18 January 2026, Sunday

ചെങ്കോട്ട കയറിയ വാചാടോപങ്ങൾ

Janayugom Webdesk
August 19, 2025 5:00 am

സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ യഥാർത്ഥത്തിൽ വാചാടോപങ്ങൾ എന്നായിരുന്നില്ല വിശേഷിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹം പ്രധാനമന്ത്രി ആയതുകൊണ്ടുമാത്രമാണ് ആ വാക്കുപയോഗിക്കുന്നത്. ആറായിരത്തോളം വാക്കുകളുള്ള പ്രസംഗത്തിൽ ഞാൻ എന്ന പദമാണ് ഏറ്റവുമധികം പ്രയോഗിച്ചത് എന്നതുതന്നെ പ്രസംഗത്തെ അരോചകമാക്കുന്നു. എല്ലാ വിഷയങ്ങളും പ്രതിപാദിച്ച അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത്, പ്രകൃതി ദുരന്തങ്ങളെ പരാമർശിച്ചിട്ടുണ്ട്. ദുരന്തങ്ങൾക്ക് ഇരയായവരോടൊപ്പമാണ് അനുകമ്പാപൂർവം നിലകൊള്ളുന്നതെന്നും സംസ്ഥാന — കേന്ദ്രഗവണ്‍മെന്റുകൾ ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവിടെ 2024ലെ സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുമ്പ് കേരളത്തിൽ സംഭവിച്ച ചൂരൽമലയിലെ ഉരുൾ ദുരന്തത്തിൽ ഇരകളായവരെ കൂടെ ചേർത്തുനിർത്താതിരുന്ന കേന്ദ്ര നടപടി ഓർത്തുപോകുക സ്വാഭാവികം. പഹൽഗാമിൽ നിരവധി പേരെ കൊന്നൊടുക്കിയതിന്റെ പേരിൽ കണ്ണീർ വാർത്ത പ്രധാനമന്ത്രി പക്ഷേ അതിനു കാരണമായ വീഴ്ചകളെ സൗകര്യപൂർവം മറച്ചുവച്ചു. ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തുറന്നുപറയുകയും ഉത്തരവാദിത്തം ഏൽക്കുകയും ചെയ്തതാണ്. എന്നാൽ പ്രധാനമന്ത്രി അക്കാര്യവും വിട്ടുകളഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ മേന്മ ഉയർത്തിക്കാട്ടിയപ്പോഴും ഉടൻ വെടിനിർത്തലിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. 

11 വർഷമായി ഉപയോഗിക്കുന്ന നാരീശക്തി, സ്വയം പര്യാപ്തത, ഗ്രാമങ്ങൾക്കുവേണ്ടി സംസാരിക്കുക, തദ്ദേശീയത, എല്ലാവരുടെയും വികസനം തുടങ്ങിയ വാക്കുകൾ ഇത്തവണയും ആവർത്തിച്ചു. ആവർത്തന വിരസത പോകട്ടെ ഇവയുടെയൊക്കെ യഥാർത്ഥ സ്ഥിതിയെന്താണെന്ന് പരിശോധിച്ചാൽ പ്രസംഗത്തിലെ പൊള്ളത്തരങ്ങൾ ബോധ്യപ്പെടുന്നതാണ്. നക്സലിസത്തെ ചെറുക്കുകയും ആദിവാസി ജനവിഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഊറ്റംകൊള്ളുന്ന മോഡിയുടെ ഇന്ത്യയിലാണ് ഛത്തീസ്ഗഢിലെ മൂന്ന് ആദിവാസി പെൺകുട്ടികൾ നേരിട്ട ദുരനുഭവങ്ങളിൽ നീതി തേടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നത്. അവരെയും അവർക്ക് ജോലി നൽകുന്നതിന് സന്നദ്ധരായ കന്യാസ്ത്രീകളെയും മർദിച്ച ബംജ്റംഗ്‌ദളുകാർ സ്വൈര്യവിഹാരം നടത്തുമ്പോൾ കന്യാസ്ത്രീകൾ കള്ളക്കേസിൽ കുടുങ്ങി എൻഐഎ കോടതിയിൽ കയറിയിറങ്ങുകയുമാണ്. നക്സലിസം ഇല്ലാതാക്കുന്നതിന്റെ പേരിൽ കൊന്നു തള്ളിയവരിൽ നൂറിലധികം ആദിവാസികളായ സാധാരണ പൗരന്മാരായിരുന്നുവെന്നതും മോഡിയുടെ നാരീശക്തി, ആദിവാസി സ്നേഹത്തിന്റെ കാപട്യം തുറന്നുകാട്ടുന്നു. വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന വാചാടോപങ്ങളല്ലാതെ എന്താണ് പുതിയതായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. വിദേശാധിപത്യത്തിൽ നിന്നുള്ള വിമോചനത്തിന്റെ ആഘോഷമായിരുന്നു സ്വാതന്ത്ര്യദിനം. കച്ചവടത്തിനെത്തിയ ബ്രിട്ടീഷുകാർ ഇന്ത്യയെ അടിമകളാക്കിയതിനെ ഓർക്കുകയും അതിനെതിരെ ദേശീയ നേതാക്കളുടെ പിന്നിൽ അണിനിരന്നൊരു ജനത പോരാട്ടത്തിലൂടെ പൊരുതിയതിന്റെ ഉജ്വല സ്മരണകളെ കൊണ്ടാടുകയും ചെയ്യുന്ന വേള. അധിനിവേശത്തിന്റെയും അടിമത്തത്തിന്റെയും പുതിയ സാഹചര്യങ്ങൾ ഇന്ത്യയിലെന്നല്ല, ലോകത്താകെ നിഴൽ പരത്തുമ്പോൾ ചെങ്കോട്ടയിൽ നിന്ന് നാം പ്രതീക്ഷിച്ചത് തന്റെ ഉറ്റ ചങ്ങാതിയായ ഡൊണാൾഡ് ട്രംപിനെതിരെ മോഡിയുടെ ഉറച്ച ശബ്ദമായിരുന്നു. പുതിയ അധിനിവേശത്തെ അംഗീകരിക്കില്ലെന്നും അതും കൊണ്ട് ഇങ്ങോട്ട് വരേണ്ടെന്നും പറയാനുള്ള ആർജവത്തോടെയുള്ള വാക്കുകൾ. തീരുവ യുദ്ധത്തിലൂടെയുള്ള അധിനിവേശ ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ, വിമോചനം നേടിയതിന്റെ വാർഷിക ദിനത്തിലെ പ്രസംഗത്തിൽ അദ്ദേഹത്തിന് കടുത്ത വാക്കുകളുണ്ടായില്ല. 

ഒരു ഭാഗത്ത് ശാസ്ത്രനേട്ടങ്ങളെയും വിവര വിനിമയ വിദ്യയുടെ വിസ്ഫോടനത്തെയും ബഹിരാകാശരംഗത്ത് കൈവരിച്ച നേട്ടങ്ങളെയും പ്രതിപാദിക്കുന്ന പ്രധാനമന്ത്രി പകുതിയിലേറെ സമയവും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രത്തെ നിരാകരിക്കുകയും ചെയ്യുന്ന കാര്യങ്ങളെയാണ് സൂചിപ്പിച്ചിട്ടുള്ളത്. ശ്രീകൃഷ്ണനെയും ശ്യാമപ്രസാദ് മുഖർജിയെയും ഓർത്തെടുക്കുന്ന അദ്ദേഹം വിഭാഗീയതയെയും വിഭജനത്തെയും അപലപിക്കുന്നുണ്ട്. അതേസമയം അത്തരം പ്രവർത്തനങ്ങളിൽ ഇപ്പോഴും വ്യാപൃതരായിരിക്കുന്ന ആർഎസ്എസിനെ പുകഴ്ത്തുകയും ചെയ്യുന്നു. ജനാധിപത്യത്തെക്കുറിച്ചും സ്വതന്ത്ര ഇന്ത്യയെക്കുറിച്ചും സംസാരിക്കുമ്പോൾ, ഏറ്റവും നല്ല വിളക്കുമാടവും നമ്മുടെ പ്രചോദന കേന്ദ്രവും നമ്മുടെ ഭരണഘടനയാണെന്ന് പറഞ്ഞുകൊണ്ട്, 50 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യൻ ഭരണഘടന ശ്വാസം മുട്ടിക്കപ്പെട്ടു, അടിയന്തരാവസ്ഥ ഏർപ്പെടുത്തി എന്നൊക്കെ ഭരണഘടന നേരിട്ട വെല്ലുവിളികളെ സൂചിപ്പിക്കുന്നു. കടുത്ത നിയമങ്ങളുടെ പേരിൽ ജയിലിൽ കിടക്കേണ്ടിവന്നവരെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, നിയമപരിഷ്കരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാൽ രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ പ്രാബല്യത്തിലാണെന്നും കരിനിയമങ്ങളുടെയും കള്ളക്കേസുകളുടെയും പേരിൽ ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ എത്രയോ വർഷങ്ങളായി നൂറുകണക്കിനാളുകൾ ജയിലിൽ കിടക്കുന്നുവെന്നുമുള്ള യാഥാർത്ഥ്യങ്ങൾ മോഡിയുടെ ചെങ്കോട്ട പ്രസംഗത്തിന് മുകളിൽ പാറിപ്പറക്കുന്ന വസ്തുതകളാണ്. 

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.