21 June 2024, Friday

ഓഹരി കുംഭകോണം മുഖ്യപ്രതികള്‍ മോഡിയും ഷായും

Janayugom Webdesk
June 7, 2024 5:00 am

ജൂൺ ഒന്നിന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടായ കുതിപ്പും യഥാർത്ഥ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നതോടെ വിപണിയിൽ ഉണ്ടായ ‘ചോരക്കുളിയും’ നിരീക്ഷകരിൽ വലിയ സംശയങ്ങൾക്ക് വഴിവച്ചിരുന്നു. ആസൂത്രിത രാഷ്ട്രീയ ഇടപെടലാണ് ഓഹരി വിപണിയിലെ ഈ അസാധാരണമായ അസ്ഥിരതയ്ക്കും ചില്ലറ നിക്ഷേപകർക്ക് വൻനഷ്ടത്തിനും കാരണമായതെന്ന് വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അഡാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ സൂചന നൽകിയിരുന്നു. ജൂൺ നാലോടെ ഓഹരി വിപണിയിൽ ഉണ്ടാവുന്ന കുതിപ്പ് മുന്നിൽക്കണ്ട് നിക്ഷേപം നടത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ ചില്ലറ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന പരാമർശങ്ങളും നടത്തുകയുണ്ടായി. സമാന പരാമർശങ്ങൾ ധനമന്ത്രി നിർമ്മലാ സീതാരാമനും നടത്തി. പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും ഓഹരി വിപണിയെ സംബന്ധിച്ച പരാമർശങ്ങൾ പരസ്യമായി നടത്തുകയെന്നതും, പ്രത്യേകിച്ചും നിക്ഷേപം നടത്താൻ ചില്ലറ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയെന്നതും അസാധാരണവും അസ്വാഭാവികവുമായ നടപടികളായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ വേണം എക്സിറ്റ് പോൾ ഫലങ്ങളും തുടർന്ന് ജൂൺ മൂന്നിന് ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടായ കുതിപ്പും തൊട്ടടുത്ത ദിവസം, തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ഉണ്ടായ വൻ തകർച്ചയും വിലയിരുത്തപ്പെടാൻ. തിങ്കളാഴ്ച, തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന് ഒരു ദിവസം മുമ്പ്, ഓഹരി വിപണി ഉദ്ദേശം 12ലക്ഷം കോടി രൂപയുടെ അസാധാരണ നേട്ടം ഉണ്ടാക്കിയെങ്കിൽ തൊട്ടടുത്തദിവസം ഇന്ത്യയിലെ ചില്ലറ നിക്ഷേപകരുടെ 30ലക്ഷം കോടി രൂപയാണ് ആവിയായിപ്പോയതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓഹരി വിപണിയിലെ വമ്പന്മാരും രാഷ്ട്രീയ നേതൃത്വവും ആസൂത്രണം ചെയ്ത വൻ കുംഭകോണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ജൂൺ മൂന്നിനുണ്ടായ അസാധാരണ വിപണിക്കുതിപ്പിന്റെ നേട്ടം ആർക്കാണ് ലഭിച്ചതെന്ന വസ്തുത, വിശദമായ അ­ന്വേഷണത്തിലൂടെ മാത്രമെ പുറത്തുവരൂ. തൊട്ടടുത്ത ദിവസത്തെ തകർച്ചയിൽ ഭീമമായ നഷ്ടം സംഭവിച്ചത് ഇന്ത്യയിലെ ഏതാണ്ട് അഞ്ച് കോടിയില്പരം വരുന്ന ചില്ലറ നിക്ഷേപകർക്ക് ആയിരിക്കുമെന്ന് ഏതാണ്ട് വ്യക്തമാണ്. അങ്ങനെയെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഓഹരി വിപണി വൻകുതിപ്പിനാണ് തയ്യാറെടുക്കുന്നതെന്നും അതിൽ നിക്ഷേപിക്കണമെന്നും ചില്ലറ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ധനമന്ത്രിക്കുമാണെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രിയടക്കം ഭരണനേതൃത്വവും ഓഹരി വിപണിയിലെ കൂറ്റന്മാരും ഉൾപ്പെട്ട പകൽക്കൊള്ളയാണ് നടന്നതെന്ന സംശയം ബലപ്പെടുന്നത്. ആ കുംഭകോണത്തിന് അവർ തയ്യാറാക്കിയ തിരക്കഥയുടെ ചുരുളഴിക്കേണ്ടത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണം അരങ്ങേറിയത്. ജൂൺ ഒന്നിന് പുറത്തുവന്ന എക്സിറ്റ് പോളുകൾ ഏതാണ്ടെല്ലാം തന്നെ ബിജെപിക്കും അവർ നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനും 400ഉം അതിനു മുകളിലും ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നത്. അത് ഏഴുഘട്ടങ്ങളിലായി നടന്ന പോളിങ്ങും അതിൽ പ്രകടമായിരുന്ന വോട്ടർമാരുടെ ഉദാസീനതയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. അത്തരം പ്രവചനങ്ങൾ അസ്വാഭാവികവും വസ്തുതകൾക്ക് നിരക്കാത്തതും ‘ഗോദി’ മാധ്യമങ്ങൾ കെട്ടിച്ചമച്ചതുമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പുഫലം എന്തായിരിക്കുമെന്ന് സ്വാഭാവികമായും ഏറ്റവും നന്നായി അറിയാമായിരുന്നത് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആയിരിക്കുമല്ലോ. രാജ്യത്തെ എല്ലാ പ്രധാന രഹസ്യാന്വേഷണ ഏജൻസികളെയും അവരാണല്ലോ നേരിട്ട് നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പുഫലം എന്തെന്ന് അറിഞ്ഞിട്ടും അത് മറച്ചുവച്ച് ഓഹരി വിപണിയില്‍ കുതിപ്പെന്ന വ്യാജപ്രചരണം നടത്തി നിക്ഷേപകരെ കബളിപ്പിക്കുകയെന്ന കുറ്റകൃത്യത്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും നേതൃത്വം നൽകിയിരിക്കുന്നത്. 

രാജ്യം ഭരിക്കുന്നത് മോഡിയും ഷായും അഡാനിയും അംബാനിമാരും ഉൾപ്പെട്ട ചങ്ങാത്ത മുതലാളിത്തമാണെന്നത് രാജ്യത്തിനാകെ ബോധ്യമുള്ള വസ്തുതയാണ്. ഓഹരി കുംഭകോണത്തിന് കോർപറേറ്റ് മുതലാളിത്തവും അവർ നിയന്ത്രിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും കൈകോർത്തുവെന്ന വസ്തുതയാണ് പുറത്തുവരുന്നത്. ജനങ്ങൾക്കെതിരെ നടന്ന ഈ കൊടുംവഞ്ചനയുടെയും കൊള്ളയുടെയും പൂർണ വിവരം പുറത്തുകൊണ്ടുവരേണ്ടത് നിയമവാഴ്ച ഉറപ്പുവരുത്താൻ അനിവാര്യമാണ്. വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും നേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട് ഘടകകക്ഷികളുടെ സമ്മർദങ്ങൾക്ക് വഴങ്ങി അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന മോഡി, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാൻ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ പാർലമെന്റിനകത്തും പുറത്തും ഒരുപോലെ ജെപിസി അന്വേഷണത്തിനുവേണ്ടി ശക്തമായ സമ്മർദം ഉയർന്നുവരണം. തങ്ങളുടെ ചെയ്തികൾക്ക് ജനങ്ങളോട് കണക്കുപറയാൻ ഭരണാധികാരികളെ നിർബന്ധിതമാക്കുന്ന ജനാധിപത്യ അന്തരീക്ഷം രാജ്യത്ത് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നത് മോഡിയും സംഘവും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.