30 December 2024, Monday
KSFE Galaxy Chits Banner 2

പെൻഷൻ പേരുമാറ്റുകയല്ല, അവകാശമായി നൽകണം

Janayugom Webdesk
August 27, 2024 5:00 am

സർക്കാർ ജീവനക്കാരുടെ അവകാശമായിരുന്ന നിയമപരമായ പെൻഷൻ പദ്ധതിക്ക് പകരം 2004ൽ അധികാരത്തിലിരുന്ന എ ബി വാജ്പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നടപ്പിലാക്കുകയുണ്ടായി. തൊഴിലാളികളുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുകയെന്ന ഉദാരവൽക്കരണ നയങ്ങളുടെ സന്തതി കൂടിയായിരുന്നു ഈ പദ്ധതി. കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ പെൻഷൻ ബാധ്യത, വരുമാനത്തിന്റെ വലിയ ഭാഗം അപഹരിക്കുന്നു എന്നായിരുന്നു അതിന് കാരണമായി പറഞ്ഞത്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ റവന്യു വരുമാനത്തിന്റെ ആറ് മുതൽ 21 ശതമാനം വരെയാണ് പെൻഷൻ നൽകുന്നതിനായി നീക്കിവയ്ക്കേണ്ടിവന്നിരുന്നത്. സർക്കാരുകളുടെ ബാധ്യത കുറയ്ക്കുന്നതിന് ജീവനക്കാരന്റെ വിഹിതം ഉറപ്പാക്കിയായിരുന്നു പുതിയ പെൻഷൻ പദ്ധതി. ഈ തുക ഓഹരിവിപണിയിൽ നിക്ഷേപിച്ചു നേടുന്ന ലാഭത്തെ ആശ്രയിച്ചാണ് പെൻഷൻ തുകയും ആനുകൂല്യങ്ങളുമെല്ലാം എന്ന നിലയിലാണ് എൻപിഎസിന്റെ രൂപകല്പനയുണ്ടായത്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ ജീവനക്കാരും എൻപിഎസിനെതിരായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിർബന്ധത്തെത്തുടർന്ന് സംസ്ഥാന ജീവനക്കാർക്കും ഈ പദ്ധതി നടപ്പിലാക്കപ്പെടുകയാണുണ്ടായത്. ശക്തമായ എതിർപ്പുയർന്നപ്പോള്‍ ബിജെപി ഇതര ഭരണമുള്ള ചില സർക്കാരുകൾ പഴയ പെൻഷൻ പദ്ധതിയിലേ‌ക്ക് തിരിച്ചുപോയി. കേരളം പഴയ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും ചെയ്തില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. കേന്ദ്ര ബിജെപി സർക്കാരും കഴിഞ്ഞ വർഷം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 

എൻപിഎസ് നടപ്പിലായി രണ്ട് പതിറ്റാണ്ട് പൂർത്തിയാകുകയും ചിലരെങ്കിലും വിരമിച്ച് ആനുകൂല്യങ്ങൾ ലഭിച്ചുതുടങ്ങുകയും ചെയ്തപ്പോഴാണ് എൻപിഎസിന്റെ പൊള്ളത്തരം കൂടുതൽ ബോധ്യമായത്. കേവലം 4,000–5,000 രൂപ വീതമാണ് ജീവനക്കാർക്ക് പെൻഷനായി ലഭിച്ചിരിക്കുന്നത്. അതേസമയം പഴയ പദ്ധതിയനുസരിച്ചുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോൾത്തന്നെ പഴയ പദ്ധതിയി‌ലേക്ക് പോകാനിടയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും എൻപിഎസ് മുഖേനയുള്ള പെൻഷൻ തുകയും ആനുകൂല്യങ്ങളും തുച്ഛമാണെന്ന് വന്നതോടെ ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം വീണ്ടും ശക്തമായതുകൊണ്ടാണ് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) യെന്ന പേരിൽ മറ്റൊരു പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ എൻപിഎസിനെക്കാൾ ആകർഷകമെന്ന് തോന്നുമെങ്കിലും ജീവനക്കാരെ സംബന്ധിച്ച് നിരവധി ആശങ്കകളാണ് യുപിഎസ് സംബന്ധിച്ച് ഉയർന്നിട്ടുള്ളത്. പെൻഷൻ എന്നത് വിരമിച്ചതിനുശേഷം നൽകുന്നതിനായി മാറ്റിവയ്ക്കപ്പെട്ട വേതനമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. അത് ഉടമകളുടെ ഉത്തരവാദിത്തമാണ്. ഇതിൽ നിന്ന് മാറി വിരമിച്ചതിനുശേഷം പെൻഷൻ ലഭിക്കണമെങ്കിൽ ജീവനക്കാരുടെ വിഹിതവും വേണമെന്ന വ്യവസ്ഥയോടെയാണ് എൻപിഎസ് നടപ്പിലാക്കിയത്. അതേ രീതിയിൽ പങ്കാളിത്ത പദ്ധതിയായാണ് യുപിഎസും നടപ്പിലാക്കപ്പെടുന്നത് എന്നതാണ് പ്രധാന ആശങ്ക. 10,000 രൂപ കുറഞ്ഞ പെൻഷൻ ഉറപ്പുനൽകുന്നുണ്ടെങ്കിലും സർക്കാർ — ജീവനക്കാരുടെ വിഹിതം നിക്ഷേപിക്കപ്പെടുന്നത് വിപണിയിലായിരിക്കുമെന്നതിനാൽ അവിടെയുണ്ടാകുന്ന ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റക്കുറച്ചിലുകൾ തുക നിർണയിക്കുന്നതിനെ ബാധിക്കുമെന്നതാണ് മറ്റൊരാശങ്ക. 

പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) യിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇല്ലെന്നതിനാലാണ് എൻപിഎസ് പിൻവലിക്കണമെന്ന ആവശ്യമുയർന്നത്. പഴയ പദ്ധതി പ്രകാരം പെൻഷൻ തുകയുടെ 40 ശതമാനം വരെ മുൻകൂറായി വാങ്ങുന്നതിനും 15 വർഷത്തിനുശേഷം ഈ തുക കൂടി ചേർത്തുള്ള പെൻഷൻ ലഭ്യമാകുന്നതിനും സാധിക്കുമായിരുന്നു. 80 വയസിന് ശേഷമുള്ള 20 ശതമാനം പെൻഷൻ വര്‍ധന, ഓരോ അഞ്ച് വർഷത്തിലും ശമ്പള കമ്മിഷനു ശേഷം പെൻഷൻ, കുടുംബ പെൻഷൻ പരിഷ്കരണം എന്നിവയുമുണ്ടായിരുന്നു. എൻപിഎസിൽ ഇതൊന്നുമില്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പഴയ പദ്ധതി തന്നെ വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്. അത് പരിഗണിക്കാതെ ഏകീകൃതമെന്ന പേരിൽ എൻപിഎസിനെ പുനരവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. മാത്രമല്ല പുതിയ പദ്ധതി പ്രകാരം വലിയൊരു കോർപറേറ്റ് സഹായം കൂടി മോഡി അവതരിപ്പിക്കുന്നുണ്ട്. പെൻഷൻ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം 14ൽ നിന്ന് 18.5 ശതമാനമായി വർധിപ്പിച്ചിരിക്കുന്നു എന്നതാണത്. പെൻഷന്റേത് എന്ന പേരിൽ ഓഹരി വിപണിക്ക് നൽകാവുന്ന കേന്ദ്രവിഹിതം വർധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. എൻപിഎസിനായി ആറ് ലക്ഷം കോടിയിലധികം രൂപ നിലവിൽ സമാഹരിച്ചിട്ടുണ്ട്. ഈ തുക വർധിപ്പിച്ച് വിപണി ചൂതാട്ടത്തിന് നൽകുന്നത് കോർപറേറ്റുകൾക്ക് വലിയ സഹായമാകുമെന്നുറപ്പാണ്. തങ്ങളുടെ അവകാശമായ പെൻഷൻ വിപണിയുടെ ഔദാര്യത്തിന് വിട്ടുള്ള പദ്ധതിയല്ല ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ യുപിഎസ് എന്ന പേരുമാറ്റമല്ല, പഴയ പദ്ധതിയിലെ ആനുകൂല്യങ്ങളെല്ലാം പുനഃസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. 

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.