24 March 2025, Monday
KSFE Galaxy Chits Banner 2

ഷഹീദ്-ഇ-അസം

Janayugom Webdesk
March 23, 2025 5:00 am

“വിപ്ലവം മനുഷ്യരാശിയുടെ അനിഷേധ്യമായ അവകാശമാണ്. സ്വാതന്ത്ര്യം എല്ലാവരുടെയും ജന്മാവകാശവും. അധ്വാനിക്കുന്നവനാണ് സമൂഹത്തിന്റെ യഥാർത്ഥ പരിപാലകൻ… ഈ വിപ്ലവത്തിന്റെ ബലിപീഠത്തിലേക്ക് നാം നമ്മുടെ യുവത്വത്തെ ധൂപമായി കൊണ്ടുവന്നിരിക്കുന്നു, കാരണം മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് ഒരു ത്യാഗവും വലുതല്ല.” ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മാരകമല്ലാത്ത പുകബോംബുകളോടൊപ്പം അധികാരികള്‍ക്കുള്ള ലഘുലേഖകള്‍ വിതറിക്കൊണ്ട് ഭഗത് സിങ് പറഞ്ഞ വാക്കുകളാണിത്. ആരെയും വേദനിപ്പിക്കാനായിരുന്നില്ല, ഒരു പ്രകടനാത്മക പ്രവൃത്തി മാത്രമായിരുന്നു അത്. തൊഴിലാളിവിരുദ്ധ — വ്യാപാര തർക്ക ബില്ലിനെതിരെയായിരുന്നു നടപടി. കേസിന്റെ വിചാരണയ്ക്കിടെ ഭഗത് സിങ് കോടതിയിൽ പറഞ്ഞത്, ‘തനിക്ക് വിപ്ലവം ബോംബിന്റെയും പിസ്റ്റളിന്റെയും ആരാധനയല്ല, മറിച്ച് തൊഴിലാളിവർഗാധിപത്യത്തിൻ കീഴിൽ വിദേശ, ഇന്ത്യൻ മുതലാളിത്തത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള സമൂഹത്തിന്റെ മൊത്തത്തിലുള്ള മാറ്റമാണ്’ എന്നാണ്. ആ കാലങ്ങളിലെ പ്രത്യേക സാഹചര്യങ്ങളാണ് ഭഗത് സിങ്ങിന്റെ മാർക്സിസത്തിലേക്കുള്ള പരിവർത്തനത്തിന് പ്രചോദനമായത്. സൈമൺ കമ്മിഷൻ ഇന്ത്യയിലേക്ക് വരുമ്പോൾ വൻതോതിലുള്ള തൊഴിലാളി പ്രക്ഷോഭം നടക്കുന്നുണ്ടായിരുന്നു. കമ്മിഷനെ കടുത്ത നിഷേധാത്മക നിലപാടോടെയാണ് എല്ലായിടത്തും സ്വീകരിച്ചത്. 1928ല്‍ ബോംബെയിലെ തൊഴിലാളികൾ കൂറ്റന്‍ പ്രകടനം നടത്തി. ലാഹോറിൽ, ജനങ്ങളുടെ രോഷം നഗരത്തെയാകെ തിളപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊലീസിന്റെ ലാത്തിപ്രയോഗം അതിക്രൂരമായിരുന്നു. പകൽ വെളിച്ചത്തിൽ, ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തിനിടയിൽ, രാജ്യം മുഴുവൻ ബഹുമാനിക്കുന്ന ലാലാ ലജ്പത് റായിയെ ക്രൂരമായി മർദിച്ച് പരിക്കേല്പിച്ചു. അധികദിവസം കഴിയുംമുമ്പ് ഗുരുതരമായ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം മരിച്ചു. ലാഹോര്‍ മ്ലാനമായി. ജനക്കൂട്ടം രോഷാകുലമായി. ഭഗത് സിങ് ഉൾപ്പെട്ട സംഘം കൊലപാതകത്തില്‍ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. വർഷാവസാനം ഭഗത് സിങ്ങും രാജ്ഗുരുവും പൊലീസ് ഉദ്യോഗസ്ഥന്‍ സോണ്ടേഴ്‌സിനുനേരെ വെടിയുതിര്‍ത്തു. ലാലാജിയെ വേട്ടയാടിയ പൊലീസ് സംഘത്തിന്റെ നേതാവായിരുന്ന ജെയിംസ് സ്കോട്ടാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. രാജ്യത്തെ ജനങ്ങളെ ഉണർത്താൻ ‘ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍’ (എച്ച്എസ്ആർഎ) ആസൂത്രണം ചെയ്ത ആദ്യനടപടികളിൽ ഒന്നായിരുന്നു ഇത്. 

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സാധ്യത തെളിഞ്ഞതോടെ നിരാശതയുടെ ഇരുട്ട് നേര്‍ത്തു. ആളുകൾ പ്രക്ഷോഭങ്ങൾ അഴിച്ചുവിട്ടു. യുവജനസംഘങ്ങള്‍ ഉയർന്നുവന്നു, തൊഴിലാളിവർഗം വലിയൊരു കലാപത്തിന് തുടക്കമിടാനുള്ള തിരക്കിലായിരുന്നു. സമരം കൂടുതൽ വ്യാപകമാകുന്നുണ്ടെന്നും ഭഗത് സിങ്ങും സഖാക്കളും വെല്ലുവിളിയെ നേരിടാൻ തയ്യാറെടുക്കുകയാണെന്നും അധികാരികള്‍ക്ക് അറിയാമായിരുന്നു. താമസിയാതെ കമ്മ്യൂണിസ്റ്റുകാര്‍ക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറണ്ടുകൾ വന്നു. അലഹബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയും യുവജനസംഘം നേതാവുമായ പി സി ജോഷി അറസ്റ്റിലായി. അതിന്റെ ഫലമായി രാജ്യമെമ്പാടും വിദ്യാർത്ഥികൾ വലിയ പ്രതിഷേധമുയര്‍ത്തി. കമ്മ്യൂണിസ്റ്റുകളുമായി ഒരുമിച്ച് പ്രവർത്തിക്കാനും അവരുമായി പ്രവർത്തന സഖ്യം രൂപപ്പെടുത്താനും കഴിയുമെന്ന് ഭഗത് സിങ്ങും സഖാക്കളും തിരിച്ചറിഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ സംഘടിപ്പിക്കുകയും പോരാട്ടത്തിന് നേതൃത്വം നൽകുകയും വേണം, അതേസമയം എച്ച്എസ്ആർഎ സായുധ വിഭാഗത്തെ പരിപാലിക്കണം. എന്നാൽ കമ്മ്യൂണിസ്റ്റുകാര്‍ സായുധ പ്രവർത്തനത്തിൽ വിശ്വസിക്കുന്നില്ലെന്ന് അവർ മനസിലാക്കി. എച്ച്എസ്ആർഎ സായുധ പ്രവർത്തനത്തിൽ വിശ്വസിച്ചു. വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും സമാനതകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു. കമ്മ്യൂണിസ്റ്റുകൾ സാമ്രാജ്യത്വത്തെ എതിർത്തു, അതുപോലെ എച്ച്എസ്ആർഎ പ്രവര്‍ത്തകരും. സോഷ്യലിസത്തിലേക്കെത്താനുള്ള തന്ത്രങ്ങളാണ് ഇരുവരും ആവിഷ്കരിച്ചത്. കമ്മ്യൂണിസ്റ്റുകളുടെ അറസ്റ്റ് തങ്ങൾക്കുമുള്ള ഭീഷണിയായി ഈ വിപ്ലവ ഗ്രൂപ്പ് കണക്കാക്കി. അറസ്റ്റിനെതിരെ മാത്രമല്ല, മുഴുവൻ ജനങ്ങളെയും അടിച്ചമർത്തുന്ന സാമ്രാജ്യത്വ നയത്തിനെതിരെയും പ്രതിഷേധമാരംഭിക്കാൻ അവർ തീരുമാനിച്ചു. വ്യാപാര തർക്ക ബിൽ പാസാക്കിയത് അതിലൊന്ന് മാത്രമായിരുന്നു. 

ആ സമയത്താണ്, ലാഹോറിലെ ബോംബ് നിർമ്മാണ കേന്ദ്രം ആകസ്മികമായി കണ്ടെത്തിയതും സുഖ്‌ദേവ് പോലുള്ള നിരവധി പ്രധാന സഖാക്കളെ അറസ്റ്റ് ചെയ്യുന്നതും. പ്രധാനപ്പെട്ട മിക്ക സഖാക്കളും വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽപ്പോയി. ഭഗത് സിങ്ങിന്റെ അടുത്ത സുഹൃത്തും പിന്നീട് സിപിഐ ജനറൽ സെക്രട്ടറിയുമായ (1951–1962) അജോയ് ഘോഷും അവരോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. എല്ലാ സംഭവങ്ങളിലെയും ഏറ്റവും വേദനാജനകമായ വശം അവരെയെല്ലാം പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നതാണ്. മഹത്തായ ലാഹോർ ഗൂഢാലോചന കേസ് 1929ൽ ആരംഭിച്ചു. അപ്പോഴേക്കും തടവുകാരുടെമേൽ, പ്രത്യേകിച്ച് ഭഗത് സിങ്ങിനുമേൽ, പൊലീസ് എല്ലാ പീഡന രീതികളും പ്രയോഗിച്ചിരുന്നു. അദ്ദേഹം തന്റെ മുൻ സ്വത്വത്തിന്റെ നിഴലായി മാറി. മെലിഞ്ഞ് ദുർബലനായ അദ്ദേഹത്തെ സ്ട്രെച്ചറിലാണ് കോടതിയിലേക്ക് കൊണ്ടുപോയത്. ജയിലിൽ അദ്ദേഹവും ബടുകേശ്വർ ദത്തും മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടു. ‘എല്ലാം കഴിഞ്ഞു, ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന ചിന്തയിൽ നിന്ന് മുക്തി നേടണ’മെന്ന് ഭഗത് സിങ് തന്റെ സഖാക്കളോട് പറഞ്ഞു. നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍, ചാരുകസേരയിൽ ഇരുന്നുകൊണ്ടാണ്, തങ്ങൾക്കെതിരെയുള്ള കേസിന് ഒരു കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഭഗത് സിങ് ദൃഢനിശ്ചയത്തോടെ പ്രഖ്യാപിച്ചത്. വിചാരണയെയും വിപ്ലവത്തിനുവേണ്ടി ഉപയോഗിക്കണം. സാധ്യതകളുള്ളപ്പോഴെല്ലാം, ബ്രിട്ടീഷ് സര്‍ക്കാരിനെ തുറന്നുകാട്ടണം. വിപ്ലവകരവും അജയ്യവുമായ ഇച്ഛാശക്തി പ്രകടിപ്പിക്കാനും അവസരങ്ങള്‍ ഉപയോഗിക്കണം. പ്രസ്താവനകളിലൂടെയും, കോടതിക്കുള്ളിലും പുറത്തുമുള്ള നമ്മുടെ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയത്തടവുകാരുടെ ലക്ഷ്യത്തിനുവേണ്ടി നാം പോരാടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മൾ അകത്തും പുറത്തും നമ്മുടെ പ്രവർത്തനം തുടരും, നമ്മുടെ പ്രവൃത്തികളിലൂടെ ജനങ്ങളെ ഉണർത്തിക്കൊണ്ടിരിക്കും.” പുതിയ നേതൃത്വത്തിന്റെ ഉയർച്ചയ്ക്ക് അടിത്തറ സൃഷ്ടിക്കുന്ന മാതൃകയാണ് തങ്ങളുടെ തലമുറയെന്ന് അവർ വിശ്വസിച്ചു. അധികാരം പിടിച്ചെടുത്തതിനുശേഷം സമൂഹ പുനർനിർമ്മിതിക്ക് അടിസ്ഥാനമാക്കാനുള്ള തത്വമായിരുന്നു അവർക്ക് സോഷ്യലിസം.
ഭഗത് സിങ് ഉത്സാഹിയായ വായനക്കാരനായിരുന്നു, പ്രത്യേകിച്ച് സോഷ്യലിസ്റ്റ് സാഹിത്യം. ഷോലാപൂർ കലാപം, പെഷവാർ കലാപം, ചന്ദ്ര സിങ് ഗർവാലി നയിച്ച ഗർവാലി സൈനികരുടെ വീരോചിതമായ നിലപാട് തുടങ്ങി ജയിലിന് പുറത്തുനടക്കുന്ന എല്ലാ പ്രധാന സംഭവങ്ങളെക്കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു. ബഹുജന പ്രസ്ഥാനത്തിന്റെ ഏകോപനത്തോടെയും അവിഭാജ്യ ഘടകമെന്ന നിലയിലും, ജനങ്ങളുടെ ആവശ്യങ്ങൾക്കും അവരുടെ ആഗ്രഹങ്ങൾക്കും വിധേയമായി മാത്രം സായുധ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞുതുടങ്ങി. പിസ്റ്റളുകളുടെയും ബോംബുകളുടെയും അടിസ്ഥാനത്തിലല്ല, മറിച്ച് ഓരോരുത്തർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അഥവാ സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിനായുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു. ജയിലിലെ കാഴ്ചപ്പാട് വികസിക്കാൻ പഠനങ്ങൾ അദ്ദേഹത്തെയും കൂട്ടരെയും സഹായിച്ചു. അവർ സോവിയറ്റ് യൂണിയനെ വിലമതിച്ചു. 1930ലെ നവംബർ വിപ്ലവത്തിന്റെ (ഒക്ടോബർ വിപ്ലവം) വാർഷികത്തോടനുബന്ധിച്ച്, സോവിയറ്റ് യൂണിയനെ അഭിവാദ്യം ചെയ്തുകൊണ്ട് ആശംസകൾ അയച്ചു. എല്ലാ ശത്രുക്കൾക്കെതിരെയും സോവിയറ്റ് യൂണിയന് പിന്തുണ വാഗ്ദാനം ചെയ്തു. 1931 മാർച്ച് 23ന്, കറാച്ചി കോൺഗ്രസ് സമ്മേളനത്തിന്റെ തലേന്ന് ഭഗത് സിങ്ങിന്റെ വധശിക്ഷ നടപ്പാക്കി. അന്ന് ഭഗത് സിങ്ങിന് 24 വയസ് പോലും തികഞ്ഞിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.