
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരി കഴിഞ്ഞ ദിവസം മരിച്ചത് വേദനിപ്പിക്കുന്ന സംഭവമാണ്. ഏപ്രിൽ എട്ടിന് നായയുടെ കടിയേൽക്കുകയും പ്രതിരോധ കുത്തിവയ്പെടുക്കുകയും ചെയ്തുവെങ്കിലും പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ ആകാവുന്ന ശ്രമങ്ങളെല്ലാം നടത്തിയെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും ഒരു മരണമുണ്ടായി. മലപ്പുറത്തുണ്ടായ മറ്റൊരു മരണവും പേവിഷ ബാധയേറ്റായിരുന്നുവെന്ന വാർത്തയും പുറത്തുവരികയുണ്ടായി. നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 2023ൽ 25, 2024ൽ 24 പേവിഷബാധാ മരണങ്ങളാണുണ്ടായത്. എന്നാൽ കർണാടകയിൽ 2024ൽ 42 മരണങ്ങളുണ്ടായി, ഈ വർഷം ഇതുവരെ പത്തിലധികവും. കടിയേറ്റവരുടെ എണ്ണത്തിലും അവിടെ വർധനയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. 2022ൽ 1,63,366, 2024ൽ 2,32,754, 2024ൽ 3,61,522 എന്നിങ്ങനെയാണ് കടിയേറ്റവരുടെ എണ്ണം. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സംസ്ഥാനത്ത് കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ കുറവുണ്ട്.
പേവിഷബാധയ്ക്ക് സാധ്യതയുള്ള ജീവികളുടെ കടിയേറ്റാൽ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിനുള്ള സംവിധാനം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ആന്റി റാബിസ് വാക്സിൻ (ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ), ഇക്വൈൻ റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ 810 ആശുപത്രികളിൽ ഇത് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ പേവിഷബാധാ പ്രതിരോധം, വളർത്തുമൃഗ പരിപാലനം, വാക്സിനേഷൻ, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഈ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുകയും ചികിത്സ തേടുന്നതിൽ ജനങ്ങൾ താല്പര്യം കാട്ടുകയും ചെയ്യുന്നതിനാലാണ് കടിയേൽക്കുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ അപകടനിരക്ക് ഗണ്യമായി കുറഞ്ഞുനിൽക്കുന്നത്. ഇത് കൂടാതെ വളർത്തുനായകൾക്കും പൂച്ചകൾക്കും മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പേവിഷ പ്രതിരോധ കുത്തിവയ്പുകൾ നല്‍കിവരുന്നുമുണ്ട്. 2022 സെപ്റ്റംബർ മുതൽ വ്യാപക വാക്സിനേഷൻ പദ്ധതിയും നടപ്പിലാക്കുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇത് തുടരുകയാണ്. ഇതിനൊപ്പംതന്നെ തെരുവ് നായ ജനന നിയന്ത്രണത്തിനുള്ള നടപടികളും വിവിധ വകുപ്പുകളുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. നിലവിൽ 15 ജനന നിയന്ത്രണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 15 പുതിയത് കൂടി ആരംഭിക്കാനുള്ള നടപടിയുമായി. കുട്ടികളിൽ പ്രത്യേകിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇങ്ങനെയുള്ള മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും ഉണ്ടായിട്ടും അടുത്തിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും കുത്തിവയ്പെടുത്തവർക്കും മരണം സംഭവിച്ചുവെന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. അതേസമയം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. പേവിഷബാധ തടയുന്നതിനുള്ള മുൻകരുതൽ, ബാധയേറ്റാലുള്ള ചികിത്സ എന്നിവയിൽ നാം വളരെയധികം മുന്നേറിയിട്ടുണ്ട്.
മുൻകാലങ്ങളിൽ പേവിഷബാധയേൽക്കുന്നവരെ മരണത്തിന് വിട്ടുനൽകുക മാത്രമായിരുന്നു പോംവഴി. എന്നാൽ ഇപ്പോള്‍ മരണനിരക്ക് കുറയ്ക്കുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും സാധിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പും പ്രതിരോധ ശേഷിക്കുള്ള മരുന്നുകളും ഫലപ്രദവും വ്യാപക ലഭ്യതയുള്ളതുമായിരിക്കുമ്പോൾ തന്നെയാണ് അപൂർവമാണെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. കടിയേൽക്കുന്നത് വിഷബാധ പെട്ടെന്ന് തലച്ചോറിലേക്ക് പടരാനിടയുള്ള ഞരമ്പുകളിലും ശരീരഭാഗങ്ങളിലുമായതിനാലാണ് മരണമുണ്ടായതെന്നാണ് കണ്ടെത്തൽ. പ്രതിരോധ മരുന്നുകളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിലുള്ള പരീക്ഷണങ്ങൾ ആവശ്യമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മരുന്ന് പ്രയോഗിക്കുന്നതിനുള്ള പ്രൊട്ടോക്കോളിൽ മാറ്റം വരുന്നുണ്ടോയെന്നും അല്ലെങ്കിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കണമെന്നും ഈ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വീട്ടിൽ നിന്ന് കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പെടുക്കുന്നതിനിടെ പങ്കുവച്ച അനുഭവങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ആദ്യ പ്രതിരോധ വാക്സിനുകളെടുത്ത ഒരാൾക്ക് അവസാനത്തെ കുത്തിവയ്പെടുക്കുന്നതിന് മറ്റൊരു ആരോഗ്യ കേന്ദ്രത്തെയാണ് സമീപിക്കേണ്ടിവന്നത്. ആദ്യതവണകളിൽ കുത്തിവയ്പ് നൽകിയിരുന്ന ഭാഗത്തായിരുന്നില്ല അവസാന ഘട്ടത്തിൽ എടുത്തത്. ഇത് സംബന്ധിച്ച സംശയം ഉന്നയിച്ചപ്പോൾ ഇതാണ് യഥാർത്ഥ രീതിയെന്നായിരുന്നു മറുപടി. ഇത്തരം അനുഭവങ്ങൾ ചിലർക്കെങ്കിലുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് പ്രൊട്ടോക്കോളിലുള്ള മാറ്റം, മരുന്നിന്റെ ശേഷി വർധിപ്പിക്കൽ എന്നിവയ്ക്കായുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്ന് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.