കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ തമാശയേതെന്ന ചോദ്യത്തിന് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് നിസംശയം നൽകാവുന്ന ഒരുത്തരം മണിപ്പൂർ മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ എന്നായിരിക്കും. 2023 മേയ് മാസം മൂന്നിന് ആരംഭിച്ച്, ഇപ്പോഴും തുടരുന്ന വംശീയ കലാപത്തിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞത് കഴിഞ്ഞ വർഷത്തിന്റെ അവസാന സായാഹ്നത്തിലായിരുന്നു. ഒന്നര വർഷത്തിലധികം ആ സംസ്ഥാനത്ത് പരസ്പരം കൊന്നും കൊടുത്തും ചില സമുദായങ്ങൾ പോരടിക്കുകയായിരുന്നു. ഇത്രനാളും ഇംഫാലിലെ അധികാര സോപാനങ്ങൾക്ക് ചുണ്ടനക്കം പോലുമുണ്ടായില്ല. എന്നുമാത്രമല്ല അധികാരക്കസേരകൾ ഉറപ്പിച്ചു നിർത്തുന്നതിന് ആരുടെ ചോരയാണോ വേണ്ടത് അതിനുവേണ്ടി ദാഹിച്ച്, നിസംഗമായി നിന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടുകൊണ്ടിരുന്നത്. വർഷാവസാനം മുഖ്യമന്ത്രി നടത്തിയ മാപ്പപേക്ഷയാകട്ടെ ആത്മാർത്ഥതയുടെ കണിക പോലുമില്ലാത്തതാണെന്ന് വ്യക്തമാണ്. ‘നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നത്, 2023 മേയ് മൂന്ന് മുതൽ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പു ചോദിക്കുന്നു, നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി, വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു, ഖേദം പ്രകടിപ്പിക്കുന്നു, ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എന്നാൽ അതിനൊപ്പം പറഞ്ഞ കാര്യങ്ങള്‍ വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നിടത്താണ് പ്രസ്താവനയിലെ പൊള്ളത്തരം വെളിപ്പെടുന്നത്. കഴിഞ്ഞ മൂന്നുനാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നൽകുന്നുവെന്നും, 2025ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ടെന്നുമായിരുന്നു തുടർന്നു പറഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്ത് സമാധാന നിലയുണ്ടെന്ന് ഏത് കണക്കിലാണ്, അല്ലെങ്കിൽ ആരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. നവംബർ പത്തിനാണ് കുക്കി വിഭാഗത്തിൽപ്പെട്ട 11 പേരെ സുരക്ഷാസേന വെടിവച്ചുകൊന്നത്. ഇതിന്റെ തുടർച്ചയായി തട്ടിക്കൊണ്ടുപോയ മെയ്തി വിഭാഗത്തിൽപ്പെട്ട ചിലരുടെ മൃതദേഹങ്ങൾ അയൽ സംസ്ഥാനമായ അസമിലെ പുഴകളിൽ ഒഴുകി നടന്നതും നവംബറിൽ തന്നെ. മുഖ്യമന്ത്രി മാധ്യമ പ്രതിനിധികളെ വിളിച്ചുകൂട്ടി മാപ്പപേക്ഷ നടത്തിയ അതേ സായാഹ്നത്തിൽ കാങ്പോക്പിയിൽ കുക്കി വനിതകളും സുരക്ഷാസേനയും ഏറ്റുമുട്ടിയെന്ന വാർത്തയും വന്നിട്ടുണ്ട്. സമാധാനം പുലരുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പുലർത്തിയ 2025ലെ ആദ്യ ദിനത്തിൽ — ഇന്നലെ, ഇംഫാൽ പടിഞ്ഞാറ് ജില്ലയിലെ കദങ്ബാൻഡ് മേഖലയിൽ അക്രമമുണ്ടായെന്നും വാർത്തകളുണ്ടായി. മണിപ്പൂരിലെ സമാധാനം അരികെയെങ്ങുമല്ലെന്നാണ് ഇതിലൂടെ തെളിയുന്നത്.
മണിപ്പൂരിന്റെ പ്രശ്നങ്ങൾക്കും വംശീയ കലാപത്തിനും മുഖ്യമന്ത്രിയുടെ ക്ഷമാപണംകൊണ്ട് പ്രതിവിധിയാകില്ല. മുഖ്യമന്ത്രി വൻ പരാജയമാണെന്ന് പ്രതിപക്ഷം മാത്രമല്ല ഭരണകക്ഷിയായ ബിജെപിയിലെ പത്തോളം അംഗങ്ങളും ആർത്തുവിളിച്ചു പറഞ്ഞിട്ടും മുഖ്യമന്ത്രിയിൽ നിന്ന് പോകട്ടെ, കേന്ദ്ര ഭരണാധികാരികളിൽ നിന്നും പോലും പ്രതികരണമുണ്ടായില്ല. മണിപ്പൂരിൽ കലാപത്തീ ആളിപ്പടരുമ്പോൾ ഡൽഹിയിലെ അന്തഃപുരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റെയ്സിനക്കുന്നിലെ രാജഭവനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും മഹാമൗനത്തിലായിരുന്നു. കുക്കി വനിതകളെ നിരത്തിൽ നഗ്നരായി നടത്തി, പിന്നീട് ബലാത്സംഗം ചെയ്ത് കൊന്നതിന്റെ വിവരങ്ങൾ ആഴ്ചകൾ പിന്നിട്ടശേഷം പുറത്തുവന്നപ്പോഴും നടന്നുകൊണ്ടിരുന്ന രാജ്യസഭാ, ലോക്‌സഭാ സമ്മേളനങ്ങളിൽ എന്തെങ്കിലും പറയുന്നതിനും മോഡി തയ്യാറായില്ല. ഒടുവിൽ വൻ പ്രതിഷേധമിരമ്പിയപ്പോൾ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനെ താരതമ്യം ചെയ്ത് അപലപിക്കുന്നു എന്ന വാക്കാണ്, ലോക്‌സഭയ്ക്ക് പുറത്ത് മോഡിയിൽ നിന്ന് പ്രതികരണമായി നാം ശ്രവിച്ചത്. അവിടെയും സ്ത്രീകൾക്കെതിരായി ഏറ്റവുമധികം അതിക്രമങ്ങൾ നടക്കുന്ന യുപിയോ, മധ്യപ്രദേശോ ആയിരുന്നില്ല മോഡി സമീകരിച്ചത്. മണിപ്പൂരിനെ കുറിച്ച് മിണ്ടാതിരുന്ന രാഷ്ട്രപതിക്ക് കൊൽക്കത്ത ആർജികർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടപ്പോൾ മനസ് നൊന്തതും നാം കണ്ടതാണ്. അതുകൊണ്ട് ബിരേൻ സിങ്ങിന്റെ ഈ മാപ്പിന് മനഃസാക്ഷിക്കുത്തിന്റെ കണികയേതുമില്ലെന്ന് പകല്‍പോലെ വ്യക്തം. ഈ മാപ്പിലൂടെ മണിപ്പൂരിൽ മരിച്ചുപോയ ഇരുനൂറിലധികം പേരുടെ ജീവനോ സ്ത്രീകളുടെ നഷ്ടപ്പെട്ടുപോയ മാനമോ തിരികെ ലഭിക്കില്ല. സ്വന്തം നാട്ടിലും അയൽ സംസ്ഥാനങ്ങളിലും അഭയാർത്ഥികളായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ, പഠനത്തിനായി കേരളം പോലെ വിദൂര സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന വിദ്യാർത്ഥികളുടെ നഷ്ടമായതിനൊന്നും പരിഹാരവുമല്ല. ഒന്നര വർഷത്തിലധികമായി സ്വന്തം നാട്ടിൽ അനാവശ്യമെന്ന് സഹപ്രവർത്തകര്‍ പോലും വിശേഷിപ്പിച്ച, നാടിന്റെ സമാധാനം കെട്ട കാലത്തും പക്ഷപാതിത്തം കാട്ടി, വംശഹത്യയെ നോക്കുകുത്തി പോലെ നിന്ന് കണ്ടാസ്വദിച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയാണ് അനിവാര്യമായിട്ടുള്ളത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടിയോജിപ്പിക്കുവാനും സമവായത്തിന് ശ്രമിക്കുവാനും സാധിക്കുന്ന മുഖ്യമന്ത്രിയെയാണ് മണിപ്പൂർ ആഗ്രഹിക്കുന്നത്, അല്ലാതെ കപടനാവുകളിൽ നിന്ന് പുറപ്പെടുന്ന മാപ്പപേക്ഷകൾക്കല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.