
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികള്‍ക്ക് ജീവഹാനിയുണ്ടായ ഭീകരാക്രമണത്തിന്റെ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ട സംശയത്തിനും ആശങ്കയ്ക്കും ഉത്തരമുണ്ടായിരിക്കുന്നു. സുരക്ഷാ സംവിധാനത്തിൽ ഗുരുതര വീഴ്ചയുണ്ടായിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നതാകട്ടെ കേന്ദ്ര ഭരണത്തിന്റെ പ്രതിപുരുഷനായി പ്രതിഷ്ഠിക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണറും. രാജ്യത്ത് ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെയാകെ ശ്വാസം മുട്ടിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ജമ്മു കശ്മീർ. ആ സുരക്ഷാ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഭീകരർക്ക് ആയുധങ്ങളുമായി രാജ്യത്ത് കടന്നുകയറി 26 മനുഷ്യരെ വെടിവച്ചുകൊല്ലുന്നതിന് സാധിച്ചതെങ്ങിനെയെന്നായിരുന്നു ഉന്നയിക്കപ്പെട്ട പ്രധാന ചോദ്യം. ദിവസങ്ങൾക്ക് മുമ്പ് അതിർത്തി കടന്ന് സ്ഥലത്തെത്തുകയും പ്രദേശവാസികളുടെ പിന്തുണയോടെ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനാകാതെ പോയ ഇന്റലിജൻസ് സംവിധാനത്തിന്റെ വീഴ്ചയും ദൗർബല്യങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. പക്ഷേ ആ ഒരുഘട്ടത്തിൽ ആ സംശയങ്ങളിൽ തൂങ്ങി നിൽക്കുന്നതിന് പകരം അതിർത്തി കടന്നെത്തി രാജ്യത്തെ അസ്ഥിരീകരിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു പൗരന്മാരാകെ ചെയ്തത്. ബിജെപിയുടെ കേന്ദ്ര സർക്കാരിനൊപ്പം എല്ലാ രാഷ്ട്രീയകക്ഷികളും കൈകൾ കോർത്തു നിലകൊണ്ടു. പക്ഷേ എല്ലാവരെയും വിശ്വാസത്തിലെടുക്കാതെയും ഉൾക്കൊള്ളാതെയുമുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. യുദ്ധം പൊടുന്നനെ നിർത്തിയതും സംശയങ്ങൾക്കിടയാക്കി. അക്കാര്യത്തിൽ വ്യക്തമായ മറുപടി ഉന്നതതലങ്ങളിൽ നിന്നുണ്ടായില്ലെന്നതും സംശയങ്ങൾ അവശേഷിപ്പിച്ചു.
ആ സംശയങ്ങൾക്കാണ് ഇപ്പോൾ ഉത്തരമുണ്ടായിരിക്കുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിലേയ്ക്ക് നയിച്ചത് നിസംശയമായും ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നുവെന്നാണ് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണയെ കുറിച്ചാണ് മനോജ് സിൻഹ പിന്നീട് വിശദീകരിക്കുന്നത്. 2019ൽ പുൽവാമയിൽ ഭീകരാക്രമണമുണ്ടായി സൈനികർക്ക് വീരമൃത്യു ഉണ്ടായ സംഭവത്തിനുശേഷം ലഫ്റ്റനന്റ് ഗവർണറായിരുന്ന സത്യപാൽ മാലിക്കും സമാനമായ ആരോപണമുന്നയിച്ചിരുന്നു. മനോജ് സിൻഹയിൽ നിന്ന് വ്യത്യസ്തമായി ഗുരുതര ആരോപണങ്ങളാണ് 2023 ഏപ്രിലിൽ സത്യപാൽ മാലിക് ഉന്നയിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയ സത്യപാൽ മാലിക് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അത് ആരോടും പറയാതെ മറച്ചുപിടിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടതെന്ന ഗുരുതരമായ ആരോപണവുമുന്നയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇക്കാര്യം ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. 300 കിലോഗ്രാം ആർഡിഎക്സ് പാകിസ്ഥാനിൽ നിന്ന് കൊണ്ടുവന്ന് സുരക്ഷിതമായി ഒളിപ്പിക്കാൻ ഭീകരർക്ക് എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ല, രണ്ടാഴ്ചയോളം ഇത്രയും സ്ഫോടകവസ്തുക്കൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ സൂക്ഷിക്കാൻ കഴിഞ്ഞുവെങ്കിൽ അത് സുരക്ഷാ വീഴ്ചയുടെ ഫലമാണെന്നും വിശദീകരിച്ച മാലിക് 2019ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം സൈനികരുടെ രക്തംകൊടുത്ത് നേടിയതാണെന്നുവരെ കടത്തിപ്പറയുകയും ചെയ്തു.
സമാന വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവർണറിൽ നിന്നുണ്ടായിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിനുശേഷം ശക്തമായ തിരിച്ചടി നൽകിയെങ്കിലും അതിൽനിന്ന് വ്യത്യസ്തമായി പഹൽഗാം സംഭവത്തിനുശേഷം അത് യുദ്ധത്തിലേക്കും തുടർ നടപടികളിലേക്കും നയിച്ചുവെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മാത്രവുമല്ല ഏപ്രിൽ 22നുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ഭീകരനെ പോലും മൂന്നുമാസം പിന്നിട്ടിട്ടും പിടികൂടാൻ ഒരു ഏജൻസിക്കും സാധിച്ചിട്ടില്ലെന്നതും ഓർക്കേണ്ടതാണ്. ഈ സാഹചര്യങ്ങൾ അത്ര ലളിതമായി കാണേണ്ടതല്ല. കൂടാതെ ഭീകരതയ്ക്കെതിരായ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കുന്നതിന് വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെ നിയോഗിക്കേണ്ടിയും വന്നിരുന്നു ഇന്ത്യക്ക്. അതിനാൽ കേവലം വെളിപ്പെടുത്തലിൽ തീരേണ്ടതല്ല ഈ വീഴ്ച. ഒരു രാജ്യത്തെ യുദ്ധത്തിന് നിർബന്ധിതമാക്കുകയും അതുവഴി ഭീമമായ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരികയും ചെയ്ത വിഷയവുമാണ്. രാജ്യസുരക്ഷയും ദേശാഭിമാനബോധവും കേവലം അവകാശവാദങ്ങൾക്കപ്പുറം മോഡി സർക്കാരിന് ഒന്നുമല്ലെന്ന് വ്യക്തമാവുകയാണ് ഈ വെളിപ്പെടുത്തലിലൂടെ. അതുകൊണ്ട് ലഫ്റ്റനന്റ് ഗവർണർ ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് അവസാനിപ്പിക്കേണ്ട പ്രശ്നമല്ല ഇത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ പരിപാലിക്കുന്നതിൽ, 11 വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും തെളിയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.