21 November 2024, Thursday
KSFE Galaxy Chits Banner 2

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ബിജെപിയുടെ ഇരട്ടത്താപ്പ്

Janayugom Webdesk
September 20, 2024 5:00 am

‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ’ എന്ന മുദ്രാവാക്യം വീണ്ടും പൊടിതട്ടിയെടുക്കുന്നതിന്റെ പിന്നിൽ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടുകയും സാങ്കല്പിക ആശയങ്ങളുടെ ചർച്ചയിൽ രാഷ്ട്രീയത്തെ തളച്ചിടുകയുമാണ് ബിജെപിയുടെ ലക്ഷ്യം. ലോക്‌സഭ മുതൽ പഞ്ചായത്തുവരെ രാജ്യത്തെ തെരഞ്ഞെടുപ്പുകളെ ഒരു നിശ്ചിത സമയക്രമത്തിൽ ഒതുക്കി നടത്തുക എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ടവിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. തെരഞ്ഞെടുപ്പ് ചെലവുകൾ ചുരുക്കാനും വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് വഴി കഴിയുമെന്നാണ് മോഡിയുടെയും ബിജെപിയുടെയും വാദം. കഴിഞ്ഞ 77 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രമാകെ പരിശോധിച്ചാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പണക്കൊഴുപ്പിന്റെ മത്സരമാക്കി മാറ്റുന്നതിൽ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും ബഹുദൂരം പിന്നിലാക്കിയതിന്റെ ബഹുമതി മോഡിക്കും ബിജെപിക്കും അവകാശപ്പെട്ടതാണെന്ന് കാണാനാവും. തെരഞ്ഞെടുപ്പ് നടത്തിപ്പിന് തെരഞ്ഞെടുപ്പ് കമ്മിഷൻ വഴി ചെലവിടുന്ന പണത്തിൽ, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പുവഴി അല്പം കുറവ് വരുത്താൻ കഴിഞ്ഞേക്കുമെന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ പല രാഷ്ട്രീയ പാർട്ടികളും കാഴ്ചവയ്ക്കുന്ന പണക്കൊഴുപ്പ് നിയന്ത്രിക്കാൻ നിർദിഷ്ട പരിഷ്കാരം വഴി കഴിയുമെന്നത് കേവല വ്യാമോഹം മാത്രമായിരിക്കും. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെപ്പറ്റി നാളിതുവരെ പാർലമെന്റിന്റെയും രാഷ്ട്രത്തിന്റെയും പരിഗണനയ്ക്കുവന്ന പണക്കൊഴുപ്പിന്റെ വിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ നിർദേശങ്ങൾ രാജ്യത്തെ രാഷ്ട്രീയ വൈവിധ്യത്തെ അപ്പാടെ നിഷേധിക്കുന്നതും ഫെഡറൽ സങ്കല്പങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യംവച്ചുള്ളതുമാണ്. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോഡിയുടെയും ബിജെപിയുടെയും എല്ലാ കണക്കുകൂട്ടലുകൾക്കും കനത്ത തിരിച്ചടിയായി മാറിയ പശ്ചാത്തലത്തിൽ തുടർന്ന് തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പുവഴി കഴിഞ്ഞേക്കുമെന്ന വ്യാമോഹമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമല്ലെന്ന് മറ്റാരെക്കാളും ഉത്തമ ബോധ്യം അതിന്റെ ഉപജ്ഞാതാക്കൾക്ക് ഉണ്ടെന്നാണ് ഇ­പ്പോ­ൾ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ അവലംബിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം ഭാഗികമായെങ്കിലും നടപ്പാക്കാനുള്ള അവസരമായിരുന്നു ജമ്മു കശ്മീരിനും ഹരിയാനയ്ക്കും ഒപ്പം മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പുകൾ കൂടി നടത്തുക എന്നത്. അ­തിന് പ്രതിപക്ഷ പാർട്ടികൾ ഒരുതരത്തിലും തടസമാകേണ്ട കാരണങ്ങൾ ഒന്നുംതന്നെ ഉ­ണ്ടാ­യിരുന്നില്ല. ആ ര­ണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ തങ്ങൾക്ക് അനുകൂലമാവില്ലെന്ന ബോധ്യമാണ് അതിൽനിന്നും ഭരണകക്ഷിയെ പിന്തിരിപ്പിച്ചതെന്നു വ്യക്തം. ഒറ്റത്തെരഞ്ഞെടുപ്പ് എ­ന്ന ആശയത്തിന് പിന്നിലെ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. ഒറ്റത്തെരഞ്ഞെടുപ്പെന്ന തങ്ങളുടെ ആശയം നടപ്പാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ ആവശ്യമാണെന്നിരിക്കെ അതിനുള്ള അംഗബലം സ്വന്തമായി ബിജെപിക്കോ എൻഡിഎ സഖ്യത്തിനോ ഇല്ലെന്ന വസ്തുതയും അവർക്ക് മുന്നിലുണ്ട്. ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. പകുതി നിയമസഭകളുടെ അംഗീകാരം കൂടാതെ ഒറ്റത്തെരഞ്ഞെടുപ്പ് പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമാകില്ല. മാത്രമല്ല പ്രതിപക്ഷ പാർട്ടികൾ ഏതാണ്ട് ഒന്നടങ്കം ഒരുതെരഞ്ഞെടുപ്പ് എന്ന ആശയത്തോടും നിർദേശത്തോടുമുള്ള ശക്തമായ എതിർപ്പ് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ വിഷയത്തിൽ രാഷ്ട്രീയ സമവായം അസാധ്യവുമാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രാരംഭ ദശകങ്ങളിൽ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു നിലനിന്നിരുന്നത്. രാഷ്ട്രത്തിൽ പൊതുവിലും സംസ്ഥാനങ്ങളിൽ വിശേഷിച്ചും വളർന്നുവന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇന്നത്തെ രീതിയിലേക്ക് തെരഞ്ഞെടുപ്പുകൾ മാറാൻ ഇടയാക്കിയത്. രാജ്യത്തുണ്ടായതും പിൽക്കാലത്ത് ശക്തിയാർജിച്ചതുമായ രാഷ്ട്രീയ സംസ്കാരത്തെ പഴയതോ പുതിയതോ ആയ സമ്പ്രദായത്തിൽ, നിയമനിർമ്മാണത്തിലൂടെ ഏകീകരിക്കാമെന്ന ആശയവും ചിന്തയും അതിന്റെ വക്താക്കളുടെ രാഷ്ട്രീയ അപക്വതയാണ് തുറന്നുകാട്ടുന്നത്. 

തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ പേരിൽ ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം വിറ്റഴിക്കാൻ നോക്കുന്നവർ ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈവിധ്യത്തെയും ഊർജസ്വലതയെയും അവഗണിച്ച് രാജ്യത്തെ തീവ്രഹിന്ദുത്വ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതകളെ അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പിന്റെയും പേശിബലത്തിന്റെയും പിടിയിൽനിന്ന് വിമോചിപ്പിക്കുന്ന പരിഷ്കാരങ്ങളാണ് ഇന്ന് രാജ്യത്തിന് ആവശ്യം. തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പിന്റെ ദുഃസ്വാധീനത്തിൽനിന്ന് മോചിപ്പിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂർണമായും രാഷ്ട്രത്തിന്റെ പൊതുചെലവിൽ കൊണ്ടുവരാനാണ് അടിയന്തര നടപടി സ്വീകരിക്കേണ്ടത്. ബിജെപിയെ അധികാരത്തിലേറ്റിയതും അതിൽ നിലനിർത്തുന്നതും അതിസമ്പന്നരുടെയും കോർപറേറ്റുകളുടെയും പണക്കൊഴുപ്പാണ്. തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ സുപ്രീം കോടതി ആ ധനസമാഹരണത്തിന്റെ ഭരണഘടനാ വിരുദ്ധത വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളെ പണക്കൊഴുപ്പിന്റെ പിടിയിൽനിന്നും മോചിപ്പിക്കുകയും ആനുപാതിക ജനപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതുമായ പരിഷ്കാരങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തെ അർത്ഥപൂർണമാക്കി മാറ്റാൻ ആവശ്യമായ അടിയന്തര നടപടി. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.