കേന്ദ്ര മന്ത്രിസഭയുടെ സുപ്രധാന സമിതികളിൽ ഒന്നായ ‘മന്ത്രിസഭാ സുരക്ഷാ സമിതി‘യിൽ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികളിൽ ഒന്നിന്റെയും പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ല എന്നത് മോഡി മന്ത്രിസഭയുടെ സ്വഭാവം എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നിവയുടെ ചുമതല വഹിച്ചിരുന്ന അമിത് ഷാ, രാജ്നാഥ് സിങ്, നിർമ്മലാ സീതാരാമൻ, എസ് ജയശങ്കർ എന്നിവർ അതേ വകുപ്പുകൾ നിലനിർത്തുകയും പ്രധാനമന്ത്രിയും അവരും മാത്രം ഉൾപ്പെടുന്ന മന്ത്രിസഭാ സുരക്ഷാ സമിതി നിലവിൽ വരികയും ചെയ്തിരിക്കുന്നു. മൂന്നാം മോഡിസർക്കാർ ഏതെങ്കിലും ഗതിമാറ്റത്തിന് സന്നദ്ധമല്ലെന്ന സന്ദേശമാണ് അത് നൽകുന്നത്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കുവയ്ക്കുന്നതിനപ്പുറം നയപരമായ മാറ്റങ്ങൾ യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് സഖ്യകക്ഷികൾക്കും രാജ്യത്തിനും ഈ നടപടി നൽകുന്നത്. നിർണായക പ്രാധാന്യമുള്ള ഉപരിഘടനാ മന്ത്രാലയങ്ങൾ ഒന്നുപോലും സഖ്യകക്ഷികളുമായി പങ്കുവയ്ക്കാനും മോഡി തയ്യാറായില്ല. അധികാരത്തിന്റെയും വിഭവങ്ങളുടെയും നയരൂപീകരണത്തിന്റെയും മേഖലകളിൽ ഒന്നിലും അടുപ്പിക്കാതെ മന്ത്രിപദവികളും അതിന്റെ ആനുകൂല്യങ്ങളും പറ്റി പ്രാന്തങ്ങളിൽ ഒതുങ്ങിനിൽക്കുക എന്നാണ് വകുപ്പുവിഭജനം സഖ്യകക്ഷികൾക്ക് നൽകുന്ന സന്ദേശം. ഭരണകാര്യങ്ങളിൽ തങ്ങളുടെ നിർദേശങ്ങൾക്കപ്പുറം ഒരു സമവായവും ഘടകകക്ഷികൾപോലും പ്രതീക്ഷിക്കേണ്ടതില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് മോഡിയും അനുചരരും നൽകുന്നത്. മൂന്നാം മോഡി സർക്കാരിന്റെ ആദ്യ മന്ത്രസഭായോഗം ചേർന്ന അതേദിവസം യാദൃച്ഛികമെങ്കിലും രാഷ്ട്രീയ സ്വയംസേവക് സംഘ് സർ സംഘ് ചാലക് മോഹൻ ഭാഗവത് നാഗ്പൂരിൽ കാര്യകർത്താ പരിശീലന പരിപാടിയുടെ അന്ത്യത്തിൽ നടത്തിയ അഭിസംബോധനയിലെ പരാമർശങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ്.
‘ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയയ്ക്കുന്നത് രാജ്യത്തിന്റെ നടത്തിപ്പിനായാണ്. അത് നിര്‍വഹിക്കേണ്ടത് സമവായത്തിലൂടെയാണ്.’ പ്രതിപക്ഷത്തെ പരാമർശിച്ച് മോഹൻ ഭാഗവത് നടത്തിയ ആ നിർദേശം തങ്ങളെ അധികാരത്തിൽ താങ്ങിനിർത്തുന്ന ഘടകകക്ഷികൾക്കുപോലും ബാധകമല്ലെന്നാണ് മോഡി തെളിയിച്ചിരിക്കുന്നത്. മുന്നണി സംവിധാനത്തിൽ അനിവാര്യമായ ഔചിത്യം പാലിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് തുടക്കത്തിൽത്തന്നെ ബിജെപിയുടെ ഉന്നതനേതൃത്വം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് മന്ത്രിസഭാ രൂപീകരണത്തിലൂടെയും വകുപ്പുവിഭജനത്തിലൂടെയും മന്ത്രിസഭാ സമിതികളുടെ ഉള്ളടക്കത്തിലൂടെയും. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷവും 10 വർഷത്തെ സ്വേച്ഛാധിപത്യത്തിന്റെ ചൊരുക്കിൽനിന്നും മോഡിയും സംഘവും വിമുക്തമായിട്ടില്ലെന്ന് മാത്രമല്ല, അഹങ്കാരത്തിന് തെല്ലും കുറവ് വന്നിട്ടില്ലെന്നുവേണം കരുതാൻ. ‘അഹങ്കാര’ത്തെപ്പറ്റിയുള്ള ഈ പരാമർശം നാഗ്പൂരിൽ നിന്നുതന്നെയാണ് പുറത്തുവന്നതെന്നും ശ്രദ്ധേയം. ‘തെരഞ്ഞെടുപ്പുകൾ രണ്ടുപക്ഷങ്ങൾ തമ്മിലുള്ള മത്സരമാണ്. ജനാധിപത്യത്തിൽ അത് സ്വാഭാവികവുമാണ്. തെരഞ്ഞെടുപ്പിലെ പ്രതിയോഗി വിരോധി പക്ഷമില്ല, പ്രതിപക്ഷമാണ്. അത് ഉൾക്കൊള്ളാതെയുള്ള സാമുദായിക വിഭജന ശ്രമമാണ് പ്രചരണത്തിൽ നടന്നത്.’ ഭരണ പ്രതിപക്ഷങ്ങളെ ഒരുപോലെ പരാമർശിച്ചായിരുന്നു ഭാഗവതിന്റെ പ്രതിപാദ്യമെങ്കിലും അത് ആരെയാണ് യഥാർത്ഥത്തിൽ ലക്ഷ്യംവയ്ക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ആർക്കും ബോധ്യപ്പെടും. ഭാഗവത് തന്റെ പ്രസംഗത്തിൽ മണിപ്പൂരിലെ സംഭവവികാസങ്ങളെ പരാമർശിച്ചതും യാദൃച്ഛികമല്ല. ‘മണിപ്പൂരിലെ തീ അണയ്ക്കുന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? സമാധാനത്തിനായിരിക്കണം മുൻഗണന.’ ഭാഗവതിന്റെ വിമർശനത്തിന്റെ മുന ആർക്കെതിരെയാണ് നീളുന്നതെന്നു വ്യക്തം. ആര്‍എസ്എസ് മേധാവിയുടെ ശബ്ദം ഒറ്റപ്പെട്ടതല്ലെന്നാണ് അവരുടെ പ്രസിദ്ധീകരണമായ ‘ഓർഗനൈസറി‘ന്റെ പുതിയ ലക്കത്തിൽ ഗതിമാറ്റത്തെപ്പറ്റി രത്തൻ ഷർദ എഴുതിയ ലേഖനവും സൂചിപ്പിക്കുന്നത്.
വ്യക്തികളുടെ അഹങ്കാരത്തിന്റെ മാത്രം പ്രശ്നമല്ല ഭരണനിർവഹണത്തെ നയിക്കുന്ന നയസമീപനങ്ങളാണ് ജനങ്ങളെ അസ്വസ്ഥമാക്കുന്നത്. 543 സീറ്റുകളിലും താൻതന്നെയാണ് സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചും, താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കും മുന്നണിക്കും ഉപരിയായി സ്വയം പ്രതിഷ്ഠിച്ചും, എല്ലാ പ്രശ്നപരിഹാരങ്ങൾക്കും സ്വയം ഗ്യാരന്റിയായി ഉയർത്തിക്കാട്ടിയുമാണ് മോഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന്റെ ഫലമാകട്ടെ നാണംകെട്ട പരാജയമായിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ കൂടാതെ അധികാരത്തിൽ തുടരാൻ ആവില്ലെന്നും, അതിനായില്ലെങ്കിൽ താൻ പ്രതിയോഗികൾക്കുനേരെ അഴിച്ചുവിട്ട അന്വേഷണ ഏജൻസികളെന്ന വേട്ടനായ്ക്കൾ തനിക്കും കൂട്ടാളികൾക്കുമെതിരെ തിരിയുമെന്ന തിരിച്ചറിവാണ് അധികാരം പങ്കുവയ്ക്കാൻ മോഡിയെ നിർബന്ധിതമാക്കിയത്. അതുതന്നെയാണ് മുന്നണി മര്യാദകൾ മാനിക്കാതെ നിധി കാക്കുന്ന ഭൂതത്തെപ്പോലെ സഖ്യകക്ഷികളെ അധികാരത്തിന്റെ അന്തഃപുരങ്ങളിൽനിന്നും അകറ്റിനിർത്താനുള്ള ശ്രമത്തിന്റെ പിന്നിലെ ചേതോവികാരം. സ്വേച്ഛാധിപത്യത്തിന്റെ രാത്രി ജനാധിപത്യത്തിന്റെ സൂര്യോദയത്തിന് നിശ്ചയമായും വഴിമാറുമെന്നാണ് ചരിത്രം നൽകുന്ന പാഠം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.