
ലോക്ഭവനിലെ ജീവനക്കാർക്ക് ക്രിസ്മസ് അവധി നിഷേധിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ തീരുമാനം കേരളജനതയെ മാത്രമല്ല, രാജ്യത്തുടനീളം മതേതരവിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്ത് വ്യാപിച്ച ന്യൂനപക്ഷ വിരുദ്ധതയുടെയും മതമേധാവിത്വ ആക്രമണങ്ങളുടെയും കഥകള്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പടുന്നതാണ്. പക്ഷേ, രാജേന്ദ്ര അര്‍ലേക്കറുടെ ഉത്തരവിന് മറ്റ് സംസ്ഥാനങ്ങളുടെ ന്യൂനപക്ഷ വേട്ടയുടെ മാനം മാത്രമല്ല ഉള്ളത്. ഭരണപരമായ മര്യാദകളെല്ലാം ലംഘിച്ച ഈ തിട്ടൂരം പ്രാധാന്യം നേടുന്നത്, ചരിത്രപരമായി വർഗീയ ധ്രുവീകരണത്തിന് പ്രതിരോധം തീര്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഉയർത്തിക്കാട്ടപ്പെടുന്ന കേരളത്തിലാണ് എന്നിടത്താണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 25ലെ സദ്ഭരണ ദിനാചരണ പരിപാടികളിൽ നിര്‍ബന്ധമായും പങ്കെടുക്കാനാണ് ജീവനക്കാർക്ക് നിർദേശം നൽകിയത്. ലോക്ഭവന്റെ വര്‍ഗീയ അജണ്ടയിലെ ആദ്യത്തെ അധ്യായമല്ല ഇത്. കഴിഞ്ഞദിവസം പുറത്തുവിട്ട ഔദ്യോഗിക കലണ്ടറില്‍ വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷ ആര്‍എസ്എസ്‌വല്‍ക്കരണം ഉറപ്പിച്ചതിന്റെ അനുബന്ധം മാത്രമാണ് ക്രിസ്മസ് അവധി നിഷേധം. രണ്ട് നടപടികളും ചേര്‍ത്തുവായിക്കുമ്പോൾ, ഇവ ആകസ്മികമല്ല, മറിച്ച് ആലോചിച്ചുറപ്പിച്ച പുതിയ തുടക്കമാണ് എന്ന് വ്യക്തമാകും.
ക്രിസ്മസ് എന്നത് കേവലം കലണ്ടറിലെ ഒരു തീയതി മാത്രമല്ല; ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറ്റവും പവിത്രമായ ദിവസമാണ്. ഗണ്യമായ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള കേരളത്തെ പ്രതിനിധീകരിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനത്തിൽ, ഇങ്ങനെയൊരു വിശേഷദിവസം നിർബന്ധിത ഹാജർ വേണമെന്ന നിർബന്ധം ഏതര്‍ത്ഥത്തിലും നിഷ്പക്ഷതയെയല്ല, ഭൂരിപക്ഷമത മുൻഗണനയുടെ കരുതിക്കൂട്ടിയുള്ള നടപടിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് അധികാരത്തിന്റെ തണലില്‍ വർധിച്ചുവരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴിൽ പൊതുജീവിതത്തിൽ മതേതരത്വം ഇല്ലാതാക്കുന്നതിന്റെ നേര്‍ച്ചിത്രം. ഇത് കേരളത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ, ക്രിസ്മസ് അവധിയില്ലെന്നും ഡിസംബർ 25ന് സ്കൂളുകൾ തുറക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ക്രിസ്ത്യൻ സംഘടനകളിൽ നിന്നും പൗരാവകാശ ഗ്രൂപ്പുകളിൽ നിന്നും നിശിത വിമർശനം ഏറ്റുവാങ്ങിയെങ്കിലും സര്‍ക്കാര്‍ ഹിന്ദുത്വ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ രാജ്യത്ത് കുതിച്ചുചാട്ടമാണുണ്ടായത്.
ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ മതസ്വാതന്ത്ര്യ കമ്മിഷൻ പ്രസിദ്ധീകരിച്ചതും വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് വെളിപ്പെടുത്തിയതുമായ ‘ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷം ലക്ഷ്യമിട്ടുള്ള ആക്രമണം: വാർഷിക റിപ്പോർട്ട് 2024’ അനുസരിച്ച്, 2023ൽ 601 ആക്രമണങ്ങളായിരുന്നത് 2024ൽ 830 ആയി ഉയർന്നു. കഴിഞ്ഞ ദശകത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വാർഷിക കണക്കുകളിൽ ഒന്നാണിത്. ശാരീരിക ആക്രമണങ്ങൾ, ആരാധനാക്രമങ്ങൾ തടസപ്പെടുത്തൽ, പള്ളികള്‍ നശിപ്പിക്കല്‍, സാമൂഹിക ബഹിഷ്കരണങ്ങൾ, പാസ്റ്റർമാരെയും പുരോഹിതരെയും വിശ്വാസികളെയും ഉപദ്രവിക്കാൻ മതപരിവർത്തനവിരുദ്ധ നിയമങ്ങളുടെ തെറ്റായ ഉപയോഗം എന്നിവ ഇതിലുൾപ്പെടുന്നു. ഒഡിഷയിലെ ബാലസോർ ജില്ലയിൽ, മതശുശ്രൂഷ കഴിഞ്ഞ് മടങ്ങുമ്പോൾ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കത്തോലിക്കാ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ഹിന്ദുത്വ സംഘം ആക്രമിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ, സംശയാസ്പദമായ കേസില്‍ തടവിലാക്കപ്പെട്ട തീർത്ഥാടകർക്കായി ഇടപെടാൻ ശ്രമിച്ച പുരോഹിതരെ പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് ആക്രമിച്ചു. 2023ലും 24ലും, മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി റെയിൽവേ സ്റ്റേഷനുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തടങ്കലിൽ വച്ചതായി ഒന്നിലധികം റിപ്പോർട്ടുകൾ ഛത്തീസ്ഗഢില്‍ നിന്ന് പുറത്തുവന്നു. ക്രിസ്മസ് ദിനത്തിലും തലേന്നുമെല്ലാം ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കരാള്‍ സംഘങ്ങള്‍ ആക്രമിക്കപ്പെട്ടു.
ഇനിയിങ്ങനെ വടക്കോട്ട് നേക്കേണ്ടതില്ല എന്ന മുന്നറിയിപ്പാണ് ഈ ക്രിസ്മസ് നമുക്ക് തരുന്നത്. കേരള ലോക്ഭവനിലെ ക്രിസ്മസ് അവധി നിഷേധം പ്രത്യയശാസ്ത്ര കടന്നുകയറ്റത്തിന്റെ ലക്ഷണമായിത്തന്നെയാണ് മനസിലാക്കേണ്ടത്. രാജ്യത്താകമാനം ന്യൂനപക്ഷങ്ങളില്‍ നിലവിലുള്ള ഭയം കേരളത്തിലേക്കും എത്തിയെന്നതിനെ ഇത് അടയാളപ്പെടുത്തുന്നു. പാലക്കാട് ക്രിസ്മസ് കരാളിനെതിരെ സംഘ്പരിവാര്‍ ആക്രമണമുണ്ടായി. അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍, കരാളിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു എന്ന് പരിഹസിക്കാനാണ് ബിജെപി നേതാവ് രംഗത്തുവന്നത്. കുട്ടികള്‍ നടത്തിയ കരാളിനെയാണ് ‘മദ്യപ സഘം’ എന്ന് പരിഹസിച്ചത്. ആ നികൃഷ്ട പരാമര്‍ശം ശക്തമായി എതിര്‍ക്കപ്പെട്ടോ എന്ന് മലയാളി നെഞ്ചത്ത് കെെവച്ച് ചിന്തിക്കണം. ജാതിയും മതവും അയ്യപ്പനും വാവരും കൊണ്ട് രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ നേരിടുന്ന ദുരവസ്ഥയില്‍ നിന്ന് കരകയറിയില്ലെങ്കില്‍ യുപിയും ബിഹാറും പോലെ വര്‍ഗീയ വിധ്വംസകശക്തികള്‍ക്ക് കീഴടങ്ങി 19-ാം നൂറ്റാണ്ടിലേക്ക് പിന്‍നടക്കേണ്ടിവരും മലയാളിക്കും കേരളത്തിനും. ജാഗ്രത മാത്രം പോരാ, ശക്തമായ ഇടപെടല്‍ തന്നെ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.