
ഒരു ദശാബ്ദത്തിനുമുമ്പ് പരമോന്നത ഭരണഘടനാ കോടതി തിരസ്കരിച്ച ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം (നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് കമ്മിഷൻ ആക്ട് — എൻജെഎസി ആക്ട്) പുനഃപരിശോധിക്കാനുള്ള സന്നദ്ധത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നവംബർ 26ന് പ്രകടിപ്പിക്കുകയുണ്ടായി. സുപ്രീം കോടതി, ഹൈക്കോടതി എന്നിവയുടെടെ ചീഫ് ജസ്റ്റിസുമാർ, ഇതര ജഡ്ജിമാർ എന്നിങ്ങനെ ഉന്നത ജുഡീഷ്യറി നിയമനങ്ങൾ, സ്ഥലംമാറ്റം എന്നിവ കൈകാര്യം ചെയ്യുന്ന കൊളീജിയത്തിനു പകരം എൻജിഎസി സംവിധാനം നടപ്പാക്കണമെന്ന അഭിഭാഷകൻ മാത്യൂസ് നെടുംപറയുടെ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. 2015ൽ എൻജെഎസി സംബന്ധിച്ച പാർലമെന്റിന്റെ ഭരണഘടനാഭേദഗതി ‘ഭരണഘടനാ വിരുദ്ധ’മെന്ന് 4:1 ഭൂരിപക്ഷത്തിൽ സുപ്രീം കോടതി അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. ‘ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന’ കൊളീജിയം സംവിധാനത്തിൽ തങ്ങൾ പൂർണ തൃപ്തരല്ലെന്നും ജഡ്ജ് നിയമന സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് ജെ എസ് ഖേഹർ ഭൂരിപക്ഷ വിധിയിൽ അന്ന് സൂചിപ്പിക്കുകയുണ്ടായി. ഭരണഘടനയുടെ 99-ാം ഭേദഗതിയായിട്ടാണ് എൻജെഎസി നിലവിൽ വന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം 124, 217 എന്നിവയിലാണ് ഭേദഗതികൾ കൊണ്ടുവന്നത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ജഡ്ജിമാരെ രാഷ്ട്രപതി നിയമിക്കും എന്നതിനുപകരം എൻജെഎസിയുടെ ശുപാർശ സ്വീകരിച്ച് നിയമനം നടത്തുമെന്നായിരുന്നു ഭേദഗതി. അനുച്ഛേദം 124എ ആറംഗ എൻജെഎസിയുടെ ഘടന നിർദേശിക്കുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, ഏറ്റവും മുതിർന്ന മറ്റു രണ്ട്‍ സുപ്രീം കോടതി ജഡ്ജിമാർ, യൂണിയൻ നിയമമന്ത്രി, (സിജെഐ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതി നിർദേശിക്കുന്ന) രണ്ട് ശ്രേഷ്ഠ വ്യക്തിത്വങ്ങൾ എന്നിവർ ഉൾപ്പെട്ടതായിരിക്കും എൻജെഎസി എന്ന് നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഇതിൽ, രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളിൽ ഒരാൾ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മത ന്യൂനപക്ഷങ്ങൾ, വനിതകൾ തുടങ്ങി പ്രാതിനിധ്യം കുറഞ്ഞ ഏതെങ്കിലും ഒരുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അംഗം ആയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എൻജെഎസിയിലെ ഏതെങ്കിലും രണ്ട് അംഗങ്ങൾക്ക് കമ്മിഷൻ തീരുമാനത്തെ വീറ്റോ ചെയ്യാനുള്ള വിവാദ അവകാശവും നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.
നിർദിഷ്ട എൻജെഎസിയിലെ വീറ്റോ അധികാരം, ഭരണഘടനാ കേസുകളിൽ മിക്കതിലും പ്രധാന കക്ഷിയായ യൂണിയൻ നിയമമന്ത്രിയുടെ കമ്മിഷനിലെ സാന്നിധ്യം, വിശിഷ്ട വ്യക്തികളുടെ യോഗ്യതകൾ സംബന്ധിച്ച നിയമത്തിലെ അവ്യക്തത തുടങ്ങിയ പല ഘടകങ്ങളും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി വിലയിരുത്തിയിരുന്നു. വിശിഷ്ട വ്യക്തികളുടെ തെരഞ്ഞെടുപ്പ്, അവരെ നിയോഗിക്കുന്നവരുടെ സ്വേച്ഛാനുസൃതമായിരിക്കുമെന്നതും വിധിയെ നിർണായകമായി സ്വാധീനിച്ചിരുന്നതായിക്കാണാം. എൻജെഎസിയുടെ യോഗം വിളിച്ചുചേർക്കാനുള്ള അവകാശം സര്‍ക്കാര്‍ സെക്രട്ടറിയിൽ നിക്ഷിപ്തമാണെന്നിരിക്കെ അതിന്റെ നിയന്ത്രണം യഥാർത്ഥത്തിൽ എക്സിക്യൂട്ടീവിൽ നിക്ഷിപ്തമാണെന്നും വിധി വിലയിരുത്തുകയുണ്ടായി. അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് ചെലമേശ്വർ ഭൂരിപക്ഷ വിധിയോട് പൂർണമായും വിയോജിച്ചപ്പോൾ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ ഇടപെടലിൽ തനിക്കുള്ള ആശങ്കകൾ ജസ്റ്റിസ് കുര്യൻ ജോസഫ് മറച്ചുവച്ചിരുന്നില്ല. അവ പരിഹരിക്കാവുന്നതേയുള്ളൂ എന്ന സമീപനമാണ് അന്ന് ജസ്റ്റിസ് ജോസഫ് അവലംബിച്ചിരുന്നത്. എന്നാൽ, പിൽക്കാലത്ത് എൻജെഎസി നിരാകരണത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. എൻജെഎസി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതി, ആ തീരുമാനം പുനഃപരിശോധിക്കാനുള്ള സന്നദ്ധത ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത് ഏറെ കരുതലോടെയായിരിക്കണം നിയമവൃത്തങ്ങളും പൗരസമൂഹം ആകെത്തന്നെയും വീക്ഷിക്കുന്നത്. എൻജെഎസി നിയമം പലരും കരുതുന്നതുപോലെയും പ്രചരിപ്പിക്കുന്നതുപോലെയും 2014ൽ അധികാരത്തിൽവന്ന നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബിജെപി — എൻഡിഎ സർക്കാരിന്റെ സംഭാവനയല്ല. മറിച്ച്, രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തെ സ്വതന്ത്രവും സ്വയംഭരണാവകാശവുള്ള നീതിന്യായ സംവിധാനമായി പരിഷ്കരിക്കാൻ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്നുവന്ന ബഹുമുഖ പരിശ്രമങ്ങളുടെ തുടർച്ചയാണ്. 2014ന് മുമ്പ്, യുപിഎ ഭരണത്തിൽത്തന്നെ എൻജെഎസി രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി തയ്യാറായിരുന്നു. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന മോഡി സർക്കാരിനാണ് അത് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനുള്ള അവസരം ലഭിച്ചതെന്നുമാത്രം.
നരേന്ദ്ര മോഡിയുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ എൻജെഎസി വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ഇനിയും ജനങ്ങൾക്ക് വിശ്വാസം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത ജുഡിഷ്യറിയെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ്, ആ തെരഞ്ഞെടുപ്പ് പ്രക്രിയയെ നിഷ്പക്ഷവും സ്വതന്ത്രവുമായി മുന്നോട്ട് നയിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും പ്രവർത്തനക്ഷമതയും സുതാര്യതയും ഇത്രയേറെ വെല്ലുവിളിക്കപ്പെട്ട മറ്റൊരവസരവും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ വേറെയുണ്ടാവില്ല. ജുഡീഷ്യറിയിൽത്തന്നെ പലതലത്തിലും വിധത്തിലുമുള്ള അഴിമതിയും പക്ഷപാതിത്വവും തലയുയർത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ അപൂർവമല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ ഉപവിഷ്ടരായിരുന്നവർ അവർ ഇരുന്നരുളിയ ഉന്നത പീഠങ്ങളുടെ ചൂട് അകലും മുമ്പ് പദവികൾക്കും സാമ്പത്തികനേട്ടങ്ങൾക്കും പിന്നാലെ എല്ലാ ധാർമ്മിക കപടനാട്യങ്ങളും ഉപേക്ഷിച്ച് ഭരണകക്ഷിയുടെ പാളയത്തിൽ അഭയം പ്രാപിക്കുന്നത് രാജ്യം ഞെട്ടലോടെയും അവിശ്വാസത്തോടെയുമാണ് വീക്ഷിക്കുന്നത്. അത്തരത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ അന്തസും ആധികാരികതയും വിശ്വാസ്യതയും വീണ്ടെടുക്കാൻ ഉതകുന്ന ഒരു പുനഃപരിശോധന ആയിരിക്കും ദേശീയ ജുഡീഷ്യൽ നിയമന നിയമത്തെപ്പറ്റി ഉണ്ടാവുകയെന്ന പ്രതീക്ഷയിലാണ് രാജ്യം സുപ്രീം കോടതിയെയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെയും ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.