18 December 2025, Thursday

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയമം മൂലം ചെറുക്കണം

Janayugom Webdesk
February 13, 2025 5:00 am

ദുർമന്ത്രവാദം, ആഭിചാര പ്രയോഗം, മതപരമായ അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് നാം പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഒട്ടും പുതുമയില്ലാതെയായിരിക്കുന്നു. സമീപ ദിവസങ്ങളിൽ അത്തരം നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട കിളിരൂരിൽ 28 കാരനായ യുവാവ് 70 കാരനായ പിതാവിനെ കഴുത്തറുത്തുകൊന്നത് അത്തരം ആഭിചാര പ്രയോഗത്തിന്റെ ഭാഗമാണെന്ന സംശയം ശക്തമാണ്. തിരുവനന്തപുരം ജില്ലയിലെതന്നെ ബാലരാമപുരത്ത് രണ്ടുവയസുകാരിയായ ദേവാനന്ദയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിലും സമാനമായ സംശയങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞമാസം നെയ്യാറ്റിൻകരയിൽ ഗോപൻസ്വാമി എന്നയാൾ ‘സമാധി‘യായ സംഭവമാകട്ടെ മതത്തിന്റെ പേരിൽ സമൂഹത്തിൽ നടമാടുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ് തുറന്നുകാട്ടുന്നത്. പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഒരു മകനും അമ്മയും ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും അന്ധവിശ്വാസങ്ങളുടെയും ആഭിചാര പ്രയോഗത്തിന്റെയും തുടർച്ചയാണെന്നാണ് കരുതപ്പെടുന്നത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയാണ് തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഒരു ദുർമന്ത്രവാദിനി പറഞ്ഞതനുസരിച്ച് പ്രതിയായ ചെന്താമര നേരത്തെ അവരെ വകവരുത്തിയിരുന്നു. തുടർന്ന് ജയിൽവാസത്തിനിടെ പുറത്തുവന്ന ഇടവേളയിലാണ് സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയത്. 2022ൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി വെട്ടിനുറുക്കി ശരീരഭാഗങ്ങൾ പാകംചെയ്ത അത്യന്തം നികൃഷ്ടവും പൈശാചികവുമായ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് 21-ാം നൂറ്റാണ്ടിലും കേരളത്തിന്റെ എല്ലാ സാമൂഹികപരിഷ്കാര, നവോത്ഥാന ശ്രമങ്ങളെയും അതിജീവിച്ച് നിലനിൽക്കുകയും കാലാകാലങ്ങളിൽ ജുഗുപ്സാവഹമായ രീതിയില്‍ തലയുയർത്തുകയും ചെയ്യുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും, സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാകാൻ മടിക്കുന്ന സാന്നിധ്യത്തെയാണ് നിരന്തരമെന്നോണം ഓർമ്മപ്പെടുത്തുന്നത്. 

മത, ഈശ്വര വിശ്വാസങ്ങളെപ്പറ്റിയുള്ള ഒരു വിശകലനത്തിനുള്ള അവസരമല്ല ഇത്. ജീവിതക്ലേശങ്ങളിലും ദുരിതങ്ങളിലും പെട്ടുഴലുന്ന സാ­മാന്യജനങ്ങളെ സ്വാധീനിക്കുന്ന അന്ധവിശ്വാസങ്ങളും മത, ഈ­ശ്വരവിശ്വാസങ്ങളും തമ്മിലുള്ള അന്തരം തീ­ർത്തും നേരിയതാണ്. മത, ഈശ്വര നാണയങ്ങളുടെ മറുപുറമാണ് അ­ന്ധവിശ്വാസങ്ങളും അ­നാചാരങ്ങളും. ഈ­ശ്വരവിശ്വാസത്തിന്റെ മറുപുറത്താണ് വിശ്വാസത്തി­ൽ ചെകുത്താന്റെയും സ്ഥാനം. ഈശ്വരനാൽ സാധ്യമല്ലാത്തത് ചെകുത്താനിലൂടെ സാധ്യമാകുമെന്ന വിശ്വാസത്തിന്റെ അടിത്തറയിലാണ് ദുർമന്ത്രവാദത്തിന്റെയും ആ­ഭിചാര പ്രയോഗങ്ങളുടെയും അ­സ്തിത്വം ചുവടുറപ്പിക്കുന്നത്. മനുഷ്യജീവിത യാഥാർത്ഥ്യങ്ങളെ യുക്തിഭദ്രമായും ശാസ്ത്രീയമായും വിലയിരുത്തുന്നതിൽ പരാജയപ്പെടുന്നിടത്താണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കാലുറപ്പിക്കുന്നത്. മതവിശ്വാസങ്ങളുടെയും യുക്തിചിന്തയുടെയും പരാജയത്തിലാണ് അന്ധവിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും ആഭിചാര കർമ്മങ്ങളുടെയും വിജയം. ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ക്രിയാത്മക ചിന്തയുടെയും അതിന് ആവശ്യമായ സാമൂഹിക പിന്തുണയുടെയും അഭാവവും, അധ്വാനത്തിലൂടെ സമ്പദ്സമാഹരണവും വളർച്ചയും സാധ്യമെല്ലെന്നു വരുമ്പോൾ ആഭിചാര കർമ്മങ്ങളിലൂടെ അത് ആർജിക്കാനുള്ള അടിസ്ഥാനരഹിതമായ ത്വരയുമാണ് ദുർബലഹൃദയരെ അത്തരം വഴികളിലേക്ക് ആകർഷിക്കുന്നത്. അത്തരക്കാരെ ചൂഷണം ചെയ്ത് സമ്പത്തും സാമൂഹ്യ പദവികളും നേടിയെടുക്കാമെന്ന് വ്യാമോഹിക്കുന്ന കുടിലബുദ്ധികളാണ് മന്ത്രവാദവും ആഭിചാര കർമ്മങ്ങളും രോഗശാന്തിയും അത്ഭുതപ്രവൃത്തികളും തൊഴിലായി സ്വീകരിക്കുന്ന ചൂഷകർ. 

നിരന്തരവും വിട്ടുവീഴ്ചയില്ലാത്തതുമായ ബോധവൽക്കരണത്തിലൂടെ സമൂഹത്തിന്റെ ശാസ്ത്രാവബോധം നിലനിർത്തിക്കൊണ്ടും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുതകുന്ന നിയമനിർമ്മാണങ്ങളിലൂടെയും മാത്രമേ ഇത്തരം സാമൂഹ്യദ്രോഹ പ്രവണതകളെ പ്രതിരോധിക്കാനാകൂ. ദൗർഭാഗ്യകരമെന്ന് പറയട്ടെ, പുരോഗമനപരമായ ഒട്ടനവധി നിയമനിർമ്മാണങ്ങൾക്ക് പേരുകേട്ട കേരളം ഇ‌ക്കാര്യത്തിൽ കാഴ്ചവയ്ക്കുന്ന ഉദാസീന സമീപനം അത്യന്തം അപലപനീയമാണ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതിന്റെ ഉല്പന്നങ്ങളായ ദുർമന്ത്രവാദം, ആഭിചാരകർമ്മങ്ങൾ അതുവഴി പെരുകുന്ന കുറ്റകൃത്യങ്ങൾ എന്നിവയെയും നേരിടാൻ നിയമനിർമ്മാണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നിയമനിർമ്മാണ സഭയിൽനിന്നും സർക്കാരിൽ നിന്നുതന്നെയും ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കേരളാ നിയമപരിഷ്കാര കമ്മിഷൻ ഇതുസംബന്ധിച്ച് സർക്കാരിന്റെ പരിഗണനയ്ക്കായി കരട് നിയമം സമർപ്പിച്ചിട്ടുതന്നെ ആറുവർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഭരണ — പ്രതിപക്ഷ സാമാജികർ അനൗദ്യോഗിക ബില്ലുകളും നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. കേരള യുക്തിവാദി സംഘമടക്കമുള്ളവരുടെ നിർദേശങ്ങളും സർക്കാരിന് മുന്നിലുണ്ട്. മഹാരാഷ്ട്രയും കർണാടകയുമടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനോടകം സമാനമായ നിയമനിർമ്മാണങ്ങൾ നടത്തി പ്രാബല്യത്തിലാക്കി. എന്നാൽ സമാനതകളില്ലാത്ത നിരവധി പുരോഗമന നിയമനിർമ്മാണങ്ങൾക്കു നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റുകാരും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും ഉൾപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഇക്കാര്യത്തിൽ തുടരുന്ന കാലവിളംബം അപലനീയമാണ്. നിരപരാധികളായ ജനങ്ങളെ കുരുതികൊടുക്കാൻ മടിക്കാത്ത, സമൂഹത്തിൽ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾക്ക് കാരണമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അറുതിവരുത്താൻ പര്യാപ്തമായ നിർദിഷ്ട നിയമനിർമ്മാണം ഇനിയും വൈകുന്നത് പ്രബുദ്ധ കേരളം പൊറുക്കില്ല. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.