7 December 2025, Sunday

Related news

December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025

സുധാ മൂര്‍ത്തിമാര്‍ വിതയ്ക്കുന്ന വരേണ്യാധിപത്യ ഭീതി

Janayugom Webdesk
October 21, 2025 5:00 am

ർണാടകയിൽ നടക്കുന്ന സാമൂഹിക — വിദ്യാഭ്യാസ സർവേയിൽ (ജാതി സർവേ) പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപി സുധാ മൂർത്തിയും ജീവിതപങ്കാളിയും ഇൻഫോസിസ് സഹസ്ഥാപകനുമായ എൻ ആർ നാരായണ മൂർത്തിയും അറിയിച്ച വാര്‍ത്തകള്‍ നാല് ദിവസം മുമ്പാണ് പുറത്തുവന്നത്. ഒരു സാധാരണ വാര്‍ത്തയായി ഒതുങ്ങിപ്പോയ ഈ സംഭവം യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യം എത്തിനില്‍ക്കുന്ന വരേണ്യാധിപത്യത്തിന്റെ നേര്‍ച്ചിത്രമാണ്. മൂര്‍ത്തി ദമ്പതികളുടെ നിലപാട് തികച്ചും വ്യക്തിപരമാണ് എന്നാണ് വ്യാഖ്യാതാക്കള്‍ നിര്‍വചിച്ചത്. എന്നാലത് നിര്‍ദോഷകരമായ നിലപാടാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച്, ഒരു എംപിയുടെ നിഷേധം. തങ്ങൾ പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവരല്ലെന്നും അതിനാൽ സർവേയിൽ പങ്കെടുത്തതുകൊണ്ട് സര്‍ക്കാരിന് പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്. കർണാടക സ്റ്റേറ്റ് കമ്മിഷൻ ഫോർ ബാക്ക്‌വേഡ് ക്ലാസസ് നടത്തുന്ന സർവേയിൽ വിവരങ്ങൾ നൽകാനാവില്ലെന്നും അതിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്നുമാണവര്‍ അറിയിച്ചിരിക്കുന്നത്. അതിനവര്‍ പിന്തുണ തേടിയത് സെപ്റ്റംബര്‍ 25ന് കർണാടക ഹൈക്കോടതിയുടെ ഒരു നിര്‍ദേശമാണ്. സർവേ ഓപ്ഷണൽ (നിർബന്ധമില്ലാത്തത്) ആണെന്നും വിവരങ്ങൾ വെളിപ്പെടുത്താൻ ആരെയും നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. കോടതിയുത്തരവിന്റെ പശ്ചാത്തലവും ഹര്‍ജിക്കാര്‍ ആരെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ — ലിംഗായത്ത് മഹാസഭ, രാജ്യ വൊക്കലിഗ സംഘ എന്നിവയുൾപ്പെടെ സംഘടിത ജാതിസമൂഹമാണ് പൊതുതാല്പര്യ ഹർജികളുമായി കോടതിയിലെത്തിയത്. കേന്ദ്രസർക്കാരും സർവേയെ കോടതിയിൽ എതിർത്തിരുന്നു. സർവേ തടയണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി അതംഗീകരിച്ചില്ല. ഓരോ സമുദായങ്ങൾക്കും അവരുടെ പ്രാതിനിധ്യം ശരിയായ രീതിയിൽ ലഭിച്ചിട്ടുണ്ടോയെന്ന വിവരമാണ് സർവേയിൽ ശേഖരിക്കുന്നതെന്ന് പിന്നാക്ക കമ്മിഷൻ കോടതിയിൽ ബോധിപ്പിച്ചു.

സെപ്റ്റംബർ 22നാണ് സർവേ ആരംഭിച്ചത്. ഏകദേശം ഏഴ് കോടി ആളുകളെ ഉൾപ്പെടുത്തിയുള്ള കണക്കെടുപ്പാണിത്. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലെയും സർവേ ഒക്‌ടോബർ 12ന് അവസാനിച്ചു. എന്നാ ൽ ബംഗളൂരുവിൽ 24നാണ് സർവേ അവസാനിക്കുക. 1994ൽ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക സർവേ നടത്താൻ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിരുന്നു. വിവരശേഖരണം തെരഞ്ഞെടുത്ത വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന സർവേ ഉണ്ടാകണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. വിധിന്യായത്തിലെ ഖണ്ഡിക 859ൽ വ്യക്തമാക്കുന്നത്: “പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയുന്നതിനുള്ള നടപടിക്രമമോ രീതിയോ ഭരണഘടനയോ നിയമമോ നിർദേശിക്കുന്നില്ല. കോടതി അത്തരമൊരു നടപടിക്രമമോ രീതിയോ നിർദേശിക്കുകയെന്നത് അസാധ്യവും അനുചിതവുമാണ്. അക്കാര്യങ്ങള്‍ തിരിച്ചറിയാൻ നിയോഗിക്കപ്പെട്ട അധികാരികള്‍ക്ക് വിട്ടുകൊടുക്കണം. അതിന് സൗകര്യപ്രദമെന്ന് തോന്നുന്ന രീതിയോ നടപടിക്രമമോ സ്വീകരിക്കാം. സർവേ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നിടത്തോളം, അതിൽ ഒരെതിർപ്പും ഉന്നയിക്കാൻ കഴിയില്ല.” ഖണ്ഡിക 782ൽ കോടതി ഇങ്ങനെയും പറഞ്ഞു: “തിരിച്ചറിയലിനായി അംഗീകൃതമോ നിർദിഷ്ടമോ ആയ ഒരു രീതിശാസ്ത്രമില്ല. മുഴുവൻ ജനങ്ങളെയും സർവേ ചെയ്യുക എന്നതാണ് ആത്യന്തിക ആശയം.” പരമോന്നത നീതിപീഠത്തിന്റെ ഈ ഉത്തരവ് നിലനില്‍ക്കെയാണ് ‘സർവേ ഓപ്ഷണൽ’ ആയിരിക്കണമെന്ന ഹെെക്കോടതിയുടെ വിചിത്ര നിര്‍ദേശമുണ്ടാകുന്നത്.

സർവേയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്ന നിയമപരമായ ബാധ്യത നിലവിലില്ലെന്ന് പറഞ്ഞെങ്കിലും ഉത്തരവാദിത്തമുള്ള പൗരന്മാർ വിട്ടുനിൽക്കണമെന്ന് ഹെെക്കോടതി നിർദേശിച്ചിട്ടില്ല. എല്ലാ സാമൂഹിക ഗ്രൂപ്പുകളുടെയും പങ്കാളിത്തം ആവശ്യവും അഭികാമ്യവുമാണെന്ന് അടിവരയിട്ടുകൊണ്ടാണ് അന്തിമ തെരഞ്ഞെടുപ്പ് വ്യക്തിഗതമാണെന്ന് പറഞ്ഞത്. ഇതില്‍ത്തൂങ്ങി സര്‍വേ ബഹിഷ്കരിക്കുന്ന മൂര്‍ത്തി ദമ്പതികള്‍ നല്‍കുന്ന സന്ദേശം അതീവ ഗുരുതരമാണ്. ജാതി സര്‍വേയില്‍ പങ്കെടുക്കാന്‍ ‘തങ്ങള്‍ പിന്നാക്കക്കാരല്ലെ‘ന്ന് തുറന്നുപറയുന്ന ഇതേ നാരായണ മൂര്‍ത്തിയാണ് രാജ്യം പുരോഗമിക്കാന്‍ തൊഴിലാളികളുടെ പ്രവൃത്തിസമയം പ്രതിദിനം 14 മണിക്കൂറാക്കണമെന്ന് പലയാവര്‍ത്തി ഉരുവിട്ടത് എന്നോര്‍ക്കണം. സാമൂഹിക പ്രവർത്തനം വിദ്യാഭ്യാസം എന്നിവയിലെ സംഭാവനകൾക്ക് 2024 മാർച്ചില്‍ ബിജെപി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത വ്യക്തിയാണ് സുധാ മൂര്‍ത്തി. 2006ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീയും 2023ൽ പത്മഭൂഷണും അവർക്ക് ലഭിച്ചു. മനഃപൂർവം യുക്തിസഹീകരണങ്ങളും വിതണ്ഡവാദങ്ങളും ഉയര്‍ത്തുന്ന ഇവർ നടത്തുന്നത് നിയമ ലംഘനമല്ലെങ്കിലും ധാർമ്മിക ലംഘനമാണ്. ഭരണഘടനയോടുള്ള ധാർമ്മികത നിഷേധിക്കലും സാമൂഹിക നീതിയോടുള്ള അവഗണനയുമാണിത്. ഇന്ത്യൻ വരേണ്യവർഗത്തിന്റെ കാപട്യത്തെയും ആഴത്തിൽ വേരൂന്നിയ ജാതീയതയെയുമാണിത് പ്രതീകപ്പെടുത്തുന്നത്. ആധുനികതയിലും യുക്തിബോധത്തിലും പൊതിഞ്ഞുകൊണ്ട് ചരിത്രപരമായ അസമത്വങ്ങൾ നിലനിർത്തുന്നതിൽ അടിസ്ഥാനപരമായി പങ്കാളിയാകുകയാണ് ഭരണകൂടത്തിനൊപ്പം നില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്ത — വരേണ്യവര്‍ഗം.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.