28 December 2025, Sunday

പുതിയ ലേബർ കോഡുകൾ: ദീർഘജോലി നിർബന്ധിതമാക്കുന്നു

Janayugom Webdesk
December 28, 2025 5:00 am

കൂടുതൽ ലാഭത്തിനായി അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമായിരിക്കുന്നു. എന്നാൽ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രയോജനം തുച്ഛമാണ്. കോർപറേറ്റ് മേഖല അനുനിമിഷം നേടുന്ന സാങ്കേതിക പുരോഗതിയും അതിലൂടെ ആർജിക്കുന്ന കനത്ത മിച്ചമൂല്യവും അവരെ അടങ്ങാത്ത ചൂഷണ വ്യഗ്രതയിൽ ആഴ്ത്തിയിരിക്കുന്നു. ലാഭക്കൊതി തൊഴിലവസരങ്ങൾ കുറയ്ക്കുന്നു, തൊഴിലില്ലായ്മ വർധിപ്പിക്കുന്നു. നിലനില്പിനെക്കുറിച്ചുള്ള അനിശ്ചിതത്വം തൊഴിലാളികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അസംഘടിതരും സംഘടിതരുമായ തൊഴിലാളികൾക്ക് അവരുടേതായ സവിശേഷതകളുണ്ട്. പക്ഷെ ഇന്ന് എല്ലാവരും ആശയക്കുഴപ്പത്തിലാണ്. ഭരണകൂടങ്ങൾ ഉദാരവൽക്കരണ നയങ്ങളെ പിന്തുടരുന്നതും തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം പ്രക്രിയകളിൽ തൊഴിലാളിവർഗം നേരിടേണ്ടിവരുന്ന തിരിച്ചടി എത്ര തീവ്രമെങ്കിലും ആരും അത് ഗൗനിക്കുന്നില്ല. ഉദാരവൽക്കരണത്തിന് ശേഷമുള്ള ഈ കാലഘട്ടം ‘തൊഴിലില്ലാത്ത വളർച്ച’യുടെ കാലമാണല്ലോ. സ്വന്തം ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ തൊഴിലുടമകളും അവരുടെ അനുയായികളും നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ മൗനം പാലിക്കേണ്ട ഗതികെട്ട കാലത്തിലാണ് തൊഴിലാളികൾ. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് അനീതിക്കെതിരെ പോരാടിയ ധീരരായ തൊഴിലാളികൾക്കും സമാന സങ്കീർണതകൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇന്ന് ജോലികൾ തീരെ കുറവാണ്. തൊഴിലില്ലായ്മ സർവവ്യാപിയായി മാറുന്നു. സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അതീവ സങ്കീർണമായിരിക്കുന്നു. സാങ്കേതിക വികസനം ഉല്പാദന പ്രക്രിയകളെയും സേവനങ്ങളെയും തൊഴിലാളികളെയും എങ്ങനെ ബാധിക്കുന്നു എന്നതും ചിന്തനീയമാണ്. ആഗോളവൽക്കരണത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നിരിക്കുന്നു. വ്യക്തിഗത ലാഭത്തിലധിഷ്ഠിതമായ, മാനുഷിക പുരോഗതിയിൽ കേന്ദ്രീകൃതമായ ശാക്തീകരണം സമത്വത്തിൽ നിന്ന് അസമത്വത്തിലേക്കാണ് കാര്യങ്ങളെ നയിക്കുന്നത്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ കഠിനമാണ്. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെയുള്ള തൊഴിലുടമകളുടെ തൊഴിലാളിവിരുദ്ധ സമീപനം, അധികാര കേന്ദ്രങ്ങളുടെ തൊഴിലുടമാഅനുകൂല നിലപാട് എന്നിവ ഗുരുതരമാണ്. അസംഘടിത മേഖലയെ സംഘടിപ്പിക്കുക പ്രധാന വെല്ലുവിളിയായിരിക്കുന്നു. സാങ്കേതികവിദ്യയുടെ പുരോഗതി പൊതുജനക്ഷേമത്തിനായി ഉപയോഗിക്കപ്പെടുമെന്നായിരുന്നു ഗതകാലചിന്ത. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരിവർത്തനത്തിന്റെ വർത്തമാനം ദുരിതങ്ങൾ പേറിയാണ് കടന്നുവരുന്നത്. ദീർഘവും കഠിനവുമായ പോരാട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള തൊഴിലാളികൾ നേടിയെടുത്ത എട്ട് മണിക്കൂർ ജോലി എന്ന അവകാശം ഇല്ലാതാകുന്നു. നാല് പുതിയ ലേബർ കോഡുകൾ നടപ്പിലാക്കുന്നതോടെ തൊഴിലാളികൾ എട്ട് മണിക്കൂറിന് പകരം 12 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത് പഴയ കൊളോണിയൽ വ്യവസ്ഥിതിയെ ഓർമ്മിപ്പിക്കുന്നു. അടിമകൾക്ക് ബോധമില്ലെന്നും അതിനാൽ അവരുടെ വികാസം അസാധ്യമെന്നായിരുന്നു ഒരു കാലം ചിന്തിച്ചിരുന്നത്. അക്കാലം പോലെ, തൊഴിലാളി, യന്ത്രത്തിന്റെ ഒരു ഘടകമായി മാറുകയും നിശ്ചിത ഫോർമുല അനുസരിച്ച് 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്നു. ഇത് തൊഴിലാളിയെ ഒറ്റപ്പെടുത്തുകയും മുതലാളിത്തത്തിന്റെ തിന്മകൾ സജീവമാക്കുകയും ചെയ്യുന്നു. തൊഴിലാളികൾക്കായുള്ള സംരക്ഷണ നടപടികൾ പുതിയ നിയമത്തിലൂടെ ഇല്ലാതാവുകയും ചെയ്തു. ഇതിനെതിരെ പോരാടേണ്ടതുണ്ട്. ദീർഘനേരത്തെ ജോലി, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, തിരക്കേറിയ ജോലിമുറികൾ എല്ലാം ജീവന് തന്നെ ഭീഷണിയാണ്. 1948ലെ ഫാക്ടറി നിയമം അനുസരിച്ച്, ഓവർടൈം വേതനം നൽകാതെ ഒരു തൊഴിലാളിയെ ദിവസം ഒമ്പത് മണിക്കൂറിൽ കൂടുതൽ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ല. എന്നാൽ 2020ലെ ഒക്യുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിങ് കണ്ടീഷൻസ് കോഡ്, ആഴ്ചയിൽ 48 മണിക്കൂർ എന്ന പരിധി നിലനിർത്തിക്കൊണ്ട് തന്നെ, ദിവസം 12 മണിക്കൂർ വീതം നാല് ഷിഫ്റ്റുകളായി ജോലി ചെയ്യാൻ അനുമതി നൽകുന്നു. ഇതിനെ അയവുള്ള സമീപനമായി തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ തൊഴിലുടമകൾക്ക് ജോലി സമയം വർധിപ്പിക്കാൻ സഹായകമാണ്. പ്രായോഗികമായി, കരാർ തൊഴിലാളികൾ, ദിവസ വേതനക്കാർ എന്നിവരുടെ ജോലി സമയം നീട്ടാൻ സമ്മർദം ചെലുത്താൻ തൊഴിലുടമകൾക്ക് ഇത് അവസരം നൽകും. 12 മണിക്കൂർ ജോലി തെരഞ്ഞെടുക്കുകയല്ലാതെ തൊഴിലാളികൾക്ക് മറ്റ് മാർഗമില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇത് ശാരീരികമായും മാനസികമായും തൊഴിലാളികളെ തളർത്തുകയും അവരുടെ ആരോഗ്യം, കുടുംബജീവിതം, അന്തസ് എന്നിവയെ തകർക്കുകയും ചെയ്യും. അതിനാൽ ദേശീയ — അന്തർദേശീയ തലങ്ങളിൽ തൊഴിലാളി വർഗത്തിന്റെ ഐക്യം അത്യന്താപേക്ഷിതമാണ്. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിൽ ആരംഭിച്ച പോരാട്ടങ്ങളാണ് ആദ്യത്തെ ‘മേയ് ദിന’ത്തിലേക്കും എട്ട് മണിക്കൂർ ജോലി എന്ന അവകാശത്തിലേക്കും നയിച്ചത്. 1890 മേയ് ഒന്നിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാം ജർമ്മൻ പതിപ്പിന് എഴുതിയ ആമുഖത്തിൽ ഫ്രെഡറിക് ഏംഗൽസ് ഇപ്രകാരം കുറിച്ചു: “യൂറോപ്പിലെയും അമേരിക്കയിലെയും തൊഴിലാളിവർഗം അവരുടെ കരുത്ത് പരിശോധിക്കുകയാണ്. നിയമപരമായ എട്ട് മണിക്കൂർ പ്രവൃത്തിദിനം എന്ന ലക്ഷ്യത്തിനായി അവർ ഒരൊറ്റ സൈന്യമായി അണിനിരന്നിരിക്കുന്നു. ഇത് കാണാൻ മാർക്സ് എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ!” ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ വിപ്ലവ വീര്യത്തെ ഉണർത്താൻ ഈ ദിനം ഇന്നും പ്രാപ്തവും പ്രചോദനവുമാണ്. സാമൂഹിക മാറ്റത്തിലൂടെ വർഗവ്യത്യാസങ്ങൾ ഇല്ലാതാക്കാനും ലോകസമാധാനത്തിലേക്ക് നയിക്കുന്ന ഏക വഴിയിലൂടെ മുന്നേറാനുമുള്ള തൊഴിലാളിവർഗത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രകടനമായി മേയ് ദിനം മാറേണ്ടതുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.