
പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ മനുഷ്യർ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതാണ് രീതി. പോയ വർഷത്തിന്റെ കണക്കെടുപ്പ് നടത്തി, പോരായ്മകളും സുഖദുഃഖങ്ങളും വിലയിരുത്തി, പുതിയ വർഷത്തെ നന്മയുടെയും സ്നേഹപ്രവാഹത്തിന്റെയും കൂട്ടായ്മയുടെയും ജീവിത സുഖങ്ങളുടേതുമാക്കി മാറ്റാനാകുമെന്ന പ്രതീക്ഷ. എന്നാൽ ഒരു രാഷ്ട്രമെന്ന നിലയിൽ പിന്നിട്ട ഒരുവർഷം മുഴുവൻ വേണമെന്നില്ല, കഴിഞ്ഞ മാസത്തിലെ അവസാന ഒന്നോ രണ്ടോ ആഴ്ചകളിലെ ആക്രമണ സംഭവങ്ങളും പ്രതികരണങ്ങളും നമുക്ക് പ്രതീക്ഷയല്ല നൽകുന്നത്. ഇത് പുതുവത്സരം ആശങ്കാകുലമാകുമെന്ന ഭീതിക്ക് കാരണമാകുന്നു. അപര മതവിദ്വേഷം ജനിപ്പിക്കുന്ന പ്രതികരണങ്ങളും ഞെട്ടിക്കുന്ന സംഭവങ്ങളുമാണ് പുറത്തുവന്നത്. ഇന്നലെ മാത്രം ഇതുമായി ബന്ധപ്പെട്ട അരഡസനിലധികം വാർത്തകളുണ്ടായി. ന്യൂനപക്ഷ മതസ്ഥരെ ആക്രമിക്കുക, ഹിന്ദുത്വ വികാരത്തെ പ്രീണിപ്പിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുക, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ സംഭവങ്ങളാണ് അരങ്ങേറിയത്. ലൗ ജിഹാദ്, മതപരിവർത്തനം തടയൽ നിയമം, പൂവാല ശല്യത്തിനെതിരായ നടപടി എന്നിങ്ങനെ വിവിധ പേരുകളിൽ സംഘ്പരിവാർ ശക്തികൾ നിയമം കയ്യിലെടുക്കുകയും ബിജെപി ഭരണത്തിന് കീഴിലുള്ള പൊലീസും മറ്റ് സംവിധാനങ്ങളും അവർക്ക് തണലൊരുക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
ഞായറാഴ്ച ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഒരു പാസ്റ്ററെയും മകനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബജ്‌റംഗ്‌ദൾ ക്രിമിനലുകൾ പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് ബജ്‌റംഗ്‌ദളുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാസ്റ്റർ ഡേവിഡ് ഗ്ലാഡ്വിൻ, മകൻ അഭിഷേക് ഗ്ലാഡ്വിൻ, കെ കെ ബംഗാലി എന്നിവരെ അറസ്റ്റ് ചെയ്തത്. യുപിയിലെ തന്നെ ബറേലിയിൽ ജന്മദിനാഘോഷത്തിൽ മുസ്ലിം സുഹൃത്തുക്കൾ പങ്കെടുത്തതിനെ ലൗ ജിഹാദെന്ന് വ്യാഖ്യാനിച്ചാണ് അക്രമമുണ്ടായത്. കഫേയിൽ നടന്ന പരിപാടിക്ക് നേരെയാണ് ഹിന്ദുത്വ സംഘടനാപ്രവർത്തകരുടെ അക്രമമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത് നിലനിൽക്കേയാണ് ഇതര മതസ്ഥരെ അക്രമിക്കുന്നതിനുള്ള കാരണമായി, നിരന്തരം തീവ്ര ഹിന്ദുത്വ സംഘടനകൾ ഈ സംജ്ഞയെ ഉപയോഗിച്ചുവരുന്നത്. ഇതേദിവസമാണ് മുഖ്യമന്ത്രിയായ ബിജെപി നേതാവിൽ നിന്ന് വസ്തുതാവിരുദ്ധമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുത്വ വികാരം ഉണർത്തുന്നതിനുള്ള വിദ്വേഷപ്രസ്താവനയുണ്ടായത്. മതന്യൂനപക്ഷ മേധാവിത്വമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾക്കിടയിൽ ജനനനിരക്ക് കുറയുന്നതായും സംസ്ഥാനത്തെ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്നുമായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസ്താവന. മുസ്ലിം സമുദായത്തിലുള്ള സ്ത്രീകൾ ഏഴ്, എട്ട് കുട്ടികളെ പ്രസവിക്കുന്നുവെന്നും ഹിന്ദു വിഭാഗത്തിൽ ഒന്നുമാത്രമാണെന്നുമുള്ള നുണ പറഞ്ഞാണ് അദ്ദേഹം ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് നിർദേശിക്കുന്നത്. കഴിഞ്ഞ വർഷത്തിന്റെ അവസാന നാല് ദിനങ്ങളിലുണ്ടായ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളും പ്രതികരണങ്ങളുമായിരുന്നു ഇവ.
ക്രിസ്മസുമായി ബന്ധപ്പെട്ട് രാജ്യത്ത് ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഹിന്ദുത്വ ഭീകര സംഘടനകളുടെ വിവിധ രൂപത്തിലുള്ള അതിക്രമങ്ങളുണ്ടായി. ജമ്മുവിലെ ആർഎസ് പുരയിൽ മലയാളി വൈദികന് നേരെയാണ് ആക്രമണമുണ്ടായത്. പാസ്റ്റർ ബേബി ജേക്കബും കുടുംബവുമാണ് ക്രിസ്മസ് തലേന്ന് അക്രമം നേരിട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലും മലയാളി വൈദികനും കുടുംബവും അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രാർത്ഥനാ യോഗം നടന്ന വീട്ടുടമയ്ക്കും ഭാര്യക്കുമെതിരെയും, അറസ്റ്റ് ചെയ്ത പുരോഹിതനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ നാല് പേർക്കെതിരെയും കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി രണ്ട് ഡസനോളം സംഭവങ്ങളുണ്ടായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ വൈദികരുമായി വിരുന്ന് നടത്തുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടായത്. അതേസമയം മുസ്ലിങ്ങളെ ഈവിധത്തിൽ, ഒരേസമയം പ്രീണിപ്പിക്കുകയും മറുഭാഗത്ത് ആക്രമിക്കുകയും ചെയ്യുന്ന സമീപനം അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. ഇവിടെയാണ് വിശ്വാസത്തെയും അധികാരത്തെയും പരസ്പരം ബന്ധപ്പെടുത്തുകയും അതിനൊപ്പം തന്നെ അണികളെ ഉപയോഗിച്ച് തങ്ങളുടെ ആശയം നടപ്പിലാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന ബിജെപിയുടെയും സംഘ്പരിവാർ ശക്തികളുടെയും ഇരട്ടമുഖം വ്യക്തമാകുന്നത്. അത് തിരിച്ചറിയുന്നതിന് ചില മതമേലധ്യക്ഷന്മാരെങ്കിലും തയ്യാറാകുന്നില്ലെന്നത് സംശയാസ്പദവും ആശങ്കാജനകവുമാണ്. കഴിഞ്ഞ ഒരുവർഷം മുഴുവൻ രാജ്യവ്യാപകമായി വെറുപ്പും ഇതരമതസ്ഥരോടുള്ള അസഹിഷ്ണുതയും പ്രകടമാക്കുന്ന നിരവധി സംഭവങ്ങളാണുണ്ടായത്. അതിന്റെ തുടർച്ചയായി കഴിഞ്ഞമാസം അവസാനനാളുകളിൽ അക്രമ സംഭവങ്ങൾ വ്യാപകമായത്, പുതിയ വർഷത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.