13 December 2025, Saturday

നെല്ല് സംഭരണം; കുപ്രചരണങ്ങൾ വിളയില്ല

Janayugom Webdesk
August 20, 2025 5:00 am

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ, ഭരണനയങ്ങൾക്ക് എതിരാണെന്നാണ് വയ്പെങ്കിലും കേരളത്തിലെത്തുമ്പോൾ അത് പ്രകടിപ്പിക്കുന്നതിൽ മടികാട്ടുന്ന സമീപനം അവലംബിക്കുന്നത് യുഡിഎഫും കോൺഗ്രസും തുടരുകയാണ്. എല്ലാ മേഖലയിലും കടുത്ത അവഗണനയും വിവേചനവുമാണ് കേരളത്തോട് ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്നത് അവര്‍ക്ക് ബോധ്യവുമുണ്ട്. പക്ഷേ ഇവിടെ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആണെന്നതിനാൽ സംസ്ഥാന താല്‍പര്യവിരുദ്ധ നിലപാടാണ് അവരും കൈക്കൊള്ളുന്നത്. അതാണ് കഴിഞ്ഞ ദിവസം കർഷക ദിനാചരണവേളയിൽ സംസ്ഥാനത്തെ പലയിടങ്ങളിലും അവർ നടത്തിയ പ്രതിഷേധത്തിലൂടെ ഒരിക്കൽകൂടി വെളിപ്പെട്ടത്. സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ അലംഭാവമുണ്ടെന്ന് സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. കേന്ദ്ര വിവേചനത്തിന്റെയും അവഗണനയുടെയും നിരവധി ഉദാഹരണങ്ങളുണ്ടെങ്കിലും തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്കിന്റെ ഫലമായി ഫലത്തിൽ ബിജെപി നിലപാടുകളെ സഹായിക്കുകയാണ് അവർ ചെയ്യുന്നത്. ഭൂവിസ്തൃതിയിലെ കുറവും ജനസാന്ദ്രതയും കാരണം തളർന്നുപോകേണ്ടിയിരുന്ന കാർഷിക മേഖലയെ സംസ്ഥാനത്ത് വളർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന വസ്തുത മറച്ചുവച്ചാണ് അവർ ഈ സമീപനം സ്വീകരിക്കുന്നത്. മുൻ സാമ്പത്തിക വർഷം കാർഷിക മേഖല ദേശീയ തലത്തിൽ 2.1% വളർച്ചയാണ് കൈവരിച്ചതെങ്കിൽ സംസ്ഥാന വളര്‍‍ച്ച 4.65% ആയിരുന്നു. കർഷകരുടെ വരുമാനം ഉറപ്പാക്കുന്നതിനും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കിയതിലൂടെ കുടുംബ കേന്ദ്രീകൃത കൃഷി പ്രോത്സാഹിപ്പിക്കുവാനും ഉല്പാദന, വിപണന, മൂല്യവർധന മേഖലയിൽ ഇടപെട്ട് കൃഷി ആദായകരമാക്കാനും വരുമാനം ഉറപ്പാക്കുന്നതിനും സാധിച്ചു. വിളയിട അധിഷ്ഠിത കൃഷി രീതിയിലൂടെയും വരുമാന വർധന സാധ്യമാക്കി. നെല്ല് സംഭരണം, നാളികേരം, കൊപ്ര തുടങ്ങി 16 ഇനം പഴം, പച്ചക്കറികൾക്ക് തറവില നടപ്പിലാക്കിയതും കർഷകർക്ക് വലിയ പിന്തുണയായി. കാര്യക്ഷമമായ വിപണന സംവിധാനവും ഒരുക്കി. ഈ രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് 50 കൃഷിശ്രീ സെന്ററുകൾ തുടങ്ങി. 

പ്രധാന കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച തടയുന്നതിന് സംഭരണ സംവിധാനവും ഒരുക്കി. നെല്ല്, നാളികേരം എ­ന്നിവയ്ക്കാണ് സംഭരണ സംവിധാനം ഏർപ്പെടുത്തിയത്. നെല്ല് കിലോ­യ്ക്ക് 23 രൂപയാണ് കേ­ന്ദ്രം വിലയായി നൽകുന്നത്. 5.20 രൂപ പ്രോത്സാഹനമായി അ­ധികം നൽകി, ആകെ 28.20 രൂപ കർഷകർക്ക് നൽകിയാണ് സംസ്ഥാ­ന സർക്കാർ കൃഷിക്കാരിൽ നിന്ന് നെല്ല് വാങ്ങുന്നത്. കൂടാതെ റബ്ബർ വിലയിടിവ് തടയുന്നതിന് ഉല്പാദന പ്രോത്സാഹന പദ്ധതിയും നടപ്പിലാക്കുന്നു. ഈ പദ്ധതി പ്രകാരമുള്ള ഇൻസെന്റീവ് 2024 മാർച്ച് മുതൽ കിലോയ്ക്ക് 180 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. കേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതിയും നടപ്പാക്കുന്നു. ഈ വിധത്തിൽ കൃഷി പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നുവെങ്കിലും മതിയായ സഹായം കേന്ദ്രം നൽകുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. ഇക്കാര്യം ബോധ്യപ്പെടുന്നതിന് നെല്ല് സംഭരണത്തിന് ലഭിക്കേണ്ട തുകയുടെ കണക്ക് പരിശോധിച്ചാൽ മാത്രം മതിയാകും. കഴിഞ്ഞ ദിവസം ഇതിന്റെ കൃത്യമായ കണക്കുകൾ മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയുണ്ടായി. 2017–18 സാമ്പത്തിക വർഷം മുതൽ ഇതുവരെയായി 2601 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 2024 വരെ 1259 കോടിയും മുൻവർഷം 1342 കോടിയും ഉൾപ്പെടെയാണിത്. 2023–24 സീസണിൽ 5.59 ലക്ഷം മെട്രിക്‌ടൺ നെല്ല് സംഭരിച്ച വകയിൽ 1584.11 കോടി രൂപയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് ലഭ്യമാക്കിയത്. 2024–25ലെ ഒന്നാം വിളയിൽ 1.45 ലക്ഷം, രണ്ടാം വിളയിൽ 1,49,615 കർഷകരിൽ നിന്ന് 4.35 ലക്ഷം മെട്രിക് ടൺ വീതം നെല്ലാണ് സംഭരിച്ചത്. ഈ വർഷം കർഷകർക്ക് നൽകേണ്ട 1645 കോടിയിൽ 1285 കോടി രൂപ ഇതിനകം നൽകുകയും ചെയ്തു. 

ഇത്തരം വസ്തുതകൾ നിലനിൽക്കേയാണ് പ്രതിപക്ഷവും ബിജെപിയുടെ കൂടെ ഒരേ തൂവൽ പക്ഷികളെ പോലെ സംസ്ഥാന താല്പര്യങ്ങൾക്ക് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നത്. ഫെഡറൽ തത്വമനുസരിച്ച് ലഭിക്കേണ്ട സഹായങ്ങൾ പോലും തടഞ്ഞുവയ്ക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം അവരുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ ഫലമാണെന്ന് മനസിലാക്കുന്നതിന് പ്രയാസമില്ല. കാരണം അവർക്ക് ഒരു എംഎൽഎയെ പോലും ജയിപ്പിക്കാനാകാത്ത സംസ്ഥാനമെന്ന നിലയിലുള്ള വിദ്വേഷം സംസ്ഥാനത്തോട്, പ്രത്യേകിച്ച് അതിന് വിലങ്ങുതടിയായി നിൽക്കുന്ന എൽഡിഎഫിനോടുണ്ടാകുക സ്വാഭാവികമാണ്. കൃഷിയോട് മാത്രമല്ല അവരുടെ വിവേചനമുള്ളത്. കേരളത്തെ മൊത്തത്തിൽ സാമ്പത്തികമായി ഞെരുക്കാനും സാമൂഹ്യമായി ഒറ്റപ്പെടുത്താനുമുള്ള എല്ലാ സമീപനങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സാധാരണ ലഭ്യമാകുന്ന അരിവിഹിതത്തിന് പുറമേ ഓണക്കാലത്തുൾപ്പെടെ അധിക വിഹിതം അനുവദിക്കണമെന്ന ആവശ്യത്തോടും കേന്ദ്രം മുഖം തിരിക്കുകയായിരുന്നു. അതുകൊണ്ട് വിപണി വില പിടിച്ചുനിർത്തുന്നതിനും എല്ലാവർക്കും അരി ഉൾപ്പെടെ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും അധിക ബാധ്യത ഏറ്റെടുത്തുള്ള നടപടികൾ സ്വീകരിക്കുകയാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ. ഈ ഘട്ടത്തിൽ യുഡിഎഫ്, ബിജെപിയുടേതിൽ നിന്ന് വ്യത്യസ്തമാകണമെന്നും എൽഡിഎഫിനോടുള്ള വെറുപ്പ് മാറ്റിവച്ച് കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നുമാണ് കേരളജനത ആഗ്രഹിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.