1848 ഫെബ്രുവരി 21ന് ലണ്ടനിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചേർന്നായിരുന്നു മാനിഫെസ്റ്റോ തയ്യാറാക്കിയത്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ മുൻഗാമികളായ വക്താക്കളാണിരുവരും. മാറ്റത്തിനുള്ള വഴികാട്ടിയായി വർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രപരമായ പ്രവചനങ്ങളിലും അതിന്റെ പൂർണതയിലും ദൗത്യം തുടരുന്നു. കമ്മ്യൂണിസ്റ്റ് ലീഗ് പ്രവർത്തനം ഒളിവിൽ തുടരവേ, ബ്രസൽസിൽ നിന്നായിരുന്നു എഴുത്ത് ആരംഭിച്ചത്. കാൾ മാർക്സ് യൂറോപ്പിലും ലോകത്തും അധ്വാനിക്കുന്നവർ നേരിടുന്ന അനീതികളെക്കുറിച്ച് എഴുതി. അധികാരികൾ അദ്ദേഹത്തെ പുറത്താക്കി. മാർക്സ് ലണ്ടനിലേക്ക് മാറി. അവിടെ നിന്ന് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. “നിലനിൽക്കുന്ന എല്ലാ സമൂഹത്തിന്റെയും ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ്” എന്ന നിരീക്ഷണം മാറ്റമില്ലാതെ നിൽക്കുകയും ഉയർന്ന മാനങ്ങളിൽ തുടരുകയും ചെയ്യുന്നു. വൈരുധ്യങ്ങളിലൂടെയും നിഷേധങ്ങളിലൂടെയും അവകാശവാദങ്ങളിലൂടെയും പോരാട്ടം തുടരേണ്ടതാണെന്നും സിദ്ധാന്തവും ഉള്ളടക്കവും പ്രയോഗവും വിപ്ലവാത്മകമാകണമെന്നും അടിവരയിടുന്നു. ഏംഗല്‍സ് വൈരുധ്യാത്മകതയെ ‘നിഗൂഢമായ രൂപത്തിൽ’ വിവരിച്ചു, മാർക്സ് അതിനെ ‘യുക്തിപരമായ രൂപത്തിൽ’ സ്വാംശീകരിച്ചു.
ഫ്രാൻസിലെ ജൂലൈ വിപ്ലവത്തിനുശേഷം 1848 ജൂലൈയിൽ സഹയാത്രികനായ ഓർലിയൻസ് ഡ്യൂക്കിനൊപ്പം സഞ്ചരിക്കുമ്പോൾ “ഇനി മുതൽ ബാങ്കർമാർ ഭരിക്കും എന്നു പ്രവചിച്ചു, ബാങ്കർ ലാഫിറ്റ്. “ലാഫിറ്റ് വിപ്ലവത്തിന്റെ രഹസ്യം ഒറ്റിക്കൊടുത്തു” എന്നായിരുന്നു മാർക്സ് വ്യക്തമാക്കിയത്. ”ഫ്രഞ്ച് ബൂർഷ്വാസി അധികാരത്തിലില്ല, ബാങ്കർമാർ, സ്റ്റോക്ക് എക്സ്ചേഞ്ച് ചുമതലക്കാർ, റെയിൽവേ ഭരിക്കുന്നവർ, കൽക്കരി ഖനികളുടെയും വനങ്ങളുടെയും ഉടമകൾ, സാമ്പത്തിക പ്രഭുക്കന്മാർ എന്ന് വിളിക്കപ്പെടുന്നവരെല്ലാം ആത്യന്തികമായി ഭരിച്ചു. വ്യാവസായിക ബൂർഷ്വാസി ഔദ്യോഗിക പ്രതിപക്ഷമായിരുന്നു. വൈരുധ്യാത്മക പ്രക്രിയ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പഴയതിൽ പലതും സംരക്ഷിക്കുകയും പുതിയത് കണ്ടെത്തുകയും ചെയ്യുന്നു. പരിണാമം അതിന്റെ ഗതി തുടർന്നു. മാർക്സ് “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ“യിൽ അടിവരയിട്ടത് അന്വർത്ഥമായി. വികസനത്തിന്റെ നീണ്ട ഗതിയിൽ, ഉല്പാദനരീതികളിലെ മാറ്റങ്ങളുടെ പരമ്പരയിൽ, ആധുനിക ബൂർഷ്വാസിയും മൂലധനം ചെലവഴിക്കുകയും ശേഖരിക്കുകയും ചെയ്തു. ഓരോ ചുവടും മുന്നോട്ടുപോകുമ്പോഴും മുൻനിരയിലുള്ള വിഭാഗത്തിന് അനുസൃതമായ രാഷ്ട്രീയ മുന്നേറ്റമുണ്ടായി. ബൂർഷ്വാസി, ചരിത്രപരമായി ഏറ്റവും വിപ്ലവകരമായ പങ്ക് വഹിക്കുകയും ഫ്യൂഡൽ, പുരുഷാധിപത്യം എന്നിവയെല്ലാം അവസാനിപ്പിക്കുകയും ചെയ്തു. മനുഷ്യർക്കിടയിൽ അവശേഷിച്ചത് സ്വാർത്ഥതാല്പര്യങ്ങളും പണമിടപാടുകളും മാത്രമാണ്. ചൂഷണത്തിന്റെ ക്രൂരമായ രൂപം വെളിച്ചത്തു വന്നു. എല്ലാ തൊഴിലും അതിന്റെ മഹത്വം നഷ്ടപ്പെട്ട് കൂലിപ്പണിയായി മാറി. അധ്വാനം പോലും വാങ്ങുന്നയാൾ നിശ്ചയിച്ച വിലയ്ക്ക് വിൽക്കുന്ന ഒരു ചരക്കായി.
വർഗവിഭജന സമൂഹത്തെയും അവർ തമ്മിലുള്ള പോരാട്ടത്തെയും മാനിഫെസ്റ്റോ ഇങ്ങനെ നിർവചിക്കുന്നു- “യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം”.
“എവിടെയാണ് പ്രതിപക്ഷത്തെ അധികാരത്തിലിരിക്കുന്നവർ കമ്മ്യൂണിസ്റ്റായി മുദ്രകുത്താത്തത്? ബലപ്രയോഗത്തിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള സാമ്രാജ്യത്വ വിധേയ ഭരണകൂടങ്ങളിലേക്കും മാർക്സ് വിരൽ ചൂണ്ടി. സാമ്രാജ്യത്വം ശക്തികേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയിൽ മൂലധന ശേഖരണം വേഗത്തിലാകുകയും സ്വയം സാമ്പത്തിക കരുത്തരായി മാറുകയും ചെയ്യുന്നു. മൂലധന രചനയിൽ പറഞ്ഞതുപോലെ. “കയ്യേറ്റം പൗരാണിക സമൂഹങ്ങളിൽ സൂതികർമ്മിണിയായി വർത്തിക്കുന്നു. അത് സ്വയം ഒരു സാമ്പത്തിക ശക്തിയായി. “കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ ചുമതലകൾ ജനാധിപത്യ സ്വഭാവമുള്ളതാണെന്നും അവ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനാധിപത്യ സ്വഭാവമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു പരിപാടിയുടെ ആവശ്യകതയും മാനിഫെസ്റ്റോ ഊന്നിപ്പറയുന്നു. മാനിഫെസ്റ്റോ ഒരു ലക്ഷ്യം നിറവേറ്റാൻ തയ്യാറാക്കിയതാണ്. പാലിക്കേണ്ട തത്വങ്ങൾ തിരിച്ചറിയുന്ന പുസ്തകം ഉണ്ടായിരിക്കണമെന്ന ഇച്ഛയും പിറവിക്ക് കാരണമായി. ഉദ്ദേശ ദൗത്യം വലിയ വിജയമായി. ഈ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായവർക്ക് പുസ്തകം എക്കാലവും പ്രസക്തമാണ്. ഇത് അന്താരാഷ്ട്ര തലത്തിലും പ്രയോഗിക്കേണ്ടതുണ്ട്. കാരണം തൊഴിലാളിവർഗത്തിന് തന്നെ നിർവഹിക്കാൻ ഒരു ദൗത്യമുണ്ട്. അത് ലോകത്തിലെ ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കുക എന്നതാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗം ശാസ്ത്രീയവും അന്തർദേശീയവുമായ സോഷ്യലിസത്തിന്റെ വഴികളിൽ വിജയിക്കണം. പൊതുശത്രുവിനെതിരെ പോരാടാൻ അത് ഒരു പ്രബലമായ ശക്തിയായിരിക്കണം,
മുതലാളിത്തത്തിന്റെ പുതിയ ഘട്ടമാണ് ധനമൂലധനം. എല്ലാ സാമൂഹിക‑സാമ്പത്തിക രൂപീകരണങ്ങൾക്കിടയിലും അത് പ്രവർത്തിക്കുന്നു. മുതലാളിത്ത സംവിധാനത്തിൽ അളവിലും ഗുണത്തിലും മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ മാറ്റം വളരെ കൂടുതലാണെന്ന് മാർക്സ് സൂചിപ്പിച്ചിരുന്നു. അതിനാൽ വലിയ പരിവർത്തനങ്ങൾ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരുന്നു. വർഗസമരത്തിന്റെ സ്വഭാവം തന്നെ മാറ്റത്തിലൂടെ കടന്നുപോകുന്നു. ഇത് കൃത്യമായി അഭിസംബോധന ചെയ്യേണ്ടതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.