
1836 മുതൽ 1844 വരെയുള്ള കാലയളവിലാണ് ഇംഗ്ലണ്ടില്‍ ചാർട്ടിസ്റ്റ് പ്രസ്ഥാനം സജീവമായിരുന്നത്. തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം വിപുലീകരിക്കാന്‍ ഇത് ഉപകരിച്ചു. 1847–48 കാലഘട്ടത്തിൽ, തൊഴിലാളിവർഗ പങ്കാളിത്തം വ്യക്തമായി വ്യാഖ്യാനിച്ച് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങി. തുടര്‍ന്ന് ആധുനിക ചരിത്രത്തിലുടനീളം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രയോഗിക്കപ്പെട്ടു. 1848ലും 1850ലും ഫ്രാൻസിലെ വർഗസമരകാലത്ത് ഇത് മൂര്‍ത്തരൂപം പ്രാപിച്ചു. പിന്നീട് തൊഴിലാളിവർഗം രൂപരഹിതമായി തുടർന്നില്ല. ലോകചരിത്രത്തിലെ എണ്ണപ്പെട്ട ശക്തിയായി ഉയർന്നുവന്നു. സ്വന്തമായ പദ്ധതികളും തന്ത്രങ്ങളും വികസിപ്പിച്ചെടുത്തു. ഇത്തരം പ്രക്രിയകളിലൂടെ തൊഴിലാളിവർഗം ചരിത്രത്തില്‍ വ്യക്തമായ പങ്കാളിത്തം ഉറപ്പിച്ചു.
ചരിത്രത്തെക്കുറിച്ചുള്ള ഭൗതികവാദ സങ്കല്പത്തിന്റെ പ്രയോഗത്തിലൂടെ ബന്ധപ്പെട്ട മുഴുവൻ പ്രക്രിയയും കണ്ടെത്തി വിശകലനം ചെയ്തു. തൊഴിലാളിവർഗത്തിന്റെ മൂർത്തമായ പങ്കുറപ്പിച്ചു. രാഷ്ട്രീയ പോരാട്ടങ്ങൾ അടിസ്ഥാനപരമായി രണ്ട് വർഗങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് കാൾ മാർക്സും എംഗല്‍സും ശാസ്ത്രീയമായി വ്യക്തമാക്കി. 1847ലെ ലോക വ്യാപാര പ്രതിസന്ധി മൂലം 1840കളുടെ അവസാന കാലങ്ങള്‍ ഏറെ പ്രക്ഷുബ്ധമായിരുന്നു. 1848 ഫെബ്രുവരിയിലും മാർച്ചിലും നടന്ന വിപ്ലവങ്ങൾക്ക് ഇത് മൂലകാരണമായി. മുതലാളിത്തത്തിന്റെ ആവിർഭാവത്തെ തിരിച്ചറിഞ്ഞതും അതിന്റെ അന്ത്യം പ്രവചിച്ചതും ഭൗതികവാദിയും തത്ത്വചിന്തകനും ശാസ്ത്രജ്ഞനുമായ കാൾ മാർക്സാണ്. ആധുനിക യുഗത്തിന്റെ ഉല്പന്നമായ മാർക്സ്, 19-ാം നൂറ്റാണ്ടിലെ മൂന്ന് പ്രധാന പ്രത്യയശാസ്ത്ര ധാരകളെ തിരിച്ചറിഞ്ഞ മഹത് പ്രതിഭയായിരുന്നു.
1818 മേയ് അഞ്ചിന്, അന്ന് പ്രഷ്യയുടെ ഭാഗമായിരുന്ന ജർമ്മനിയിലെ ട്രയേഴ്സിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച മാർക്സ്, വിചാരധാരകളെ പ്രത്യയശാസ്ത്രപരമായി ഇഴകീറി. ഇവയാകട്ടെ പൗരാണിക ജർമ്മൻ തത്ത്വചിന്തയെയും പരമ്പരാഗതമായ ഇംഗ്ലീഷ് രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെയും ഫ്രഞ്ച് വിപ്ലവ സിദ്ധാന്തങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ ധാരകള്‍ ഭൗതികവാദമായി രൂപപ്പെട്ട് പരിഷ്കൃത ലോകത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സിദ്ധാന്തവും ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിത്തറയുമായി. “ലോകത്തിന്റെ യഥാർത്ഥ ഐക്യം അതിന്റെ ഭൗതികതയിലാണ് അടങ്ങിയിരിക്കുന്നത്, തത്ത്വചിന്തയുടെയും പ്രകൃതിശാസ്ത്രത്തിന്റെയും ദീർഘവും ശ്രമാവഹവുമായ വികാസത്തിലൂടെ ഇത് തെളിയിക്കപ്പെടുന്നു…” ദ്രവ്യത്തിന്റെ നിലനില്പിന്റെ രീതി ചലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രവ്യമില്ലാതെ ചലനവും നിലനിൽക്കില്ല. ദ്രവ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് ശരി.
ചിന്തകളും ബോധവും എന്താണെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും ഈ വസ്തുത ഓര്‍മ്മിപ്പിക്കുന്നു. എല്ലാം തലച്ചോറിന്റെ ഉല്പന്നങ്ങളാണെന്നും മനുഷ്യൻ തന്നെ പ്രകൃതിയുടെ ഉല്പന്നമാണെന്നും ഭൗതികവാദിയായ മാർക്സ് മറുപടി നൽകി. പരിണാമം തന്നെ അധ്വാനത്തിലൂടെയും ഭാഷയിലൂടെയും മുന്നേറി. ആവശ്യങ്ങൾ നിറവേറ്റുന്നതിന് അധ്വാനം പ്രധാനമായിരുന്നു. തുടര്‍ന്ന് ഉപകരണങ്ങൾ രൂപപ്പെടുത്തി. ഭാഷ ആശയവിനിമയത്തിനായിരുന്നു, ഇത് ബോധം വളരാൻ സഹായിച്ചു. ലോകത്തെ നിര്‍മ്മിത വസ്തുക്കളുടെ സംയോജനമായിട്ടല്ല മനസിലെ പ്രതിച്ഛായകളേക്കാൾ സ്ഥിരതയുള്ള പ്രക്രിയകളുടെ സങ്കീർണതയായി മനസിലാക്കണം എന്ന ഗൗരവമേറിയ ചിന്തയും മാർക്സും എംഗൽസും ഉയര്‍ത്തി. ആശയം ഉണ്ടാകുന്നതിന്റെയും ഇല്ലാതാകുന്നതിന്റെയും തടസമില്ലാത്ത മാറ്റത്തിലൂടെ കടന്നുപോകുന്നുവെന്ന് മാർക്സും എംഗൽസും തുടര്‍ന്നു. ഹെഗലിന്റെ കാലം മുതൽ, ഈ അടിസ്ഥാന ചിന്ത ഒരിക്കലും പരസ്പരവിരുദ്ധമായിട്ടില്ല. എന്നാല്‍ വൈരുധ്യാത്മകമായി രൂപപ്പെട്ടു.
ഒന്നും അന്തിമമോ കേവലമോ പവിത്രമോ അല്ല. ക്ഷണിക സ്വഭാവം എല്ലാം വെളിപ്പെടുത്തുന്നു. എപ്പോഴും ചലനത്തിലിരിക്കുന്നതും, അവസാനിക്കുന്നതും പിന്നീട് പുതിയ സവിശേഷതകളോടെ തിരിച്ചുവരുന്നതും ഭൗതികതയാണ്. ഈ പ്രക്രിയ തന്നെ വൈരുധ്യാത്മകമാണ്. എപ്പോഴും വന്നും പോയും ഐക്യത്തിലും പോരാട്ടത്തിലും തുടരുന്നു. തലച്ചോറിലെ ഈ പ്രക്രിയയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല വൈരുധ്യാത്മക ഭൗതികവാദം. അതിനാൽ വൈരുധ്യാത്മക ഭൗതികവാദം എന്നത് ബാഹ്യലോകത്തിന്റെയും മനുഷ്യചിന്തയുടെയും പൊതു ചലനനിയമങ്ങളുടെ ശാസ്ത്രമാണ്. ലെനിന്റെ അഭിപ്രായത്തിൽ, വൈരുധ്യാത്മക ഭൗതികവാദത്തിന് ഇനി അതിന് മുകളിൽ നിൽക്കുന്ന ഒരു തത്ത്വചിന്തയുടെ ആവശ്യമില്ല. മാർക്സിനെ വീണ്ടും കണ്ടെത്തേണ്ട കാലമാണിത്. മറ്റേതൊരു ശാസ്ത്രചിന്തകനേക്കാളും മാർക്സ് ഇരുപതാം നൂറ്റാണ്ടിൽ ആധിപത്യം സ്ഥാപിച്ചു . കാലത്തെ അടിമുടി മാറ്റത്തിന് വിധേയമാക്കിയ അദ്ദേഹത്തിന്റെ സാന്നിധ്യം തുടരുകയാണ്. പ്രവചനം പോലെ അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കൂ “മുതലാളിത്തം സ്വന്തം ശവക്കുഴി തോണ്ടുന്നവരെ കൊണ്ടുവരുന്നു.” അടിസ്ഥാന രൂപീകരണമായ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സിദ്ധാന്തമാണിത്.
മുതലാളിത്തം ഫ്യൂഡലിസത്തെ മാറ്റിസ്ഥാപിച്ചതിനെ തുടര്‍ന്ന് അതിന്റെ പരിണാമത്തിന്റെ വൈരുധ്യാത്മക പ്രക്രിയ ഈ ഘട്ടത്തിൽ സോഷ്യലിസത്തിലേക്ക് വിരൽ ചൂണ്ടുന്നു. മുതലാളിത്തത്തിനും ഫ്യൂഡലിസത്തിനും ഇടയിൽ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ഇടയിൽ, ഉല്പാദന മാർഗങ്ങളിലും ഉല്പാദന ബന്ധങ്ങളിലും സംഭവിച്ച വിപ്ലവകരമായ മാറ്റമായിരുന്നു അത്. സാങ്കേതികവിദ്യയുടെ പുരോഗതിയിലാണ് മാറ്റം വരുന്നത്. ഉല്പാദന മാർഗങ്ങളിലും മാറ്റങ്ങളുണ്ട്. ഈ മാറ്റം മുതലാളിത്ത വ്യവസ്ഥയില്‍ കൂടുതൽ പരിണാമങ്ങള്‍ക്ക് വഴിയാകുന്നു. ഇത് ധനകാര്യ മുതലാളിത്തത്തിനുള്ള സന്ദർഭം വ്യക്തമാക്കുന്നു. വ്യാവസായിക പ്രക്രിയയുടെ പുരോഗതിയിലെ ഇടിവ്, നിക്ഷേപത്തിലെ ഇടിവ്, മുതലാളിത്ത പ്രക്രിയയിൽ നിന്ന് പിന്മാറൽ എന്നിവയാണ് ഇതിന്റെ ആദ്യസൂചന. സമ്പദ്‌വ്യവസ്ഥയുടെ കുത്തകവൽക്കരണം മൂലധനത്തിന്റെ കേന്ദ്രീകരണത്തിലേക്കും അധികാരത്തിന്റെ ആധിപത്യത്തിലേക്കും നയിക്കുന്നു. ഇത് വ്യവസ്ഥയിലുള്ള തീവ്രവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ നേർക്കാഴ്ചകൾ കാണപ്പെടുന്നു. ഏതൊരു എതിർപ്പിനെയും ക്രൂരമായി തകർക്കാനുള്ള പരിശ്രമങ്ങള്‍ വ്യാപിക്കുന്നു. ഇന്ത്യയും ഇതില്‍ നിന്നും അകലെയല്ല. ധനമൂലധനത്തിന്റെ ഭരണം സമസ്ഥ മേഖലയിലും ദൃശ്യമാണ്. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം, അത് വിട്ടുവീഴ്ചയുടെയും എതിർപ്പിന്റെയും തന്ത്രങ്ങൾ ഏറ്റെടുക്കുന്നു. മറുവശത്ത്, ധനമൂലധനമോ ശക്തി വർധിപ്പിക്കാനുള്ള പരിശ്രമങ്ങളിലും കേന്ദ്രീകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.