11 December 2025, Thursday

ആവർത്തിക്കുന്ന കപ്പൽ അപകടങ്ങൾ ആശങ്കകൾ അകലണം

Janayugom Webdesk
June 11, 2025 5:00 am

ണ്ടാഴ്ചകൾക്കിടയിലുണ്ടായ രണ്ട് വലിയ കപ്പൽ അപകടങ്ങൾ കേരളത്തിന്റെ തീരദേശ സുരക്ഷയേയും പരിസ്ഥിതിയേയും മത്സ്യമേഖലയേയും ആശങ്കപ്പെടുത്തുന്നു. ബേപ്പൂർ‑അഴീക്കൽ തുറമുഖങ്ങൾക്ക് പടിഞ്ഞാറ് 78 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ സിംഗപ്പൂർ പതാക വഹിക്കുന്ന ചൈനീസ് ചരക്കുകപ്പലായ ‘വാൻ ഹായ് 503’ന് തീ പിടിച്ചതാണ് ഒടുവിലെ അപകടം. കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ. കപ്പലിൽ 22 ജീവനക്കാരുണ്ടായിരുന്നു. ഇവരിൽ 18 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവിക സേനയും ചേർന്ന് രക്ഷപ്പെടുത്തി. ഇവരിൽ പൊള്ളലേറ്റ രണ്ടുപേരുടെ സ്ഥിതി ഗുരുതരമാണ്. നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന 650 കണ്ടെയ്നറുകളിൽ 50 എണ്ണം കടലിൽ പതിച്ചതായാണ് പ്രാഥമിക വിവരം. മേയ് 24ന് കൊച്ചി തീരത്ത് വലിയ പാരിസ്ഥിതിക ആശങ്കകളുയർത്തി മുങ്ങിയ ‘എംഎസ്‌സി എൽസ3’ ചരക്കുകപ്പലിന് ആഴ്ചകൾ മാത്രം അകലെയാണ് വാൻ ഹായ് 503 ദുരന്തം. 643 കണ്ടെയ്നറുകളുമായി സഞ്ചരിച്ചിരുന്ന ലൈബീരിയൻ പതാക വാഹിനി എംഎസ്‌സി എൽസ3 മുങ്ങിത്താഴുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 27 എണ്ണം കേരളത്തിന്റെ വിവിധ തീരങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഈ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി പിന്നീട് വ്യക്തമായി. ഇതിൽ കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകളും റബർ കലർത്തിയ രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്നറും ഉൾപ്പെട്ടിരുന്നു. ഇവയെല്ലാം കപ്പലിനുള്ളിൽ തന്നെയായിരുന്നുവെന്നും തീരത്തെത്തിയ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. കടലിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ടെന്നും അത് നിയന്ത്രണവിധേയമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായി. ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ 1000 രൂപയും ആറ് കിലോ അരിയും സഹായമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 കുടുംബങ്ങൾക്കായിരുന്നു ഈ സഹായം. 

ഈ രണ്ട് അപകടങ്ങളും തീരദേശ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും സമുദ്ര ചരക്ക് ഗതാഗതത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് ജനങ്ങൾ അറിയേണ്ടതുണ്ടെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ഈ വിലയിരുത്തലിനെ തുടർന്നാണ് എന്തെല്ലാം സാധനങ്ങളാണ് കണ്ടെയ്നറിൽ ഉള്ളതെന്നത് സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടല്‍വെള്ളത്തില്‍ കലർന്നാൽ കടലിലും തീരത്തും ഉണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങളാണ് പ്രസിദ്ധീകരിക്കേണ്ടത്. വീണ്ടും ഹര്‍ജി പരിഗണിക്കുന്ന രണ്ടാഴ്ചയ്ക്കകം വിവരങ്ങൾ പ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശിച്ചത്. കടൽ ജീവികളെയും തീരമേഖലയേയും അപകടം ഏത് തരത്തിൽ ബാധിക്കുമെന്നതും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇൻഷുറൻസ് കമ്പനിയുമായി ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന തർക്കങ്ങൾക്ക് നിയമ പരിരക്ഷ നൽകാൻ കേസും എഫ്ഐആറുമൊക്കെ നിർണായകമാണ്. അങ്ങനെയിരിക്കെ, ശതകോടികളുടെ നഷ്ടപരിഹാരം ലഭിക്കേണ്ട കപ്പൽ അപകടത്തിൽ കൂടുതൽ നിയമനടപടികൾ ബാധകമാക്കേണ്ടതുണ്ട്. 2012 ഫെബ്രുവരിയിൽ നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു മത്സ്യത്തൊഴിലാളികളെ എന്റിക ലെക്സി എന്ന കപ്പലിൽനിന്ന് ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന സംഭവം ഓർമ്മിക്കാം. കേസ് സുപ്രീം കോടതിയിലെത്തി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രബന്ധത്തെപ്പോലും ബാധിക്കുന്ന തലത്തിലേക്കുയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമുദ്രാപകടങ്ങള്‍ പ്രത്യക്ഷ കുറ്റകൃത്യമല്ലെങ്കിലും ഇൻഷുറൻസ് കമ്പനി ഭാവിയില്‍ കോടതിയിൽ തര്‍ക്കങ്ങള്‍ ഉന്നയിച്ചേക്കാം. കടൽജലത്തിനും മത്സ്യമടക്കം സമുദ്ര സമ്പത്തിനുണ്ടായിട്ടുള്ള നഷ്ടവും പരിഗണിക്കേണ്ടതാണ്. എംഎസ്‌സി എൽസ3ന് ലഭിക്കുന്ന പരിരക്ഷ സ്വാഭാവികമായും എംവി വാൻ ഹായ് 503 ആവശ്യപ്പെടുകയും ചെയ്യും. ഇതും കൂടുതൽ സങ്കീർണതകൾക്ക് വഴിയൊരുക്കാം. വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിൽ ലോകത്തിലെ ഏറ്റം വലിയ ചരക്കുകപ്പൽ നങ്കൂരമിട്ടിരിക്കുന്നു. കേരളം ആഗോള സമുദ്ര ചരക്ക് ഗതാഗത ഭൂപടത്തിൽ നിർണായക ഇടം നേടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകണം. ആഘാതങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാകണം. നമ്മുടെ മത്സ്യമേഖലയിൽ നിലവിലുയരുന്ന ആശങ്കകൾ പരിഹരിക്കപ്പെടണം. കടലിന്റെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്ക് പൊതുവായും ക്ഷതം കൂടാതെയും തീരജനതയെ ബാധിക്കാതെയും വേണം പ്രശ്നങ്ങൾ അവസാനിക്കാൻ. ജനങ്ങളുടെ ആശങ്ക പൂർണമായും അകറ്റാനാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.