22 December 2024, Sunday
KSFE Galaxy Chits Banner 2

മോഡി ഭരിക്കുന്ന ഇന്ത്യയിൽ ഗാന്ധിസ്മരണ ഒരു പ്രതിരോധമാകണം

Janayugom Webdesk
October 2, 2024 5:00 am

ഇന്ന് ഗാന്ധിജിയുടെ ജന്മദിനമാണ്. മാനവരാശി ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മാഗാന്ധിയെന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ ഏറ്റവുമധികം ഭയന്നിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളും അവരുടെ വിധേയന്മാരുമായിരുന്നു. രക്തസാക്ഷിയായതിനുശേഷവും ഭയക്കുന്നത് ഇന്ത്യയിലെ സംഘ്പരിവാര്‍ ശക്തികളാണ്. 1948 ജനുവരി 30ന് അദ്ദേഹത്തെ കൊന്നുതള്ളിയ വർഗീയഭ്രാന്തന്മാർ രക്തസാക്ഷി — ജന്മദിനങ്ങളിൽ മാത്രമല്ല എല്ലായ്‌പോഴും അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും വധിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹം കൂടി നയിച്ച വിമോചനപോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിതന്നെ മഹാത്മജിയെ ഇകഴ്‍ത്തിയ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ജന്മദിനം ലോകജനത കൊണ്ടാടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു അഭിമുഖത്തിലാണ് നരേന്ദ്ര മോഡിയുടെ വിവാദ പരാമർശമുണ്ടായത്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്നായിരുന്നു മോഡിയുടെ പ്രസ്താവന. മഹാത്മജി വലിയ വ്യക്തിത്വമായിരുന്നു. ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ടേലയും അടക്കമുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരാണെങ്കിലും ഗാന്ധിയെക്കുറിച്ച് അറിയാതെപോയി. ‘ഗാന്ധി’ സിനിമ പുറത്തിറങ്ങിയതിനുശേഷമായിരുന്നു ഗാന്ധിജിയെ കൂടുതലറിയാൻ ലോകം താല്പര്യം കാണിച്ചതെന്നും മോഡി പ്രസ്തുത അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെയോ ലോകത്തിന്റെയോ പ്രാഥമിക ചരിത്രം പോലും അറിയാത്ത ഒരാളുടെ ജല്പനമായി ഇതിനെ കാണാനാകില്ല. മറിച്ച് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശമായി തന്നെ വായിക്കണം. കാരണം ഗാന്ധിജി ഇപ്പോഴും സംഘ്പരിവാറിനെ വല്ലാതെ അലോസരപ്പെടുത്തുന്ന വ്യക്തിത്വത്തിന്റെയും ജീവിതത്തിന്റെയും വിളിപ്പേരാണ്. 

മോഡി തന്റെ പ്രസ്താവനയിൽ ഉദ്ധരിച്ച വ്യക്തികൾതന്നെ സിനിമ കാണാൻ നിൽക്കാതെ ഗാന്ധിജിയെ തങ്ങളുടെ സ്വാധീനശക്തിയായി വിശേഷിപ്പിച്ചവരാണ്. ഗാന്ധി തനിക്ക് വഴികാട്ടിയായ വെളിച്ചമാണെന്ന് എഴുതിയ മാർട്ടിൻ ലൂഥർ കിങ് 1968ലാണ് കൊല്ലപ്പെടുന്നത്. ഇതുപോലൊരാൾ മജ്ജയും മാംസവുമായി ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കാനിടയില്ലെന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനായിരുന്നു. അദ്ദേഹം മരിച്ചതാകട്ടെ 1955ലായിരുന്നു. ഇന്ത്യൻ മാനവികവാദിയായ ഗാന്ധിജി തന്റെ ജീവിതത്തിലും തത്വചിന്തയിലും ആഴത്തിൽ സ്വാധീനം ചെലുത്തിയെന്ന് ആൽബർട്ട് ഷൈറ്റ്സറും പറഞ്ഞിട്ടുണ്ട്. ജർമ്മൻ തത്വചിന്തകനായ അദ്ദേഹം 1965 സെപ്റ്റംബറിൽ അന്തരിച്ച വ്യക്തിയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ഗാന്ധി സിനിമയ്ക്ക് മുമ്പ് തന്നെ ലോകം ഗാന്ധിജിയെ നന്നായി അറിഞ്ഞിരുന്നുവെന്നാണ്. സിനിമയെ കുറിച്ച് ആലോചിക്കുവാൻ പോലും ആറ്റൻബറോയ്ക്ക് പ്രായമാകാത്ത വേളയിലാണ് ലോകനേതാക്കൾ ഗാന്ധിജിയുടെ സേവനങ്ങളെയും സ്വാധീനത്തെയും കുറിച്ച് പരാമർശിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 1982 നവംബർ 30 നാണ് ഗാന്ധി സിനിമ ഇന്ത്യയിൽ പ്രദർശിപ്പിച്ചു തുടങ്ങുന്നത്. 

ബ്രിട്ടനിൽ ആ വർഷം ഡിസംബർ മൂന്നിനും യുഎസിൽ ഡിസംബർ ആറിനും സിനിമ പ്രദർശനത്തിന് എത്തി. ഗാന്ധിജി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൂടെ നിലയുറപ്പിച്ചില്ലെന്നുമാത്രമല്ല, ബ്രിട്ടീഷ് പാദസേവ ജീവിതവ്രതമായി സ്വീകരിച്ചവരായിരുന്നു മോഡിയുടെ മുൻഗാമികൾ. 1947 ഓഗസ്റ്റ് 15ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് പോലും തങ്ങൾ ഉദ്ദേശിച്ച രീതിയിലായിരുന്നില്ല എന്നതുകൊണ്ടായിരുന്നു നാഥുറാം വിനായക് ഗോഡ്സെ എന്ന മത ഭ്രാന്തൻ ഗാന്ധിജിയെ കൊന്നുതള്ളിയത്. അതുകൊണ്ടുതന്നെ ഗോഡ്സെയെ വീരപുരുഷനായി ആഘോഷിക്കുകയും ഗാന്ധി രക്തസാക്ഷിദിനത്തിൽ ഗാന്ധിക്കോലമുണ്ടാക്കി നിറയൊഴിക്കുകയും ചെയ്ത വലതു തീവ്രവാദികളുടെ ചെയ്തികളിൽ നിന്ന് മോഡിയുടെ പ്രസ്താവന വേറിട്ടുനിൽക്കുന്നില്ല. സമകാലിക ഇന്ത്യയിൽ ഗാന്ധിജിയുടെ സ്മരണ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത് മോഡിയെയും കൂട്ടരെയുമാകുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം ഗാന്ധിജി ഉയർത്തിയ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളാണ്. സ്വാതന്ത്ര്യം നേടിയതിന്റെ ആഘോഷങ്ങളിൽ എല്ലാം മറന്ന് ജനങ്ങൾ പങ്കാളികളാകുമ്പോൾ അതിന്റെ ഭാഗമാകാതെ സാമുദായിക സംഘർഷങ്ങളുടെ ചോരയൊഴുകിയ പ്രദേശങ്ങളിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തിൽ വംശഹത്യയുടെ ചോരപ്പുഴകളും മനുഷ്യക്കുരുതിയും താണ്ടിയാണ് തന്റെ അധികാരമുറപ്പിച്ചതെന്ന് മോഡിക്ക് നല്ല ബോധ്യമുണ്ട്. ഇന്നിപ്പോൾ രാജ്യമാകെ കലാപത്തിന്റെ തീ പടർത്തുമ്പോൾ സാഹോദര്യസന്ദേശവുമായി നടന്നുനീങ്ങിയ ഗാന്ധിജിയുടെ ഓര്‍മപോലും സംഘ്പരിവാറിനെയും മോഡിയേയും ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് മോഡി ഭരിക്കുന്ന രാജ്യത്ത് ഗാന്ധിസ്മരണ പോലും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദിനാചരണങ്ങൾ മാത്രമല്ല ഗാന്ധിജിയുടെ ആശയങ്ങൾ എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിക്കുകയാണ് അദ്ദേഹത്തെ ഭയക്കുന്നവർക്കെതിരായ നമ്മുടെ പ്രതിരോധമാകേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.