നാളെ ക്രിസ്‌മസാണ്. യേശുവിന്റെ പിറവി ലോകത്താകെയുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ചർച്ചുകൾ സന്ദർശിക്കുന്നതിന്റെയും ആശംസ നേരുന്നതിന്റെയും വാർത്തകൾ സംഘ്പരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നുമുണ്ട്. അതിനിടയിലാണ് കേരളത്തിലും ചിലയിടങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടയുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് ക്രിസ്മസ് ആഘോഷം തടയാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ തന്നെ ശ്രമിച്ചത്. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘമാണ് അതിക്രമം നടത്തിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള സംഘ്പരിവാറിന്റെ പങ്ക് സുവ്യക്തമാണ്. സാന്റാക്ലോസ് വേഷം അണിഞ്ഞ് വിദ്യാർത്ഥികളും അധ്യാപകരും കരോൾ നടത്തുന്നിനിടെയെത്തിയ വിഎച്ച്പി നേതാക്കൾ ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്. ആഘോഷത്തിന് നേതൃത്വം നൽകിയ അധ്യാപകരെ അസഭ്യം പറയുകയും ചെയ്തു. കുട്ടികൾക്ക് താല്പര്യമില്ലാതെ ഇത്തരം ആഘോഷങ്ങൾ പാടില്ലെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിൽ വിഎച്ച്പി ജില്ലാസെക്രട്ടറി കെ അനിൽകുമാർ, ബജറംഗ്ദൾ ജില്ലാ സംയോജക് വി സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പാലക്കാട് തന്നെ തത്തമംഗലം സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്ത സംഭവവുമുണ്ടായിരിക്കുന്നു. വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂടാണ് ഇന്നലെ തകർത്ത നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചത്തെ ആഘോഷത്തിൽ പങ്കെടുക്കാതിരുന്ന കുട്ടികൾക്ക് കാണുന്നതിനായി നിലനിർത്തിയ പുൽക്കൂടാണ് തകർക്കപ്പെട്ടത്. ഹീനമായ ഈ നടപടിക്കു പിന്നിൽ പ്രവർത്തിച്ചവരെയും ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻകാലങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് അപൂർവമായിരുന്നു ഇത്തരം കൃത്യങ്ങൾ. എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾ പല സ്കൂളുകളിലും സംഘടിപ്പിക്കുന്നത് കുട്ടികളിൽ മതസൗഹാർദ, സാഹോദര്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്. വർഗീയ ശക്തികളെ പടിക്കു പുറത്തുനിർത്തുന്നത് ഇത്തരം കൂട്ടായ്മകളിലൂടെ സൃഷ്ടിക്കപ്പെട്ട അവബോധത്തിലൂടെയാണ്. അതിൽ അസഹിഷ്ണുക്കളായ ഛിദ്രശക്തികളാണ് ഇത്തരം ചെയ്തികൾക്ക് പിന്നിലെന്നാണ് നല്ലേപ്പള്ളി സ്കൂളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഘടനാ ബന്ധത്തിലൂടെ വെളിവാകുന്നത്. എന്നാൽ ഇത് കേരളമാണ് മണിപ്പൂർ അല്ലെന്ന് ബോധ്യപ്പെടുത്തുന്ന വിധം പൊലീസ് നടപടിയുണ്ടായെന്നത് ശുഭകരമാണ്. കഴിഞ്ഞ വർഷം ക്രിസ്മസ് വേളയിലും ചർച്ചുകളിൽ അപ്രതീക്ഷിതമെന്ന് വരുത്തിയുള്ള സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി വാർത്തകളിൽ ഇടംനേടിയിരുന്നു. ഇത്തവണയും അത്തരം നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ മോഡിയുടെ ക്രൈസ്തവരോടുള്ള ആഭിമുഖ്യപ്രകടനം കാപട്യമാണെന്ന് തെളിയിക്കപ്പെടുകയാണ് പാലക്കാട്ടെ സംഭവത്തിലൂടെ. ഇവിടെ മാത്രമല്ല രാജ്യത്താകെ മോഡിയുടെ കാപട്യം തുറന്നുകാട്ടുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട ഉദാഹരണം മണിപ്പൂർതന്നെയാണ്. ലോകരാജ്യങ്ങളിൽ സന്ദർശനം നടത്തുകയും മതസൗഹാർദത്തെയും സാമുദായിക ഐക്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോഡി, മണിപ്പൂരിൽ സംഘർഷമുണ്ടായി ഒന്നരവർഷം പിന്നിട്ടിട്ടും അവിടമൊന്ന് സന്ദർശിക്കുവാൻ തയാറായില്ല.
എന്നുമാത്രമല്ല രാജ്യത്ത് ക്രൈസ്തവർക്കെതിരായി അതിക്രമങ്ങൾ കൂടുന്നുവെന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 745 അതിക്രമക്കേസുകൾ ഉണ്ടായെന്നാണ് റിപ്പോർട്ടിലുള്ളത്. മണിപ്പൂരിൽ ഏറ്റവും കൂടുതൽ അതിക്രമത്തിനിരയായ ക്രൈസ്തവവിശ്വാസികളുടെയും ചർച്ചുകളുടെയും കണക്കുകൾക്ക് പുറമേയാണിത്. 200ലധികം ദേവാലയങ്ങൾ ഇവിടെ തകർക്കപ്പെട്ടതായി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശിലാണ് ഏറ്റവുമധികം ആക്രമണങ്ങൾ ഉണ്ടായത്, 182. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢിൽ 163 സംഭവങ്ങളുണ്ടായി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയുമുണ്ടായി. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി ക്രൈസ്തവർ അക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്നു. ഈ സംസ്ഥാനങ്ങളിൽ പൊലീസും സർക്കാരും തങ്ങളുടെ രക്ഷയ്ക്കുണ്ട് എന്നതിനാലാണ് സംഘ്പരിവാർ അതിക്രമങ്ങൾ നടത്തുന്നത്. ക്രൈസ്തവർ മാത്രമല്ല മുസ്ലിം, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരും വേട്ടയ്ക്കിരയാകുന്നുണ്ട്. അതുതന്നെ കേരളത്തിലും ആവർത്തിക്കാനുള്ള ശ്രമം സർക്കാരും പൊതുസമൂഹവും ശക്തമായി ചെറുക്കുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ തങ്ങളുടെ രാഷ്ട്രീയ, സാമുദായിക അജണ്ട വിലപ്പോവില്ലെന്ന് സംഘ്പരിവാർ മനസിലാക്കണം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അപലപിച്ചു എന്നതുകൊണ്ട് ഇതിന്റെ പാപക്കറ മായ്ക്കാൻ അവർക്ക് സാധിക്കുകയുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.