23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യയിലെ ദാരിദ്ര്യവും രണ്ട് റിപ്പോര്‍ട്ടുകളും

Janayugom Webdesk
January 17, 2024 5:00 am

ലോകത്തെയും ഇന്ത്യയിലെയും സാമ്പത്തിക അസമത്വം, ബഹുമുഖ ദാരിദ്ര്യം എന്നിവ സംബന്ധിച്ച രണ്ട് പ്രധാനപ്പെട്ട പഠനറിപ്പോർട്ടുകൾ തിങ്കളാഴ്ച പുറത്തുവരികയുണ്ടായി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തോട് (വേൾഡ് ഇക്കണോമിക് ഫോറം-ഡബ്ല്യുഇഎഫ്) ബന്ധപ്പെട്ട് ഓക്സ്ഫാം പ്രസിദ്ധീകരിച്ച ലോക തീവ്ര അസമത്വ റിപ്പോർട്ടും ഇന്ത്യയുടെ നിതി ആയോഗിന്റെ ബഹുമുഖദാരിദ്ര്യത്തിൽ നിന്നും പുറത്തുകടന്നവരെ സംബന്ധിച്ച കണക്കുകളുമാണ് അവ. രണ്ടും ഇന്ത്യയിലെ സാമാന്യജനങ്ങളെ സംബന്ധിച്ച് തികച്ചും പരസ്പരവിരുദ്ധമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. ജനങ്ങൾ അനുഭവിക്കുന്ന തീവ്ര അസമത്വത്തിന്റെ ചിത്രം വ്യക്തമാക്കുന്ന ഓക്സ്ഫാം റിപ്പോർട്ട് ലോകത്തെ അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്ഘടനയിൽ നിലനിൽക്കുന്ന അങ്ങേയറ്റത്തെ അസമത്വത്തെ പ്രതിപാദിക്കുമ്പോൾ നിതി ആയോഗാവട്ടെ രാജ്യത്തെ ജനസംഖ്യയിൽ 24.82 കോടി കഴിഞ്ഞ ഒമ്പതുവർഷത്തെ മോഡിഭരണത്തിൽ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നും മോചിതരായതായാണ് അവകാശപ്പെടുന്നത്. ഓക്സ്ഫാം റിപ്പോർട്ട് സംബന്ധിച്ച മോഡിസർക്കാരിന്റെ പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, നിതി ആയോഗിന്റെ കണ്ടെത്തലുകൾ സംബന്ധിച്ച നിഗമനങ്ങളിൽ സംശയം പ്രകടിപ്പിക്കുന്ന വിലയിരുത്തലുകൾ പല പ്രമുഖ സാമ്പത്തിക വിദഗ്ധരും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് സ്വാഭാവികമായും നിതി ആയോഗിന്റെ റിപ്പോർട്ടുകൾ സംബന്ധിച്ച് പൊതുജനങ്ങളിലും സാമ്പത്തിക വിദഗ്ധരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുമുണ്ട്. നിതി ആയോഗിന്റെ കണക്കുകൾക്ക് ആധാരമായി അവർ നിരത്തുന്ന സർവേകളിൽ പലതും കോവിഡ് മഹാമാരിക്കാലത്ത് നടന്നിട്ടില്ല എന്നതും കാനേഷുമാരി കണക്കെടുപ്പടക്കം പലതും യഥാസമയം സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നതും അത്തരം ആശങ്കകൾക്ക് ബലം പകരുന്നുണ്ട്.

 


ഇതുകൂടി വായിക്കു; കാനഡ-ഇന്ത്യ നയതന്ത്ര യുദ്ധം തുടരുന്നു


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ സാമ്പത്തിക അസമത്വം രൂക്ഷമായി ഉയരുന്നതായാണ് ഓക്സ്ഫാം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇക്കാലയളവിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ സിംഹഭാഗവും അതിസമ്പന്നർ ചങ്ങാത്തമുതലാളിത്തത്തെയും പിന്തുടർച്ചാസമ്പ്രദായത്തെയും പ്രയോജനപ്പെടുത്തി സ്വന്തമാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 10ശതമാനം പേർ സമ്പത്തിന്റെ 77 ശതമാനവും കയ്യടക്കി. 2017നു ശേഷം രാജ്യം ആർജിച്ച സമ്പത്തിന്റെ 73 ശതമാനവും ഒരുശതമാനം അതിസമ്പന്നരുടെ കൈപ്പിടിയിൽ ഒതുങ്ങി. ഇതേകാലയളവിൽ 670 ദശലക്ഷം ഇന്ത്യക്കാരുടെ സമ്പത്തിൽ ഉണ്ടായ വർധന കേവലം ഒരുശതമാനം മാത്രമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം രണ്ടായിരമാണ്ടിൽ കേവലം ഒമ്പതായിരുന്നുവെങ്കിൽ ഇപ്പോൾ അത് 119 ആയി വളർന്നിരിക്കുന്നു. അവരുടെ സമ്പത്ത് ഒരു പതിറ്റാണ്ടിനിടയിൽ പത്തിരട്ടികണ്ടാണ് പെരുകിയത്. അവരുടെ മൊത്തം സമ്പത്ത് ഒരുവർഷത്തെ കേന്ദ്ര ബജറ്റിനെക്കാൾ അധികമാണ്. മഹാഭൂരിപക്ഷം സാധാരണക്കാർക്കും ആരോഗ്യപരിരക്ഷ അപ്രാപ്യവും 63 ദശലക്ഷം പേർ പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് സമ്പത്തിന്റെ നീതിരഹിതമായ കേന്ദ്രീകരണം നടക്കുന്നത്. ഓരോ സെക്കന്റിലും രണ്ടുപേർ വീതം ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നുവെന്നും ഓക്സ്ഫാം റിപ്പോർട്ട് നിരീക്ഷിക്കുന്നു. സോവിയറ്റ് യൂണിയന്റെയും പടിഞ്ഞാറൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ചയെത്തുടർന്ന് സോഷ്യലിസ്റ്റ് സങ്കല്പങ്ങൾക്കുപകരം മൂലധനത്തെയും നവഉദാരീകരണ നയങ്ങളെയും പകരംവയ്ക്കാൻ രൂപംകൊണ്ട പ്രസ്ഥാനമാണ് ലോക സാമ്പത്തിക ഫോറം. എന്നാൽ ഓരോ കൊല്ലം പിന്നിടുമ്പോഴും ലോകം കടുത്ത അസമത്വത്തിലേക്കാണ് കൂപ്പുകുത്തുന്നതെന്ന് ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തിറക്കുന്ന ലോക അസമത്വ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. അതിൽത്തന്നെ ഏറ്റവും വേഗത്തിലും തീവ്രതയോടെയും അസമത്വം പെരുകുന്ന രാജ്യങ്ങളുടെ മുന്നണിയിലാണ് ഇന്ത്യ.

 


ഇതുകൂടി വായിക്കു; സൈനിക മേധാവിയുടെ വാക്കുകളും കേന്ദ്രത്തിന്റെ അവകാശവാദങ്ങളും


ഓക്സ്ഫാം റിപ്പോർട്ട് മറ്റെല്ലാ അന്താരാഷ്ട്ര റിപ്പോർട്ടുകളെയുംപോലെ കേന്ദ്രഭരണവൃത്തങ്ങൾ അപഹസിച്ച് തള്ളിക്കളയുമെന്നതിൽ സംശയംവേണ്ട. കഴിഞ്ഞ 10വർഷക്കാലമായി ഇന്ത്യയെപ്പറ്റി പുറത്തുവന്ന പഠനങ്ങൾ ഒന്നുപോലും അംഗീകരിക്കാൻ അവർ തയ്യാറായിട്ടില്ല. അതിനുപകരം രാജ്യം വലിയ സാമ്പത്തികവളർച്ച കൈവരിക്കുന്നതായും കൂടുതൽ ജനങ്ങൾ ദാരിദ്ര്യമുക്തരാകുന്നതായുമുള്ള അവകാശവാദങ്ങളാണ് മോഡി ഭരണകൂടം ജനങ്ങൾക്കുമുന്നിൽ നിരത്തുന്നത്. സൂക്ഷ്മവും വസ്തുനിഷ്ഠവുമായ കണക്കുകളുടെ അഭാവത്തിൽ ഭരണകൂടവും അതിന്റെ വിവിധ ഏജൻസികളും നിരത്തുന്ന അത്തരം കണക്കുകൾ മോഡി സർക്കാർ നിരന്തരം ഏർപ്പെട്ടിട്ടുള്ള കള്ളപ്രചാരണങ്ങളുടെ ഭാഗമാണ്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ എല്ലാക്കാലത്തും പയറ്റി പരാജയപ്പെട്ട തന്ത്രമാണ് ഇന്ത്യയിലും മോഡി ഭരണത്തിൽ ആവർത്തിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയിലെ അടച്ചുപൂട്ടലുകളുടെയും കൂട്ടപലായനങ്ങളുടെയും കാലത്തും ഇന്ത്യയിൽ ഏറ്റവുമധികം കൂട്ടമരണങ്ങളും കെടുതികളും നേരിടേണ്ടിവന്ന യുപിയിലും ബിഹാറിലുമടക്കം ജനങ്ങൾ കൂട്ടത്തോടെ ദാരിദ്ര്യമുക്തരായി എന്ന നിതി ആയോഗിന്റെ അവകാശവാദം കൊടിയ നുണയും ജനവഞ്ചനയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.