5 December 2025, Friday

Related news

December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിയായി എസ്ഐആർ മാറരുത്

Janayugom Webdesk
November 11, 2025 5:00 am

ത്രിതല പഞ്ചായത്തുകളടക്കം കേരളത്തിലെ തദ്ദേശ സ്വയംഭരണ സർക്കാരുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ സമയക്രമം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളും ഭരണസംവിധാനം ഒട്ടാകെയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണമായും മുഴുകിക്കഴിഞ്ഞു. പൗരന്മാരുടെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നതും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുമായ ഭരണസംവിധാനമാണ് തദ്ദേശ സ്വയംഭരണ സർക്കാരുകൾ. ഒരു പക്ഷെ മഹാഭൂരിപക്ഷം പൗരന്മാരും നേരിട്ട് ബന്ധപ്പെടുന്ന ഏക ഭരണസംവിധാനവും അതായിരിക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും അതീവ വ്യഗ്രതയോടെ പങ്കാളികളാവുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് വരുന്ന ഒരുമാസക്കാലം സംസ്ഥാനത്ത് നടക്കുക. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമമായ പൂർത്തീകരണത്തിന് 1,80,000 സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടി വരും. ബൃഹത്തായ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സമാന്തരമായാണ് കേരളത്തിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്ഐആർ) സംസ്ഥാനത്തിന്റെ വിയോജിപ്പിനെയും എതിർപ്പുകളെയും വകവയ്ക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി അടിച്ചേല്പിച്ചിരിക്കുന്നത്. ഇന്ത്യ കക്ഷിരാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ജനാധിപത്യ പ്രകിയ പിന്തുടരുന്ന ഒരു രാഷ്ട്രമാണ്. തെരഞ്ഞെടുപ്പിൽ പങ്കാളികളാവുന്ന രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന പരിപാടികളുടെ മികവിനെയും സ്വീകാര്യതയെയും ആശ്രയിച്ചാണ് തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾ മുഖ്യമായും നിർണയിക്കപ്പെടുക. അ­ത് വോട്ടർമാരിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തിക്കാൻ കഴിയുന്നു എന്നതാണ് പ്രചാരണ പ്രവർത്തനങ്ങളുടെ സുപ്രധാന ദൗത്യം. അത് നിർവഹിക്കുന്നത് പാർട്ടി പ്രവർത്തകരാണ്. ആ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ പാർട്ടിയുടെയും പ്രവർത്തകരാണ് വോട്ടർപട്ടിക പുനഃപരിശോധനയിലും നിർണായക പങ്ക് വഹിക്കേണ്ടത്. അവരാണ് ബൂത്തുതല ഏജന്റുമാരായി (ബിഎൽഎ) എസ്­ഐആർ പ്രക്രിയയിൽ രാഷ്ട്രീയപാർട്ടികളെ പ്ര­തിനിധീകരിക്കുന്നത്. അ­തിന് ബൂത്തുതല ഓഫി­സർമാരായി (ബിഎൽഒ) പ്രവർത്തിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥരാണ് ഇ­പ്പോഴത്തെ തദ്ദേശ തെ­രഞ്ഞെടുപ്പുകളുടെയും ചുമതലകൾ നിര്‍വഹിക്കേണ്ടി വരുക. ഈ വസ്തുത അ­പ്പാടെ അവഗണിച്ചുകൊണ്ടാണ് തദ്ദേശ തെ­രഞ്ഞെടുപ്പിന് സമാന്തരമായി ഇപ്പോൾ കേരളത്തിൽ എസ്ഐആർ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന്റെയും എസ്ഐആറിന്റെയും ലക്ഷ്യങ്ങൾ തന്നെയും അട്ടിമറിക്കപ്പെടും എന്ന ആശങ്ക ശക്തമാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാവുന്ന ബിഹാറിലാണ് 2025 ജൂണിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ എസ്ഐആർ പ്രഖ്യാപിച്ച് നടപ്പിലാക്കിയത്. ബിഹാറിലെ വോട്ടർപട്ടികയിൽ വൻതോതിൽ ‘നുഴഞ്ഞുകയറ്റക്കാർ’ കടന്നുകൂടിയിരിക്കുന്നുവെന്ന ശബ്ദായമാനമായ ആരോപണത്തിന്റെ അകമ്പടിയോടെയാണ് അവിടെ എസ്ഐആർ നടപ്പാക്കിയതും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കം ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരവേല സംഘടിപ്പിച്ചതും. എസ്ഐആറിനെ തുടർന്ന് വൻതോതിൽ ‘അനധികൃത കുടിയേറ്റക്കാരെ’ കണ്ടെത്തി പട്ടികയിൽ നിന്നും പുറത്താക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും ബിജെപി നേതൃത്വവും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അതുസംബന്ധിച്ച വസ്തുതകൾ പുറത്തുവിടാൻ കമ്മിഷൻ ഇനിയും സന്നദ്ധമായിട്ടില്ല. നേപ്പാൾ, ബംഗ്ലാദേശ്, മ്യാന്‍മാർ എന്നിവിടങ്ങളിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ വീടുവീടാന്തരം കയറിയുള്ള തീവ്ര പരിശോധനയിൽ കണ്ടെത്തിയെന്നുള്ള അവകാശവാദം വസ്തുതകളുടെ അഭാവത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചരണതന്ത്രം മാത്രമാണെന്ന് ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ നിന്നും വിശകലനങ്ങളിൽ നിന്നും വ്യക്തമാകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ഓൺലൈൻ വാർത്താപോർട്ടലായ ‘ദി വയർ’ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക ‘ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ സോഫ്റ്റ്‌വേർ’ ഉപയോഗിച്ചുനടത്തിയ വിശകലനത്തിൽ അയോഗ്യരായി കമ്മിഷൻ കണ്ടെത്തിയ വോട്ടർമാരുടെ എണ്ണം 7.42 കോടി വോട്ടർമാരിൽ കേവലം 9,500 പേർ മാത്രമാണ്. ഇത് മൊത്തം വോട്ടർമാരുടെ 0.012% മാത്രമാണ്. അവരിൽ 85% പേരും നേപ്പാൾ അതിർത്തിയോട് ചേർന്നുകിടക്കുന്ന സുപൗൾ, കിഷൻഗഞ്ച്, വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ എന്നീ നാല് ജില്ലകളിൽ നിന്നുമുള്ളവരാണ്. അവരിൽ ഏറെയും ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച് അവിടങ്ങളിൽ സ്ഥിരതാമസമാക്കിയ നേപ്പാളി വനിതകളാണ്. അതിർത്തികളിൽ ജീവിക്കുന്ന ബിഹാറി ഹിന്ദുക്കളും നേപ്പാളികളും തമ്മിലുള്ള വിവാഹം തലമുറകളായി നടന്നുവരുന്ന ഒന്നാണ്. ഇന്ത്യയുടെ പൗരത്വ നിയമം അനുസരിച്ച് അവർ ഇന്ത്യൻ പൗരത്വത്തിനു യോഗ്യരുമാണ്. ഇവരിൽ മിക്കവരും മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയവരും, ചിലർ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് അംഗങ്ങളായി പ്രവർത്തിച്ചവരുമാണ്. ബിഹാർ, പശ്ചിമ ബംഗാൾ അതിർത്തി ജില്ലകളിൽപ്പെട്ട മുസ്ലിങ്ങൾ പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതും പരമ്പരാഗത രീതിയാണ്. ചമ്പാരൻ ജില്ലകളിൽ അയോഗ്യരാക്കപ്പെട്ട വോട്ടർമാരിൽ ഏറെയും ഈ വിഭാഗത്തിൽപ്പെടുന്നു. ഈ വസ്തുതകൾ തുറന്നുകാട്ടുന്നത് ബിജെപിയുടെ ‘നുഴഞ്ഞുകയറ്റ’ ആരോപണത്തിന്റെ പൊള്ളത്തരവും എസ്ഐആർ നടത്തിപ്പിന് പിന്നിലെ ഗൂഢലക്ഷ്യവുമാണ്. 

കേരളത്തിൽ നുഴഞ്ഞുകയറ്റത്തിന്റെ പേരിൽ എസ്ഐആർ നടപ്പാക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ എസ്ഐആർ നടപ്പാക്കുന്നുവെങ്കിൽ അതിന് അനുയോജ്യമായ സമയം മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് നടക്കുമ്പോഴല്ല. തിടുക്കത്തിൽ അത് അടിച്ചേല്പിക്കുന്നത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ സങ്കല്പങ്ങൾ അട്ടിമറിക്കുകയും അതുവഴി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താമെന്ന ബിജെപിയുടെ വ്യാമോഹവുമാണ്. കേരളത്തിൽ ബിജെപി ഒഴിച്ച് മുഴുവൻ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടായി എതിർക്കുന്ന എസ്ഐആർ സത്വരം നിർത്തിവച്ച് തദ്ദേശ സ്വയംഭരണ സർക്കാരുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും തയ്യാറാവണം. തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള പ്രതിലോമ രാഷ്ട്രീയ അജണ്ടയിൽ നിന്നും ബിജെപിയും കേന്ദ്രസർക്കാരും പിന്മാറണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.