശക്തമാകുന്നതുകണ്ട ഭരണകൂടം സിപിഐയെ ലക്ഷ്യമിടുകയും അടിച്ചമർത്തൽ ആരംഭിക്കുകയും ചെയ്തു. പാർട്ടി നിരോധിക്കപ്പെട്ടു. 1948ൽ പാർട്ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതോടെ നല്ലകണ്ണ് ഒളിവിൽ പോയി.
നെല്ലൈ ഗൂഢാലോചന കേസിൽ 1949 ഡിസംബർ 20ന്, 23-ാം വയസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നെല്ലൈ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന കേസ് (തിരുനെൽവേലി കേസ്) സ്വാതന്ത്ര്യാനന്തര കാലത്തെ വലിയ അടിച്ചമർത്തലുകളിൽ ഒന്നായിരുന്നു. ‘ഉഴുന്നവന് ഭൂമി’ സമരം സംഘടിപ്പിച്ചതിനാണ് അദ്ദേഹം അറസ്റ്റിലായത്. ഏഴ് വർഷത്തെ കഠിനതടവിന് ശേഷം 1956ലാണ് അദ്ദേഹം മോചിതനായത്. കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ഈ കേസ് തീവ്രമായ ചെറുത്തുനില്പിന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ നിസ്വാർത്ഥത വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളുണ്ട്. 80-ാം ജന്മദിനത്തിൽ പാർട്ടി നൽകിയ ഒരു കോടി രൂപയും കാറും നിരസിക്കുകയും അത് ജനങ്ങൾക്കുള്ളതാണെന്ന് പറഞ്ഞ് തിരികെ നൽകുകയും ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ ‘തകൈസാൽ തമിഴർ’ പുരസ്കാരത്തുകയായ 15 ലക്ഷം രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സ്വന്തം കയ്യിൽ നിന്ന് 1,000 രൂപ കൂടി അതിനോടൊപ്പം ചേർക്കാനും മറന്നില്ല.
13 വർഷം സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ഗ്രാമീണ മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തി. താഴേത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങൾക്കൊപ്പം ട്രേഡ് യൂണിയനുകളെയും ബലപ്പെടുത്തി. വിലക്കയറ്റത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനുമെതിരെ അദ്ദേഹം നയിച്ച പ്രക്ഷോഭങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. മണൽ മാഫിയക്കെതിരെയും താമ്രപര്‍ണി നദിയുടെ സംരക്ഷണത്തിനായും നടത്തിയ പോരാട്ടങ്ങൾ ഇന്നും പരിസ്ഥിതി പ്രവർത്തകർക്ക് ഊർജമാണ്.
തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും അധികാരത്തോടോ പദവികളോടോ ലവലേശം മോഹമില്ലാത്ത ലളിതജീവിതമായിരുന്നു നല്ലകണ്ണ് നയിച്ചത്. പ്രത്യയശാസ്ത്രപരമായ ദൃഢതയെ വ്യക്തിപരമായ സൗമ്യതയുമായി സംയോജിപ്പിച്ച് പ്രവർത്തിച്ചു. വ്യക്തിപരമായ ദുരന്തങ്ങളെപ്പോലും പ്രത്യയശാസ്ത്രപരമായ കരുത്തുകൊണ്ട് നേരിട്ടു. തൂത്തുക്കുടിയിൽ തന്റെ ഭാര്യാപിതാവ് ഉൾപ്പെടെ നാല് പേർ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ, പകയും വിദ്വേഷവും പടർത്തുന്നതിന് പകരം സമാധാന യാത്രയ്ക്ക് നേതൃത്വം നൽകാനാണ് അദ്ദേഹം തീരുമാനിച്ചത്. കടുത്ത വേദനയുടെ ഘട്ടത്തിലും കയ്പ്പില്ലാതെ പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചു. നൂറുവർഷം നീണ്ട തന്റെ ജീവിതയാത്രയിലുടനീളം സാധാരണക്കാരന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ സഖാവ് നല്ലകണ്ണ്, ലളിതജീവിതം കൊണ്ടും മൂല്യാധിഷ്ഠിത രാഷ്ട്രീയം കൊണ്ടും ഭാരതീയ പൊതുജീവിതത്തിലെ കെടാവിളക്കായി നിത്യം ജ്വലിച്ചുനിൽക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.