13 February 2026, Friday

Related news

February 13, 2026
February 13, 2026
February 12, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 8, 2026
February 8, 2026

പുനർജനി: സമഗ്രാന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുകൊണ്ടുവരണം

Janayugom Webdesk
January 6, 2026 5:00 am

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിനിധാനം ചെയ്യുന്ന എറണാകുളം പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതി സംബന്ധിച്ച ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുകയാണ്. 2018ൽ സംസ്ഥാനത്താകെയുണ്ടായ മഹാപ്രളയത്തിന് ശേഷം സ്വന്തം മണ്ഡലത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയതാണ് പുനർജനി പദ്ധതി. പറവൂരിന് പുതുജീവൻ എന്നൊക്കെ പ്രഖ്യാപിച്ച്, വീട് നഷ്ടപ്പെട്ടവർക്ക് വീട്, സ്കൂളുകളുടെ നവീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, ജീവനോപാധികൾ തുടങ്ങിയവയായിരുന്നു പദ്ധതി ലക്ഷ്യം. 2018ലെ മഹാപ്രളയവും അടുത്ത വർഷമുണ്ടായ പ്രളയവും സംസ്ഥാനത്തുണ്ടാക്കിയ നാശം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. നാശം നേരിട്ട പ്രദേശങ്ങളെ പുതുക്കിപ്പണിയുന്നതിനും ഇരകളാക്കപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിനും എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയത്.

കേരള പുനർനിർമ്മാണത്തിനുള്ള ദീർഘകാല പദ്ധതിയും ആവിഷ്കരിച്ചു. സംസ്ഥാനത്തെ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും മഹാമനസ്കർ ഈ പ്രവർത്തനങ്ങൾക്ക് സഹായ സന്നദ്ധതയുമായി രംഗത്തെത്തി. പക്ഷേ വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്ര ബിജെപി സർക്കാർ വിലക്കേർപ്പെടുത്തി ദ്രോഹിക്കുകയാണ് ചെയ്തത്. എങ്കിലും പ്രളയ പുനരധിവാസ പദ്ധതി സംസ്ഥാന സർക്കാർ മുന്നോട്ടുകൊണ്ടുപോയി. ഇതിനിടയിലാണ് സ്വന്തം മണ്ഡലത്തിൽ തനിപ്പിടിയായൊരു പദ്ധതി അന്ന് പ്രതിപക്ഷ നേതാവ് പോലുമല്ലാതിരുന്ന സതീശന്‍ ആസൂത്രണം ചെയ്ത് നടത്തിയത്. സർക്കാരിന്റെതിൽ നിന്ന് വ്യത്യസ്തമായി ഒരു പദ്ധതി ആവിഷ്കരിക്കുന്നത് തുടക്കത്തിൽതന്നെ വിമർശിക്കപ്പെട്ടിരുന്നു. പ്രളയപുനരധിവാസത്തിനുള്ള പദ്ധതി മുന്നോട്ടുപോകുന്നത് തടസപ്പെടുത്താൻ കേന്ദ്രസർക്കാരിനെപ്പോലെ ആരും തയ്യാറായില്ല. പക്ഷേ ഈ പദ്ധതി ക്രമക്കേടുകൾക്കുള്ള ഉപാധിയാക്കുന്നുവെന്ന സംശയങ്ങളാണ് പിന്നീട് ഉന്നയിക്കപ്പെട്ടത്. അത് ബലപ്പെടുത്തുന്ന സമീപനങ്ങൾ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിൽ പ്രകടമാകുകയും ചെയ്തു.

വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് വിജിലൻസിന് പരാതി ലഭിക്കുകയും ചെയ്തു. നേരത്തെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സംഘടനയുടെ പേരിൽ വിദേശ പണം സമാഹരിക്കുക, സ്വകാര്യ സന്ദർശനത്തിനായി അനുമതി നേടിയ ശേഷം വിദേശത്തുപോയി ധനസമാഹരണം നടത്തുക, സ്വകാര്യ സംഘടനയുടെ അക്കൗണ്ട് വഴി സംസ്ഥാനത്തെത്തിക്കു­ക തുടങ്ങിയ സംശയാസ്പദ നടപടികൾ ഉണ്ടായതും പരാതിക്കിടയാക്കി. സിപിഐ നേതാവായിരുന്ന പരേതനായ പി രാജുവും ഈ വിഷയത്തിൽ പരാതി നൽകുകയും 2023 ജൂൺ പത്തിന് വിജിലൻസിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഇ­തേത്തുടർന്ന് വിജിലൻസ് നടത്തിയ വിശദപരിശോധനയില്‍ ക­ണ്ടെത്തിയ ക്രമക്കേടുകളാണ് കൂടുതൽ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നതിനിടയാക്കിയത്.

യുകെ ആസ്ഥാനമായുള്ള മി‌ഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴി യുകെയിൽ നിന്നും 22,500 പൗണ്ട് (19,95,880. 44 രൂപ) സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് കണ്ടെത്തൽ. പദ്ധതിക്ക് പ്രത്യേക അക്കൗണ്ട് പോലുമുണ്ടായില്ലെന്നാണ് ആരോപണം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതിൽ പ്രത്യേക അക്കൗണ്ട് ഉണ്ടായില്ലെന്നതുതന്നെ സംശയാസ്പദമാണ്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ച് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം തുടങ്ങിയവയാണ് വിജിലൻസ് കണ്ടെത്തിയത്. ഇക്കാര്യങ്ങൾ വിജിലൻസിന്റെ പരിധിക്ക് പുറത്തായതിനാലാണ് കൂടുതൽ ശക്തമായ ഏജൻസികളെ ഉപയോഗിച്ചുള്ള അന്വേഷണം നിർദേശിക്കാനിടയായത്.

സംസ്ഥാനത്ത് പ്രളയമുണ്ടായപ്പോഴും ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത വേളയിലും സമഗ്രമായ പുനരധിവാസ നടപടികളാണ് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഇവയെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുൾപ്പെടെ ധനസമാഹരണം നടത്തിയാണ് നിർവഹിച്ചത്. അങ്ങനെ പദ്ധതി നടപ്പിലാക്കുമ്പോഴും സ്വന്തമായ പദ്ധതികൾ നടപ്പിലാക്കുന്ന പ്രവണതയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഭാഗത്തുനിന്നുണ്ടായത്. പ്രളയകാലത്ത് വീടുകൾ നിർമ്മിച്ചുനൽകുമെന്ന പ്രഖ്യാപനവും ആരോപണ വിധേയമായിരുന്നു. ചൂരൽമല ഉരുൾപൊട്ടല്‍ ദുരന്തത്തിൽ പുനരധിവാസത്തിനായി വീട് നൽകുമെന്ന കോൺഗ്രസ് പ്രഖ്യാപനം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയുമാണ്. വിജിലൻസ് ശുപാർശ പുറത്തുവന്നതുമുതൽ കോൺഗ്രസ് നേതാക്കളിൽ പ്രകടമായ അങ്കലാപ്പ് സംശയങ്ങളെ ബലപ്പെടുത്തുന്നു. ഇതെല്ലാംകൊണ്ടുതന്നെ പുനർജനി പദ്ധതിയെക്കുറിച്ച് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം ആവശ്യമാണ്.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.