21 January 2026, Wednesday

കേന്ദ്രനയങ്ങൾക്ക് എതിരായ ചെറുത്തുനില്‍പ്പും പ്രതിപക്ഷവും

Janayugom Webdesk
January 13, 2026 5:00 am

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര എൻഡിഎ സർക്കാർ കേരളത്തിനുമേൽ അടിച്ചേല്പിക്കുന്ന സാമ്പത്തിക ഉപരോധത്തിനും രാഷ്ട്രീയ വിവേചനത്തിനും എതിരായി സംസ്ഥാനം തുടർന്നുവരുന്ന ചെറുത്തുനില്പിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും നിയമസഭാംഗങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും ഇന്നലെ തിരുവനന്തപുരം, പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹം അനുഷ്ഠിച്ചു. പരമ്പരാഗത രീതിയിലുള്ള പ്രതിഷേധങ്ങൾകൊണ്ടോ സമരമാർഗങ്ങളിലൂടെയോ പരിഹാരം കാണാവുന്ന പ്രശ്നമല്ല കേരളത്തോടും രാജ്യത്തെ ഇതര പ്രതിപക്ഷപാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുനേരെയും മോഡി ഭരണകൂടം തുടരുന്ന സാമ്പത്തിക ഉപരോധവും രാഷ്ട്രീയ വിവേചനവും. കേന്ദ്രസർക്കാരിന്റെ വിവേചനപരമായ, ഭരണഘടനാ തത്വങ്ങൾക്കും ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ, നയസമീപനങ്ങളെ തുറന്നുകാട്ടി രാഷ്ട്രീയ ചെറുത്തുനില്പിൽ ബഹുജനങ്ങളെ ഒന്നാകെ അണിനിരത്തുകയെന്നതാണ് ഈ സമരപരമ്പരയുടെ ലക്ഷ്യം. മോഡി സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിന്റെ യഥാർത്ഥ ഇരകൾ സംസ്ഥാനത്തെ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾക്ക് അർഹരായ 60 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കളും നെൽകർഷകരടക്കം കർഷകരും ആരോഗ്യ പരിപാലനത്തിനായി സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരും പുതുതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ വിദ്യാഭ്യാസത്തിനായി സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്ന മഹാഭൂരിപക്ഷം വരുന്ന കേരളത്തിലെ സാധാരണക്കാരുടെ കുടുംബങ്ങളുമാണ്. രാഷ്ട്രീയ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് കേരളത്തിന്റെ ഭരണഘടനാപരവും നീതിപൂർവവുമായ അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ച് കൈകോർത്ത് പോരാടണമെന്ന അഭ്യർത്ഥനയും ആഹ്വാനവും പ്രതിപക്ഷം സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ നിരാകരിക്കുകയാണ്. കേരളത്തിലെ ബിജെപിക്കാർ അത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന്റെ അർത്ഥവും യുക്തിയും ആർക്കും മനസിലാവും. എന്നാൽ കോൺഗ്രസും അവർ നേതൃത്വം നൽകുന്ന യുഡിഎഫും പിന്തുടരുന്ന നിഷേധാത്മക നിലപാട് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം രാഷ്ട്രീയതിമിരം അവരെ ബാധിച്ചിരിക്കുന്നു. കേരളം ഉന്നയിക്കുന്നതിന് സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അയൽ സംസ്ഥാനമായ കർണാടകത്തിലെ കോ­ൺഗ്രസ് സർക്കാരും പോ­രാട്ടത്തിന്റെ പാതയിലാണെന്നതുപോലും അവർ സൗകര്യപൂർവം വിസ്മരിക്കുന്നു. 

എൽഡിഎഫും യുഡിഎഫും കേരളത്തിലെ സ­വിശേഷ രാഷ്ട്രീയപശ്ചാത്തലത്തിൽ പരസ്പരം മത്സരിക്കുന്ന പ്രതിയോഗികൾതന്നെ. സമീപഭാവിയിലൊന്നും ആ രാഷ്ട്രീയ അനുപാതത്തി­ൽ എന്തെങ്കിലും മാറ്റം ആ­രും പ്രതീക്ഷിക്കുന്നില്ല. ജനങ്ങൾക്ക് സ്വീകാര്യവും അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളും ഉറപ്പുനൽകുന്ന മു­ന്നണിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതാണ് നാം കണ്ടുവരുന്ന കേരളത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളജനത നിറഞ്ഞമനസോടെ എൽഡിഎഫിനെ പിന്തുണച്ചു. അത് ആസന്നമായ തെരഞ്ഞെടുപ്പിലും തുടരുമെന്ന ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് മുന്നേറുന്നത്. അതാവട്ടെ ശൂന്യതയിൽ നിന്ന് ഉരുവംകൊള്ളുന്ന ഒന്നല്ല. മറിച്ച്, കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം കാഴ്ചവച്ച വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അനുഭവം പകർന്നുനൽകുന്ന ആത്മവിശ്വാസമാണ് അത്. വരാൻപോകുന്ന നിയമസഭാതെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള ആശങ്കയിലും ആധിയിലും ജനങ്ങളുടെ ആവശ്യങ്ങളോടും അവകാശങ്ങളോടും തികച്ചും നിഷേധാത്മകമായ സമീപനമാണ് കോൺഗ്രസ്, യുഡിഎഫ് നേതൃത്വം അവലംബിക്കുന്നത്. 65 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ നൽകിയ ഇനത്തിൽ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശിക 341 കോടി രൂപ. നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട കുടിശിക 1366 കോടി രൂപ. ജലജീവൻ മിഷൻ നടപ്പാക്കിയ ഇനത്തിൽ ലഭിക്കേണ്ടത് 650 കോടി. ഇത്തരത്തിൽ കുടിശിക ഇനത്തിൽ മാത്രം കേരളത്തിന് ലഭിക്കേണ്ടത് 6948 കോടി രൂപ. ദൈനംദിന ജനജീവിതത്തെ നിർണായകമായി ബാധിക്കുന്നതും ജനങ്ങളുടെ കൈകളിലേക്ക് എത്തേണ്ടതുമായ ഈ തുക വാങ്ങിയെടുക്കാനുള്ള ശ്രമത്തിൽനിന്ന് നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ മാറിനിൽക്കുന്നത് ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന് യോജിച്ചതാണോയെന്ന് യുഡിഎഫ് നേതൃത്വം ഗൗരവമായി ചിന്തിക്കണം. 

കേരളത്തിന് ലഭിക്കേണ്ട നികുതിവിഹിതം 3.88 ശതമാനത്തിൽനിന്ന് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 1.92 ശതമാനമായി കുറച്ചു. നികുതിവിഹിതം, ഗ്രാന്റ്, പദ്ധതിവിഹിതം, വെട്ടിക്കുറച്ച കടമെടുപ്പ് പരിധി എന്നിവയിലൂടെ കേരളത്തിന് നിഷേധിക്കപ്പെട്ടത് ഒരുലക്ഷംകോടി രൂപയിലേറെയാണ്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇത്തരത്തിൽ കേരളത്തിന് നഷ്ടമായത് 57,000 കോടിയില്പരം രൂപയാണ്. അതേസമയം ‘ഡബിൾ എന്‍ജിൻ’ സർക്കാരുകൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് അനുപാതരഹിതമായി കേന്ദ്ര സഹായം ലഭിക്കുന്നതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലും നമുക്കുമുന്നിലുണ്ട്. നികുതിവിഹിതം വിതരണം ചെയ്യുന്നതിൽ കടുത്ത വിവേചനവും അനീതിയുമാണ് കേരളമടക്കം പ്രതിപക്ഷ സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം അവലംബിക്കുന്നത്. സംസ്ഥാനത്തുനിന്ന് സമാഹരിക്കുന്ന ഓരോ നൂറുരൂപ നികുതിയിൽനിന്നും ഉത്തർപ്രദേശിന് 46 രൂപ ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നതാകട്ടെ കേവലം 21 രൂപ മാത്രം. ജനസംഖ്യാനുപാതിക വീതംവയ്പായി കേന്ദ്രം ഈ വിവേചനത്തെ ന്യായീകരിക്കുന്നു. കേരളമടക്കം ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നികുതി വിഭജനത്തിൽ ശാസ്ത്രീയവും നീതിപൂർവവുമായ മാനദണ്ഡങ്ങളും രീതികളും ആവശ്യപ്പെടുന്നു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി വിളിച്ചുകൂട്ടിയ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ ഇന്നത്തെ പ്രതിസന്ധിയെ മുറിച്ചുകടക്കാനുള്ള നിരവധി പ്രായോഗിക നിർദേശങ്ങൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഹ്രസ്വകാല രാഷ്ട്രീയ ലക്ഷ്യങ്ങളും താല്പര്യങ്ങളും മാറ്റിവച്ച് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾക്കായി യോജിച്ചുപ്രവർത്തിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകുമോ എന്നതാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അധികാരമോഹം തലയ്ക്കുപിടിച്ച് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം അവഗണിക്കാനാണ് പ്രതിപക്ഷ നീക്കമെങ്കിൽ അതിനോട് രാഷ്ട്രീയമായി പ്രതികരിക്കാനുള്ള രാഷ്ട്രീയബോധവും പക്വതയും കേരള ജനതയ്ക്കുണ്ടെന്നത് യുഡിഎഫ് നേതൃത്വം വിസ്മരിക്കരുത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.