23 December 2024, Monday
KSFE Galaxy Chits Banner 2

അധികാരത്തണലില്‍ വിദ്വേഷ പ്രസംഗകരുടെ വിളയാട്ടം

Janayugom Webdesk
February 9, 2023 5:00 am

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ അടുത്തടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതി ശക്തമായ നിലപാടുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കുന്നതില്‍ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. ഏറ്റവും ഒടുവില്‍ രാജ്യതലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തിയിട്ടും ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഡല്‍ഹി പൊലീസ് സന്നദ്ധമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന്റെ പലനടപടികളും ഏകപക്ഷീയവും വിഭാഗീയവുമാണെന്ന് വിവിധ കോടതികള്‍ തന്നെ നിരീക്ഷിച്ചിരുന്നതാണ്. 2019ല്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ കഴിഞ്ഞയാഴ്ച ഡല്‍ഹി പൊലീസിനെതിരെ കടുത്ത ഭാഷയിലാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പരാമര്‍ശങ്ങളുണ്ടായത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ പൊലീസ് ചിലരെ ബലിയാടുകളാക്കിയെന്ന് പറഞ്ഞ സാകേത് ജില്ലാ സെഷന്‍സ് കോടതി, ആള്‍ക്കൂട്ടത്തില്‍ കണ്ട ചിലരെ പ്രതികളും കുറച്ചാളുകളെ സാക്ഷികളുമാക്കിയെന്നും സാങ്കല്പികമായി കുറ്റപത്രം തയ്യാറാക്കിയെന്നും വിമര്‍ശിച്ചു. വിയോജിപ്പും കലാപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്നും ജഡ്ജി അരുള്‍ വര്‍മ ഓര്‍മ്മിപ്പിച്ചിരുന്നു.


ഇതുകൂടി വായിക്കു; ചരക്ക്-സേവന നികുതി വ്യവസ്ഥ പൊളിച്ചെഴുതണം


 

ഫെബ്രുവരി നാലിന് മുംബൈയില്‍ ഹിന്ദു ജാഗരണ്‍ ആക്രോശ് റാലിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്കിയിരുന്നു. തിങ്കളാഴ്ചയാണ് മറ്റൊരു ഹര്‍ജിയില്‍ വിദ്വേഷ പ്രസംഗങ്ങളോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് യുപി സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. മതേതര അടിത്തറയുള്ള രാജ്യത്ത് ഏതെങ്കിലും മതത്തിനെതിരെ വിദ്വേഷ പ്രസംഗമോ കുറ്റകൃത്യങ്ങളോ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. വിദ്വേഷ കുറ്റകൃത്യത്തിനെതിരെ നടപടിയെടുക്കാതിരിക്കുന്നത്, വളരെ അപകടകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നും അതിനെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നുമായിരുന്നു സുപ്രീം കോടതി ബെഞ്ചിന്റെ ശക്തമായ നിരീക്ഷണം. പക്ഷേ ആര്‍എസ്എസ്, സംഘ്പരിവാര്‍, ബിജെപി, ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന്നില്ല. ഇത്തരം സംഘടനകള്‍ നടത്തുന്ന പരിപാടികളുടെ പേരുകള്‍ പോലും വിദ്വേഷം നിറഞ്ഞതാണ്. മുംബൈയില്‍ കഴിഞ്ഞയാഴ്ച നടന്ന പരിപാടിക്ക് ആക്രോശ റാലിയെന്നാണ് പേരിട്ടത്. ഫെബ്രുവരി അഞ്ചിന് രാജ്യ തലസ്ഥാനത്ത് നടന്ന പരിപാടിക്ക് ഹിന്ദു പാര്‍ലമെന്റ് എന്നായിരുന്നു പേര്. ഇത്തരം പരിപാടികള്‍ നിരീക്ഷിച്ച്, വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടന്നാല്‍ നടപടിയെടുക്കുന്നതിന് പൊലീസ് സന്നദ്ധമാകുന്നില്ലെന്നതാണ് സ്ഥിതി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനു മാത്രമായി പ്രവര്‍ത്തിക്കുന്ന സുദര്‍ശന്‍ എന്ന പേരിലുള്ള ചാനലിന്റെ മേധാവി സുരേഷ് ചാവങ്കെ കഴിഞ്ഞ വര്‍ഷം മേയ് നാലിന് നടത്തിയ വിഷപ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണമോ അറസ്റ്റോ ഒന്നുമുണ്ടായില്ല.


ഇതുകൂടി വായിക്കു;  അഡാനിയുടെ ചീട്ടുകൊട്ടാരം തകരുമ്പോൾ


 

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഹിന്ദു പാര്‍ലമെന്റില്‍ കടുത്ത വിദ്വേഷം ചീറ്റുന്ന പ്രസംഗങ്ങളാണ് നടന്നത്. എന്നാല്‍ എന്തെങ്കിലും നടപടിയുണ്ടായില്ല. സുരേഷ് ചാവങ്കെയുടെയും സ്വയംപ്രഖ്യാപിത ആള്‍ ദൈവം ധീരേന്ദ്ര ശാസ്ത്രിയുടെയും അനുയായികളാണ് രാജ്യതലസ്ഥാനത്തെ വിദ്വേഷ പരിപാടി സംഘടിപ്പിച്ചത്. അവര്‍ നേരിട്ട് പങ്കെടുത്തില്ല. എന്നാല്‍ സുരേഷ് ചാവങ്കെ നടത്തിക്കൊണ്ടിരിക്കുന്നതിനെക്കാള്‍ കടുത്ത പരാമര്‍ശങ്ങളാണ് ഡല്‍ഹിയിലുണ്ടായത്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും ധീരേന്ദ്ര ശാസ്ത്രിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നല്കണമെന്നും ആവശ്യമുയര്‍ത്തി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും രാമചന്ദ്രമാനസ് ദേശീയ പുസ്തകമാക്കണമെന്നും ആഹ്വാനമുണ്ടായി. രാമചന്ദ്രമാനസിനെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന നിതീഷ് കുമാറിനെയും അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിച്ച് പ്രസംഗിച്ച ഭക്ത ഹരി, ‘ബ്രിട്ടീഷുകാരും കോണ്‍ഗ്രസുകാരും ക്രിസ്ത്യാനികളും ഇന്ത്യയെ വിഭജിച്ചു, മുസ്ലിങ്ങള്‍ കൊല്ലണമെന്ന് പറയുന്നു, ക്രിസ്ത്യാനികളും അതുതന്നെ പറയുന്നു’ എന്ന് പ്രസ്താവിക്കുകയും ‘നിങ്ങള്‍ എപ്പോഴാണ് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊല്ലുക’യെന്ന് പരസ്യമായി ചോദിക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗം സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയ സുപ്രീം കോടതി മുസ്ലിങ്ങളോട് പക്ഷം പിടിക്കുന്നുവെന്നും പ്രസ്തുത പരിപാടിയില്‍ പ്രസംഗമുണ്ടായി. എന്നാല്‍ പരിപാടിയുടെ മുന്നോടിയായി ട്വിറ്ററില്‍ വന്ന ചില പോസ്റ്റുകള്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുക മാത്രമാണ് ഡല്‍ഹി പൊലീസ് ചെയ്തത്. പരമോന്നത കോടതിയെ പോലും ധിക്കരിക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരുകളുടെ പൊലീസ് സ്വീകരിക്കുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ആ തണലിലാണ് വിദ്വേഷ പ്രസംഗകര്‍ വിഷംചീറ്റി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.