9 January 2025, Thursday
KSFE Galaxy Chits Banner 2

പ്രസിദ്ധീകരണങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

Janayugom Webdesk
August 8, 2023 5:00 am

മണിപ്പൂരിലെ ഗ്രാമ‑നഗരങ്ങളിലും ഹരിയാനയിലെ തെരുവുകളിലും വംശവിദ്വേഷത്തിന്റെ വെടിയുണ്ടകള്‍ ചീറിപ്പായുന്നതും ബുള്‍ഡോസറുകള്‍ ഇരമ്പിക്കയറുന്നതും തുടരുകയാണ്. അതിനിടയില്‍ രാജ്യതലസ്ഥാനത്ത് നിയമനിര്‍മ്മാണ സഭകളില്‍ നാടന്‍ ഭാഷ കടമെടുത്താല്‍ അപ്പം ചുടുന്ന ലാഘവത്തോടെ ബിജെപി സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയെടുക്കുകയാണ്. ഈ ബില്ലുകളില്‍ മഹാഭൂരിപക്ഷത്തിന്റെയും പ്രത്യേകത അവ എല്ലാ അധികാരങ്ങളും ഡല്‍ഹിയില്‍ കേന്ദ്രീകരിക്കുകയും കോര്‍പറേറ്റുകള്‍ക്ക് സഹായങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുന്നു എന്നുള്ളതാണ്. നടപ്പു സഭാസമ്മേളനം ആരംഭിച്ചതിനുശേഷം ഈ ഗണത്തില്‍പ്പെടുന്ന ഒരു ഡസനിലധികം ബില്ലുകള്‍ അവതരിപ്പിക്കുകയും ചിലത് പാസാക്കുകയും ചെയ്തു. അതിലൊന്നാണ് പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് ആക്ട് 1867ന് പകരമായി കൊണ്ടുവന്നിരിക്കുന്ന പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ 2023. ഓഗസ്റ്റ് ഒന്നിന് അവതരിപ്പിച്ച ബില്‍ മൂന്നിന് രാജ്യസഭ പാസാക്കി. ഒന്നര നൂറ്റാണ്ടിന് മുമ്പ് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് കൊണ്ടുവന്ന ഒരു നിയമത്തെ കാലാനുസൃതമായി പരിഷ്കരിക്കുന്നു എന്ന വിശദീകരണത്തോടെയാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ കാലത്ത് പരിമിതമായ സംവിധാനങ്ങളും സൗകര്യങ്ങളും മാത്രമേ പ്രസിദ്ധീകരണ രംഗത്ത് നിലവിലുണ്ടായിരുന്നുള്ളൂ. അക്കാലത്ത് ആ പരിമിതിക്കകത്തു നിന്ന് പ്രസിദ്ധീകരിക്കുന്നവയെ നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിനകത്തു നിര്‍ത്തുന്നതിനും വേണ്ടിയാണ് 1867ലെ നിയമം കൊണ്ടുവന്നത്. ഒന്നര നൂറ്റാണ്ടിനിപ്പുറം പ്രസിദ്ധീകരണരംഗം വളരെയധികം കുതിച്ചുചാട്ടം നടത്തിയിട്ടുമുണ്ട്. അതുകൊണ്ട് പരിഷ്കരണം എന്ന വാക്ക് ഉചിതമാണെന്ന് തോന്നാമെങ്കിലും ബ്രിട്ടീഷ് വാഴ്ചയെക്കാള്‍ കടുത്ത സ്വേച്ഛാനടപടികളും ആധിപത്യരീതികളും രൂപപ്പെട്ട ഭരണമാണ് ഇപ്പോള്‍ രാജ്യത്തുള്ളത് എന്നതുകൊണ്ടുതന്നെ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ 2023ന് പിന്തിരിപ്പന്‍ സ്വഭാവവും നിയന്ത്രണ ഘടകങ്ങളും കൂടുകയാണ് ചെയ്യുന്നത്.

 


ഇതുകൂടി വായിക്കൂ; തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിയന്ത്രിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തെ ചങ്ങലയിലിടാനും വിവിധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിധിക്ക് പുറത്തുനില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമവും വരികയാണ്. അ തിന്റെ കൂടെയാണ് ഈ നിയമമുണ്ടായിരിക്കുന്നത് എ ന്നത് പ്രശ്നത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുകയും ചെയ്യുന്നു. പുതിയ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. നിലവിലുണ്ടായിരുന്ന നിയമത്തിൽ ഡല്‍ഹി ആസ്ഥാനമായുള്ള രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഓ ഫ് ഇന്ത്യയാണ് അന്തിമ അതോറിട്ടിയെങ്കിലും അടിസ്ഥാന ഘടകം ജില്ലാ മജിസ്ട്രേറ്റാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്റെ രജിസ്ട്രേഷന്‍, റദ്ദാക്കല്‍ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിനാണ് (കളക്ടര്‍) ഉത്തരവാദിത്തം. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രായോഗിക തലത്തില്‍ ഈ ഉത്തരവാദിത്തം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റു (എഡിഎം)മാരാണ് നിര്‍വഹിക്കുന്നത്. പ്രസ് രജിസ്ട്രാർ ജനറലിന് (പിആർജി) അത് നൽകിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനോ താൽക്കാലികമായി നിർത്താനോ സ്വമേധയാ അധികാരമില്ല. എന്നാല്‍ പുതിയ ബിൽ പ്രകാരം രജിസ്ട്രേഷൻ താൽക്കാലികമായി നിർത്താനോ റദ്ദാക്കാനോ ഉള്ള അധികാരം പിആർജിക്ക് നൽകുന്നു.


ഇതുകൂടി വായിക്കൂ;  ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്


 

ബിജെപിയാണ് രാജ്യം ഭരിക്കുന്നതെന്നതിനാലും പരാതി നല്‍കുന്നതിനു മാത്രമായി കുറേയധികം പേരെ ജോലിക്ക് നിര്‍ത്തിയിട്ടുണ്ട് എന്നതിനാലും ഈ അധികാരം പിആർജിക്ക് നല്‍കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അച്ചടി നടത്തുന്ന പ്രസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ജില്ലാ മജിസ്ട്രേറ്റിന് മുന്നിലാണ് നല്‍കേണ്ടത്. എന്നാല്‍ പുതിയ ബില്‍ പ്രകാരം അത് ഓണ്‍ലൈനായി പിആര്‍ജിക്ക് നല്‍കണം. പ്രസിദ്ധീകരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ലഘുവായ വീഴ്ചകള്‍ക്ക് പോലും വലിയ പിഴയും ആറുമാസം വരെ തടവുമുള്‍പ്പെ‍ടെ ശിക്ഷാ വ്യവസ്ഥകള്‍ സ്വീകരിക്കുന്നതിനും പുതിയ ബില്ലില്‍ പിആര്‍ജിക്ക് അധികാരം നല്‍കിയിരിക്കുന്നു. അഞ്ച് ലക്ഷം രൂപവരെയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്. പ്രസിദ്ധീകരണം ഏതായാലും അതിന്റെ ഉടമയോ ഉടമകളോ ഭീകര, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരോ രാജ്യസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരോ ആകരുതെന്ന ഗുരുതരമായ ദുരുപയോഗ സാധ്യതയുള്ള വകുപ്പും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും അപകടകരമായ ഉപാധിയാണിത്. ഇത്തരത്തില്‍ കടുത്ത നിയന്ത്രണത്തിന് വഴിയൊരുങ്ങുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ചട്ടങ്ങള്‍ വരുന്നതോടെ ഇത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യും. അതുകൊണ്ടാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഉള്‍പ്പെടെ ബില്ലിനെതിരെ രംഗത്തെത്തിയത്. പ്രസിദ്ധീകരണങ്ങളെയാകെ നിയന്ത്രിക്കുന്ന ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് നല്‍കണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. എഴുത്തും പ്രസംഗവും റോഡരികിലോ സമൂഹമാധ്യമത്തിലോ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ പോലും ദേശദ്രോഹക്കുറ്റമായി പരിഗണിക്കപ്പെടുന്നതിന്റെ നൂറുനൂറനുഭവങ്ങളുള്ള ഫാസിസ്റ്റ് രാജ്യത്ത് ഈ വകുപ്പ് ബില്ലില്‍ ഉള്‍പ്പെടുമ്പോള്‍ അത് എല്ലാ പ്രസിദ്ധീകരണങ്ങളെയും കൂച്ചുവിലങ്ങിടുന്നതിന് പര്യാപ്തമാകുമെന്നതില്‍ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.