9 January 2026, Friday

എസ്ഐആർ: ഇനിയും ആത്മഹത്യ ഉണ്ടാകരുത്

Janayugom Webdesk
November 18, 2025 5:00 am

ധൃതിപിടിച്ച് രാജ്യവ്യാപക തീവ്ര പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തുന്നതിനെതിരെ നേരത്തെ തന്നെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ബിഹാറിൽ എസ്ഐആർ പ്രഖ്യാപിച്ചപ്പോൾ അതിന് പിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളും സുതാര്യതയില്ലായ്മയും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. അതിൽ പരമോന്നത കോടതി അന്തിമ തീർപ്പ് കല്പിക്കാനിരിക്കെയാണ് 12 സംസ്ഥാന — കേന്ദ്രഭരണ പ്രദേശങ്ങളിൽ കൂടി എസ്ഐആർ നടപ്പിലാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷ (ഇസിഐ) ന്റെ പ്രഖ്യാപനമുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം കൂടി അതിൽ ഉൾപ്പെട്ടപ്പോൾ പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ട കാരണം ചൂണ്ടിക്കാട്ടി ബിജെപി ഭരിക്കുന്ന അസമില്‍ നീട്ടിവച്ചതിലൂടെ എസ്ഐആറിൽ ഇസിഐയുടെ വിവേചനം വ്യക്തമായതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് — എസ്ഐആർ പ്രക്രിയ ഒരേസമയം വരുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക കേരളത്തിൽ എല്ലാ കോണുകളിൽ നിന്നും ഉയരുകയും ചെയ്തു. എസ്ഐആർ നീട്ടിവയ്ക്കണമെന്ന് സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഒന്നിലധികം തവണ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി യോഗത്തിലും ആവശ്യമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന ഭാരിച്ച ഉത്തരവാദിത്തവും എസ്ഐആർ യഥാസമയം പൂർത്തിയാക്കുക എന്ന ഭഗീരഥ പ്രയത്നവും ജീവനക്കാർക്ക് കടുത്ത സമ്മർദമുണ്ടാക്കുമെന്നതിനാൽ ജീവനക്കാരുടെ സംഘടനകളും ഒരേസമയം നടത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടുപോകുകയായിരുന്നു ഇസിഐ. 

രണ്ടും ഒരേസമയം നടത്തുന്നതു മാത്രമല്ല ചുരുങ്ങിയ കാലയളവിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കുക എന്നതും കടുത്ത സമ്മർദമുണ്ടാക്കിയെന്നാണ് കേരളത്തിലും രാജസ്ഥാനിലും രണ്ട് ജീവനക്കാർ ആത്മാഹൂതി ചെയ്തതിലൂടെ വ്യക്തമാകുന്നത്. കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശിയും രാമന്തളി കുന്നരു എയുപി സ്കൂളിലെ ഓഫിസ് അറ്റൻഡന്റുമായ അനീഷ് ജോർജാണ് ആത്മഹത്യ ചെയ്തവരിൽ ഒരാൾ. പയ്യന്നൂർ നഗരസഭ 18-ാം വാർഡിലെ ബൂത്തിൽ എസ്ഐആർ ചുമതലക്കാരനായിരുന്ന ബൂത്ത് ലെവൽ ഓഫിസറാ (ബിഎൽഒ) യിരുന്ന അനീഷ് ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ രാജസ്ഥാനിലെ നഹ്രി കാ ബാസിൽ അധ്യാപകനും ബിഎൽഒയുമായ മുകേഷ് ജംഗിദ് ആണ് ആത്മഹത്യ ചെയ്തത്. എസ്ഐആർ ജോലികളുടെ സമ്മർദം കാരണമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ജംഗിദ് ജീവനൊടുക്കിയത്. അർധവാർഷിക പരീക്ഷകൾ ആരംഭിക്കുകയും സ്കൂളുകളിൽ ജീവനക്കാരുടെ ഗണ്യമായ കുറവ് നേരിടുകയും ചെയ്യുന്ന വേളയിൽ എസ്ഐആർ അടിച്ചേല്പിക്കുന്നത് ബിഎൽഒമാരിൽ സമ്മർദമുണ്ടാക്കുന്നുവെന്ന് കാട്ടി അവിടെയും ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നിവേദനം നൽകിയിരുന്നു. 2002ലെ പട്ടികയിലുള്ളവരെ വീടുകളിൽ ചെന്ന് കണ്ടെത്തി നിശ്ചിത ഫോറങ്ങൾ നൽകുക, അവരിൽ നിന്ന് പൂരിപ്പിച്ച് തിരിച്ചുവാങ്ങുക, വിശദാംശങ്ങൾ യഥാസമയം നൽകുക തുടങ്ങിയവയാണ് ഉത്തരവാദിത്തങ്ങളെങ്കിലും ഒരു പ്രദേശത്ത് ഒരു തവണ ചെന്നാൽ എല്ലാവരെയും കണ്ടെത്താൻ സാധിക്കണമെന്നില്ല. മരിച്ചവരുടെയും സ്ഥിരമായി താമസം മാറിയവരുടെയും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനൊപ്പം തന്നെയാണ് കേരളത്തിൽ ഭൂരിപക്ഷംപേരും തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകളിലും നിയോഗിക്കപ്പെടുന്നത്. വരണാധികാരികൾ, ഉപ വരണാധികാരികൾ, ഇവരെ സഹായിക്കുന്നതിന് ഉത്തരവാദിത്തമുള്ളവർ എന്നിങ്ങനെ ജോലികളാണ് ചെയ്യേണ്ടിവരുന്നത്. സുപ്രധാന വകുപ്പുകളിലെ ജീവനക്കാരാകട്ടെ അവരുടെ ദൈനംദിന ജോലികൾ മാറ്റിവയ്ക്കാനാകാത്തവരുമാണ്. 

ഈയൊരു സാഹചര്യമുണ്ടായതുകൊണ്ടാണ് കേരളത്തിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ശക്തമായ ആവശ്യമുയർന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടി വരുന്നതാണ് സമ്മർദം വർധിപ്പിക്കുന്നതെങ്കിൽ അല്ലാതെയും ജീവനക്കാര്‍ അത്തരമൊരു അവസ്ഥ നേരിടുന്നുവെന്നാണ് രാജസ്ഥാനിലും ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതിലൂടെ വ്യക്തമാകുന്നത്. ധൃതിപിടിച്ചുള്ള എസ്ഐആറിന് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ടെന്നാണ് ബിഹാറിലെ പ്രക്രിയ തെളിയിച്ചത്. കുറേപേരെ ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും മാത്രമല്ല, അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും വോട്ടെടുപ്പിനുമിടയിൽ മൂന്ന് ലക്ഷത്തോളം അധികരിച്ചതും എസ്ഐആർ എന്ന പ്രക്രിയയെ സംശയാസ്പദവും ദുരൂഹവുമാക്കിയിരിക്കുകയാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിൽ ബിജെപി തനിച്ച് ഭരിക്കുന്ന അസമിനെ മാത്രം ഒഴിവാക്കി നാലിടത്തുള്‍പ്പെടെ എസ്ഐആർ നടത്തുന്നതെന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് പക്ഷപാതിയുടെയല്ല, ജനാധിപത്യത്തെ കൊലചെയ്യുന്ന കുറ്റവാളിയുടെ മുഖച്ഛായയാണ് നൽകുന്നത്. രണ്ട് ആത്മഹത്യകളുടെ പശ്ചാത്തലത്തിലെങ്കിലും പ്രക്രിയ മാറ്റിവച്ച്, ആവശ്യമായ സമയപരിധി നൽകിയും സത്യസന്ധവും സുതാര്യവുമാണെന്ന് ബോധ്യപ്പെടുത്തിയും എല്ലാവരെയും വിശ്വാസത്തിലെടുത്തും എസ്ഐആർ നടത്തുന്നതിന് സമയക്രമം പുനഃക്രമീകരിച്ച് ഇനിയും ആത്മഹത്യകൾ നടക്കുന്നത് ഒഴിവാക്കുന്നതിന് ഇസിഐ സന്നദ്ധമാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.