സംസ്ഥാനത്തെ നടുക്കി വീണ്ടും നിപ മരണം സംഭവിച്ചിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരനായ വിദ്യാർത്ഥിയാണ് മരിച്ചത്. ശനിയാഴ്ചയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. സ്കൂളിൽ നിന്ന് കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്ന് വൈറസ് ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഒരാൾക്കും രോഗലക്ഷണങ്ങളുണ്ട്. ഇയാൾ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ള 330 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 100ലേറെ പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ, നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ ക്വാറന്റെെനിലാണ്. നിപ സ്ഥിരീകരിച്ചപ്പോള്‍ത്തന്നെ മലപ്പുറത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ എന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. നിപ ബാധിതനായ മറ്റാെരാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനയ്ക്ക് എത്തിയാൽ മതിയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. ഇതുവരെ 21 പേര്‍ മരണത്തിന് കീഴടങ്ങി. 2018ൽ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയിലാണ് ആദ്യം നിപ കണ്ടെത്തുന്നത്. ആ വര്‍ഷം മേയ്-ജൂൺ മാസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 18 പേർ രോഗബാധിതരായി. ഇതില്‍ ഒരാൾ മാത്രമാണ് അതിജീവിച്ചത്. 2019, 21, 23 വർഷങ്ങളിലും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടു. 21ൽ കോഴിക്കോട്ട് 12 വയസുകാരന്‍ മരിച്ചു. 2023ൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രണ്ട് പേരാണ് മരിച്ചത്. ഓരോ തവണയും മരണനിരക്ക് കുറയ്ക്കാൻ കൃത്യമായ ഇടപെടലിലൂടെ സംസ്ഥാനത്തിന് കഴിഞ്ഞു. 2018ൽ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്രയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഗവേഷണസംഘം നടത്തിയ പഠനത്തില്‍ പഴംതീനി വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഐസിഎംആറിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തിൽ കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയിൽ ഇടപെടുമ്പോൾ കൂടുതൽ കരുതൽ വേണമെന്നാണ് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നത്. കോവിഡ് പോലെ വളരെ വേഗം പടരുന്ന രോഗമല്ല നിപ. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടായാൽ മാത്രമേ രോഗസാധ്യതയുള്ളൂ. പകർച്ചാനിരക്ക് വളരെ കുറവാണെങ്കിലും മരണസാധ്യത കൂടുതലാണ് എന്നതാണ് ഈ രോഗത്തിന്റെ അപകടം. അതുകൊണ്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും രോഗലക്ഷണങ്ങളുള്ളവർ കൺട്രോൾ റൂമിൽ ബന്ധപ്പെടുകയും ചെയ്യാന്‍ മടിക്കരുത്.
നിപയുടെ ഭീഷണിയോടൊപ്പം തന്നെ കോളറ, ഡെങ്കിപ്പനി, എലിപ്പനി, അമീബിക് മസ്തിഷ്ക ജ്വരം, വെസ്റ്റ് നൈല്‍ പനി ഉള്‍പ്പെടെയുള്ള രോഗങ്ങൾ ഭീതിയുണർത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് ആശങ്കയുയർത്തുന്നതാണ്. പകർച്ചവ്യാധികളിൽ നിന്ന് നാം രക്ഷനേടിയത് ദൈനംദിന ജീവിതരീതിയിൽ പുലർത്തിയ ശ്രദ്ധയിലൂടെയാണ്. ആ സൂക്ഷ്മതയിൽ നിന്ന് മലയാളി പിന്നോട്ട് പോകുന്നോ എന്ന സംശയമുണ്ടാക്കുന്നതാണ് മഞ്ഞപ്പിത്തമുൾപ്പെടെ പകർച്ചവ്യാധികൾ ബാധിച്ചവരുടെ എണ്ണത്തിലെ വർധന. ഈ വർഷം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരുടെ എണ്ണം 12,000 കടന്നത് ആശങ്കയുണ്ടാക്കുന്നതായി ഡോക്ടർമാരുടെ സംഘടന പറഞ്ഞിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ എലിപ്പനിബാധിച്ച് 130 പേർ മരിച്ചുവെന്നതും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് 50ഓളം പേർക്ക് ജീവന്‍ നഷ്ടമായതും കൂടുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. വളരെ വിരളമായിരുന്ന അമീബിക് മസ്തിഷ്ക ജ്വരവും ആശങ്കയാവുകയാണ്. ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഏഴ് വർഷത്തിനിടെ ആറ് പേർക്ക് മാത്രം ബാധിച്ച രോഗം, കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് പേരുടെ ജീവനെടുത്തു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവായ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് പെട്ടന്ന് പകർച്ചവ്യാധികൾ വർധിക്കാനുള്ള കാരണം പാരിസ്ഥിതികമാകാം. എന്നാല്‍ അടിസ്ഥാനപരമായി മലയാളികൾ കാലങ്ങളായി തുടർന്നുപോന്നിരുന്ന ആരോഗ്യശീലത്തിൽ നിന്ന് പിന്നോട്ടുപോയതാണ് രോഗങ്ങൾ ഇത്രയും വർധിക്കാൻ കാരണമെന്ന നിഗമനവും തള്ളിക്കളയാനാകില്ല. ഒപ്പം സംസ്ഥാനത്തെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന ഫീൽഡ് വർക്കുകൾ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഡോക്ടർമാർക്കിടയിൽ പൊതുജനാരോഗ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നവർ കുറയുകയും മിക്കവരും സ്പെഷ്യലിസ്റ്റുകളാകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വെല്ലുവിളിയാണെന്ന് പ്രമുഖ ജനകീയ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. വി രാമൻകുട്ടി ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ബന്ധപ്പെട്ടവര്‍ ഗൗരവത്തിലെടുക്കണം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും ഒരേദിശയില്‍ പ്രവര്‍ത്തിച്ചാലേ ആരോഗ്യപൂര്‍ണമായ കേരളം നിലനിര്‍ത്താനാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.