
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഭയാനകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് തൊഴില്‍ രഹിതരെ ആശങ്കയിലാക്കുന്ന തീരുമാനം ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുണ്ടായിരിക്കുന്നത്. ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ നോണ്‍ ഗസറ്റഡ്, സാങ്കേതിക മേഖലകളില്‍ വിരമിച്ചവരെ പുനര്‍നിയമിക്കുന്നതിനാണ് തീരുമാനം. മേയ് മാസത്തിലെ ആനുകാലിക തൊഴില്‍ ശക്തി സര്‍വേ (പിഎല്‍എഫ്എസ്‍) പ്രകാരം തൊഴിലില്ലായ്മ ഏപ്രില്‍ മാസത്തെ 5.1 ശതമാനത്തില്‍ നിന്ന് 5.6 ആയി ഉയര്‍ന്നിരിക്കുകയാണ്. നാമമാത്ര ഒഴിവുകളിലേക്ക് പോലും അപേക്ഷ നല്‍കുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ത്തന്നെ തൊഴിലില്ലായ്മയുടെ രൂക്ഷത ബോധ്യപ്പെടുന്നതാണ്. റെയില്‍വേയിലെ കാര്യം തന്നെയെടുക്കുക. ലോക്‌സഭയില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ മറുപടിയനുസരിച്ച് സാങ്കേതിക, സാങ്കേതികേതര തസ്തികകളില്‍ 1,30,581 പേരെ നിയമിക്കുന്നതിനുള്ള നടപടികള്‍ 2022ല്‍ ആരംഭിച്ചപ്പോള്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം 2.38 കോടിയായിരുന്നു. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ 2.36 കോടി പേരാണ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയത്. കഴിഞ്ഞ ജനുവരിയില്‍ റെയില്‍വേയിലെ തന്നെ ഗ്രൂപ്പ് ഡി നിയമനത്തിനായി 32,438 തസ്തികകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോഴും 1.08 കോടി അപേക്ഷകൾ ലഭിച്ചു. ട്രാക്ക് മെയിന്റനർ, അസിസ്റ്റന്റ് പോയിന്റ്‌സ്‌മാൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ സാങ്കേതിക തസ്തികകൾ ഉള്‍പ്പെടെയുള്ള ഒഴിവുകളായിരുന്നു ഇവ. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലില്ലാപ്പടയുടെ സ്ഥിതിയാണ് ഇതിലൂടെ ബോധ്യമാകുന്നത്. ഈ ഉദാഹരണങ്ങളില്‍ നിന്നുതന്നെ തൊഴിലില്ലായ്മയുടെ തീവ്രത വ്യക്തമാകുന്നു.
ഇത്രയും ഗുരുതരമായ സാഹചര്യമുള്ളപ്പോഴാണ് നിലവിലുള്ള ഒഴിവുകളിലേക്ക് വിരമിച്ചവരെ പുനര്‍നിയമിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നിയമനം നടത്തുന്നതിന് ഡിവിഷണല്‍ മാനേജര്‍മാരെ അധികാരപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ റെയില്‍വേ ബോര്‍ഡ് തയ്യാറാക്കിയിരിക്കുകയാണ്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് വാങ്ങിയിരുന്ന വേതനത്തിനാണ് പുനര്‍നിയമനം. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് 65 വയസുവരെയാണ് പരിഗണിക്കുകയെങ്കിലും പിന്നീട് കായിക ക്ഷമത, പ്രവര്‍ത്തന മികവ് എന്നിവ പരിഗണിച്ച് കാലാവധി നീട്ടിനല്‍കുമെന്നും നയരേഖയിലുണ്ട്. 2024ല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി പ്രകാരം വിവിധ സോണുകളിലായി ആകെ 14.13 ലക്ഷം തസ്തികകളുള്ള റെയില്‍വേയില്‍ 3.15 ലക്ഷത്തോളം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ 53,000ത്തിലധികം സുരക്ഷാ ജീവനക്കാരുടെ ഒഴിവുകളാണ്. പ്രതിരോധം, തപാൽ, മറ്റ് വകുപ്പുകൾ എന്നിവയുൾപ്പെടെ 15 ലക്ഷം തസ്തികകളാണ് നിയമനം നടക്കാതെ കിടക്കുന്നത്. അതുപോലെ, ബാങ്കുകൾ ഉൾപ്പെടെ പൊതുമേഖലാ സംരംഭങ്ങളിൽ ഏകദേശം 10 ലക്ഷം തസ്തികകൾ നികത്താതെയുണ്ട്. ഇത്രയും തസ്തികകളില്‍ നിയമനം നടത്താത്തത് തൊഴില്‍ രഹിത യുവാക്കളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കുക മാത്രമല്ല ചെയ്യുന്നത്. സംവരണാനുകൂല്യത്തിലൂടെ തൊഴില്‍ ശക്തിയിലേക്ക് വരേണ്ട പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ അവസര നിഷേധത്തിനും കാരണമാകുന്നുണ്ട്. സാങ്കേതിക, സാങ്കേതികേതര ജീവനക്കാരുടെ അഭാവവും അതുവഴി നിലവിലെ തൊഴില്‍ശക്തി നേരിടേണ്ടി വരുന്ന ജോലി ഭാരവും സമ്മര്‍ദവും റെയില്‍വേയുടെ സുരക്ഷയ്ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നതിനാൽ, അമിത ജോലിസമയം കുറയ്ക്കണമെന്നും വിശ്രമം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാർ രംഗത്തുവന്നിരുന്നുവെങ്കിലും അനുവദിക്കുന്നതിന് അധികൃതര്‍ തയ്യാറായില്ല. ജീവനക്കാരുടെ എണ്ണക്കുറവും നിയമനത്തിന് കാലതാമസം നേരിടുന്നതുമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. അവര്‍ തന്നെയാണ് സ്ഥിരനിയമനത്തില്‍ അലംഭാവം കാട്ടുന്നതെന്ന വൈരുധ്യവുമുണ്ട്.
വിരമിച്ചവരെ നിയമിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമം സുരക്ഷാ സങ്കല്പങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക സമീപനവും വെളിപ്പെടുത്തുന്നുണ്ട്. മാത്രവുമല്ല, വിരമിക്കുന്നവരെ നിയമിക്കുമ്പോള്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നിയമപരമായ വ്യവസ്ഥകള്‍ പാലിക്കേണ്ടി വരില്ലെന്നും സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കേണ്ടി വരുന്ന സാമ്പത്തികബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാമെന്നുമുള്ള ലാഭേച്ഛയും ഇതിന് പിന്നിലുണ്ട്. ജീവനക്കാരുടെ അഭാവവും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലെ കാലവിളംബവും മൂലം സംഭവിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാരിന് താല്പര്യമില്ലെന്നും ഇത് വ്യക്തമാക്കുന്നു. അപകടങ്ങള്‍ സംഭവിച്ചാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം താഴെത്തട്ടിലുള്ള ചില ജീവനക്കാരെ പുറത്താക്കി കൈകഴുകുന്ന സമീപനമാണ് റെയില്‍വേ സ്വീകരിക്കാറുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വിരമിച്ചവരെ ഉപയോഗിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. അത് സുരക്ഷയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം ഈ നടപടി രാജ്യത്തെ തൊഴില്‍ രഹിത സമൂഹത്തോടുള്ള വിവേചനത്തിന്റെ പ്രതിഫലനവുമാണ്. സുരക്ഷിതതൊഴിലെന്ന യുവാക്കളുടെ സ്വപ്നമാണ് ഇതിലൂടെ പൊലിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.