11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 8, 2024
December 7, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 1, 2024

പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്ന ഭരണപക്ഷം

Janayugom Webdesk
December 7, 2024 5:00 am

നവംബർ 25ന് ആരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന സുപ്രധാന രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ ചർച്ച അനുവദിക്കാതെ ഒളിച്ചോടുന്ന നിലപാട് രണ്ടാഴ്ചയോളമായി തുടരുകയാണ് ബിജെപി നേതൃത്വത്തിലുള്ള ഭരണപക്ഷം. ഡിസംബർ 20 വരെ സമ്മേളിക്കാനിരിക്കുന്ന ഇരുസഭകളും ഒമ്പത് ദിവസം പിന്നിട്ടപ്പോഴും നടപടികൾ പൂർത്തിയാക്കാതെ പിരിയുകയാണ്. അതേസമയംതന്നെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ തങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ നടത്തിയെടുക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ അവകാശങ്ങൾ അനുവദിക്കാതെയും ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അവസരം നൽകാതെയും നിഷേധ നിലപാടാണ് ഭരണപക്ഷത്തിനുവേണ്ടി സഭാധ്യക്ഷന്മാർ സ്വീകരിക്കുന്നത്. ലോക്‌സഭാ സ്പീക്കറായാലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയായാലും എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടവരാണെന്നാണ് വ്യവസ്ഥയെങ്കിലും ഭരണപക്ഷത്തിന്റെ താല്പര്യാർത്ഥം പ്രവർത്തിക്കുന്നവരായി അധഃപതിക്കുന്നതാണ് നാം കാണുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിന് പ്രതിപക്ഷാംഗങ്ങൾ നൽകുന്ന ഒരു പ്രമേയംപോലും അവതരിപ്പിക്കുന്നതിന് അനുമതി നൽകുന്നില്ല. 

സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നതാണ്. ഒന്നര വർഷത്തോളമായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങൾ ഒരിടവേളയ്ക്കുശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് സമ്മേളനം നടക്കുന്നത്. അതിനാൽ അക്കാര്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഈയടുത്ത ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളിൽ മാത്രം ഒരു ഡസനിലധികം പേരാണ് മണിപ്പൂരിൽ മരിച്ചത്. നിഷ്ഠുരമായാണ് പല കൊലപാതകങ്ങളും നടന്നത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ പുഴയിലൊഴുക്കിയ സംഭവങ്ങൾ വരെയുണ്ടായി. 10 കുക്കികളെ സുരക്ഷാസേന വെടിവച്ചു കൊന്നതാണെന്ന പരിശോധനാ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അതുപോലെത്തന്നെയാണ് ഉത്തരേന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക സമരങ്ങൾ. വർഷത്തിലധികം നീണ്ട 2020–21ലെ കർഷക സമരം അവസാനിപ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നേരിട്ട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ വീണ്ടും തെരുവിലിറങ്ങിയിരിക്കുന്നത്. ഇന്ത്യയെ ഊട്ടുന്നവരെന്ന് പ്രധാനമന്ത്രി പ്രകീർത്തിക്കുന്ന, ജനസംഖ്യയിലെ വലിയൊരു വിഭാഗമാണ് തങ്ങളുടെ ഉല്പന്നത്തിന് മതിയായ താങ്ങുവിലയും സംഭരണ സംവിധാനവും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരത്തിലുള്ളത്. ഈ വിഷയവും ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. പകരം ചർച്ച ആവശ്യപ്പെടുന്നവരുടേത് മുതലക്കണ്ണീരെന്ന് അപഹസിക്കുവാനാണ് സന്നദ്ധമായത്. ഉത്തർപ്രദേശിലെ സംഭാലിൽ പള്ളി സർവേയുമായി ബന്ധപ്പെട്ട പൊലീസ് വെടിവയ്പുൾപ്പെടെ നടപടികളും രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും രാജ്യം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളാണെങ്കിലും അവയും സഭയിൽ ഉന്നയിക്കാൻ അനുവദിക്കുന്നില്ല. 

അതുപോലെ തന്നെ സുപ്രധാനമാണ് മോഡി — അഡാനി ബാന്ധവത്തിന്റെയും സാമ്പത്തിക തട്ടിപ്പുകളുടെയും വിഷയം. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടി രൂപ കോഴ നൽകിയതിന്റെ പേരിൽ യുഎസിൽ കുറ്റവാളിയായ അഡാനിയെ കുറിച്ച് സംസാരിക്കുന്നതുപോലും അപരാധമായി കണ്ട്, പ്രസ്തുത വിഷയത്തിൽ ചർച്ച നടക്കാതിരിക്കുന്നതിനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. അഡാനിക്ക് വഴിവിട്ട് സഹായങ്ങൾ നൽകുന്നു എന്നതു മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാരിനുമെതിരായ കുറ്റാരോപണം, അഡാനി നടത്തിയ സാമ്പത്തിക തട്ടിപ്പുകളെയും നിയമ ലംഘനങ്ങളെയും സംരക്ഷിക്കുന്നു എന്നുള്ളതുകൂടിയാണ്. സെബി ഉൾപ്പെടെ ഔദ്യോഗിക സംവിധാനങ്ങളുൾപ്പെടെ അഡാനിക്ക് നൽകിവരുന്ന വഴിവിട്ട സഹായങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പ്രതിപക്ഷം അവസരമാവശ്യപ്പെടുന്നത്. ഇത്തരം സുപ്രധാന രാഷ്ട്രീയ — സാമൂഹ്യ വിഷയങ്ങൾ മാത്രമല്ല, നിർണായകമായ നിയമങ്ങൾ പോലും ചർച്ചയ്ക്ക് അവസരം നൽകാതെ പാസാക്കിയെടുക്കുകയാണ് ബിജെപി സർക്കാർ. വഖഫ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ പാസാക്കിയെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഭരണപക്ഷമെത്തിയത്. എന്നാൽ സഖ്യകക്ഷികളിൽ നിന്നുപോലും എതിർപ്പുയർന്നതിനാൽ അത് തൽക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം റെയിൽവേ ഭേദഗതി, ബാങ്കിങ് നിയമ ഭേദഗതി, ഭാരതീയ വായുയാൻ വിധേയക് തുടങ്ങിയ ബില്ലുകൾ മതിയായ ചർച്ചകളില്ലാതെ പാസാക്കിയെടുക്കുകയും ചെയ്തു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളുടെ പിൻബലത്തിലാണ് ഇപ്പോഴത്തെ ഭരണമെങ്കിലും ജനാധിപത്യത്തിന്റെ ഉന്നതമായ പാരമ്പര്യങ്ങൾ മാനിക്കാതെയും പാർലമെന്റ് നടപടിക്രമങ്ങൾ പാലിക്കാതെയും സഭാ സമ്മേളനം നടത്തിയെന്ന് വരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് കരുതേണ്ടത്. ഇത് ജനാധിപത്യ സംവിധാനങ്ങളോടുള്ള അവഹേളനമാണ്. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.