
ലോകപ്രശസ്ത ഹിന്ദി പണ്ഡിതയും ലണ്ടൻ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ് പ്രൊഫസറുമായ ഫ്രാഞ്ചെസ്ക ഒർസിനിയ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് മോഡി സർക്കാർ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ചൈനയിൽ ഒരു അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്തതിന് ശേഷമാണ് ഹോങ്കോങ്ങിൽ നിന്ന് അവർ ഡൽഹിയിൽ എത്തിയത്. സാധുവായ വിസ കയ്യിലുള്ളപ്പോഴാണ് അവർക്ക് ഈ ദുരനുഭവമുണ്ടായത്. കാരണങ്ങളൊന്നും പറയാതെ തന്നെ തിരിച്ചയച്ചുവെന്നാണ് ഒർസിനിയ പറഞ്ഞത്. തന്നെ തിരിച്ചയച്ചെന്ന് മാത്രമേ തനിക്കറിയൂ എന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്. ഇറ്റലിയിലെ വെനീസ് സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയ ഒർസിനി, ന്യൂഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദിയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലും പഠിച്ചിരുന്നു. ഇന്ത്യൻ ഭാഷ, സംസ്കൃതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ച വ്യക്തിയാണ് ഒർസിനിയ. അവരെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും തിരിച്ചുപോകണമെന്ന് അറിയിക്കുകയും ചെയ്തത്. ഇന്ത്യയുടെ ജീവിത യാഥാർത്ഥ്യങ്ങളും മോഡി സർക്കാരിന്റെ സാമൂഹ്യ സാംസ്കാരിക നയങ്ങളും വിമർശിക്കപ്പെടുമെന്ന ഭയത്തിൽ നിന്നാണ് ഇത്തരം നിലപാടുകൾ ഉണ്ടാകുന്നതെന്ന വിമർശനമാണ് ഒർസിനിയ്കെതിരായ നടപടിയിൽ ഉയരുന്നത്. വ്യക്തമായ കാരണം അറിയിക്കാതെയുള്ള തിരിച്ചയയ്ക്കലിനെതിരെയാണ് പ്രതിഷേധമുയർന്നത്. അവരുടെ വിസയും യാത്രോദേശ്യവും പൊരുത്തപ്പെടുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിച്ചതെന്നാണ് മാധ്യമവാർത്തകളിലുള്ളത്. സുഹൃത്തുക്കളെ കാണാൻ വിനോദ സഞ്ചാരിയുടെ വിസയിലാണ് അവരെത്തിയത്. മുൻകാല വിസാലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇതേ വിസയിലെത്തി അവർ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും അത് വ്യവസ്ഥാ ലംഘനമാണെന്നും ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു. ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നേരത്തെ ഇക്കാര്യം അവരെ അറിയിക്കാതിരുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. ഇതുപോലെ യാത്ര നിഷേധിക്കപ്പെട്ട ആദ്യ വ്യക്തിയല്ല എന്നിടത്താണ് ഒർസിനിയയുടെ തിരിച്ചയയ്ക്കലിന് രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. 2021ൽ, കോവിഡ് മഹാമാരിക്കാലത്ത് ആഗോള യാത്രകൾ വിലക്കിയിരുന്ന ഘട്ടത്തിൽ വിദേശ വിദ്യാഭ്യാസ വിചക്ഷണരെ ഓൺലൈൻ സെമിനാറുകളിലും യോഗങ്ങളിലും പങ്കെടുപ്പിക്കുന്നത് പോലും നിയന്ത്രിക്കുന്നതിന് മോഡി സർക്കാരിൽ നിന്ന് ശ്രമങ്ങളുണ്ടായിരുന്നു. മുൻകൂർ അനുമതി ലഭിച്ചവരെ മാത്രമേ ഓൺലൈനായി പോലും പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നായിരുന്നു നിർദേശമുണ്ടായത്. ഇതുകൂടാതെ നിരവധി പേരെ ഇന്ത്യയിൽ ഇത്തരം ഉദ്ദേശ്യങ്ങളോടെ കൊണ്ടുവരുന്നത് വിലക്കുകയും ചെയ്തിരുന്നു.
2022 മാർച്ചിൽ, ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നരവംശ ശാസ്ത്രജ്ഞ ഫിലിപ്പോ ഒസെല്ലയെ തടഞ്ഞ് തിരിച്ചയച്ചത് വലിയ വിവാദമായിരുന്നതാണ്. അതേ വർഷംതന്നെ ബ്രിട്ടീഷ് ആർക്കിടെക്ചർ പ്രൊഫ. ലിന്റ്സെ ബ്രെംനറെയും നാടുകടത്തി. പ്രത്യേകിച്ച് കാരണങ്ങൾ വ്യക്തമാക്കാതെ വിസാ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് പറഞ്ഞായിരുന്നു തിരിച്ചയച്ചത്. ഏത് വ്യവസ്ഥയാണ് ലംഘിച്ചതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുകയുമുണ്ടായില്ല. 2024ൽ, കർണാടക സർക്കാർ സംഘടിപ്പിച്ച ഒരു സമ്മേളനത്തിനായി എത്തിയ യുകെ ആസ്ഥാനമായുള്ള കശ്മീരി വിദ്യാഭ്യാസ പ്രവർത്തക നിതാഷ കൗളിന് ബംഗളൂരു വിമാനത്താവളത്തിൽ വച്ച് പ്രവേശനം നിഷേധിച്ചു. തുടർന്ന് കൗളിന്റെ ഒസിഐ കാർഡും റദ്ദാക്കി. ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയത്തെ വിമർശിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള അക്കാദമിക്, സമൂഹമാധ്യമ വിമർശകനായ അശോക് സ്വെയ്നിന്റെ ഒസിഐ കാർഡും റദ്ദാക്കിയിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിച്ച സ്വെയ്ൻ അവിടെ നിന്ന് ആശ്വാസവിധി സമ്പാദിക്കുകയായിരുന്നു. ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന വിദേശികളും സ്വദേശികളുമായ വിദ്യാഭ്യാസ പ്രവർത്തകർ, വിചക്ഷണർ എന്നിവർക്കെതിരായ ഇത്തരം നടപടികൾ സർക്കാരിന്റെ അസഹിഷ്ണുതയുടെ തെളിവ് തന്നെയാണ്. രാജ്യത്തിനകത്താണെങ്കിൽ ഈ വിഭാഗത്തിൽപ്പെടുന്നവരെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്. എത്രയോ ആളുകൾ സർക്കാർ വിമർശനത്തിന്റെ പേരിൽ ജയിലിൽ കഴിയുകയാണ്. ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിൽ ഒരു ഡസനിലധികം വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യ പ്രവർത്തകരും ഇപ്പോഴും ജയിലിലാണ്. സാഹിത്യ സൃഷ്ടികൾ, സിനിമകൾ, നാടകങ്ങൾ എന്നിങ്ങനെ നിരോധിക്കപ്പെടുകയോ സെൻസർ ചെയ്യപ്പെടുകയോ ചെയ്യപ്പെട്ട അനവധി സംഭവങ്ങളുമുണ്ടാകുന്നു. സംഘ്പരിവാർ സംഘടനകളുടെ ആരോപണങ്ങളോ പരാതികളോ ഉണ്ടായാൽ നടപടിയെടുക്കുന്ന പ്രവണത തെരുവുകളിലും കാമ്പസുകളിലും വ്യാപകമായി തുടരുകയുമാണ്. പല സർവകലാശാലകളിലും ഇപ്പോൾ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും മാത്രമല്ല, സാഹിത്യസമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവയ്ക്കുപോലും മുൻകൂർ അനുമതി ആവശ്യമാണെന്ന സ്ഥിതിയാണ്. രാജ്യത്ത് നിലനിൽക്കുന്ന സാംസ്കാരിക അടിയന്തരാവസ്ഥയുടെ അടയാളങ്ങൾ തന്നെയാണ് ഇവയെല്ലാം. അതിലൊന്നാണ് ഒർസിനിയക്കെതിരായ നടപടിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.